Categories: BRIJI K TLITERATURE

ഒരിക്കൽ ഒരിടത്ത്

 

 

അധ്യായം ഇരുപത്തിയൊന്ന്

 

മേലില്ലത്തെ വല്യ തിരുമേനി…കുളത്തിൽ വീണു മരിച്ചു.!!!

പാണൻ ചെറുക്കന്റെ ശബ്ദം പാടത്തിന്റെ അതിർത്തിയിലെ കുന്നുകളിൽ തട്ടി പ്രതിദ്ധ്വനിച്ചു.
ആര് ?…..ഏട്ടൻ തിരുമേന്യോ…?!
പണിക്കാരും അടിയാന്മാരും..,എല്ലാവരും കേട്ടവർ…കേട്ടവർ പല സ്ഥലങ്ങളിൽ നിന്നും എല്ലാം ഇട്ടെറിഞ്ഞ് ഓടിക്കൂടാൻ തുടങ്ങി.
വായനശാലയിൽ വിവരം അറിഞ്ഞതോട് കൂടി എല്ലാവരും നാലു പാടും ഓടി നടന്നു മരണം അറിയിച്ചു.
ചിറ്റ അലമുറയിട്ടു..

വര ▪️ ബ്രിജി. കെ. ടി

അപ്പൂ,…. ന്റെ കുട്ട്യേ…ഏട്ത്തിയോട് ഞാനെന്താ പറയ്യാ.. ?

അന്തർജ്ജനം ഇതൊന്നുമറിയാതെ ഉഷ:പ്പൂജയും ദർശനവും കഴിഞ്ഞ് നിരന്നിരിക്കുന്ന യാചകർക്ക് ദാന ധർമ്മങ്ങൾ നടത്തിയപ്പോഴേക്കും ഉച്ചയാവാറായിരുന്നു. നിന്നും നടന്നും അന്തർജ്ജനം തളർന്ന് നടയിൽ ഇരുന്നു. വാരസ്യാരുടെ സഹായത്തോടെ എഴുന്നേറ്റ് കാറിലിരുന്നു, ഭക്ഷണം കഴിച്ച് …ഒന്നു ചാരിയിരുന്നു.
സന്ധ്യാ വന്ദനത്തിനു …. നിക്കണോ..? വാരസ്യാർ ചോദിച്ചു.
വല്യ കേമാത്രെ. ഏതായാലും ഇത്രടം വന്നതല്ലേ…അഞ്ചുമണിക്ക് ആരംഭിക്കും. കൽവിളക്കിൽ എണ്ണയൊഴിച്ച് വേഗം മടങ്ങാം…ന്താ…?
വരീല്‌ ആദ്യം നിന്നാ മതി. മായേടെ നാളിനു അർച്ചന്യ്ക്കു കൊടുക്ക്വേ …വേണ്ടൂ.. വിഷ്ണൂനു ഒരു ചാർത്തും.
അന്തർജ്ജനം വരിയിൽ ആദ്യം ചെന്നു നിന്നു.
ദേവീ… ന്റെ കുട്ട്യേ രക്ഷിക്കണേ..
നടന്നും, നിന്നും …നന്നെ തളർന്നിരിക്കണൂ. ന്നാലും മായക്കുട്ട്യെ തിരിച്ചു തരണേ എന്ന് നൊന്തു വിളിച്ചത് ദേവി കേട്ടൂലോ.
പെട്ടന്ന് …വാരസ്യാർ വന്നു അന്തർജ്ജനത്തിന്റെ ചെവിയിൽ എന്തോ പറഞ്ഞു.
അന്തർജ്ജനം തിരിഞ്ഞു നോക്കിയപ്പോൾ…സുഭദ്രയുടെ മകനും…പണിക്കരും ..
അന്തർജ്ജനത്തിന്റെ കാലുകൾ കുഴയുന്നതു പോലെ തോന്നി. ഒരു നൂറു അശുഭ ചിന്തകൾ തിക്കി ക്കയറിയ മനസ്സ്. കാതിൽ ചൂളം കുത്തി.
എന്തിനാ നിങ്ങളൊക്കെ …പ്പൊ ഇങ്ങട് വന്നതു?..ദാ കഴിയായി.
ഞങ്ങള്‌ പുറപ്പെടന്ന്യാണേയ്…
അതേയ്…വല്യമ്മ ഇനി ഒന്നിനും നിക്കണ്ട. ..വേഗം പുറപ്പെട്വാ.
എന്തേ….ണ്ടായേ… ഭഗവതീ.. മായയ്ക്ക് വല്ലതും..?!!

വാരസ്യാർ വേഗം അന്തർജ്ജനത്തിനെ താങ്ങി കാറിൽ ഇരുത്തി.
കവലയിൽ എത്തിയപ്പോൾ തന്നെ അന്തർജ്ജനത്തിനു എന്തോ പന്തികേട് …തോന്നി.
അതിവേഗം കാർ ഇല്ലത്തെ മുറ്റത്ത് വന്നു നിന്നതും…അകത്തു നിന്നും കേട്ട കൂട്ടക്കരച്ചിലിൽ അന്തർ ജ്ജനത്തിന്റെ  ബോധം നശിച്ചു .എല്ലാവരും താങ്ങിപ്പിടിച്ചു അകത്ത് കൊണ്ട് കിടത്തിയ അവർ പുത്രദു:ഖം താങ്ങാനാവാതെ തളർന്നു.

വര ▪️ ബ്രിജി. കെ. ടി

വിവരം അറിഞ്ഞവരൊക്കെ അതിശയിച്ചു. ..എല്ലാ ഉത്സവങ്ങൾക്കും രക്ഷാധികാരിയായി ,എല്ലാറ്റിനും കയ്യയച്ചു സഹായിക്കുന്ന ..,നാട്ടു പ്രമാണിയായ നല്ലവനായ തിരുമേനിക്ക് ഇങ്ങനെ ഒരന്ത്യമോ?
എല്ലാവർക്കും “ഏട്ടൻ തിരുമേനി” യായ അദ്ദേഹത്തോടുള്ള ആദരവ് കാണിക്കാനായി കവലയിലെ കടകളൊക്കെ അടച്ചു. എല്ലാവരും ഇല്ലത്ത് തടിച്ചു കൂടി.
അങ്ങേരു ടെ വേളീം …ങനെ തന്ന്യാ.. പോയേ..
നടവരമ്പുകളും, വെട്ടുവഴികളും…കാൽപ്പെരുമാറ്റങ്ങളും ഉറക്കെയുള്ള സംസാരങ്ങളും കൊണ്ട് സജീവമായി.
വരമ്പുകളുടെ അതിരുകളിൽ സ്തംഭിച്ച് നിന്നിരുന്ന പനകളിൽ,… കൂട് വച്ചിരുന്ന പനം തത്തകൾ കലപില കൂട്ടി.
ഇടക്കിടെ മയക്കത്തിൽ നിന്നും പുറത്ത് വരുന്ന അന്തർജ്ജ്നത്തിന്റെ നെഞ്ചു പിളർന്ന ഒരു തേങ്ങൽ പുറത്തു ചാടും. അതു പിന്നെ ഒരു നിലവിളിയായി അലയ്ക്കും,.
ന്റെ ഭഗവതീ….നിയ്ക്ക് സഹിക്കാൻ വയ്യല്ലോ.
ഓടിപ്പിടഞ്ഞു എത്തുന്ന ബന്ധുക്കൾക്ക് അറിയണം.
എന്താ …ണ്ടായ്യേ…?
സുഭദ്ര ച്ചിറ്റയാണ് ആദ്യം അന്വേഷിച്ചത്.
ഉണ്ണൂല്യേ…അപ്പു പോയോ ടൗണിലേക്ക്. ?
ഇല്യാ തമ്പ്രാട്ടി. തിരുമേനി എങ്ങടാ പോയ്യേ ആവോ..വല്യ തമ്പുരാട്ടിടെ കാറ്‌ പടികടന്നപ്പോ തിരു മേനി പറഞ്ഞു .
എനി കെടന്നാൽ പറ്റില്ല്യാ.. ഇത്തിരി കടുംകാപ്പി കൂട്ട്വാ… അപ്പളയ്ക്കും ഞാനൊന്നു കുളിച്ചു വരാം.
അട്യേൻ കറവക്കാരിയെ വിളിച്ചു കൊണ്ടരാം… ന്തിനാ കടും കാപ്പീന്ന് ഞാനും ചോയ്ച്ചു. ചായയല്ലേ പതിവ്.
അതൊന്നും സാരംല്ല്യാന്നും പറഞ്ഞു.
ന്നാൽ വേലായുധനോട് പറയാം ..കിണറ്റിൻ കരയിലെ കുളിമുറിയിൽ വെള്ളം കോരിയിടാൻ എന്നു പറഞ്ഞു ഞാൻ പോകാൻ തൊടങ്ങീപ്പോ…പറഞ്ഞു.
പ്പോ…അതിനൊന്നും നിക്കണ്ട.ഞാൻ ഇന്നു കൊളത്തില് പൊക്കോളാം
അപ്പോ …വെള്ള വീശണേ ..ണ്ടാർന്നുള്ളു.
ഞാനിന്നാലും കറവക്കാരിയെ വിളിക്കാൻ പോയി. അപ്പൊ പിന്നെ സുഭദ്ര തമ്പുരാട്ടീം വന്നൂലോ.
പിന്നെ തമ്പുരാട്ടി പറഞ്ഞില്ലെ..
കൊളത്തില്‌ ഒന്ന് പോയോക്കൂ…ചെലപ്പൊ ആ സുന്ദരമേനോനോട് സംസാരിച്ചു നിക്കണ്‌ ണ്ടാവും.
ഉണ്ണൂലി പോയി നോക്കി വന്നു.
അവട്യെല്ല്യാ..
നീ കണ്ടിട്ട് ണ്ടാവില്ല്യാ…ചായ കിട്ടാണ്ടായപ്പോ ചങ്ങാതി പോയിട്ടിണ്ടാവും.
മായക്കുട്ടി എണീറ്റോ ഉണ്ണൂല്യേ.
ഇല്ല്യാ.., ഒണർത്തണ്ടാന്നല്ലേ തമ്പുരാട്ടി പറഞ്ഞത്.
പിന്നീട് എട്ട് മണിയോടെ പണിക്കർ വന്നപ്പോഴാണു സുഭദ്ര ചിറ്റ ഭയന്നത്.
തിരുമേനി റഡിയായോ .ബ്ളോക്കാപ്പീസില്‌ പുവ്വാൻ വരാൻ പറഞ്ഞീരുന്നു.
ഭഗവാനേ….ഈ അപ്പു എവട്യാ പോയേ…ഉണ്ണൂല്യേ  ആ വാരരു കുട്ട്യേ ഒന്നു വിളിക്ക്യാ.. എവട്യാ അവള്.? ഒരു കാര്യത്തിനു വിളിച്ചാൽ കാണില്യാലോ.
ഉണ്ണൂലി ഓടിക്കിതച്ചു വന്നു.
തിരുമേനീടെ ചെരുപ്പ് പടവിലുണ്ട് തമ്പുരാട്ട്യേ..യ്.
അപ്പോഴേക്കും ഉണ്ണൂലി പോയി ഗോപനെ വിളിച്ചു കൊണ്ടു വന്നു.
പിന്നീട്…., എന്തൊക്കെയാ ചെയ്തത്..ആരെയൊക്കെയാ വിളിച്ചത് എന്നു ഒരു രൂപോല്യാ നിയ്ക്ക്. സുഭദ്ര ചിറ്റ കരയാൻ തുടങ്ങി.
ഗോപനും കരക്കാരു യുവാക്കളും ഒരു നിമിഷം വിശ്രമിച്ചില്ല.

ഗോപൻ മായയുടെ അഛനെയും വിവരം  അറിയിച്ചിരുന്നു. അവർ എത്തിയപ്പോൾ ആദ്യം അന്വേഷിച്ചത് മായയെ ആണ്‌. സുഭദ്ര ച്ചിറ്റ കരച്ചിലിനിടയിൽ പറഞ്ഞു..
മുറി അകത്തു നിന്നും കുറ്റിയിട്ടിരിക്കുകയാണ്. തൊറക്കില്യാന്ന് ശാഠ്യം.!
ഇവടെ ഇങ്ങനെ ഒരു കാര്യം ണ്ടായിട്ട് മുറിക്കകത്ത് കേറി ഒളിച്ചിരിക്യാ വേണ്ടത്.  ? ശാഠ്യാത്രെ…! കൊച്ചുകുട്ട്യാ…ഒന്നുമറിയാതെ വല്യമ്മാമ കുറ്റപ്പെടുത്തി. അഫന്റെ മുഖത്തും ഈർഷ്യ.
സുഖല്യാത്ത കുട്ട്യല്ലേ…
എന്തസുഖം…മായയ്ക്ക് എന്താ അസുഖം. ?
സുഭദ്ര ച്ചിറ്റക്ക് അതിനുത്തരം ഉണ്ടായില്ല.
മായയുടെ അച്ചൻ അതിയായി പരിഭ്രമിച്ചു. അമ്മ വാതിലിനു മുമ്പിൽ തളർന്നിരുന്നു.
ഒരു പാട് ശ്രമിച്ചതിനു ശേഷം ഒരു ജനൽ പ്പാളി  തുറക്കാൻ കഴിഞ്ഞു. മുറിയിൽ ഇരുട്ടാണു്. ഒന്നും കാണാൻ വയ്യ. നോക്കി നോക്കി ഇരുട്ട് കണ്ണിനു പരിചയമായപ്പോൾ ,കണ്ടൂ
മായ ഒരു മൂലയ്ക്ക് പേടിച്ചരണ്ട് ചുരുണ്ട് കൂടി  ഇരിക്കുന്നു.
അച്ഛന്‍ കെഞ്ചി.
ന്റെ …പൊന്നു മോൾ കതക് തുറക്കൂ.. അച്ഛനല്ലേ പറേണേ..
കുറേ നേരം കഴിഞ്ഞപ്പോൾ …മായ സാവധാനം കതക് തുറന്നു. അഛനെ ക്കൂടാതെ മറ്റു പലരേയും കണ്ടപ്പോൾ ,മായ വീണ്ടും കതകടയ്ക്കാൻ ശ്രമിച്ചു.പക്ഷെ അടയ്ക്കുന്നതിനു മുമ്പേ,…അച്ഛന്‍ ബലമായി തള്ളിത്തുറന്നപ്പോൾ മായ ശ്രമം ഉപേക്ഷിച്ചു.
മായ വീണ്ടും ഓടി ..കട്ടിലിനു പുറകിൽ ആർക്കും കൈയ്യെത്താത്തിടത്ത് ചുവരിനോട് ചാരി ഒതുങ്ങി നിന്നു. തുള്ളൽ പ്പനി പിടിച്ചതു പോലെ അതിശ്ശക്തമായി വിറയ്ക്കുന്നുണ്ടായിരുന്നു.
വല്യമ്മാമ ..വിശ്വസിക്കാനാകാതെ…ചുറ്റും നോക്കി.
എന്താ സുഭദ്രേ ഇത്…?
എല്ലാം പറയാം.
വല്യമ്മാമ, മായയുടെ അഛനെ രൂക്ഷമായി നോക്കി. മായയുടെ അമ്മ യുടെ മുഖം വിളറി.
വല്യമ്മാമ പെട്ടന്നു അങ്ങോട്ട് വരുന്നവരെയൊക്കെ ഓടിച്ചു.
എന്തു കാണാനാ  വടെ നിക്കണതേയ്.. ഒക്കെ പുവ്വാ. കാലുകൾ അമർത്തിച്ചവുട്ടി നടന്നു പോയ് വല്യമ്മാമ എന്തോ പിറിപിറുത്തു.
ചതിച്ചല്ലോ ഉണ്ണീ… എന്നൊ മറ്റോ.. !!

പനി കഴിഞ്ഞു ക്ഷീണിച്ചിരിക്കുകയാണെങ്കിലും..., അമ്മ മായയെ കടന്നു പിടിച്ചു. മായ ശക്തിയായി കുതറി.
ഈശരാ ആരെങ്കിലും ഒന്നു സഹായിക്കൂ..കുട്ടി ആകെ നനഞ്ഞിരിക്കുകയാണല്ലോ…മുടി യൊക്കെ നനഞ്ഞു ഉണങ്ങിത്തുടങ്ങി.
അമ്മായിയും  ,ചിറ്റയുടെ മരുമകളും കൂടി കടന്നു പിടിച്ചു ഈറനൊക്കെ മാറ്റിച്ച പ്പോഴേക്കും ഗോപൻ ഡോക്ടറുമായെത്തി.
ഒരുപാട് ശ്രമിച്ചതിനു ശേഷമാണ് ഉറങ്ങാനുള്ള ഇഞ്ചക്ഷൻ വെക്കാൻ കഴിഞ്ഞതു തന്നെ.
ചെറിയ ചെറിയ ഞെട്ടലോടെ മായ മയക്കത്തിലേക്ക് വഴുതിയിറങ്ങി.
നാലഞ്ചു മണിക്കൂറെങ്കിലും ഉറങ്ങട്ടെ. ഷോക്കുണ്ടാവുന്ന സംഭവങ്ങളൊന്നും ഉണ്ടാവാതെ ശ്രദ്ധിക്കണമെന്ന്  പറഞ്ഞതല്ലേ…
കുട്ടിയെ ഒരു കാരണവശാലും ഒറ്റക്ക് വിടരുതായിരുന്നു.തിരുമേനിയുടെ മരണം അറിഞ്ഞ ഷോക്കാണു്..നല്ലതു പോലെ ഉറങ്ങട്ടെ. ഉണരുമ്പോൾ നോക്കാം.
അന്തർജ്ജനത്തിന്റെ സ്ഥതി…?
കഷ്ടാണ്.
എന്നാലും എങ്ങന്യാ…ദ്.. ?
ഡോക്ടർ അഫൻ നമ്പൂതിരിയുടെ കൈ പിടിച്ചു.
കവിളിലെ വെളുത്ത കുറ്റിരോമങ്ങളിൽ തട്ടിത്തടഞ്ഞു ഒഴുകിയ കണ്ണു നീർ ,മറയ്ക്കാൻ തിരുമേനി കണ്ണുകൾ ഇറുക്കിയടച്ചു.
അടുക്കള ക്കിണറീന്ന് വെള്ളം കോരി കുളിക്കാറാ പതിവ്. ഇന്ന് എവിടെയോ പോകാൻ അത്യാവശ്യം ..ണ്ട് എന്നും പറഞ്ഞാ പെട്ടന്നൊന്നു മുങ്ങി വാരാം ..ന്ന്  പറഞ്ഞു  കൊളത്തിലേക്ക് പോയതത്രെ.
നീന്തല്‌ നിശ്ശം ല്ലാത്തത് പോട്ടെ..,പടവില്‌ വഴുക്കലുണ്ട്  എന്നു പറഞ്ഞു  ഒരിക്കലും കൊളത്തിലയ്ക്ക് പുവ്വാത്തോനാ.
എപ്പഴങ്കിലും എണ്ണയിട്ട് കുളിക്കണങ്കി ത്തന്നെ …,മേലെ പടവിൽ ഇരുത്തി വാല്യക്കാര്‌ കുടം കൊണ്ട് കോരിക്കൊടുക്കാറാ പതിവ്.
എന്നാൽ…വിഷ്ണു അങ്ങനെയല്ല. മൂന്നു വട്ടം വേണമെങ്കിൽ അക്കരെയിക്കരെ പിടിക്കും. അതു കാണുമ്പോൾ ശ്ശുണ്ഠി യെടുക്കും വിദ്വാൻ.!
ഇതായിരുന്നു …യോഗം..അല്ലെങ്കിൽ ഒരിക്കലും മുങ്ങിക്കുളിക്കാത്തോൻ ..
അഫന്റെ ശബ്ദം ഗദ്ഗദത്തിൽ വഴിമുട്ടി.
ബോഡി മോർച്ചറിയിൽ ആണു്. വിഷ്ണുവേട്ടൻ എത്തണം. വായനശാലയിലേക്ക് വന്ന ഫോൺ പ്രകാരം വിഷ്ണു ബോബെയിൽ എത്തിയിട്ടുണ്ട്.
മായയ്ക്ക് സുഖമില്ല ..എന്നറിഞ്ഞു ഓടിയെത്തുന്ന വിഷ്ണു ,പക്ഷെ അഭിമുഖീകരിക്കാനിരിക്കുന്ന ത് ,ദുരന്തങ്ങളുടെ ഒരു വലിയ നിര തന്നെ യാണല്ലോ എന്നോർത്ത ഗോപൻ കുഴങ്ങി.
വിഷ്ണു വരുന്നതറിഞ്ഞാൽ എന്തൊക്കെ ഒരുക്കങ്ങൾ നടത്തിയേനെ ഏട്ടൻ തിരുമേനി.
ഏട്ടന്റെ മരണം താങ്ങുമോ ..വിഷ്ണുവേട്ടൻ.

വിഷ്ണു എത്തിയപ്പോഴേക്കും രാത്രി ഒരുപാട് വൈകി. ഗോപൻ കാത്തു നില്ക്കുന്നുണ്ടായിരുന്നു.പക്ഷെ കവലയിൽ വെച്ച് , പോസ്റ്റ് മാൻ ഭദ്രനെ ക്കണ്ടപ്പോൾ വിഷ്ണു കാർ നിർത്താൻ പറഞ്ഞു.
എന്താ ഭദ്രാ ഈ നേരത്തിവിടെ.
അപ്പോ…അറിഞ്ഞിട്ടല്ലേ…വരുന്നത്.
വിഷ്ണു …നടുക്കുന്ന ആ വാർത്ത കേട്ടു.  നിമിഷം കൊണ്ട് മായയെ മറന്നു.
ഗോപന്റെ കൈ പിടിച്ച് പടിപ്പുര കടന്ന വിഷ്ണു ,…ഒന്നും മനസ്സിലാവാതെ ,കത്തിച്ചു വെച്ച നിലവിളക്കിലേക്ക് നോക്കി.., അങ്ങനെ നിന്നു.
യുദ്ധക്കളത്തിൽ …,തെറിച്ചു ചിതറിയ ശവങ്ങളുടെ നടുവിൽ. തലയറ്റ..,അവയവങ്ങളറ്റ…ചേതനയറ്റ..,ശവശ്ശരീരങ്ങളാണു ചുറ്റും.!
എല്ല സ്വപ്നങ്ങളുടേയും ജഢങ്ങൾ.!!
ഈ മുറ്റം..,ഏട്ടനും ,അമ്മയും…മായയും പിന്നെ ഒരു പാട് സ്വപ്നങ്ങളും കൂടി തന്നെ യാത്രയാക്കിയ മുറ്റം.
അവിടവിടെ കാണുന്ന ഈ സ്തംഭിച്ച മുഖങ്ങൾ ..,കണ്ണുനീരൊലിച്ചിറങ്ങുന്ന കണ്ണുകൾ…!
ഇവരൊക്കെ ആരാണു? ഇതേത് ശവപ്പറമ്പാണു്.?
വിഷ്ണുവിന്‌ ഒന്നു കരയാൻ പോലും കഴിയുന്നില്ല. ഏട്ടന്റെ ചാരുകസേര ഒഴിഞ്ഞു കിടന്നു.അകത്തേക്ക് നോക്കാൻ ശക്തിയില്ല.
രോദനങ്ങളായി ഒഴുകിവരുന്ന രാമായണ ഭാഗങ്ങൾ പുതിയതല്ല. തന്നെ മടിയിലിരുത്തി വായിച്ചു തരുന്ന വരികളാണ്‌ പലതും.
പെട്ടന്നു അടക്കിയ നിശ്വാസങ്ങളെയൊക്കെ കീറിമുറിച്ചു കൊണ്ട് ഒരു ആർത്ത നാദം. വിഷ്ണു ഞെട്ടിപ്പോയി. ചെവി പൊട്ടിപ്പോവുമോ എന്നു തോന്നി…അമ്മ.!
ന്റെ കുട്ടി വന്ന്വോ……ഉണ്ണീ….!!
വിഷ്ണു അമ്മയുടെ അടുത്തിരുന്നു.
ഒരമ്മയുടെ മാത്രം ദു:ഖം …സകല തീരങ്ങളും തകർത്ത ഉരുൾ പ്പൊട്ടലായി .നൊന്തു പ്രസവിച്ച് ..,അവന്റെ ഓരോ നിശ്വാസങ്ങളും ഇഴ ചേർത്ത് നെയ്തെടുക്കുന്ന ഓർമ്മകളുടെ ചുവന്ന് പട്ട് തന്റെ മരണത്തോടൊപ്പം പുതച്ചുറങ്ങാൻ കൊതിക്കുന്ന അമ്മ.!
ആർക്ക് എന്തു തെറ്റാ…ഉണ്ണീ…ഞാൻ ചെയ്തേ…ന്തിനാ …ഇങ്ങനെ ശിക്ഷിക്കണേ…ഈശ്വരന്മാരേ…ന്റെ അപ്പൂ ..ഒരു എറുമ്പിനെ പോലും നോവിക്കാത്തോനാ….
ഒരു കൽ പ്രതിമ പോലെ ഇരുന്നിരുന്ന വിഷ്ണു ഉണർന്നു .അമ്മയെ കെട്ടിപ്പിടിച്ചപ്പോൾ വിങ്ങിപ്പൊട്ടി. ഉറക്കെ കരഞ്ഞു.
അമ്മയുടെ ഏങ്ങലടിയും ഉച്ചത്തിലായി.
വല്യമ്മായിയും പാർവ്വതി ഇളയമ്മയും അമ്മയെ പിടിച്ചു കിടത്തി.
കുറച്ചു കഴിഞ്ഞപ്പോൾ..,ആരോ വിഷ്ണുവിന്റെ തോളത്ത് കൈ വെച്ചു.
മായയുടെ അച്ഛന്‍.!!
ഒരു പാട് വയസ്സുള്ള ഒരു വൃദ്ധനെ പ്പോലെ യായിരിക്കുന്നു.
ജീവച്ചവമായി വിഷ്ണു അച്ഛനെ അനുഗമിച്ചു.
താൻ ഒറ്റക്കും…പിന്നീട് തന്നെ മറ്റൊരാളാക്കിയ മായയോടൊത്തും ചിലവഴിച്ച സ്വന്തം മുറിയിലേക്ക് തിരക്കിനിടയിൽ കൈവിട്ടു  പോയി വഴിയറിയാതെ  പരിഭ്രമിച്ച ഒരു കുട്ടിയെപ്പോലെ…ഇടറിയ പാദങ്ങളോടെ വിഷ്ണു നടന്നു. !

Savre Digital

Recent Posts

നഴ്സിങ് വിദ‍്യാര്‍ഥിനി അമ്മു സജീവന്‍റെ മരണം; അന്വേഷണം ക്രൈം ബ്രാഞ്ചിന്

പത്തനംതിട്ട: നഴ്‌സിങ് വിദ്യാർഥിനി അമ്മു സജീവൻ്റെ ദുരൂഹമരണത്തില്‍ കുടുംബത്തിൻ്റെ ആവശ്യം പരിഗണിച്ച്‌ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. 2024 നവംബർ…

46 minutes ago

‘സര്‍ക്കാരിന് ഉത്തരവാദിത്തമില്ല, കരാറില്‍ ഒപ്പിട്ടത് സ്‌പോണ്‍സര്‍’; മെസി വിവാദത്തില്‍ കായിക മന്ത്രി

തിരുവനന്തപുരം: മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സർക്കാരിന് ഉത്തരവാദിത്തമില്ലെന്ന് കായിക മന്ത്രി വി അബ്‌ദുറഹ്‌മാൻ. സംസ്ഥാന സർക്കാർ ആരുമായും കരാർ…

1 hour ago

ഡിഗ്രിക്കാര്‍ക്ക് കേരളത്തിലെ എസ്ബിഐ ബാങ്കുകളില്‍ ക്ലര്‍ക്ക് ആവാൻ അവസരം: 6589 ഒഴിവുകള്‍

തിരുവനന്തപുരം:എസ്‌ബി‌ഐ ക്ലർക്ക് എന്നറിയപ്പെടുന്ന ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയില്‍സ്) തസ്തികയിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ)…

2 hours ago

ലഹരിമുക്ത ചികിത്സയ്ക്ക് പച്ചമരുന്ന്: കലബുറഗിയിൽ നാലുപേർ മരിച്ചു

ബെംഗളൂരു: ലഹരിമുക്ത ചികിത്സയുടെ ഭാഗമായി നാടോടി വൈദ്യൻ നൽകിയ പച്ചമരുന്ന് കഴിച്ച് ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർ മരിച്ചു..…

3 hours ago

പൊതുസ്ഥലത്ത് പരസ്യമായി മദ്യപാനം; കൊടി സുനി അടക്കം 3 പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്

കണ്ണൂർ: പൊതുസ്ഥലത്തെ പരസ്യ മദ്യപാനത്തില്‍ കൊടി സുനിക്കും സംഘത്തിനുമെതിരെ കേസെടുത്ത് പോലീസ്. ടി.പി.ചന്ദ്രശേഖരൻ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനി, മുഹമ്മദ്…

3 hours ago

അമ്മയിലെ തിരഞ്ഞെടുപ്പ്: അംഗങ്ങള്‍ക്ക് പരസ്യ പ്രതികരണങ്ങള്‍ക്ക് വിലക്ക്

കൊച്ചി: മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ അംഗങ്ങള്‍ക്ക് പരസ്യ പ്രതികരണങ്ങള്‍ക്ക് വിലക്ക്. ആഭ്യന്തര വിഷയങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍…

4 hours ago