Categories: TOP NEWS

പെരുമാനി- ആവേശം; കാഴ്ചകളുടെ രണ്ട് വ്യത്യസ്താനുഭവങ്ങൾ

ആവേശം എന്ന സിനിമയെയും രംഗണ്ണനെയും ആർക്കും പരിചയപ്പെടുത്തി തരേണ്ടതില്ല.മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു തുടങ്ങിയ സിനിമകളും മികവുകൊണ്ടും പ്രേക്ഷക സ്വീകാര്യത കൊണ്ടുംഎല്ലാവർക്കും പരിചിതം തന്നെ. വലിയ മേന്മ ഇല്ലാഞ്ഞിട്ട് പോലും വർഷങ്ങൾക്കുശേഷം, ഗുരുവായൂർ അമ്പലനടയിൽ തുടങ്ങിയ സിനിമകളും നമ്മുടെയൊക്കെ ഉള്ളിൽ പേരുകൊണ്ടെങ്കിലും ഇടം പിടിച്ചിട്ടുണ്ട്. പക്ഷേ മജു എന്ന സംവിധായകന്റെ പെരുമാനി എന്ന സിനിമയെ കുറിച്ച് അധികമാരും കേട്ടിട്ടുണ്ടാവണമെന്നില്ല. ചുരുക്കം ചിലർ മാത്രമായിരിക്കണം ആ സിനിമ തിയേറ്ററിൽ പോയി കണ്ടത്. പക്ഷേ കണ്ടവർക്കൊക്കെയും ആ സിനിമ ഇഷ്ടപ്പെടുമെന്ന് തന്നെ വിശ്വസിക്കുന്നു.കാരണം ഞാൻ കണ്ട തീയേറ്ററിൽ പകുതിയോളമെ ആളുകൾ ഉണ്ടായിരുന്നുവെങ്കിലും അവരെല്ലാവരും സിനിമ കണ്ടുകഴിഞ്ഞ് എണീറ്റ് നിന്ന് കയ്യടിച്ചവരാണ്. പക്ഷേ എന്തുകൊണ്ടാണ് പെരുമാനി പോലെ ഒരു സിനിമയ്ക്ക് ആവേശവും മഞ്ഞുമ്മൽ ബോയ്സും പ്രേമലുവും ഒക്കെ തിയേറ്ററുകളിൽ ഉണ്ടാക്കിയ ഒരു ഓളം ഉണ്ടാക്കാൻ സാധിക്കാത്തത്. അതേക്കുറിച്ച് സംവിധായകൻ മജു തന്നെ നമ്മളോട് ന്യൂസ്‌ ബെംഗളൂരുവിൽ സംസാരിക്കുന്നുണ്ട്.

ഈ വർഷത്തെ ഏറ്റവും മികച്ച,മലയാള സിനിമയുടെ താളം മാറ്റിമറിച്ച സിനിമകളിൽ ഒന്ന് ഫഹദ് ഫാസിലിന്റെ ആവേശം ആണെന്ന് ബഹുഭൂരിപക്ഷം മലയാളികളും പറയും. അത്രമേൽ തിയേറ്ററുകളെ ഇളക്കിമറിച്ച, ആവേശം കൊള്ളിച്ച സിനിമയാണ് അത്. ഗ്യാങ്സ്റ്റർ സിനിമകൾ മലയാളികൾക്ക് ഒരു പുതുമ അല്ലെങ്കിലും ഫഹദ് ഫാസിലിന്റെ രംഗ എന്ന കഥാപാത്രവും അതിലൂടെ ഒളിച്ചുകടത്തപ്പെടുന്ന നിഗൂഢതയും ഒക്കെ ആവേശത്തിന്റെ പ്രേക്ഷക സ്വീകാര്യതയ്ക്ക് കാരണമാണ്. രംഗയുടെ സംഭാഷണശകലങ്ങളും വേഷവിധാനങ്ങളും ശൈലിയും ഒക്കെ കൊച്ചുകുട്ടികൾ വരെ ഏറ്റെടുത്തു കഴിഞ്ഞു.ഡ്രമാറ്റിക് എലമെന്റുകളും, മിസ്റ്ററിയും,വൈകാരികതയും, ഹാസ്യവുമൊക്കെ ഒരേസമയം ഒന്നിച്ചു ചേരുക കൂടിയാണ് ആവേശത്തിൽ. റീൽസിന്റെയും സോഷ്യൽ മീഡിയയുടെയും കാലത്തെ ശരീരഭാഷയും വ്യാകരണവും കൂടിച്ചേർന്നപ്പോൾ പിടിച്ചു കെട്ടാനാവാത്ത നിലയിലേക്ക് ആവേശം പടർന്നു കയറി. ഒരു മാസ് സിനിമ എന്നാൽ കുറിക്ക് കൊള്ളുന്ന നെടു നീളൻ കടുകട്ടിയായ സംഭാഷണങ്ങൾ കൂടിയാണ് എന്ന ബോധ്യങ്ങളെ കാഴ്ചയിലും ശബ്ദത്തിലും ഊന്നിയുള്ള കഥപറച്ചിലിലൂടെ തിരുത്തിയെഴുതാൻ ആവേശത്തിന് സാധിച്ചു.പഠിക്കുന്ന വിദ്യാർത്ഥികളിലേക്കും സമൂഹത്തിലേക്കും വളരെ മോശമായ ഒരു സന്ദേശമാണ് ആവേശം നൽകുന്നത് എന്ന എതിരഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട് എങ്കിലും പുതിയ തലമുറ ഇതിനോടകം ആവേശത്തെ ഏറ്റെടുത്തുകഴിഞ്ഞു. ആവേശം പോലെ ആഘോഷിക്കപ്പെട്ട മലയാള സിനിമകൾ ഈയടുത്ത് തുടർച്ചയായി നിർമ്മിക്കപ്പെട്ടു എങ്കിലും അതിലൊക്കെയും സ്ത്രീ പങ്കാളിത്തം ഇല്ലാത്തതിനെക്കുറിച്ചും സ്ത്രീകൾക്ക് പരിഗണന നൽകാത്തതിനെ കുറിച്ചുമുള്ള അഭിപ്രായങ്ങൾ മറ്റൊരു വശത്ത് ഉയർന്നുവന്നിട്ടുണ്ട്. സ്ത്രീകളെ ഉൾപ്പെടുത്തണം എന്ന ഒരൊറ്റ കാരണത്താൽ ശക്തവും നിബിഡവും അല്ലാത്ത അപ്രധാനമായ കഥാപാത്രങ്ങൾ അവർക്ക് നൽകേണ്ടതുണ്ടോ എന്നും അഭിപ്രായങ്ങൾ ഉണ്ടാകുന്നു. നിഷ്ക്രിയരാണെങ്കിൽ പോലും ആദർശവാദിയായ സദ്ഗുണമുള്ള കഥാപാത്രങ്ങൾ മാത്രമല്ല പുരുഷന് ലഭ്യമാകുന്നത് പോലെ പോസിറ്റീവും നെഗറ്റീവും ഗ്രേ ഷെയ്ഡും കലർന്ന വ്യത്യസ്തങ്ങളായ വേഷങ്ങളും സ്ത്രീകൾക്ക് ആവശ്യമുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ സ്ത്രീപക്ഷ സിനിമകളും നമുക്ക് മുന്നിൽ ഒരുപാടുണ്ട്. സ്ത്രീകൾ ക്യാമറയ്ക്ക് മുന്നിലും പിന്നിലും പ്രവർത്തിക്കുന്ന സ്ത്രീപക്ഷസിനിമകൾ ഉണ്ടാവുകയും അതിനൊക്കെ അംഗീകാരങ്ങൾ ലഭിക്കുകയും ചെയ്യുന്നത് മലയാള സിനിമ കൂടുതൽ ജനാധിപത്യവൽക്കരിക്കപ്പെടുന്നു എന്നതിന്റെ സൂചനയാണ്.

ഇനി പെരുമാനിയിലേക്ക് വരാം. മാർക്കറ്റിംഗ് തന്ത്രങ്ങളിൽ ഉണ്ടായ പാളിച്ചകൾ,പ്രേക്ഷകരുടെ പൊതുബോധങ്ങൾക്കും താല്പര്യങ്ങൾക്കും അനുസരിച് ഉയരാൻ കഴിയാത്തത്, ഒരു വലിയ വിഭാഗം പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ സാധിക്കാത്തത് ഇതിൽ എന്താണ് പെരുമാനിക്ക് സംഭവിച്ചത് എന്ന് ഒറ്റവാക്കിൽ പറയാൻ സാധിക്കില്ല. വലിയ രീതിയിൽ പ്രേക്ഷകരിലേക്ക് എത്തിക്കുവാൻ പ്രാപ്തമായ മാർക്കറ്റിംഗ് നടന്നിട്ടില്ല എന്ന് കാണാം.വലിയ വിഭാഗം പ്രേക്ഷകരിലേക്ക് സിനിമയെ എത്തിക്കാൻ സാധിക്കാത്തത് കൊണ്ട് തന്നെ കണ്ട് ഇഷ്ടപ്പെട്ടവർ പറഞ്ഞിട്ടുള്ള അഭിപ്രായങ്ങളിലൂടെ മാത്രമായിരിക്കണം ഈ സിനിമ സഞ്ചരിച്ചത്. താരമൂല്യവും ബ്രാൻഡിങ്ങും ഒന്നുമില്ലാത്തതും സിനിമയുടെ സഞ്ചാരത്തെ ഒരു പരിധി വരെ പിടിച്ചുനിർത്തും.ആ സമയത്ത് ഇറങ്ങിയ വലിയ സിനിമകളുണ്ടാക്കിയ വെള്ളപ്പൊക്കത്തിൽ പെരുമാനി മുങ്ങിപ്പോയതുമാവാം.

വിഷലിപ്തമായ പുരുഷാധിപത്യത്തിന്റ കീഴിൽ നരകതുല്യമായ ക്ലേശങ്ങൾ അനുഭവിക്കുന്ന ഒരു കുടുംബത്തിന്റെ നേർക്കാഴ്ച എന്നപോലെ കണ്ടു തീർത്തതാണ് മജു എന്ന സംവിധായകന്റെ അപ്പൻ എന്ന സിനിമ. വെറി പിടിച്ച ആൺ ബോധങ്ങളുടെ മറ്റൊരു മുഖമാണ് മജുവിന്റെ ഏറ്റവും പുതിയ സിനിമയായ പെരുമാനി. മജു എന്ന പേര് തന്നെയായിരുന്നു പെരുമാനി കാണാൻ പ്രേരിപ്പിച്ച മുഖ്യഘടകം.

പുറം ലോകവുമായി വലിയ ബന്ധമൊന്നുമില്ലാത്ത ഒരു കൂട്ടം മനുഷ്യരുടെ ജീവിതരീതികളും അവരുടെ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളുമെല്ലാം ചേർന്ന് പെരുമാനി എന്ന ഗ്രാമത്തിൽ പ്രാന്തവൽക്കരിക്കപ്പെട്ട ഒരു കാലത്തെ സൃഷ്ടിച്ചെടുക്കുന്ന കാഴ്ച എവിടെയൊക്കെയോ വായിച്ചും കണ്ടും മറന്ന ചില നാടോടി കഥകളെ ഓർമിപ്പിച്ചു.

വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളിലും ഖസാക്കിന്റെ ഇതിഹാസത്തിലും ഒക്കെ അനുഭവിച്ചതുപോലെയുള്ള കഥാപാത്ര നിർമ്മിതികളാണ് പെരുമാനിയിൽ കണ്ടത്. വലിയ കോലാഹലങ്ങൾ ഇല്ലാതെ നേർത്ത അനക്കങ്ങൾ സൃഷ്ടിച്ചു കൊണ്ട് പ്രേക്ഷകർക്കുള്ളിലൂടെ നിറഞ്ഞ സാന്നിധ്യമായി കടന്നുപോകുന്നവരാണ് പെരുമാനിയിലെ ഓരോ മനുഷ്യരും. നാസറും അബിയും മുജിയും ഫാത്തിമയും മുക്രിയും ചായക്കടക്കാരനും പെരുമാനി തങ്ങളും ഇറച്ചി വെട്ടുകാരുമൊക്കെ അവരുടെ പ്രതീക്ഷകളിലും വേദനകളിലും ശാഠ്യങ്ങളിലും ജീവിക്കുന്ന പെരുമാനിയുടെ അതിമനോഹരമായ കാഴ്ചകൾ ഒപ്പിയെടുത്തത് മനേഷ് മാധവൻ എന്ന ഛായാഗ്രഹകനാണ്.
പെരുമാനി തങ്ങൾ എന്ന വിശ്വാസത്തിൽ കൂടിക്കുഴഞ്ഞ് ഇവരുടെയൊക്കെ ജീവിതം മുന്നോട്ടുപോകുമ്പോൾ ഗോപി സുന്ദറിന്റെ സംഗീതത്തിന്റെ അകമ്പടി അതിനെ പ്രേക്ഷകരോട് ചേർത്തുനിർത്തുന്നുണ്ട്.

ഒരു ഗ്രാമവും ചായക്കടയും പരദൂഷണം പറച്ചിലുകളും ചേരിതിരിഞ്ഞുള്ള വഴക്കുകളും ഫാത്തിമയുടെ ആശങ്കകളും പറയാതെ പറയുന്ന പ്രണയവും നാട്ടുവഴികളുമെല്ലാം പഴയ ചില സത്യൻ അന്തിക്കാട് സിനിമകളെ ഓർമിപ്പിച്ചു.അത്തരത്തിലുള്ള ഒരു കഥാപരിസരം ആണെങ്കിലും അത് അവതരിപ്പിക്കുകയും ദൃശ്യവൽക്കരിക്കുകയും ചെയ്തിരിക്കുന്ന രീതി മലയാള സിനിമാ പ്രേക്ഷകർക്ക് ഒരു പുതിയ കാഴ്ച തന്നെയായിരിക്കും.വിവാഹം കഴിഞ്ഞാൽ പെണ്ണ് തന്റെ കൈപ്പിടിക്കുള്ളിൽ ജീവിക്കേണ്ടവളാണ്,അവളെ എന്തു വേണമെങ്കിലും ചെയ്യാനുള്ള അവകാശമാണ് വിവാഹത്തിലൂടെ തനിക്ക് ലഭിക്കുന്നത് എന്ന വിഷം നിറഞ്ഞ ആൺബോധത്തെ ഒരു പൂവിറുത്ത് ദൂരെ കളയുന്ന ലാഘവത്തിൽ പ്രഹരിക്കുന്നുണ്ട് പെരുമാനി.

സിനിമകൾ സോഷ്യൽ മീഡിയയിലൂടെയും ഓൺലൈൻ മീഡിയകളിലൂടെയുമൊക്കെ അതിഭയങ്കരമായി ബൂസ്റ്റ് ചെയ്യപ്പെടുകയും നിലവാരമില്ലാത്തതിനാൽ പ്രേക്ഷകർ സ്വീകരിക്കാതെ പോകുകയും ചെയ്തിട്ടുണ്ട്.ശരാശരി നിലവാരമുള്ള സിനിമകൾ പ്രമോഷൻ തന്ത്രങ്ങളിലൂടെ കൂടുതൽ ആളുകളിൽ എത്തപ്പെട്ടിട്ടുമുണ്ട്.പെരുമാനി പോലെ മികച്ച കഥാതന്തുവും ആഖ്യാനശൈലിയുമുള്ള,നിലവിലുള്ള സാമൂഹിക അനീതികളെ നിശിതമായി വിമർശിക്കുന്ന, ഒട്ടും മാനസിക ഭാരമില്ലാതെയും രസകരമായും കണ്ടിരിക്കാൻ പറ്റുന്നതുമായ സിനിമകൾ ഇനിയും പ്രേക്ഷകരെ അർഹിക്കുന്നുണ്ട്.

പെരുമാനിയുടെ വിശേഷങ്ങളെക്കുറിച്ച് സംവിധായകൻ മജു സംസാരിക്കുന്നു

◼️ സിനിമകൾ ആണഹന്തകളെ എതിർക്കുമ്പോൾ

ഒരുപാട് മനുഷ്യരിൽ നിന്നും കേട്ടറിഞ്ഞ അനുഭവങ്ങളിൽ നിന്നും മലയോര പ്രദേശങ്ങളിലെ കുടിയേറ്റങ്ങൾ സംബന്ധിച്ചുള്ള ചർച്ചകളിൽ നിന്നുമൊക്കെയാണ് അപ്പനിലെ ഇട്ടി എന്ന കഥാപാത്രം ഉണ്ടായത്.പുറ്റ്,കരിക്കോട്ടക്കരി,വിഷ കന്യക തുടങ്ങിയ ചില പുസ്തകങ്ങളുടെ വായനയും ആ കഥാപാത്രത്തിലേക്കും കഥയിലേക്കും എത്താൻ സഹായിച്ചിട്ടുണ്ട്.കാടിനോടും മൃഗങ്ങളോടുമായും ഒക്കെ കാലങ്ങളായി ഇടപഴകി ജീവിക്കുന്ന ചില മനുഷ്യരിൽ ഉണ്ടാകുന്ന ഒരു വന്യതയുണ്ട്. ജീവിത സാഹചര്യങ്ങളുടെ ഭാഗമായി എന്തും ചെയ്യാനുള്ള ചങ്കൂറ്റവും മനോഭാവവും അവർക്കുള്ളിൽ വളർന്നു വരാറുണ്ട്.ഒരു കുടുംബത്തിനകത്ത് ഇത്തരം കഥാപാത്രങ്ങളുടെ പെരുമാറ്റം എങ്ങനെ ആയിരിക്കും എന്നുള്ള ഒരു അന്വേഷണത്തിലൂടെയാണ് അപ്പൻ എന്ന സിനിമ ഉണ്ടായത്.വായനകളിൽ നിന്നും ചുറ്റുമുള്ളവരുടെ അനുഭവങ്ങൾ കേട്ടറിഞ്ഞതിൽ നിന്നുമൊക്കെയാണ് ഇത്തരം വിഷമയമായ പാട്രിയാർക്കിയൽ സ്വഭാവങ്ങൾ കൊണ്ടുനടക്കുന്ന മനുഷ്യരെ കുറിച്ചുള്ള കഥകൾ ഉണ്ടാകുന്നത്.

◼️ ദൃശ്യവൽക്കരണത്തിലെ വ്യത്യസ്തതകൾ

കാഴ്ചയും കേൾവിയും ഒന്നിക്കുന്നതാണ് സിനിമയെങ്കിലും കാഴ്ചയ്ക്ക് കൂടുതൽ പ്രാധാന്യമുണ്ട് സിനിമയിൽ. ഒരു വീടിനെയും അതിനു ചുറ്റുമുള്ള റബ്ബർ തോട്ടത്തെയും പറമ്പിനെയും മാത്രം ചുറ്റിപ്പറ്റി ജീവിക്കുന്ന ചില മനുഷ്യരുടെ വൈകാരിക തലങ്ങളിലൂടെ സഞ്ചരിക്കുന്ന സിനിമയാണ് അപ്പൻ.ആ മനുഷ്യരുടെ ഭാവങ്ങൾ ആഴത്തിൽ ഒപ്പിയെടുക്കാൻ പരമാവധി ശ്രമിച്ചുകൊണ്ടുള്ള ക്യാമറ രീതികളാണ് അപ്പൻ എന്ന സിനിമയിൽ അവലംബിച്ചത്.ഒരു ചുരുങ്ങിയ സ്ഥലത്താണ് ക്യാമറ കൊണ്ടു വച്ചിരിക്കുന്നത് എന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള ക്ലോസ് ഷോട്ടുകളാണ് അപ്പനിൽ കൂടുതലും ഉപയോഗിച്ചത്.വീട് എന്നുള്ള സങ്കല്പത്തിൽ നിന്നും മാറി ഒരു ഗ്രാമത്തിലെ ഒരുപാട് കഥാപാത്രങ്ങളുടെ കഥയാണ് പെരുമാനി പറയുന്നത്. അതുകൊണ്ട് തന്നെ കഥാപാത്രങ്ങളുടെ ഭാവങ്ങളെ കുറച്ച് അധികം ഉയർത്തി കാണിക്കുന്ന ക്ലോസ് ഷോട്ടുകൾ കൂടാതെ പലയിടങ്ങളിലും വൈഡ് ആയിട്ടുള്ള ക്യാമറ ഷോട്ടുകൾ വേണമെന്ന് തീരുമാനിച്ചിരുന്നു.കൂടാതെ ഒരു സാധാരണ ഗ്രാമത്തിൽ നിന്നും വ്യത്യസ്തമായ ജീവിത രീതികളും ശൈലികളും വസ്ത്രധാരണവുമൊക്കെ പിന്തുടരുന്ന ഒരുപാട് പ്രത്യേകതകൾ ഉള്ള ഒരു ഗ്രാമം ആയിരിക്കണം പെരുമാനി എന്ന ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കണ്ടു ശീലിച്ചതല്ലാത്ത ദൃശ്യവൽക്കരണ സാധ്യതകളും കളർ ടോണുകളും സംഗീതവും ഒക്കെ സിനിമയയിൽ ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്.

◼️ അഭിനേതാക്കളുടെ തെരഞ്ഞെടുപ്പ്

പെരുമാനിയിൽ അഭിനയിക്കുന്നതിന് കാരിക്കേച്ചർ സ്വഭാവമുള്ള മുഖങ്ങളാണ് അന്വേഷിച്ചത്.പ്രധാന കഥാപാത്രങ്ങൾ ചെയ്ത വിനയ് ഫോർട്ട്‌,സണ്ണി വെയ്ൻ,ലുക്മാൻ എന്നിവരിലേക്കൊക്കെ രൂപഘടനയിൽ കാരിക്കേച്ചർ സ്വാഭാവം കൊണ്ടുവരുവാൻ മേക്കപ്പിലൂടെ കഴിഞ്ഞിട്ടുണ്ട് എന്ന് വിശ്വസിക്കുന്നു.ഓരോ കഥാപാത്രങ്ങൾ അവതരിപ്പിച്ച അഭിനേതാക്കൾക്കും മറ്റാരെയും അവരുടെ സ്ഥാനത്ത് നിർണയിക്കാൻ സാധിക്കാത്ത തരത്തിൽ അവരുടേതായ സവിശേഷത ഉണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ട്.

◼️ വിനയ് ഫോർട്ടിന്റെ വൈറലായ ചാപ്ലിൻ മീശ

പെരുമാനിയിലെ ആരോടും കാണുന്നവർക്ക് ഒരു ഇഷ്ടക്കേട് തോന്നരുത് എന്ന് ആഗ്രഹിച്ചിരുന്നു.വില്ലൻ സ്വഭാവം ഉള്ള വിനയ് ഫോർട്ട്‌ അവതരിപ്പിച്ച നാസറിനോട് പോലും ആളുകൾക്ക് പകയോ ദേഷ്യമോ തോന്നരുത് എന്ന രീതിയിലാണ് കഥാപാത്രങ്ങളെ നിർമിച്ചത്.അത്തരം ഒരു നെഗറ്റീവ് സ്വഭാവമുള്ള ആളോട് പോലും ആളുകൾക്ക് കാണുമ്പോൾ ചിരി വരുന്ന രീതിയിലുള്ള ഒരു പരിവേഷം നൽകാൻ ആണ് വിനയ് ഫോർട്ടിന്റെ കഥാപാത്രത്തിലൂടെ ശ്രമിച്ചത്.മറ്റെല്ലാ കഥാപാത്രങ്ങൾക്കും അത്തരത്തിലുള്ള ഒരു രൂപഘടനയാണ് നൽകിയിട്ടുള്ളത്.കാണുമ്പോൾ ഒരു വഷളൻ എന്നുള്ള പ്രതിഛായ നൽകുന്ന രീതിയിലാണ് വിനയ് ഫോർട്ടിന്റെ മീശയും മുടിയും വസ്ത്രരീതിയും അടക്കം തീരുമാനിച്ചത്.പല രീതികളിൽ പരീക്ഷിച്ചു നോക്കി അതിൽ ഒരു രൂപം നമ്മൾ ഉദ്ദേശിച്ച കഥാപാത്രത്തിലേക്ക് എത്തി തോന്നിയപ്പോൾ ആണ് അത്‌ തെരഞ്ഞെടുക്കുന്നത്.

◼️ പെരുമാനി ഉണ്ടായ വഴികൾ

എന്റെ ഉമ്മയുടെയും പങ്കാളിയുടെ ഉമ്മയുടെയും നാടാണ് പെരുമാനി.ഏറെ പരിചിതമായ ഒരു പ്രദേശം.പെരുമാനി എന്ന നാട്ടിൽ ചെറുപ്പം മുതലേ ഇത്തരത്തിലുള്ള ഒരുപാട് കഥാപാത്രങ്ങളെ ഞാൻ കണ്ടിട്ടുണ്ട്.അതോടൊപ്പം തന്നെ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകൾ,ദേശത്തിന്റെ കഥ, തെരുവിന്റെ കഥ,ഖസാക്കിന്റെ ഇതിഹാസം എന്നിങ്ങനെ നമ്മളൊരുപാട് ഇഷ്ടപ്പെട്ട കഥകളും നോവലുകളും പെരുമാനിയുടെ സൃഷ്ടിയിൽ സ്വാധീനിച്ചിട്ടുണ്ട്.ആ കഥകളൊക്കെ വായിച്ചപ്പോൾ ആ രീതിയിലുള്ള കഥകൾ എഴുതണമെന്നും അതുപോലുള്ള സിനിമകൾ ചെയ്യണമെന്നുമൊക്കെ ആഗ്രഹം തോന്നിയിട്ടുണ്ട്.ഈ വായനകളുടെ ഒക്കെ അടിസ്ഥാനത്തിലാണ് പെരുമാനി എന്ന ഗ്രാമവും അവിടുത്തെ ചില മനുഷ്യരുടെ കഥകളും രൂപപ്പെടുന്നത്.ഒരുപാട് അനുഭവങ്ങളുടെയും വായനകളുടെയും ഒക്കെ പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് ഉണ്ടാക്കിയിട്ടുള്ള ഒരു സങ്കൽപ്പിക ഗ്രാമവും മനുഷ്യരുമാണ് പെരുമാനിയിലേത്.

◼️ സിനിമയും മാർക്കറ്റിംഗ് തന്ത്രങ്ങളും

എന്നെ സംബന്ധിച്ച് കഥ എഴുതുവാനോ സിനിമ സംവിധാനം ചെയ്യുവാനോ ഒരു തടസ്സവും ഉണ്ടായിട്ടില്ല.പക്ഷേ ഇത് ജനങ്ങളിലേക്ക് എത്തിക്കുന്നത് ഒരുപാട് ഘടകങ്ങൾ കൂട്ടി ചേർത്തുകൊണ്ടാണ്.അത്തരം മാർക്കറ്റിംഗ് തന്ത്രങ്ങൾ എനിക്ക് അത്ര പരിചിതമല്ല.സിനിമ മേഖലയിലുള്ള പലരും അത് വളരെ ഭംഗിയായി നിർവഹിക്കുന്നുണ്ട്.സിനിമ ഇറങ്ങി ആദ്യത്തെ ആഴ്ച അത് പരമാവധി ആളുകളിലേക്ക് എത്തിക്കുന്നതിനുവേണ്ടി വളരെ തന്ത്രപരമായ ഉള്ള മാർക്കറ്റിംഗ് സ്ട്രാറ്റജികൾ ഇവിടെയുണ്ട്. അങ്ങനെ ഈ സിനിമ ഒരുപാട് ആളുകളിലേക്ക് എത്തിക്കാൻ ഞങ്ങളുടെ ഭാഗത്ത് നിന്ന് അത്തരം തന്ത്രങ്ങൾ നടപ്പിലാക്കാൻ സാധിച്ചിട്ടുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നില്ല.സിനിമ കണ്ട ആളുകളെല്ലാം തന്നെ നല്ല അഭിപ്രായങ്ങൾ അറിയിക്കുകയും വളരെ മനോഹരമായിട്ടുണ്ടെന്ന് പറയുകയും ബഷീർ കഥകളോട് സാമ്യം ഉണ്ടെന്ന് പറയുകയും ചെയ്യുമ്പോൾ വളരെയധികം സന്തോഷമാണ്.കുടുംബപ്രേക്ഷകാരൊക്കെ സിനിമ സന്തോഷത്തോടെ ആസ്വദിക്കുന്നു എന്നറിയുന്നു.സത്യത്തിൽ സ്വന്തം സിനിമയുടെ മാർക്കറ്റിംഗ് എന്നത് സിനിമ സൃഷ്ടിക്കുന്നവരുടെ ഉത്തരവാദിത്വം കൂടിയാണ്. അടുത്തൊരു സിനിമ ചെയ്യുമ്പോഴേക്കും അത്തരം രീതികൾ കൂടി പിന്തുടരാൻ ആഗ്രഹിക്കുന്നു.

◼️ പെരുമാനിയിലെ ആകർഷണങ്ങൾ

പെരുമാനി നിങ്ങളെ തീർച്ചയായും രസിപ്പിക്കും എന്ന് എനിക്ക് ഉറപ്പാണ്.ചില കാർട്ടൂൺ കഥാപാത്രങ്ങളെ പോലെ തോന്നിപ്പിക്കുന്ന കഥാപാത്രങ്ങളായതുകൊണ്ട് കുട്ടികൾ അടക്കം എല്ലാവർക്കും ആസ്വദിക്കാൻ സാധിക്കും. അത്തരത്തിലുള്ള ഒരുപാട് പ്രതികരണങ്ങൾ എനിക്ക് ലഭിച്ചിട്ടുമുണ്ട്.ഇങ്ങനെ ചിരിപ്പിക്കുന്നതിനോടൊപ്പം തന്നെ വളരെ ഗൗരവമായി സിനിമയെ കാണുന്ന ആളുകൾക്ക് ഇഷ്ടമുള്ള ഒരു നോവൽ വായിക്കുന്നതുപോലെ ആസ്വദിക്കാനും അതിന്റെ പ്രമേയം ഉൾക്കൊള്ളുവാനും സാധിക്കും.

Savre Digital

Recent Posts

തെരുവുനായ്‌ക്കളെ ദയാവധം ചെയ്യാനുള്ള സർക്കാർ തീരുമാനം ഹൈക്കോടതി മരവിപ്പിച്ചു

കൊച്ചി: ഗുരുതര രോഗമുള്ളതോ അപകടം പറ്റിയതോ ആയ തെരുവുനായ്ക്കളെ ദയാവധത്തിന് വിധേയമാക്കാനുള്ള സർക്കാർ തീരുമാനം ഹൈക്കോടതി മരവിപ്പിച്ചു. പോരായ്മകൾ പരിഹരിക്കാൻ…

7 hours ago

ഭൂമിയിലെ ചെറിയ ചലനങ്ങൾ പോലും നിരീക്ഷിക്കും; നൈസാർ വിക്ഷേപണം വിജയകരം

ഹൈദരാബാദ്: ഐഎസ്‌ആർഒയും നാസയും കൈകോർത്ത റഡാർ ഇമേജിങ് സ്റ്റാറ്റലൈറ്റ് നൈസാറിന്‍റെ (NISAR) വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ…

7 hours ago

മക്കളില്ല; തിരുപ്പതി ക്ഷേത്രത്തിന് സ്വന്തം വീട് ദാനം നൽകി ദമ്പതികൾ

തിരുപ്പതി: കുട്ടികളില്ലാത്ത ദമ്പതിമാർ തിരുപ്പതി വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിന് സ്വന്തം വീട് ദാനം ചെയ്തു. ഹൈദരാബാദിലെ വസന്തപുരി കോളനിയിലെ കനക…

7 hours ago

നമ്മ മെട്രോ മൂന്നാം ഘട്ടം; മുറിക്കുന്ന മരങ്ങളുടെ എണ്ണം പതിനൊന്നായിരത്തിൽ നിന്ന് 6000 ആക്കി കുറയ്ക്കാൻ ബിഎംആർസി

ബെംഗളൂരു: നമ്മ മെട്രോ മൂന്നാം ഘട്ട നിർമാണത്തിന്റെ ഭാഗമായി മുറിച്ചു മാറ്റേണ്ട മരങ്ങളുടെ എണ്ണം പതിനൊന്നായിരത്തിൽ നിന്ന് 6000 ആക്കി…

8 hours ago

യു.എസിലേക്ക് കയറ്റി അയക്കുന്ന ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25% തീരുവ; പ്രഖ്യാപനവുമായി ഡോണൾഡ് ട്രംപ്

വാഷിങ്ടൺ: യു.എസിലേക്ക് കയറ്റി അയക്കുന്ന ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് ​അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം.…

8 hours ago

തിരഞ്ഞെടുപ്പ് ക്രമക്കേട് ആരോപണം: ബെംഗളൂരുവിൽ പ്രതിഷേധിക്കാൻ രാഹുൽഗാന്ധി

ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ സഹായത്തോടെ ബിജെപി ക്രമക്കേട് നടന്നെന്ന ആരോപണത്തിനു പിന്നാലെ പ്രതിഷേധവുമായി കോൺഗ്രസ്. ഓഗസ്റ്റ്…

9 hours ago