Follow the News Bengaluru channel on WhatsApp

മലയാളത്തിന്റെ ‘ശിഖര സൂര്യ’നായി മാറിയ സുധാകരന്‍ രാമന്തളി

മുഹമ്മദ് കുനിങ്ങാട്

സുധാകരന്‍ രാമന്തളിക്ക് ലഭിച്ച വിവര്‍ത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം അര്‍ഹതയ്ക്കുള്ള അംഗീകാരമാണ്. കന്നഡ സാഹിത്യത്തിലെ അതുല്യപ്രതിഭയും ജ്ഞാനപീഠ ജേതാവുമായ ചന്ദ്രശേഖര കമ്പാര്‍ രചിച്ച ‘ശിഖര സൂര്യ’ എന്ന കന്നഡ നോവലിന്റെ മലയാള മൊഴിമാറ്റ രചനയാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്. മാതൃഭൂമി ബുക്‌സാണ് നോവലിന്റെ മൊഴിമാറ്റ രൂപം പുറത്തിറക്കിയത്.

കേന്ദ്ര സാഹിത്യ പുരസ്‌കാര നിറവില്‍ ശിഖര സൂര്യന്‍ എത്തിനില്‍ക്കുന്ന സന്ദര്‍ഭത്തില്‍ അതുമായിബന്ധപ്പെട്ട എന്റെ ചെറിയ അനുഭവങ്ങള്‍ കൂടി പങ്കുവെക്കട്ടെ. ബീദറഹള്ളി ഈസ്റ്റ് കേരള സമാജത്തിന്റെ സാഹിത്യവിഭാഗം 2017 ജനുവരി 17ന് ഒരൂക്കിയ ശിഖര സൂര്യന്‍ നോവല്‍ സംവാദത്തില്‍ പ്രശസ്ത നടനും ചലച്ചിത്ര-നാടക പ്രവര്‍ത്തകനുമായ പ്രകാശ് ബാരെ, നോവലിന്റെ വിവര്‍ത്തകന്‍ സുധാകരന്‍ രാമന്തളി തുടങ്ങിയവര്‍ മുഖ്യ അതിഥികളായ ചടങ്ങില്‍ ശിഖര സൂര്യന്‍ എന്ന കൃതിയെ അധികരിച്ച് ആമുഖ പ്രഭാഷണം നിര്‍വ്വഹിക്കാനുള്ള ചുമതല എനിക്കായിരുന്നു. രവികുമാര്‍ തിരുമലയുടെ നിര്‍ബന്ധത്തിനുവഴങ്ങി അങ്ങിനെ ഒരു ദൗത്യത്തിനുമുതിര്‍ന്നത് കൊണ്ട് ആധുനിക ക്ലാസിക്കുകളിലൊന്നായ ചന്ദ്രശേഖര കമ്പാറിന്റെ ഈ ബൃഹദ് രചന വാങ്ങാനും വായിക്കുവാനും ഇടയായി എന്നതാണ് യാഥാര്‍ഥ്യം.

ബെംഗളൂരു മലയാളി റൈറ്റേഴ്‌സ് ഫോറം സംഘടിപ്പിച്ച ചർച്ച-സംവാദ പരിപാടിയിൽ നിന്ന്

പ്രണയത്തിന്റെയും അനുരാഗത്തിന്റെയും മാസ്മരിക മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കുമ്പോഴും, സൗന്ദര്യത്തിന്റെ മാദകത്വം തുളുമ്പുന്ന ശരീര ഘടനയെ വര്‍ണ്ണിച്ചെഴുതുമ്പോഴും സംസ്‌കാര സമ്പന്നമായ ഭാഷയിലൂടെ വായനക്കാരനെ/ വായനക്കാരിയെ ആസ്വാദനത്തിന്റെയും വിസ്മയത്തിന്റെയും പാരമ്യത്തിലെത്തിക്കുന്നുവെന്നതാണ് ശിഖര സൂര്യനെ ആകര്‍ഷകമാക്കുന്നത്.

അതിശയിപ്പിക്കുന്ന വായനാനുഭവമാണ് ശിഖര സൂര്യന്‍ നല്‍കിയത്. വിവര്‍ത്തന ഗ്രന്ഥങ്ങള്‍ സ്വാഭാവികമായും സൃഷ്ടിക്കുന്ന ദുര്‍ഗ്രാഹ്യത 526 പേജുള്ള ഈ കൃതിയില്‍ അനുഭവപ്പെടുന്നില്ല. തന്നെയുമല്ല മലയാളത്തില്‍ രചിക്കപ്പെട്ട മൗലിക രചനയെന്നപോലെ വായിച്ചാസ്വദിക്കാനാവുന്നുവെന്നതും പ്രത്യേകം പറയേണ്ടതുണ്ട്. കന്നഡ സാഹിത്യത്തില്‍ ഉത്തരാധുനിക കാലത്തു സംഭവിച്ച കഥാവിസ്മയമാണ് ശിഖര സൂര്യന്‍ എന്ന വിവര്‍ത്തകന്റെ വാക്കുകള്‍ അന്വര്‍ത്ഥമാണെന്ന് വായനയില്‍ നമ്മളറിയുന്നു.
സാഹിത്യത്തിലെ അതുല്യപ്രതിഭയും ജ്ഞാനപീഠ ജേതാവുമായ ചന്ദ്രശേഖര കമ്പാര്‍, യു. ആര്‍. അനന്തമൂര്‍ത്തി, പി. ലങ്കേഷ്, ഭൈരപ്പ, വിവേക് ഷാന്‍ഭാഗ് തുടങ്ങിയ ഒട്ടേറെ പ്രതിഭകളുടെ കൃതികള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. ഭാഷയിലെ ഇതിഹാസ കൃതിയായ ശിഖര സൂര്യ’ യടക്കം കന്നഡ ഭാഷയില്‍നിന്ന് 27 കൃതികള്‍ വിവര്‍ത്തനം ചെയ്തുകൊണ്ട് മലയാള ഭാഷയ്ക്കും സാഹിത്യത്തിനും വിലപ്പെട്ട സംഭാവനകള്‍ അര്‍പ്പിച്ച സാഹിത്യകാരനാണ് അദ്ദേഹം. ക്ലാസിക്കുകളടക്കം കന്നഡ സാഹിത്യത്തിലെ അമൂല്യകൃതികള്‍ വിവര്‍ത്തനം ചെയ്യുകയും പ്രതിഭാധനരായ ഒട്ടേറെ എഴുത്തുകാരുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്ത രാമന്തളി സാംസ്‌കാരികപ്രവര്‍ത്തനം തപസ്യയായി സ്വീകരിച്ച എഴുത്തുകാരനാണ്. മലയാള ഭാഷയില്‍ നോവലുകളും കഥാസമാഹാരങ്ങളും തിരക്കഥകളും വേറേയും സ്വന്തമായുണ്ട്.

സുധാകരന്‍ രാമന്തളി

കേന്ദ്ര, കേരള സാഹിത്യഅക്കാദമികളില്‍ ബെംഗളൂരുവിനെ പ്രതിനിധാനം ചെയ്തുകൊണ്ട് അദ്ദേഹത്തിന്റെ സാന്നിധ്യം എന്നും ഉണ്ടായിരുന്നു. പുതുതലമുറയിലെ സാഹിത്യതല്പരരെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചിരുന്ന അദ്ദേഹം ബെംഗളൂരു മലയാളി റൈറ്റേഴ്‌സ് ഫോറത്തിന്റെ സ്ഥാപക പ്രസിഡന്റാണ്.

വിവർത്തനം അനിഷേധ്യ സർഗ്ഗാത്മക പ്രക്രിയയാണെന്ന് കളങ്കമറ്റ സമർപ്പണം കൊണ്ട് തെളിയിച്ച സുധാകരൻ രാമന്തളി ചരിത്രത്തിൽ ഇടംനേടിയിരിക്കുന്ന സന്ദർഭത്തിൽ ശിഖിര സൂര്യന്റെ ആദ്യവായനയിൽ അനുഭവപ്പെട്ട നിരീക്ഷണം അന്നവിടെ രേഖപ്പെടുത്തിയത് ഒരിക്കൽ കൂടി ഇവിടെ ഓർത്തുകൊള്ളട്ടെ.

‘അനുഗ്രഹീത സാംസ്‌കാരികപ്രവര്‍ത്തകന്‍ സുധാകരന്‍ രാമന്തളി മറ്റെന്തിനെക്കാളുമുപരി, വരും നാളുകളില്‍ അറിയപ്പെടുക ശിഖര സൂര്യന്‍ എന്ന ഇതിഹാസ തുല്യ നോവലിന്റെ വിവര്‍ത്തകന്‍ എന്നായിരിക്കും’ .

കേരളീയ ജീവിതവുമായി പ്രത്യക്ഷബന്ധമൊന്നുമില്ലെങ്കിലും ‘ശിഖര സൂര്യന്‍’ നമ്മുടെ ജീവിതപരിസരങ്ങളുടെ ഏതൊക്കെയോ തലങ്ങളില്‍ വല്ലാതെ ബന്ധപ്പെട്ടുകിടക്കുന്നു. അസാധാരണമാം വിധം വിപുലമായ കമ്പാറിന്റെ എഴുത്ത് ജീവിതവും പ്രതിഭയുടെ പേശീദാര്‍ഢ്യവും മലയാള സാഹിത്യത്തിന് മുതല്‍ക്കൂട്ടാക്കി മാറ്റിയ സുധാകരന്‍ രാമന്തളി ബെംഗളൂരു മലയാളി സമൂഹത്തിന്റെ അഭിമാനമാണ്….

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.