Follow the News Bengaluru channel on WhatsApp

ദ്രാവിഡ രാഷ്ട്രീയത്തിൽ ഭാഗ്യം പരീക്ഷിക്കാൻ സ്റ്റൈൽ മന്നൻ രജനികാന്ത്; തമിഴ് മണ്ണിൽ അധികാരം പിടിക്കാൻ പുതു മത്സരം

ദ്രാവിഡ  രാഷ്ട്രീയത്തിന്റെ  കളിത്തൊട്ടിലായ  തമിഴകം  പിടിക്കാൻ, തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ രജനികാന്ത് കളത്തിൽ ഇറങ്ങുന്നു എന്നതാണ് തമിഴ് നാട്ടിൽ നിന്നുള്ള ചൂടൻ  വാർത്ത. ഡിസംബർ 31 നു രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് താരം വെളുപ്പെടുത്തിയത്. ആരാധകരുടെ സമ്മർദ്ദങ്ങൾക്കൊടുവിൽ തീരുമാനമെടുത്തു എന്ന് പറയുന്നെണ്ടെങ്കിലും രജനികാന്തിന്റെ യഥാർത്ഥ മനസ്സിലിരുപ്പ് എന്താണ് എന്ന് ഇപ്പോഴും വ്യക്തമല്ല. ജയലളിതയും കരുണാനിധിയും ഇല്ലാത്ത തമിഴ് രാക്ഷ്ട്രിയത്തിൽ, അഭ്രപാളികളുടെ മായാലോകത്തുനിന്നും പോരാട്ട ഭൂമിയിൽ ഇറങ്ങി വരുന്ന രജനികാന്ത് എന്ത് ചലനം സൃഷ്ടിക്കും എന്ന് ആകാംഷയോടെ കാത്തിരിക്കുകയാണ്  തമിഴകം.

സിനിമ രംഗത്തെ സഹ പ്രവർത്തകനായ കമല ഹസ്സന്റെ  ‘മക്കൾ നീതി മെയ്യം ‘ പാർട്ടിയുമായി സഹകരിക്കുമോ, അതോ  അമിത് ഷാ വിരിച്ച വലയിലും ബിജെപിയുടെ തന്ത്രങ്ങളിലും രജനികാന്ത് കുടുങ്ങുമോ എന്നതാണ് ചർച്ചാ വിഷയം.

രജനികാന്തിന്റെ ഓരോ ചലനത്തിലും രാഷ്ട്രീയം വായിക്കുകയാണ് തമിഴകം. പുതിയ പാര്‍ട്ടി രൂപീകരണവുമായി രജനി മന്‍ട്രം  അണികൾ തിരക്കിട്ട പ്രവര്‍ത്തനത്തിലാണ്. മതത്തിനും, ജാതിക്കും, അതീതമായ  ‘ആത്മീയ രാഷ്ട്രീയമാണ്’ തന്റെ ലക്ഷ്യമെന്നാണ് രജനീകാന്ത് പറഞ്ഞുവെക്കുന്നത്.

രജനിയെ രാഷ്ട്രീയത്തില്‍ കൊണ്ടുവരുന്നതിനു പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടൽ ഉണ്ടെന്നതും   വ്യക്തമാണ്. ബി.ജെ.പി നേതാവ് ഗുരുമൂര്‍ത്തി,  രജനീകാന്തിന്റെ രാഷ്ട്രീയ ഉപദേശകനായി രംഗത്തുണ്ട്.

രജനീകാന്തിന്റെ വിശ്വാസം ആരാധകരുടെ പിന്തുണയിലാണ്. ഒരു ലക്ഷത്തോളം വരുന്ന ഫാന്‍സ് സംഘടനയാണ് രജനിക്ക് കരുത്ത് പകരുന്നത്. ഇവരെ ഉപയോഗപ്പെടുത്തി മറ്റൊരു എം.ജി.ആറിന്റെ പിറവിയിലേക്ക് രജനീകാന്തിനെ എത്തിക്കാന്‍  കഴിയുമെന്നാണ് ബി.ജെ.പി. നേതൃത്വം കണക്കു കൂട്ടുന്നത്.

വമ്പന്മാർ അരങ്ങൊഴിഞ്ഞ കളിക്കളം

ഇ.വി രാമസ്വാമി നായ്ക്കര്‍,കെ. കാമരാജ്, സി.എന്‍ അണ്ണാദുരൈ, മുത്തുവേല്‍ കരുണാനിധി, എം.ജി രാമചന്ദ്രന്‍, ശിവാജി ഗണേശന്‍, ജയലളിത എന്നിങ്ങനെ തമിഴ് നാട്ടിലെ ” ഹെവി വെയിറ്റ് ” താരങ്ങളായ  ഇവരെല്ലാം അരങ്ങു  ഒഴിഞ്ഞ കളത്തിലേക്ക് പുത്തൻ ഭാഗ്യ പരീക്ഷണത്തിന് തയ്യാറെടുക്കുകയാണ് രജനികാന്ത്. ദ്രാവിഡ മണ്ണിനെ രാക്ഷ്ട്രിയം കൊണ്ടും സിനിമ കൊണ്ടും കീഴ്പ്പെടുത്തിയ വമ്പന്‍    നാമങ്ങളെല്ലാം ഇന്ന് ചരിത്രത്തിലെ സ്മരണകളില്‍മാത്രം. തമിഴക-ദ്രാവിഡരാഷ്ട്രീയത്തിന്റെ തലതൊട്ടപ്പന്മാരായിരുന്ന നേതാക്കള്‍ ഇല്ലാത്ത ആദ്യ പൊതുെതരഞ്ഞെടുപ്പിനെയാണ് 2021 ഏപ്രിൽ – മെയ് മാസത്തിൽ തമിഴ് ജനത അഭിമുഖീകരിക്കാൻ പോകുന്നത്.

തമിഴ് ദ്രാവിഡ വാദത്തിന്റെ ശക്തനായ പ്രയോക്താവും എക്കാലത്തെയും തലയെടുപ്പുള്ള തല തൊട്ടപ്പനായിരുന്നു ഇ.വി രാമസ്വാമി നായ്ക്കര്‍ എന്ന ‘തന്തയ് പെരിയോർ’. ശരാശരി തമിഴന്റെ മനസ്സിലും മസ്തിഷ്ക്കത്തിലും  ദ്രാവിഡ സ്വത്വ വാദവും, സവർണ ഹൈന്ദവ വിരുദ്ധതയും സൃഷ്ടിക്കുന്നതിൽ  അദ്ദേഹം വഹിച്ച പങ്കു വലുതാണ്. ജാതി വ്യവസ്ഥയോടും സമൂഹത്തിലെ ഉച്ച നീചത്വങ്ങളോടും വിട്ടു വീഴ്ച യില്ലാതെ പോരാടിയ  ഇ.വി രാമസ്വാമി നായ്ക്കര്‍ ആധുനിക തമിഴകത്തെ സ്വാധീനിച്ച ഏറ്റവും പ്രമുഖ വ്യക്തിത്വമാണ്. ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്ന രീതിയോട് ശക്തമായി പോരാടിയ അദ്ദേഹത്തിന്റെ ആശയങ്ങളുടെ ചുവടു പിടിച്ചാണ് പിന്നീട് അണ്ണാദുരൈയും കരുണാനിധിയും തമിഴ് രാക്ഷ്ട്രിയത്തിൽ അധികാരത്തിൽ വരുന്നത്. സ്വാഭിമാന പ്രസ്ഥാനം, ദ്രാവിഡ കഴകം മുതലായ ദ്രാവിഡ മുന്നേറ്റ പ്രസ്ഥാനങ്ങളുടെ ധൈഷണിക നേതൃത്വം വഹിച്ച പെരിയോര്‍, വൈക്കം സത്യാഗ്രഹത്തിനും പിന്തുണ നല്‍കിയിരുന്നു.

കെ. കാമരാജ്, സി.എന്‍ അണ്ണാദുരൈ, കരുണാനിധി, എം.ജി. രാമചന്ദ്രൻ, ജയലളിത  എന്നിവർ കേവലം മുഖ്യമന്ത്രിമാർ മാത്രമായിരുന്നില്ല. തമിഴകം ഇന്നുമെന്നും നെഞ്ചോട് ചേര്‍ത്തുപിടിക്കുന്ന അന്‍പുക്കൂറിയ (സ്‌നേഹഭരിതരായ) തലൈവരുകളായിരുന്നു അവർ.

തീവ്ര ബ്രാഹ്മണവിരുദ്ധ/ ഹിന്ദുവിരുദ്ധ/ നിരീശ്വരവാദ പ്രസ്ഥാനമായാണ് പെരിയോര്‍ ദ്രാവിഡ പ്രസ്ഥാനം തുടങ്ങിയത്. ആ മണ്ണിലാണ് രജനികാന്തിനെ മുന്നിൽ നിറുത്തി സവർണ ഹൈന്ദവ വ്യക്താക്കളായ ബിജെപി ദ്രാവിഡ മണ്ണും മനസ്സും കീഴടക്കാൻ ശ്രമിക്കുന്നത്. അണ്ണാദുരയെ പോലെ ഏറ്റവും ജനപ്രീതിയാർജിച്ച നേതാവ് നയിച്ച പ്രസ്ഥാനത്തേയും ആശയത്തെയും കീഴ്പെടുത്തി മുന്നേറുക ഒട്ടും എളുപ്പമല്ല.

തന്ത്രങ്ങൾ മെനഞ്ഞു  ബിജെപി

ബിഹാറിലെയും മധ്യപ്രദേശിലെയും വിജയങ്ങൾക്ക് ശേഷം വലിയ സംസ്ഥാനങ്ങളായ പശ്ചിമ ബംഗാളിലും തമിഴ്നാട്ടിലും കണ്ണുവെക്കുകയാണ് ബി.ജെ.പി.

അടവ് പലതു പയറ്റിയിട്ടും ബിജെപിക്കു തമിഴ് മണ്ണിൽ ഇതുവരെ കാലുറപ്പിക്കാൻ കഴിഞ്ഞിട്ടില്ല.നിയമ സഭ തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ടു അമിത് ഷാ ചെന്നൈയിലെത്തി പുതു തന്ത്രങ്ങൾ മെനഞ്ഞതിനു ശേഷം, പൊടുന്നനെ രജനികാന്ത് പാർട്ടി പ്രഖ്യാപനവുമായി രംഗത്ത് വന്നത് പല അഭ്യുഹങ്ങൾക്കും ഇടനൽകിയിട്ടുണ്ട്.

ദ്രാവിഡ രാഷ്ട്രീയ ഭൂമികയിൽ താമര വിരിയിക്കുക അത്ര എളുപ്പമല്ല എന്ന യാഥാർഥ്യം ബിജെപി നേതൃത്വം തിരിച്ചറിയുന്നുണ്ട്. ഈ പോരായ്മ മറികടക്കാൻ  വേണ്ടിയാണു  രാക്ഷ്ട്രീയ  ചരട് വലികളുടെ  അമരത്ത്  രജനികാന്തിനെ പ്രതിഷ്ടിച്ചത്.  ആർ.എസ്.എസ് സൈദ്ധാന്തികൻ ഗുരുമൂർത്തി വഴി  നടത്തിയ  ചർച്ചകൾ ഫലം കാണുന്നു എന്നതിന്റെ സൂചനയാണ് രജനികാന്തിന്റെ പ്രതികരണം.

ഒന്നുകിൽ രജനികാന്തിനെ ബിജെപി പാളയത്തിൽ എത്തിക്കുക, അല്ലെങ്കിൽ അദ്ദേഹത്തിനെ കൊണ്ട് രാഷ്ട്രീയ പാർട്ടി രൂപികരിച്ചുകൊണ്ടുവരുന്ന നിയമ സഭ തെരെഞ്ഞെടുപ്പിൽ മത്സരിപ്പിച്ചു വോട്ടുകൾ ഭിന്നിപ്പിക്കുക എന്ന ഗൂഢ തന്ത്രമാണ് സംഘ പരിവാരം പയറ്റാൻ ശ്രമിക്കുന്നത്.

രജനികാന്തിനെ ബിജെപി പാളയത്തിൽ എത്തിക്കാനായാൽ, തെക്കേ ഇന്ത്യയിൽ കർണാടകത്തിന് പുറത്തു സ്വാധീനം വർധിപ്പിക്കാനുള്ള ബി.ജെ.പി നീക്കങ്ങൾക്ക് സുപ്രധാനമാകും. തമിഴ് ഹൈന്ദവരുടെ ആരാധനാ മൂർത്തിയായ വെൽ മുരുകനെ രാഷ്ട്രീയ പ്രതീകമാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇതിനു മുന്നോടിയായി സംസ്ഥാന അധ്യക്ഷൻ എൽ.മുരുഗൻ നയിച്ച വേൽ യാത്ര കോടതി തടയുകയും നേതാക്കൾ അറസ്റ്റിലാവുകയും ചെയ്തിരുന്നു.

ഇപ്പോൾ തമിഴ് നാട്ടിൽ അധികാരത്തില്‍ ഇരിക്കുന്ന എഐഎഡിഎംകെ, എന്‍ഡിഎ സഖ്യത്തിന്‍റെ ഭാഗമാണ്.

അതുകൊണ്ട് തന്നെ സംസ്ഥാനത്ത് എന്‍ഡിഎ അധികാരത്തില്‍ തുടരുന്നതോടൊപ്പം തന്നെ ബിജെപി യിൽ നിന്നുള്ള പരമാവധി നിയമസഭാംഗങ്ങളെ വിജയിപ്പിച്ചെടുക്കുക എന്നതുകൂടി ബിജെപിയുടെ ലക്ഷ്യമാണ്‌.

സംസ്ഥാനത്ത് ഇതുവരെ കാര്യമായ രാഷ്ട്രീയ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയാത്ത ബിജെപി വലിയ പ്രതീക്ഷയാണ് പുതിയ സാഹചര്യത്തില്‍ വെച്ച് പുലര്‍ത്തുന്നത്.

ജാഗ്രതയോടെ  അണ്ണാ ഡി.എം.കെ യും ഡിഎംകെ യും

പുതു തന്ത്രങ്ങൾ മെനഞ്ഞു ബി ജെ പി യും,രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചു രജനികാന്തും രംഗത്ത് വന്നതോടെ, അണ്ണാ ഡിഎംകെ യും ഡിഎംക യും അടക്കി വാഴുന്ന തമിഴ് ഭൂമി പുത്തൻ പരീക്ഷണങ്ങൾക്കു വേദിയാവുകയാണ്.

ഭരണപക്ഷമായ അണ്ണാ ഡിഎംകെയാവട്ടെ നിലവില്‍ വലിയ പ്രതിസന്ധിയിലുമാണ്. മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയും ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വവും തമ്മില്‍ കടുത്ത
അധികാര വടം വലിയും ഭിന്നതയുമാണ് നിലനിൽക്കുന്നത്. അധികാര സമ വാക്യങ്ങളിൽ ഇരുവരും ചില ഒത്തുതീർപ്പുകൾ ഉണ്ടാക്കിയെങ്കിലും, ജയില്‍ മോചിതയായി വരാന്‍ പോകുന്ന ശശികല ഇരുവര്‍ക്കും വലിയ വെല്ലുവിളിയായി മാറാൻ സാധ്യതയുണ്ട്.

ശശികലയെ രംഗത്തിറക്കി ‘കളം’ പിടിക്കാന്‍ ടിടിവി ദിനകരനും രംഗത്തുണ്ട്. ജയലളിതയുടെ യഥാര്‍ത്ഥ പിന്‍ഗാമി ശശികലയാണെന്നാണ് അദ്ദേഹത്തിന്റെ വാദം. ജയലളിത മത്സരിച്ചിരുന്ന ആര്‍കെ നഗറില്‍ വിജയിക്കാനായതാണ് ദിനകറിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നത്. അണ്ണാ ഡിഎംകെയെ പിളര്‍ത്തുക എന്നതും ഇരുവരുടയും ലക്ഷ്യമാണ്.

അതേസമയം മുഖ്യ പ്രതിപക്ഷ മായ ഡിഎംകെയും ഇപ്പോള്‍ അതീവ ജാഗ്രതയിലാണ്. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ നേടിയെടുത്ത വലിയ വിജയമാണ് സ്റ്റാലിന് ആത്മവിശ്വാസം നല്‍കുന്നത്. സിപിഎം, കോണ്‍ഗ്രസ്സ്, മുസ്ലീം ലീഗ് എന്നീ പാര്‍ട്ടികളെ ഒപ്പം നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടാനാണ് ഡി.എം.കെയുടെ തീരുമാനം.

എന്നാൽ,കരുണാനിധിയെ പോലെ ആള്‍ക്കൂട്ടത്തെ കയ്യിലെടുക്കാനുള്ള മാസ്മര വിദ്യയൊന്നും സ്റ്റാലിനില്ല. തമിഴകത്ത് അത്തരമൊരു ജാലവിദ്യ കൈവശമില്ലാതെ അധികം മുന്നോട്ടു പോകുക അത്ര എളുപ്പവുമല്ല.

തമിഴ് രാഷ്ട്രീയത്തിന്റെ  ഭാവി ; രജനികാന്തിന്റെയും

അണ്ണാ ഡിഎംകെ-ഡിഎംകെ ശക്തികളുടെ ഏറ്റുമുട്ടലില്‍ എക്കാലവും സാക്ഷിയാകാറുള്ള തമിഴക രാഷ്ട്രീയം ദശകങ്ങള്‍ക്ക് ശേഷം പുതിയ കക്ഷികള്‍ക്ക് കൂടി കടന്നെത്താനുള്ള പടിവാതിൽ തുറന്നിട്ടിരിക്കുന്നു.

കരുണാനിധിയും ജയലളിതയും പോലുള്ള  പ്രമുഖ നേതാക്കൾ ഉഴുതു മറിച്ച മണ്ണിൽ, അവരുടെ വിയോഗം കൊണ്ട് അനാഥമായ മണ്ണില്‍ പുതിയ വിത്തിറക്കാന്‍ കാത്തു നില്‍ക്കുന്ന സ്റ്റൈല്‍ മന്നന്‍ രജനിയിലും, ഉലകനായകന്‍ കമലഹാസനിലും  തമിഴകം ഉറ്റുനോക്കുന്നുണ്ട്.

പുതിയ പാര്‍ട്ടികളുമായി ഇരു നേതാക്കളും പടയോട്ടത്തിനെത്തുമ്പോള്‍ എഡിഎകെയും, ഡിഎംകെയും ശിഥീലീകരണത്തിന്റെ വഴിയിലേക്ക് വീണു പോകുമോ എന്ന് ശ്രദ്ധയോടെ കാത്തിരിക്കുകയാണ് ഇന്ത്യന്‍ രാഷ്ട്രീയം. ദ്രാവിഡ മണ്ണും രാഷ്ട്രീയവും പല കക്ഷികളായി ചിതറുന്നത് ദേശീയ പാര്‍ട്ടികളില്‍ ബിജെപിക്കാണ് ഏറെ ഗുണം ചെയ്യുക. ആ പ്രതീക്ഷയിൽ വല വിരിച്ചു, ഇര കുടുങ്ങുന്നതിനായി ക്ഷമയോടെ പതിയിരിക്കുകയാണ് ബിജെപി നേതൃത്വം.

ഉലക നായകൻ കമൽ ഹാസ്സൻറ്നെ പാർട്ടിയായ മക്കള്‍ നീതി മയ്യം ഇടതു പാർട്ടികളോടും കോണ്‍ഗ്രസിനോടും ആഭിമുഖ്യം പുലര്‍ത്തുമ്പോള്‍ 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ശക്തി തെളിയിക്കാൻ കാത്തിരിക്കുകയാണ് ‘ലേറ്റാ വന്താലും ലേറ്റസ്റ്റായി ‘വരുന്ന രജനികാന്ത്. രജനിയുടെ കര്‍ണാടക വേരുകള്‍ അദ്ദേഹത്തിന്റെ  രാഷ്ട്രീയ സാധ്യതകളെ തടസ്സപ്പെടുത്തുന്നുണ്ട്.  മറുവശത്ത് കരുണാനിധിയുടെ മകന്‍ എം.കെ.സ്റ്റാലിനിലൂടെ, ഒരു പുതിയ താരരഹിത രാഷ്ട്രീയ സ്വഭാവത്തിലേക്ക് തമിഴകം ചുവടുവെക്കപ്പെടുമോ എന്ന നിരീക്ഷണവും ഉണ്ട് .

എന്ത് തന്നെയായാലും രജനീകാന്തിന് അധികാര സ്ഥാനങ്ങളിക്കുള്ള പാതയൊരുക്കൽ അത്ര എളുപ്പമാകില്ല. തമിഴ്‌നാട് ഭരിക്കാനുള്ള കന്നടക്കാരനായ രജനീകാന്തിന്റെ ആഗ്രഹം സ്വപ്നം മാത്രമായിരിക്കുമെന്ന് തമിഴര്‍ കക്ഷി നേതാവ് സീമാന്‍ പറഞ്ഞു കഴിഞ്ഞു. മലയാളിയായ എംജിആറും, കർണാടകയിൽ ജനിച്ചു വളർന്നു മദിരാശിയിലേക്കു കുടിയേറിയ തമിഴ് വംശജയായ ജയലളിതയും ഏറെക്കാലം ഭരിച്ച തമിഴകത്ത് രജനീകാന്തിനു ഈ നിലയിലെത്താന്‍ കഴിയുമോയെന്നതാണ് ചോദ്യം. ദ്രാവിഡ പാര്‍ട്ടിയുടെ ഉരുക്കു കോട്ടയില്‍ നിന്ന് രജനീകാന്തിനെതിരേ ശക്തമായ എതിര്‍പ്പ് ഉയർന്നുവരും എന്നത്  സ്വാഭാവികം മാത്രം.

ബ്ലാക്ക്‌ ആന്‍റ് വൈറ്റ് I പ്രതിവാര കോളം I ജോമോന്‍ സ്റ്റീഫന്‍ 
jomonks2004@gmail.com


ചിത്രങ്ങള്‍ക്ക് കടപ്പാട് : chennaimemes.in, ndtv.com., cinemaexpress.com, 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.