Follow the News Bengaluru channel on WhatsApp

അതാണ് നിങ്ങളുടെ ആഭരണം

കെ ആർ കിഷോർ എഴുതുന്ന പംക്തി
‘വിചാരം’

മൂന്ന്

അതാണ് നിങ്ങളുടെ ആഭരണം

  

“എന്തെല്ലാം പരിഷ്‌കാരം വന്നാലും പെണ്ണഴകിനു സ്വർണ്ണാഭരണം തന്നെവേണം.” നഗരത്തിൽ സ്വർണ്ണക്കട നടത്തുന്ന രാജേട്ടന്റെ സഹധർമ്മിണി മാലതിയേടത്തി വെട്ടിത്തുറന്നു പറഞ്ഞു. എന്റെയുള്ളിൽ ചിരി പൊട്ടിയെങ്കിലും ശബ്ദം പുറത്തേക്കു വരാതെ അടക്കി പിടിച്ചു. 

“അവരുടെ സ്വർണ്ണക്കടയുടെ പരസ്യമാണത്” എന്നു സ്വകാര്യമായി തൊട്ടടുത്തിരുന്ന മനോഹരൻ എന്റെ കാതിൽ പറഞ്ഞു. സ്വർണ്ണം കണ്ടുപിടിച്ചതു പെണ്ണിന്റെ അഴകു വർദ്ധിപ്പിക്കാൻ ആണെന്ന് വരെ മാലതിയേടത്തി പറയുമോ എന്നെനിക്കാശങ്കയായി.  

മരിച്ചുപോയ വേണുവേട്ടന്റെ മകൾ സീമയുടെ കല്യാണ തലേന്നാൾ വൈകീട്ടുള്ള പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയവരാണു ഞങ്ങൾ. ബന്ധുക്കളും സുഹൃത്തുക്കളും കല്യാണ വീട്ടിലെ സന്ദർശക മുറിയിലേക്കു വന്നു കൊണ്ടിരിക്കുന്നു. മുന്നിലെ തീന്മേശയിൽ ചായസൽക്കാരം നടക്കുന്നു. 

ആഘോഷം വരുമ്പോൾ, ആനന്ദവും മനസ്സിലേക്കു നൃത്തം ചെയ്തുവരും. സന്ധ്യ ചുവക്കുന്നു. പശ്ചാത്തലത്തിൽ എം എസ് ബാബുരാജിന്റെ ഗാനങ്ങൾ. വീടിനകത്തും പുറത്തും അരങ്ങുകൾ. നിറമുള്ള ബൾബുകൾ തിളങ്ങുന്നതു, എല്ലാവരുടെയും മുഖങ്ങളിലാണു, അതു മനസ്സിലേക്കും വ്യാപിക്കുന്നുണ്ടു, ആനന്ദ നിമിഷങ്ങളിൽ മനുഷ്യരുടെ സൗന്ദര്യവും വർദ്ധിക്കുണ്ടെന്നു തോന്നി. 

കല്യാണത്തിനു മണവാട്ടിക്കു ധരിക്കാനുള്ള വസ്ത്രങ്ങൾ പയ്യന്റെ വീട്ടുകാർ കൊണ്ടുവന്നു കൊടുത്തിട്ടു പോയതേയുള്ളൂ. കല്യാണസാരിയും ആഭരണങ്ങളും കാണാൻ സ്ത്രീകളിൽ ചിലർക്കു ആകാംക്ഷയായി. ആവി പറക്കുന്ന ചായ ആളുകളെ ക്ഷണിക്കുന്നുണ്ട്. പലഹാരങ്ങൾ മേശപ്പുറത്തു കൊണ്ടുവെക്കുന്നതിനിടയിൽ ഹാളിലുള്ള എല്ലാവരെയും നോക്കി വേണുവേട്ടന്റെ സഹയാത്രിക വാസന്തിടീച്ചർ പറഞ്ഞു :

“കല്യാണമായിട്ടു ആഭരണമൊന്നും എടുത്തില്ല? “ഹേ, അതെന്താ വാസന്തീ? നാളെ കല്യാണമല്ലേ? ആഭരണമില്ലാതെ..?”.

വേണുവേട്ടന്റെ അച്ഛന്റെ പെങ്ങൾ, സരോജിനിയമ്മായിക്കു ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല. 

“ആഭരണവും ബ്യുട്ടീഷ്യനും ഒന്നും വേണ്ടെന്നു, സീമ തന്യാ പറഞ്ഞതു അമ്മായീ., അവൾക്കു വേണ്ടെങ്കിൽ പിന്നെ എനിക്കെന്തിനാ?..”.

സീമയുടെ നിലപാടിനോടു പൊരുത്തപ്പെടാതെ പ്രമേഹമുള്ള സരോജിനി അമ്മായി കോഴിക്കോടൻ അലുവയെടുത്തു കടിച്ചു പ്രതികരിച്ചു: “ഒരുതരി സ്വർണ്ണവുമില്ലാതെ ഈ പെൺകുട്ടി ആണുവീട്ടിൽ ചെന്നു കേറിയാൽ..? ആൺ വീട്ടുകാർ വിലവെക്കുമോ?” 

അങ്ങനെയൊരു കാലമുണ്ടായിരുന്നു, അതെല്ലാംപോയില്ലേ? പെണ്ണ് അണിയുന്ന സ്വർണ്ണത്തിലാണോ പെണ്ണിന്റെ വ്യക്തിത്വം? ഒരു വ്യക്തിയെ   അംഗീകരിക്കുന്നതും അവഗണിക്കുന്നതും സമ്പത്തു നോക്കിയാണോ?  പലരുടെയും മനസ്സിൽ ചോദ്യങ്ങളും ഉത്തരങ്ങളും ഉയരുന്നുണ്ടു, മിണ്ടിയില്ല, മൗനമാണിവിടെ ഭൂഷണം..! 

വസന്തി ടീച്ചർ ചായ ഗ്ലാസിൽ ഒഴിച്ചു കൊടുത്തു കൊണ്ടു വിശദീകരിച്ചു. “പെണ്ണുകാണാൻ വന്നപ്പോൾ പയ്യനോടു എല്ലാ വിവരവും അവൾ പറഞ്ഞിട്ടുണ്ടായിരുന്നു. പയ്യനും ഈ കെട്ടു കാഴ്ചകളിലൊന്നും താൽപര്യമില്ലത്രേ.. 

“കല്യാണത്തിനു സ്വർണ്ണമണിയുന്നതു കെട്ടുകാഴ്ച്ചയോ?” അതുവരെ മിണ്ടാതിരുന്ന മാലതിയേടത്തിക്കു സഹിച്ചില്ല. അത്ഭുതംകൊണ്ട് അവരുടെ വായ് വിടർന്നു. ഒരുപഴംപൊരി കടിച്ചുകൊണ്ടു നിസ്സഹായതയോടെ  അമ്മിണിയേടത്തി പറഞ്ഞു:

“ഇപ്പോഴത്തെ പിള്ളാരുടെ പരിഷ്‌കാരം,എല്ലാം ഒരു കോലം… അല്ലാതെന്തു പറയാൻ…? “

വാസന്തി ടീച്ചർ കൊടുത്ത മധുരമില്ലാത്ത ചായ ഒന്നു മൊത്തിക്കുടിച്ചുകൊണ്ട്  പ്രമേഹമുള്ള മാലതിയേടത്തി അപ്പഴാണു തറപ്പിച്ചു പറഞ്ഞത്:

“എന്തെല്ലാം പരിഷ്‌കാരം വന്നാലും പെണ്ണഴകിനു ആഭരണം തന്നെ വേണം…” ഒരു നിമിഷം ചർച്ചക്കു ബ്രേക്കുവീണു.  ചായയും പലഹാരങ്ങളും അകത്തു നിന്ന്  മേശപ്പുറത്തു വരുന്നുണ്ട്. പുതിയ ആളുകൾ ചായകുടിയിൽ ചേരുന്നുമുണ്ട്. സീമയുടെ കൂട്ടുകാരി ആൻസിക്കൊരു സംശയം. അവൾ മറക്കാതെ ചോദിച്ചു; 

“നമ്മുടെ നാട്ടുകാർക്കല്ലേ ഈ സ്വർണ്ണപ്രേമം..? ലോകത്തെല്ലാരും സ്വർണമാണോ കല്യാണത്തിനണിയുന്നത് ? 

അപ്പോഴേക്കും സരോജിനി അമ്മായിയുടെ മുന്നിലിരുന്നിരുന്ന അലുവയുടെ പ്ളേറ്റ് കാലിയായി.

എന്റെയടുത്തിരിക്കുന്ന മനോഹരൻ, ചായ ചുണ്ടിനോടടുപ്പിച്ച ശേഷം പതുക്കെയൊന്നു ട്രോളി:

“സ്വർണ്ണ വില വാണം പോലെ ഉയരുന്നതും, സ്വർണ്ണക്കച്ചവടം തഴച്ചു വളരുന്നതും സ്ത്രീകളുടെ ആഭരണമോഹം കൊണ്ടാണെന്നാണു സാമ്പത്തിക ശാസ്ത്രജ്ഞരുടെ വിദഗ്ദ്ധാഭിപ്രായം.  കഷ്ടം,  ആളുകളിങ്ങനെ സ്വർണം വേണ്ടന്നുവെച്ചാൽ, രാജേട്ടനെ പോലുള്ളവരുടെ  സ്വർണ്ണക്കടകൾ പൂട്ടേണ്ടി വരില്ലേ ..? ”  അതു കേട്ടപ്പോൾ എല്ലാവരും ചിരിച്ചു. മാലതിയേടത്തി വിട്ടുകൊടുത്തില്ല.

“മനോഹരാ, പെണ്ണുങ്ങൾ സ്വർണ്ണം ധരിക്കുന്നതു പണ്ടേ ഉള്ള കാര്യമാ.  നിനക്കറിയുമോ, സുഭദ്രയുടെ കല്യാണം കഴിഞ്ഞപ്പോൾ ബലരാമനും ശ്രീ കൃഷ്ണനും ചേർന്നു, രത്നങ്ങളും സ്വർണ്ണങ്ങളും വെള്ളിയുമെല്ലാം ചേർന്ന ആഭരണങ്ങൾ ചാക്കു കണക്കിനാണു അർജ്ജുനനു സ്ത്രീധനമായി കൊണ്ടു കൊടുത്തത്.  ഇതെല്ലം പണ്ട് ഉള്ളതാ. അതങ്ങെനെ പെട്ടെന്നൊന്നും നിർത്താൻ പോണില്ല. രാജേട്ടന്റെ കച്ചവടം പൂട്ടിയാൽ വേറെ കച്ചവടം, അത്രേള്ളൂ..” മനോഹരൻ അതുകേട്ടു ചിരിച്ചിരുന്നതേയുള്ളൂ.

 “സ്വർണ്ണത്തിനു കാലാ കാലങ്ങളായി വിലകൂടുന്നുണ്ട്, ഒരു സമ്പാദ്യം എന്ന നിലയിൽ സ്വർണ്ണം വാങ്ങി സൂക്ഷിക്കുന്നതു  നഷ്ടമല്ല എന്നാണു സാമ്പത്തിക ശാസ്ത്രജ്ഞർ പറയുന്നത് ..”എനിക്കു നേരെ മുന്നിലിരുന്ന സോമൻ സ്വർണ്ണത്തിന്റെ പ്രാധാന്യം അവതരിപ്പിച്ചു.  

കോളേജിൽ ധനതത്വ മീമാംസ പഠിപ്പിക്കുന്ന അധ്യാപിക പ്രൊഫസർ പ്രഭാവതി അതുവരെ മൗനം അവലംബിച്ചിരിക്കയായിരുന്നു. അവർ ചർച്ചയിൽ ഇടപെട്ടു: 

“ഭൂമി വാങ്ങുന്നതും ഷെയർ മാർക്കറ്റിൽ ഇറക്കുന്നതും പോലെ സ്വർണ്ണവും ഒരു മൂലധനമായി ഉപയോഗിക്കാം, ലാഭകരം തന്നെ എന്നതാണു സത്യം.”  മാലതിയേടത്തിയുടെ വാദത്തിനു ശക്തികൂടി:

“പ്രഭാവതി പറഞ്ഞത് കേട്ടോ മനോഹരാ…?സ്വർണ്ണം വാങ്ങുന്നതും അത്രമോശമല്ല കാര്യമൊന്നുമല്ല…” 

പ്രഭാവതി തുടർന്നു:

“മാലതിയേടത്തി, ഞാനൊരു വസ്തുത പറഞ്ഞൂന്നേ ഉള്ളൂ,  എന്നു കരുതി കല്യാണത്തിനു സ്വർണ്ണം വാങ്ങികൂട്ടണം എന്ന അഭിപ്രായം എനിക്കില്ല ട്ടോ” മാലതിയേടത്തിയുടെ മുഖമൊന്നു വാടി. അവർ വിട്ടുകൊടുക്കാൻ തയ്യാറില്ലായിരുന്നു. 

“ഏതുസമയത്തും ഒരത്യാവശ്യം വന്നാൽ എടുത്തു വിൽക്കാം അതാണു സ്വർണ്ണത്തിന്റെ നേട്ടം..” മാലതിയേടത്തി സ്വർണ്ണപക്ഷവാദം തുടർന്നു.

മനോഹരൻ വിടാൻ തയ്യാറില്ലായിരുന്നു: “ഇവിടെ സ്ത്രീധനം കൊടുക്കുന്ന വിഷയമല്ലല്ലോ പ്രശ്നം? പെണ്ണുങ്ങൾ പുരുഷനെ സന്തോഷിപ്പിക്കാൻ സ്വർണ്ണമണിഞ്ഞു സൗന്ദര്യം വർദ്ധിപ്പിച്ചു നടക്കേണ്ടവളാണോ എന്നതല്ലേ വിഷയം?”  

സ്ത്രീകളുടെ സ്വത്വം ഉണർന്നു. സ്ത്രീകളുടെ ആഭരണ ഭ്രമവും വ്യക്തിത്വവും തമ്മിൽ അങ്ങനെയൊരു ബന്ധം കല്പിക്കേണ്ടതില്ല എന്ന വാദം ഉയർന്നു.

ശബ്ദം ഉയർന്നു പൊങ്ങാൻ തുടങ്ങിയപ്പോൾ ശ്രോതാക്കൾ വർദ്ധിക്കുന്നുണ്ടായിരുന്നു. പുറത്തു പോർട്ടിക്കോവിലിരുന്നു ചർച്ചകൾ ശ്രദ്ധിച്ചു കൊണ്ടിരുന്ന റിട്ടയേർ ചെയ്ത കോളജധ്യാപകൻ ധർമ്മൻ മാഷ്‌ ഹാളിലേക്കു കടന്നപ്പോൾ, സദസ്സിലേക്കു കടന്നുവന്നതു ആദരവായിരുന്നു. അന്തരീക്ഷം പെട്ടെന്നു തണുത്തു.! ധർമ്മൻ മാഷ് സോഫയിൽ വന്നിരുന്നപ്പോൾ പായവിരിച്ചതുപോലെ നിശബ്ദത പരന്നു.

വാസന്തി ടീച്ചർ കൊടുത്ത ചായവാങ്ങി കുടിച്ചുകൊണ്ട് ധർമ്മൻ മാഷ് ആരംഭിച്ചു:

“ഞാനൊരു സംഭവംപറയാം, നൂറ്റിപ്പതിനഞ്ചു കൊല്ലം മുമ്പു, അതായതു, 1904-ൽ അരുവിപ്പുറത്തു എസ്.എൻ.ഡി.പി.യുടെ പ്രഥമവാർഷിക പൊതുയോഗം നടക്കുകയാണ്. രാവിലെ ഡോക്ടർ പല്പുവും കുമാരനാശാനും വന്നപ്പോൾ ഗുരുദേവൻ പറഞ്ഞു :

സമ്മേളനങ്ങൾ ആണുങ്ങൾക്കു മാത്രമുളളതല്ല. എല്ലാ വാർഷിക സമ്മേളനങ്ങളിലും സ്ത്രീകളുടെ പൂർണ്ണപങ്കാളിത്തത്തിൽ “സ്ത്രീ സമാജം” നടത്തണം.ഗുരുദേവൻ പറഞ്ഞാൽ പിന്നെ ചോദ്യമില്ല. വൈസ് പ്രസിഡണ്ട്  ഡോ .പൽപ്പുവും, സെക്രട്ടറി കുമാരനാശാനും മുഖാമുഖം നോക്കി തലകുലുക്കി. രണ്ടുപേരും സ്ത്രീകളെ തേടിയിറങ്ങി….

മുൻകൂട്ടി ആസൂത്രണം ചെയ്തിരുന്നില്ലെങ്കിലും ഒരു വെല്ലുവിളിയായി ഈ സ്ത്രീ സമ്മേളനം ഏറ്റെടുത്തു ആദ്യ ദിവസം തന്നെ ഉച്ചക്കുശേഷം കേരളത്തിൽ ആദ്യമായി ഒരു വനിതാ സമ്മേളനം നടത്തി. ജനസമക്ഷം പ്രത്യക്ഷപ്പെടാൻ പൊതുവെ വിമൂഖരും ലജ്ജാശീലകളും അസ്വതന്ത്ര കളുമായിരുന്ന അവസ്ഥയിൽ വിപ്ലവപരമായ ആദ്യ വനിതാ സമ്മേളനം സംഘടിപ്പിക്കാൻ ഡോക്ടർ പൽപ്പുവിനും കുമാരനാശാനും ഏറെ ക്ലേശിക്കേണ്ടി വന്നു.

ഈ യോഗത്തിൽ അധ്യക്ഷം വഹിച്ചതു, കേവലമൊരു കുടുംബിനിയായിരുന്ന ഡോക്ടർ പൽപ്പുവിന്റെ അമ്മ, മാതപ്പെരുമാളും സ്വാഗതമാശംസിച്ചതു ഡോക്ടറുടെ സഹധർമിണി പി.കെ. ഭഗവതിയും. യോഗത്തിനു മുമ്പു  മാതപ്പെരുമാൾ ഡോക്ടർ പൽപ്പുവിനോടു ചോദിച്ചു:

“മോനെ, പൽപ്പൂ, എന്താണു ഞാൻ  പ്രസംഗിക്കേണ്ടത് .? ”
“അമ്മക്കിഷ്ടമുള്ളതു പറഞ്ഞോളൂ…”

ഡോക്ടർക്കൊന്നും ഉപദേശിക്കേണ്ടി വന്നില്ല. പഠിക്കാൻ പണമില്ലാതെ ഡോക്ടർ ബുദ്ധിമുട്ടിയിരുന്ന കാലത്തു താൻ അണിഞ്ഞിരുന്ന ആഭരണം ഊരിക്കൊടുത്തു മകനെ പഠിക്കാൻ പറഞ്ഞയച്ച അനുഭവങ്ങളുള്ള അമ്മയാണത്. യാതൊരു പരിഭ്രമവുമില്ലാതെ, തികഞ്ഞ സ്വാഭാവികതയോടെ അദ്ധ്യക്ഷം വഹിച്ചുകൊണ്ടു ആ സദസ്സിൽ ആഭരമണിഞ്ഞ സ്ത്രീകളെ നോക്കി മാതപ്പെരുമാൾ പറഞ്ഞു:

“എല്ലാവരും വിദ്യാഭ്യാസം ചെയ്യണം എന്ന നാരായണ ഗുരുസ്വാമിയുടെ വാക്കുകൾ നിങ്ങൾ ഏറ്റെടുക്കണം. നിങ്ങൾ കാതിലും കഴുത്തിലും അണിഞ്ഞിരിക്കുന്ന ആഭരണമെല്ലാം എടുത്തു വിറ്റിട്ടായാലും നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കിൻ, അറിവുള്ളവരുടെ തലമുറയാണ് വേണ്ടത്, അതാണു നിങ്ങളുടെ ആഭരണം.”

ആഭരണഭ്രമമുള്ള യാഥാസ്ഥിതിക മനസ്സുകളിൽ, ആ വാക്കുകൾ വിപ്ലവനൃത്തം ചെയ്യാൻ തുടങ്ങി. കേവലമൊരു വീട്ടമ്മയിൽനിന്നു പുറത്തുവന്ന ആ വാക്കുകൾ ജീവിതത്തെ ഗൗരവമായി സമീപിക്കുന്ന, ഒരു സ്ത്രീയുടെ ശബ്ദമായി ആദ്യസ്ത്രീ സമ്മേളനത്തിൽതന്നെ മുഴങ്ങി കേട്ടു. ബാഹ്യ സൗന്ദര്യ പ്രകടനത്തിനും വേഷ ഭൂഷാദികൾക്കും വേണ്ടി നെട്ടോട്ടമോടുന്ന സ്ത്രീകളെ നാണിപ്പിക്കുന്ന വാക്കുകൾ …!” 

ധർമ്മൻ മാഷ് പറഞ്ഞുനിർത്തിയപ്പോഴേക്കും മാലതിയേടത്തിയുടെ പൊടിപോലും അവിടെ കാണാനുണ്ടായിരുന്നില്ല.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.