Follow the News Bengaluru channel on WhatsApp

ബെല്ലാരി വിഭജിച്ച് വിജയ നഗര എന്ന പേരില്‍ കര്‍ണാടകയില്‍ പുതിയ ജില്ല രൂപീകരിക്കാന്‍ തീരുമാനം 

ബെംഗളൂരു: കര്‍ണാടകയില്‍ പുതുതായി ഒരു ജില്ല കൂടി രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഖനി മേഖലയായ ബെല്ലാരി വിഭജിച്ചാണ് വിജയനഗര എന്ന പേരില്‍ പുതിയ ജില്ല രൂപീകരിക്കാന്‍ ബുധനാഴ്ച മന്ത്രിസഭാ യോഗം അനുമതി നല്‍കിയത്. കര്‍ണാടകയില്‍ ഇപ്പോള്‍ 30 ജില്ലകളാണുള്ളത്. വിജയ നഗര യാഥാര്‍ത്ഥ്യമാകുന്നതോടെ സംസ്ഥാനത്തെ ജില്ലകളുടെ എണ്ണം 31 ആയി വര്‍ധിക്കും. 2009 ഡിസംബർ 30 ന് ഗുൽബർഗ വിഭജിച്ച് രൂപീകരിച്ച ഗദഗ് ആയിരുന്നു കർണാടകയിൽ ആവസാനമായി രൂപം കൊണ്ട ജില്ല.

നിലവില്‍ 11 താലൂക്കുകളാണ് ബെല്ലാരി ജില്ലയില്‍ ഉള്ളത്. ഇതില്‍ ബെല്ലാരി, കുറുഗൊഡു, സിരഗുപ്പ, സനൂര്‍, കൂഡ്‌ലിഗി എന്നീ അഞ്ച് താലൂക്കുകള്‍ ബെല്ലാരിയിലും ഹൊസെപേട്ടെ, കാംബ്ലി, ഹാഗരി, ബൊമ്മനഹള്ളി, കൊട്ടൂര്‍, ഹാദഗലി, ഹാരപ്പനഹള്ളി എന്നീ താലൂക്കുകള്‍ വിജയനഗരയില്‍ ഉള്‍പ്പെടുത്താനുമാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അടുത്ത മന്ത്രി സഭായോഗത്തില്‍ പുതിയ ജില്ലയുടെ അതിര്‍ത്തികള്‍ നിര്‍ണയിച്ചുള്ള മാപ്പ് ഔദ്യോഗികമായി പുറത്തിറക്കും. ഹൊസെപേട്ടെ ആയിരിക്കും പുതിയ ജില്ലയുടെ ആസ്ഥാനം.

പഴയ വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായ ഹംപി അടക്കമുള്ള പ്രദേശങ്ങള്‍ വിജയനഗരക്ക് കീഴില്‍ വരും. ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ ഹംപിയുടെ വിനോദ സഞ്ചാര വികസനത്തിന് പുതിയ ജില്ലയുടെ രൂപീകരണം ഗുണം ചെയ്യും. വിജയ നഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ഹംപി.

അതേ സമയം ബെല്ലാരി വിഭജനത്തിനെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ബെല്ലാരിയിലെ ബിജെപി നേതൃത്വവും കോണ്‍ഗ്രസ് നേതാക്കളും വിഭജന തീരുമാനത്തിനെതിരെ മുന്നോട്ടു വന്നിട്ടുണ്ട്. പുതിയ വിജയ നഗര ജില്ല എന്ന ആശയം ഉയര്‍ത്തി സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തിയത് വനം വകുപ്പ് മന്ത്രി ആനന്ദ് സിംഗ് ആയിരുന്നു. ബെല്ലാരി കേന്ദ്രീകരിച്ച് റെഡ്ഡി സഹോദരന്‍മാരും ഹൊസ്‌പേട്ട് കേന്ദ്രീകരിച്ച് ആനന്ദ് സിംഗും നടത്തുന്ന അധികാര മത്സരമാണ് പുതിയ ജില്ലയുടെ രൂപീകരണത്തിന് പിന്നിലെന്ന ആക്ഷേപം സജീവമാണ്. ഹൊസ്‌പേട്ടില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആനന്ദ് സിംഗിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിന് ബെല്ലാരിയിലെ ഖനി രാജാക്കന്‍മാരായ റെഡ്ഡി സഹോദരന്‍മാര്‍ എതിരായിരുന്നു. ഖനി അഴിമതി കേസിലൂടെ ജയിൽ ശിക്ഷ അനുഭവിച്ച ജി ജനാർദന റെഡ്ഡി, സഹോദരങ്ങളായ കരുണാകര റെഡ്ഡി, സോമശേഖര റെഡ്ഡി എന്നിവരുടെ നേതൃത്വത്തിൽ അഭിഭാഷകരും കർഷക സംഘടനകളും കന്നഡ സംഘങ്ങളും ബെല്ലാരി വിഭജനത്തിനെതിരെ  എതിർപ്പ് ഉയർത്തിയിരുന്നു. എന്നാല്‍ ഇതെല്ലാം അവഗണിച്ചാണ് യെദിയൂരപ്പ മന്ത്രിസഭ പുതിയ ജില്ലക്ക് അനുമതി നല്‍കിയത്.

ചരിത്രപരമായ തീരുമാനം എന്നാണ് ഇതിനെ വനംവകുപ്പ് മന്ത്രിയും, ബെല്ലാരി ജില്ലയുടെ ചുമതല കൂടിയുള്ള മന്ത്രി ആനന്ദ് സിംഗ് വിശേഷിപ്പിച്ചത്. ഈ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ബെല്ലാരി ജില്ലയിലെ ഹംപി പഴയ ഹിന്ദു സാമ്രാജ്യത്തിന്റെ (വിജയനഗര സാമ്രാജ്യം) തലസ്ഥാനമായിരുന്നു. ലോക പൈതൃക പട്ടികയിൽ ഉള്ള ഇവിടം ആസ്ഥാനമാക്കി വികസന പ്രവർത്തനങ്ങൾക്ക് വേഗത കൂട്ടാൻ പുതിയ ജില്ലാ രൂപീകരണം സഹായിക്കുമെന്ന് ആനന്ദ് സിംഗ് പറഞ്ഞു. നേരത്തെ കോൺഗ്രസ്സ്-ജെഡിഎസ് സർക്കാരിൻറ ഭാഗമായിരുന്ന ആനന്ദ് സിംഗ് പുതിയ ജില്ലാ രൂപീകരണ ആവശ്യം മുന്നോട്ടു വെച്ചിരുന്നെങ്കിലും നടന്നില്ല. ഇതിൽ പ്രതിഷേധിച്ച് അദ്ദേഹം കോൺഗ്രസ്സിൽ നിന്ന് രാജിവെച്ച് ബിജെപിയിൽ ചേരുകയായിരുന്നു.

2019 ൽ തന്നെ വിജയനഗര ജില്ലാ രൂപീകരണ പദ്ധതി മുഖ്യമന്ത്രി യെദിയൂരപ്പ തയ്യാറാക്കിയിരുന്നു. എന്നാൽ അന്ന് അതിനെതിരെ ബിജെപി യിൽ നിന്ന് തന്നെ വന്‍ കലാപക്കൊടി ഉയർന്നതിനെ തുടർന്ന് തീരുമാനം മാറ്റി വെക്കുകയായിരുന്നു.

ഖനി സമ്പുഷ്ട ജില്ലയായ ബെല്ലാരി വിഭജിക്കുന്നതിനെതിരെ ബെല്ലാരി സ്വദേശിയും സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രിയുമായ ശ്രീരാമുലു എതിർത്തിരുന്നു. എന്നാൽ ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിൽ അദ്ദേഹം സർക്കാരിനൊപ്പം നിൽക്കുന്നതാണ് കണ്ടത്. “ജില്ലാ രൂപീകരണം ദീർഘകാലമായി നിലനിൽക്കുന്ന ആവശ്യമായിരുന്നു. എന്നാൽ അതിൽ ചില ആശയക്കുഴപ്പങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ അത് പരിഹരിച്ച് മുന്നോട്ട് പോകാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയും സർക്കാരും അനുയോജ്യമായ അന്തിമ തീരുമാനം എടുക്കും. “. ശ്രീരാമുലു പറഞ്ഞു.

ഒമ്പത് നിയമസഭാ നിയോജക മണ്ഡലങ്ങളാണ് നിലവിൽ ബെല്ലാരി ജില്ലയിലിൽ ഉള്ളത്. അതിൽ കോൺഗ്രസ്സിന് അഞ്ചും ബിജെപിക്ക് നാലും എംഎൽഎമാരാണ് ഉള്ളത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.