Follow the News Bengaluru channel on WhatsApp

ബത്തല സേവ

കെ ആർ കിഷോർ എഴുതുന്ന പംക്തി
‘വിചാരം’

എട്ട്   

ബത്തല സേവ
(Nude Worship)

അസാധാരണമായ ചില ആചാരങ്ങളെക്കുറിച്ചറിയാനുള്ള കൗതുകമാണ് ഡോ. പ്രകാശിലേക്ക് എന്നെ അടുപ്പിച്ചത്. ആചാരങ്ങളും പ്രയോഗങ്ങളും എന്ന വിഷയത്തില്‍ ഗവേഷണം നടത്തുന്ന പ്രശസ്തനായ ഡോ. പ്രകാശിനെ ഒരു സമ്മേളനത്തില്‍ വെച്ച് പരിചയപ്പെട്ടപ്പോള്‍ ഫോണ്‍ നമ്പര്‍ വാങ്ങിയിരുന്നു. ആ ഫോണ്‍ നമ്പറില്‍ ഒന്നു വിളിച്ചു നോക്കിയതാണ്, അദ്ദേഹം ഓര്‍ക്കുമോ എന്നുറപ്പുണ്ടായിരുന്നില്ല. വ്യക്തമായ ഓര്‍മ്മയോടെ പേരുവിളിച്ചു കൊണ്ടു തന്നെ അദ്ദേഹം സംഭാഷണം തുടങ്ങി. വിഷയം അദ്ദേഹത്തിന് പ്രിയപ്പെട്ടതായതിനാല്‍ എന്നെ ക്ഷണിച്ചതനുസരിച്ചാണ് അദ്ദേഹത്തിന്റെ ഓഫീസില്‍ എത്തിപ്പെട്ടത്. പാണ്ഡിത്യജാഡകളോ ധൈഷണിക ഔന്നത്യമോ ഒന്നും പ്രകടിപ്പിക്കാതെ ഒരുസാധാരണക്കാരന്‍. അദ്ദേഹത്തിന്റെ മുന്നില്‍ ഞാനിരുന്നു.

കുശലാന്വേഷണങ്ങള്‍ക്കു ശേഷം ഞാന്‍ വിഷയം എടുത്തിട്ടു:

‘ എന്താണു ബത്തല സേവാ?’

ഏതാനും നാളുകള്‍ ഷേവുചെയ്യാതെ വളര്‍ന്നു നില്‍ക്കുന്ന താടിരോമങ്ങളില്‍ തടവിക്കൊണ്ട് ചെറിയൊരു വേദനയോടെ പ്രതികരിച്ചു:

‘ദളിതരെയും സ്ത്രീകളേയും ഒരേ സമയത്തു ചൂഷണം ചെയ്യാന്‍ വേണ്ടി കെട്ടിയുണ്ടാക്കിയ കപടമായ ആചാരമാണു, ബത്തലസേവാ അഥവാ നഗ്‌നാരാധന. ഇതൊരു വ്യവസായം പോലെയാണു, ആദ്യം ഒരാശയം സൃഷ്ടിക്കണം, എന്നിട്ടതു പ്രചരിപ്പിക്കണം, പിന്നെയാണു അതിന്റെ മാര്‍ക്കറ്റിംഗ് അഥവാ പ്രയോഗവല്‍ക്കരണം. ഏതു ആചാരവും ജനകീയത ലഭിക്കാതെ മുന്നോട്ടു പോകാനാവില്ല. ഒരു വിശ്വാസത്തെ ആചാരമാക്കി പരിവര്‍ത്തിപ്പിക്കാന്‍, വിശ്വാസത്തെ ഒരു ഐതീഹ്യവുമായി ബന്ധപ്പെടുത്തി വിശ്വസനീയമായ ഒരു സംഭവമായി സ്ഥാപിക്കണം. പുരോഹിത ബ്രാഹ്മണ്യം നൂറ്റാണ്ടുകളായി നിര്‍വഹിക്കുന്ന സോഷ്യല്‍ എന്‍ജിനീയറിങ് ആണീ ആചാരനിര്‍മിതികള്‍. യുക്തിബോധത്തിനോ ശാസ്ത്രീയ ചിന്തക്കോ പ്രസക്തിയില്ലാതിരിക്കാന്‍ വിഷയത്തെ ദൈവവിശ്വാസവുമായി ബന്ധപ്പെടുത്തിയാല്‍ മതി.’ ഒന്നു നിര്‍ത്തിയശേഷം, ഞാന്‍ പിന്തുടരുന്നുണ്ടോ എന്ന അര്‍ത്ഥത്തില്‍ ശ്രദ്ധിച്ചു. ഞാന്‍ അനുകൂലമായി തലയാട്ടിയപ്പോള്‍ തുടര്‍ന്നു:

‘വിശ്വാസം എന്തായാലും, അതിനെ യുക്തിപരമായോ ശാസ്ത്രീയമായോ തെളിയിക്കാനാവില്ലല്ലോ. പുരാണേതിഹാസങ്ങള്‍ മഹത്തരങ്ങളായ കൃതികളാണെന്നു നിങ്ങളെ പോലെ ഞാനും പറയും, എന്നാല്‍, അവയെല്ലാം അതെഴുതപ്പെട്ട കാലത്തെ ഭരണകൂടങ്ങളുടെ പ്രത്യയശാസ്ത്രത്തിന്റെ പ്രചാരണത്തിനു ഉപയോഗിച്ചിരുന്ന മര്‍ദ്ദനോപകരണങ്ങളും ആയിരുന്നു. അന്നത്തെ ജന്മിനാടുവാഴി ബ്രാഹ്മണ്യ വ്യവസ്ഥയെ ഇളക്കമില്ലാതെസ്ഥാപിക്കാനും നിലനിര്‍ത്താനും പുരാണേതിഹാസ സാഹിത്യരൂപങ്ങളേയും മറ്റുപല ശാസ്ത്രങ്ങളെയും പോലെ ഉപയോഗിച്ചിരുന്നു’. അദ്ദേഹം പറഞ്ഞു നിര്‍ത്തി.

ഞാന്‍ അതിനോടു ചേര്‍ത്തു പറഞ്ഞു :

‘ലോകത്തെല്ലായിടത്തും ഈ പ്രക്രിയ നടന്നിട്ടുള്ള കാര്യമാണല്ലോ, ഇപ്പോഴും അതു തുടരുന്നു ‘

‘അതെ, അല്‍ത്തൂസറുടെ നിരീക്ഷണമാണിത് ‘ അദ്ദേഹം തുടര്‍ന്നു:

‘ജമദഗ്‌നി മഹര്‍ഷിയുടെ ഭാര്യ രേണുകയെ രാമായണം വായിച്ചവര്‍ക്കറിയുമല്ലോ. രേണുക, വരദാനദിയില്‍ നിന്നു കുടംനിറച്ച വെള്ളമെടുത്തു ഒക്കില്‍ വെച്ചപ്പോള്‍ ആകാശത്തു ഒരുഗന്ധര്‍വ്വന്‍, രേണുകയെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു. ഗന്ധര്‍വ്വന്‍ എങ്ങനെ വായുവില്‍ നില്‍ക്കുന്നു, ചിറകുണ്ടായിരുന്നുവോ എന്ന ചോദ്യമൊന്നും ചോദിക്കരുത്, ഇതു കഥയാണ്, പുരാണമാണ്. വിശ്വസിച്ചേ മതിയാവൂ. ഹഹഹ’

ഞാനും കൂടെ ചിരിച്ചുപോയി, അയാള്‍ തുടരുകയാണ്..

‘പാവം രേണുക അറിയാതെ ആകാശത്തേക്കു നോക്കിപ്പോയി, ആ ഗന്ധര്‍വനെകണ്ടു., അത്രയേ ഉണ്ടായുള്ളൂ. ഉടന്‍തന്നെ അവളുടെ ഒക്കിലിരിക്കുന്ന കുടം ഉടയുകയും, ആ വിവരം രേണുകയുടെ ഭര്‍ത്താവു ജമദഗ്‌നി മഹര്‍ഷി ദിവ്യദൃഷ്ടിയില്‍ അറിയുകയും ചെയ്തു. അതെന്തു ദൃഷ്ടിയാണു? നിഷ്‌കളങ്കമായി പുരുഷനെ നോക്കിയാല്‍, സ്ത്രീയുടെ ചാരിത്ര്യം തകരുന്നതെങ്ങനെയാണു? അത്രദുര്‍ബ്ബലമാണോ സ്ത്രീകളുടെ ചാരിത്ര്യം? ഈ പറയുന്ന ചാരിത്ര്യം സ്ത്രീകള്‍ക്കു മാത്രമേ ഉള്ളൂ? അതു അനീതിയല്ലേ? ചാരിത്ര്യം തകരുമ്പോള്‍ അതേസമയത്തു തന്നെ കുടം ഉടയുന്നു, അതെന്തു മറിമായം? ദൂരെയുള്ള ഭര്‍ത്താവിനു ടെലിപ്പതിക് മെസ്സേജ് കിട്ടുന്ന വിദ്യ, ആരാണിതു വികസിപ്പിച്ചെടുത്തത്? സത്യത്തില്‍ ഇതിന്റെ പിന്നില്‍ ഒളിച്ചിരിക്കുന്നതു ഭീരുവായ പുരുഷന്റെ ആശങ്കയാണ്. മറ്റു പുരുഷന്മാരിലേക്കു ഭാര്യ നോക്കിപ്പോയാല്‍ തന്നെ ഉപേക്ഷിച്ചാലോ എന്ന ആത്മവിശ്വാസമില്ലായ്മ..! ആത്മാര്‍ത്ഥമായി ഭാര്യയെ സ്‌നേഹിക്കുന്ന പുരുഷന്, ഭാര്യതന്നെ ഉപേക്ഷിക്കും എന്ന ഭീതി അസ്ഥാനത്തല്ലേ?

ഭര്‍ത്താവായ തന്നെയല്ലാതെ മറ്റൊരു പുരുഷനെ നോക്കുന്നതുപോലും, ഭാര്യയുടെ ചാരിത്ര്യലംഘനമാണു എന്ന കര്‍ക്കശനിലപാടെടുത്ത ആ മഹര്‍ഷി, ഭാര്യയുടെ ഈ അക്ഷന്ത്യവ്യമായ തെറ്റിനു ശിക്ഷവിധിച്ചു:

‘മകനേ പ്രിയ പരശുരാമന്‍,’ അയാള്‍ വില്ലാളിവീരനായ മകന്‍ പരശു രാമനെ വിളിച്ചു. പരശുരാമന്‍ അനുസരണയോടെ പിതാവിന്റെ മുന്നില്‍ സന്നിഹിതനാവുന്നു.

‘കണ്ണിലെ കൃഷ്ണമണിപോലെ സ്ത്രീകള്‍ കാത്തുസൂക്ഷിക്കേണ്ടുന്ന ചാരിത്ര്യനിയമം നിന്റെ അമ്മ രേണുക ലംഘിച്ചിരിക്കുന്നു, അതുകൊണ്ടു എന്റെ ആജ്ഞ അനുസരിക്കലാണ് നിന്റെ ധര്‍മ്മം, നീ നിന്റെ അമ്മയെ കൊല്ലുക..’

ആലോചനയില്ലാത്ത ആ മകന്‍ ‘അമ്മ ചെയ്ത തെറ്റെന്താണു എന്നു ചോദിച്ചില്ല, കാരണം പുരുഷകേന്ദ്രീകൃതമാണ് അധികാരം. പുരുഷനാണു വീടിനെയും സമൂഹത്തെയും നയിക്കുന്നത്. സ്ത്രീയുടെ പക്ഷത്തു നിന്നു ന്യായം ചോദിക്കാനും അന്വേഷിക്കാനും ആരുമില്ല. തനിക്കു ജന്മം നല്‍കിയ അമ്മയെ കൊല്ലാന്‍ വാളുമെടുത്തു പുറപ്പെട്ടു. വാളുമെടുത്തു തന്നെ കൊല്ലാന്‍ വരുന്ന മകനില്‍ നിന്നും രക്ഷപ്പെടാന്‍ രേണുക ഓടി. ഓടിയോടി നദിയും കടന്നു ഒരു കാട്ടിലെത്തിയപ്പോള്‍, അവരുടെ വസ്ത്രങ്ങള്‍ ഊരിപ്പോവുകയും അവര്‍ വിവസ്ത്രയാവുകയും ചെയ്തു, നഗ്‌നയായ അവര്‍ ഒരു കല്ലിന്റെ പിന്നില്‍ ഒളിക്കുകയും, പിന്നീടു ആ കല്ലിന്റെ ദിവ്യശക്തിയില്‍ മോക്ഷം ലഭിച്ചു, ആ കല്ലില്‍ ലയിക്കുകയും ചെയ്തു എന്നതാണു കഥ.

കല്ലിനെന്താണു ദിവ്യശക്തി, ഇനി ദിവ്യശക്തി ഉണ്ടെങ്കില്‍ ഒരു വ്യക്തിക്കു മോക്ഷം കൊടുക്കാനും ഒരു വ്യക്തിക്കു കല്ലില്‍ ലയിക്കുവാനും കഴിയുമോ? ചോദ്യങ്ങളുണ്ട്. ഉത്തരം മാത്രം ഇല്ല.

ഇനിയാണു ഇതിനെ ഒരാചാരമാക്കി മാറ്റുന്നത്. ദളിതര്‍ കഴിഞ്ഞ ജന്മത്തില്‍ ദൈവനിന്ദ ചെയ്തതുകൊണ്ടോ, അഥവാ ബ്രാഹ്മണനിശ്ചിതാചാരങ്ങള്‍ ലംഘിച്ചതുകൊണ്ടോ ആണ് ഈ ദുരിതംപിടിച്ച അധമജാതിയില്‍ ജനിക്കുന്നത് എന്നാണ് പ്രചരിപ്പിക്കപ്പെട്ട വിശ്വാസം. മരണാന്തര ജീവിതമോ കഴിഞ്ഞ ജന്മമോ, അങ്ങനെ ഒരു ജന്മമുണ്ടെന്നു തെളിവുണ്ടോ? വിശ്വാസത്തിനു തെളിവ് വേണ്ടല്ലോ. ഇതിനിടയില്‍ ജാതിവ്യവസ്ഥയുടെ ന്യായീകരണവും നടത്തിയത് നോക്കൂ. അവര്‍ക്കു മോക്ഷം ലഭിക്കാന്‍ ഈ ആചാരം ലംഘിക്കാതെ ജീവിച്ച് ഈ ജന്മത്തില്‍ പ്രാര്‍ത്ഥിച്ചാല്‍ മതി. അതിനുള്ള പ്രാര്‍ത്ഥനയാണ് ഇനി പറയുന്നത്.

കര്‍ണാടകത്തിലെ ശിവമോഗ ജില്ലയിലെ ചന്ദ്രഗുട്ടി എന്ന ഒരു ചെറിയ ഗ്രാമത്തിന്റെ നദീതീരത്ത്, ചുറ്റും ഇടതൂര്‍ന്ന വനങ്ങളാല്‍ പുറം ലോകത്തുനിന്നു സംരക്ഷിക്കപ്പെടുന്ന ഈ കൊച്ചു ഗ്രാമം, അവിടെ നഗ്നയായ ശേഷം മോക്ഷം കിട്ടിയ രേണുകാമ്പയുടെ ഒരു ക്ഷേത്രമുണ്ട്. ദളിതസ്ത്രീകള്‍ നഗ്‌നരായി പുഴയില്‍ കുളിച്ചു, നഗ്‌നരായി നടന്നുവന്നു വന്നു, നഗ്‌നരായി പ്രാര്‍ത്ഥിച്ചാല്‍ മതി, കഴിഞ്ഞ ജന്മത്തിലെയും ഈ ജന്മത്തിലേയും സകല പാപവും അലിഞ്ഞലിഞ്ഞില്ലാതാവും., അടുത്ത ജന്മത്തില്‍ ഉയര്‍ന്ന ജാതിയില്‍ ജനിക്കും- ഇതാണു ദളിതരെ പറഞ്ഞുമനസ്സിലാക്കിയ കഥ. ദൈവം എന്തെന്നോ ജനനത്തിന്റെ രഹസ്യമെന്തെന്നോ അറിയാത്ത നിരക്ഷരായ ആ സാധുക്കള്‍ സവര്‍ണ്ണ പുരോഹിതര്‍ ഉപദേശിച്ചു, ഉയര്‍ന്ന ജാതിയില്‍ ജനിച്ചാല്‍ ഈ ദളിത ജന്മത്തിലെ പാപങ്ങള്‍ തീരുമല്ലോ എന്നു കരുതി ആ പാവങ്ങള്‍ അനുസരിക്കുന്നു. ചടങ്ങുകള്‍ക്കായി ഒരുത്സവം സംഘടിപ്പിച്ചു. പിന്നെ പണത്തിന്റെ ചാകരയാണു – ഇതാണു ബത്തലസേവ’

ഇതു ഭക്തിപ്രസ്ഥാനത്തിന്റെ ഭാഗമായി പതിനാറാം നൂറ്റാണ്ടില്‍ ആരംഭിച്ചതല്ലേ ?

‘അതേ, ഈ ആചാരം അഞ്ഞൂറു വര്‍ഷമായി ഗംഭീര ഉത്സവമായി തുടരുകയായിരുന്നു.എന്നാല്‍,ദലിത സംഘര്‍ഷ സമിതി(ഡിഎസ്എസ്) യും ഫെമിനിസ്റ്റു സംഘടനകളും, പുരോഗമനകാരികളായ മാധ്യമപ്രവര്‍ത്തകരും ശക്തമായി പ്രതിഷേധിച്ചു സമരം നടത്തിയതോടെ മാനവരാശിക്കു തന്നെ അപമാനകരമായ ഈ ആചാരം 1985-ല്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കി കൊണ്ടു ഉത്തരവ് പുറപ്പെടുവിച്ചു.

എന്നാല്‍, ഇക്കഴിഞ്ഞ 2014-ല്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരം അവസാനിപ്പിക്കാന്‍ കഴിയില്ലെന്നു പറഞ്ഞു ആചാരസംരക്ഷണക്കാര്‍ വന്നു. ബത്തലാസേവ പുനരാരംഭിച്ചു

അപമാനകരമായ ഈ ഉത്സവം നിര്‍ത്തലാക്കാനുള്ള സര്‍ക്കാരിന്റെ ഇടപെടലിനെതിരെ അക്രമാസക്തമായി പ്രതികരിച്ച ഭക്തര്‍ പോലീസു കാരെയും സാമൂഹ്യപ്രവര്‍ത്തകരെയും ക്ഷേത്രപരിസരത്തുനിന്ന് പുറത്താക്കുകയും നഗ്‌നമായി പരേഡ് നടത്താന്‍ നിര്‍ബന്ധിക്കുകയും ചെയ്തു’

ഡോ. പ്രകാശ് നിസ്സഹായനായി എന്നെ നോക്കി.

‘ ജനങ്ങള്‍ വേണമെന്നുവിചാരിച്ചാല്‍ സര്‍ക്കാരെന്തുചെയ്യും? ‘

‘ മാര്‍ച്ച് മാസത്തില്‍, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒരു ലക്ഷത്തോളം ഭക്തര്‍, ചന്ദ്രഗുട്ടി എന്നാ ഗ്രാമത്തില്‍ ഒത്തുകൂടി വരദ നദിയില്‍ മുങ്ങിത്താഴുകയും തുടര്‍ന്നു നഗ്‌നമായി നാലു കിലോമീറ്റര്‍ മലകയറ്റം നടത്തുകയും ചെയ്തുവരുന്നു…’

അന്ധവിശ്വാസങ്ങളിലേക്ക് തിരിച്ചു നടക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു സാമൂഹികബോധം ഇവിടെ വളര്‍ത്തിയെടുക്കാന്‍ ബോധപൂര്‍വ്വമായ പ്രചാരം നടക്കുന്നുണ്ട് എന്ന് തിരിച്ചറിയുക.. ‘

ഡോക്ടര്‍ പ്രകാശിനു നന്ദി പറഞ്ഞുകൊണ്ടു ഞാന്‍ എഴുന്നേറ്റു …

 

വിചാരം
മുന്‍ അദ്ധ്യായങ്ങള്‍ വായിക്കാം

ഇത്തിരി അനുകമ്പ⏩

ഇത്തിരി അനുകമ്പ

 

അതാണ് നിങ്ങളുടെ ആഭരണം⏩

അതാണ് നിങ്ങളുടെ ആഭരണം

തപ്പു കൊട്ടണ് തകിലടിക്കണ്⏩

തപ്പു കൊട്ടണ് തകിലടിക്കണ്

 

പാലു കാച്ചുന്ന നേരത്ത്⏩

പാലു കാച്ചുന്ന നേരത്ത് 

ജാതിചോദിക്കുന്നില്ല ഞാൻ⏩

ജാതിചോദിക്കുന്നില്ല ഞാൻ

മരണമെത്തുന്ന നേരം⏩

മരണമെത്തുന്ന നേരം

ബ്രാമിണ്‍ ഇഡ്ലി⏩

ബ്രാമിണ്‍ ഇഡ്ലി

 

 

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.