Follow the News Bengaluru channel on WhatsApp

മടക്കം

ഡയാസ്പൊറ 

കഥ -കവിത
പ്രത്യേക പതിപ്പ് 
കഥ : മടക്കം
ബ്രിജി. കെ. ടി.

 

മടക്കം ഒറ്റക്കായിരുന്നു….യാത്രയും..!
വന്ദേ ഭാരത് വിമാനത്തിനു വേണ്ടിയുള്ള കാത്തിരുപ്പ് നീളുമ്പോള്‍ ഒരു പുറം തോട് മാത്രമായവശേഷിച്ച മായ സ്വയം അന്വേഷിച്ചു കൊണ്ടിരുന്നു.
എവിടേക്കാണീ യാത്ര..!
ഒറ്റക്ക് പുറപ്പെട്ടപ്പോള്‍ എടുത്തു വെച്ച കാല്‍ തെറ്റായ വഴികാട്ടിയുടെ ചൂണ്ടുവിരലില്‍ തട്ടിത്തടഞ്ഞു. തീരുമാനത്തിന്റെ നഖം പിളര്‍ന്ന വേദന യാത്രാവസാനത്തെ പ്രതീക്ഷ ഊതിയാറ്റി. ഇറങ്ങിപ്പോന്ന ചരല്‍വഴിയിലൂടെ തിരിച്ചുനടക്കാനാവാത്ത ഒരു തീര്‍പ്പ് ഒതുക്കുകല്ലുകളില്‍ ഉറഞ്ഞുകിടക്കുന്നുണ്ടായിരുന്നു. ഇനി ഇങ്ങിനെ ഒരു മോളില്ല.

ക്യാമ്പിലെ നിരത്തിയിട്ട കട്ടിലുകളില്‍ കിടന്നു, പിച്ചും പേയും പറയുന്നവര്‍. മഹാമാരിയുടെ ഇടയില്‍ നിന്നും രക്ഷപ്പെട്ട് ഉറ്റവരെ കണ്ട് മരിച്ചാല്‍ മതിയെന്നു പറയുമ്പോഴേക്കും പലരും കരയാന്‍ തുടങ്ങുന്നു. നടക്കില്ല എന്നു കരുതുന്ന കാര്യത്തിനു തിടുക്കം കൂടും. നാട്ടില്‍ നിന്നുമുള്ള ഫോണ്‍ വിളികളില്‍ പൊട്ടിക്കരയാത്തവര്‍ വിരളം.
മറ്റു ക്യാമ്പുകളില്‍ തമ്പടിച്ചിരിക്കുന്ന മറു പാതിയുടെ വിളികള്‍ക്കായി കാതോര്‍ത്ത് ഫോണ്‍ പിടിച്ചിരിക്കുന്നവര്‍.ചുട്ടുപൊള്ളുന്ന ക്യാമ്പുകളില്‍ വെള്ളമില്ല ഭക്ഷണമില്ല, മറ്റു സൗകര്യങ്ങളില്ല..എമ്പസി ഒന്നും ചെയ്യുന്നില്ല എന്ന് പറയാന്‍ പോലും ജീവന്‍ ബാക്കിയുണ്ടെങ്കിലല്ലേ എന്നു വഴക്ക് പറയുന്ന മുതിര്‍ന്നവര്‍.

മരണങ്ങള്‍ ഒരു വാര്‍ത്ത പോലുമല്ലാത്ത സ്ഥിതിയില്‍ എത്തിച്ചേര്‍ന്ന ലോകം പകച്ചു.
മറ്റു പലരാജ്യങ്ങളില്‍ നിന്നും വരുന്ന വാര്‍ത്തകളുടെ ചാറ്റല്‍മഴ പെട്ടന്നു പതിച്ച അതിവൃഷ്ടിയായി എല്ലാവരേയും തളച്ചിട്ടു. ഏതെങ്കിലും ഒരു തീരുമാനത്തില്‍ എത്താന്‍ പോലും കഴിയാതെ… വിഷാദത്തിന്റെ ചതുപ്പിലേക്ക് വീണവര്‍ ഏറെ.
പെരുവിരല്‍ കുത്തി… ഒന്നു ചവുട്ടിനില്ക്കാന്‍ പോലും ആശയുടെ ഒരു തുരുത്തും കാണാതെ സ്വയം മുറിപ്പെടുത്തിയും മറ്റുള്ളവരെ മാന്തിക്കീറിയും സമനില തെറ്റുന്നതിന്റെ വക്കിലെത്തിയവര്‍!
മഹാമാരിയുടെ കിരീടധാരിയായ മരണം രാജവാഴ്ച നടത്തുന്ന തെരുവുകളില്‍ നിന്നും ജീവനു വേണ്ടി പലായനം ചെയ്യാന്‍ വിധിക്കപ്പെട്ടവരുടെ ഭാവിയും അനിശ്ചിതത്ത്വത്തിലാണ്
കടം വാങ്ങിയും, വീടുപണയപ്പെടുത്തിയും വിമാനം കയറിയവര്‍. പ്രാരബ്ധങ്ങളുടെ കുത്തൊഴുക്കിനു തടയിണ കെട്ടിത്തുടങ്ങിയവര്‍, പാതി കെട്ടിയ വീടിന്റെ തുറന്ന മോന്തായത്തില്‍ മുറിഞ്ഞ സ്വപ്നങ്ങള്‍…
അങ്ങിനെ ഒരു നൂറു സങ്കടങ്ങളുടെ മണല്‍ത്തരികള്‍ … വീശിയടിക്കുന്ന ഊതക്കാറ്റു അടിച്ചു കയറ്റിയ തറ നോക്കി മായ വെറുതെ കിടന്നു.!.

കിടന്നിടത്തു നിന്നും എഴുന്നേല്ക്കാന്‍ പോലും ശ്രമിക്കാതെ മായ ചുമരിനഭിമുഖമായി കൂടുതല്‍ സമയവും കണ്ണടച്ചു കിടക്കും…..ആരോടും ഒന്നും പറയാനും തോന്നിയില്ല……

വന്ദേ ഭാരത് ഫ്‌ളൈറ്റിന്റെ സമയവും ടിക്കറ്റ് നമ്പറും മെസേജും മറ്റും ഫോണില്‍ നോക്കി പരക്കം പായുന്നവരുടെ ഇടയില്‍ വെറുതെ ഇരുന്നു.
പലരും പെട്ടന്നു ഫ്‌ളാറ്റ് ഒഴിഞ്ഞപ്പോള്‍ ഉപേക്ഷിക്കേണ്ടി വന്ന സാധനങ്ങളെ പറ്റി കരഞ്ഞുകൊണ്ടിരുന്നപ്പോള്‍ സദാ സമയം ഓണ്‍ ചെയ്തു പിടിച്ച ഫോണില്‍ മായ ഒരു വിളിക്ക് കാതോര്‍ത്തു, വിളിയില്ലെങ്കിലും..ഒരു മെസേജെങ്കിലും.
നിന്റെ അബു..എന്നൊരൊറ്റ വാക്ക്.
ചിലപ്പോള്‍ ഫോണില്‍ അടിക്കുന്ന ഒരു റിങ്ങ് കേള്‍ക്കുന്നതിനു മുമ്പേ.. വായില്‍ മിടിക്കുന്ന ഹൃദയവുമായി എടുക്കും.
പക്ഷെ, തെറ്റിവരുന്ന ഏതോ വാട്‌സ് ആപ്പ് വിളിയാണെന്നറിയുമ്പോള്‍ അബു പിന്നേയും ദൂരേക്ക് മറഞ്ഞു പോകും.
അബുവിനെ പറ്റി ഒരു വിവരവും ഇല്ല. വിളിക്കുമ്പോള്‍ പരിധിക്കു പുറത്ത് എന്ന മറുഭാഷ വയറ്റില്‍ തീ കോരിയിട്ടു. കമ്പനി അടച്ചതു കൊണ്ട് വിളിക്കുമ്പോഴൊക്കെ അന്വേഷിക്കട്ടെ എന്നു മാത്രം പറഞ്ഞു. കമ്പനികളിലെ നിര്‍ബന്ധ കൊറോണ പരിശോധനയിലാണു അബു പോസിറ്റിവ് ആണെന്നറിഞ്ഞത്.
അന്നു തന്നെ ക്വാറന്റയിന്‍ സെന്ററിലേക്ക് മാറ്റിയപ്പോള്‍ ഒന്നു കാണാന്‍ പോലും അനുവദിച്ചില്ല. ഞാന്‍ ഇവിടെ ഒറ്റക്ക് എന്തു ചെയ്യുമെന്നോ, ആരെയെങ്കിലും പറഞ്ഞേല്പ്പിച്ചിട്ടുണ്ടെന്നോ ഒന്നും തന്നെ അബു പറഞ്ഞില്ല.

സംസാരിച്ചപ്പോള്‍ കിതച്ചിരുന്നു. ശ്വാസം മുട്ടുള്ള അബുവിന്റെ മറ്റു മരുന്നുകള്‍ എടുക്കണ്ടെ എന്നു മായ കരഞ്ഞു ചോദിച്ചു.
ഇനി പറ്റില്ല ഞങ്ങള്‍ കുറേ ദൂരം പിന്നിട്ടു എന്നു മാത്രം പറഞ്ഞു.
മായ തരിച്ചിരുന്നുപോയി.

കല്യാണപ്പെണ്ണു ചമയാതെ പുറത്തിറങ്ങണം. ജോലി അന്വേഷിക്കണം ഒറ്റക്ക് യാത്ര ചെയ്യാന്‍ പഠിക്കണം എന്നൊക്കെ അബു എന്നും പറയും.
പെട്ടെന്നു കയറിപ്പിടിച്ച ഒരു ശൂന്യതയില്‍ അബുവിന്റെ മുഖം പോലും മായ മറന്ന പോലെ.

തീര്‍ത്തും ഒറ്റപ്പെട്ടു. അബുദാബിയില്‍ വന്നിട്ട് മൂന്നു മാസം പോലും ആയിട്ടില്ല. മലയാളി സുഹൃത്തുക്കള്‍ക്കെങ്കിലും ഒരു പാര്‍ട്ടി കൊടുക്കണം എന്നു വിചാരിച്ചിരിക്കുമ്പോഴേക്കുമാണു എല്ലാം മാറിമറിഞ്ഞത്.

ആരുമറിയാതെയുള്ള രജിസ്റ്റര്‍ വിവാഹത്തിനു സാക്ഷികളായി പോലും സുഹൃത്തുക്കളെ കൂട്ടിയില്ല. ഷാഹിനയാണു എല്ലാ ഒരുക്കങ്ങളും ചെയ്തത്.
അബുവിന്റെ മുറപ്പെണ്ണു ഷാഹിനയുടെ ഏറ്റവും അടുത്ത കൂട്ടുകാരി കോളേജ് ഗായിക മായയെ അബുവിനു പരിചയപ്പെടുത്തിയതും ഷാഹിന തന്നെ.
ഏതു തിരക്കിലായാലും രണ്ടുപേരും കണ്ണിമവെട്ടാതെ പരസ്പരം നോക്കി ക്കൊണ്ടിരിക്കും. പിന്നീട് ചിലപ്പോള്‍ മായയോട് അബു ഇട്ടിരിക്കുന്ന ഷര്‍ട്ടിന്റെ നിറം ചോദിച്ചാല്‍ മായക്കറിയില്ല.
അവരുടെ ഇടയില്‍ കയറിനിന്നു എന്തു ഗോഷ്ടി കാണിച്ചാലും അതൊന്നും വകവെക്കാതെ പരസ്പരം നോക്കിയിരിക്കുന്ന അവരെക്കണ്ട് ഷാഹിന പറയും.-‘ഇതിനെയാണു പ്രാന്ത് എന്നു പറയുക’.
എടാ അബു എന്നാലും എന്നെ നീ ഒഴിവാക്കിയില്ലെ? ചിലപ്പോള്‍ ഷാഹിന വെറുതെ ചൊടിപ്പിക്കാനായി പറയും
ദേ ..നീ ഇത്താനോടൊന്നും പറഞ്ഞേക്കല്ലേ. ഇവളുടെ എം.ബി.എ കഴിഞ്ഞോട്ടെ. പിന്നെ ഞാന്‍ കൊണ്ടുപൊക്കോളാം.
അബുവിന്റെയും ഷാഹിനയുടേയും വിവാഹം എല്ലാവര്‍ക്കും ഉറപ്പായിരുന്നതു കൊണ്ട് മായയുടെ ബന്ധത്തെ പറ്റി ആരും സംശയിച്ചില്ല. പക്ഷെ ഓരോ കാരണം പറഞ്ഞു അബു വരാതെയായപ്പോള്‍ ഷാഹിനയുടെ സുഹൃത്ത് അനീസിനെ വീട്ടില്‍ അവതരിപ്പിക്കാന്‍ ഷാഹിനക്ക് അവസരമായി.
പക്ഷെ ഷാഹിനയുടെ നിക്കാഹിന്റെ അന്നു പ്രത്യക്ഷപ്പെട്ട അബുവിന്റെയും മറ്റും നാടകം കണ്ടുപിടിച്ചതോടെ ഇരു വീടുകളിലും ബഹളമായി.!
അപ്പോഴാണു ഷാഹിനയുടെ സഹായത്തോടെ പെട്ടന്നു വിവാഹം രജിസ്റ്റര്‍ ചെയ്തത്.
ഒരു ദിവസം പോലും ഒന്നിച്ചു നില്ക്കാന്‍ കഴിയാതെ അബു തിരിച്ചു പോയി.

മായ ഹോസ്റ്റലില്‍ നിന്നു കൊണ്ട് തന്നെ പാസ്‌പോര്‍ട്ടും വിസയും എല്ലാം ശരിയാക്കി പരീക്ഷ കഴിഞ്ഞ ഉടന്‍ അബുദാബിക്ക് പുറപ്പെട്ടു.

ജീവിതത്തില്‍ ആദ്യമായിട്ടാണു ഒറ്റക്ക്… ഒരു പരിചയവുമില്ലാത്ത നാട്ടിലേക്ക്. ബോര്‍ഡിംഗ് പാസും കൊണ്ട് വരിയില്‍ നില്ക്കുമ്പോഴും പിന്‍ വിളി കേള്‍ക്കുന്നതു പോലെ.
പൊങ്ങിപ്പറന്ന പക്ഷിയുടെ ചിറകിലിരുന്നു മേഘങ്ങള്‍ക്കിടയിലൂടെ പാഞ്ഞപ്പോള്‍ അമ്മയെ ഓര്‍ത്തു.
അമ്മേടെ കുഞ്ഞി പോവ്വാട്ടൊ.
അവള്‍ പൊട്ടിക്കരഞ്ഞുപോയി. പത്താം ക്‌ളാസില്‍ പഠിക്കുമ്പോഴായിരുന്നു അമ്മയുടെ മരണം. പ്രകൃതി ഞൊടിയിടയില്‍ അകാശത്തു വരച്ചു മായ്ക്കുന്ന ചിത്രങ്ങള്‍ നോക്കിയിരിക്കാറുള്ള അമ്മ ഈ വെണ്‍ മേഘങ്ങള്‍ക്കിടയില്‍ എവിടെയോ ഉണ്ടാവും.
എയര്‍പോര്‍ട്ടില്‍ കാത്തു നിന്നിരുന്ന അബു മായയെ എടുത്ത് വട്ടം കറക്കി. ഈ ഒത്തു ചേരല്‍ ഒരിക്കലും നടക്കില്ല എന്ന സ്ഥിതി എത്തിയിരുന്നു. വിസ്മയങ്ങളുടെ നെടുനീളന്‍ നിരത്തിലൂടെ അബുദാബിയിലെ ഫ്ലാറ്റ് എത്തുന്നതു വരെയും അബു മായയെ ചുറ്റിപ്പിടിച്ചിരുന്നു.ഒരു നിമിഷം കൈവിട്ടാല്‍ നഷ്ടപ്പെട്ടേക്കുമോ എന്നു ഭയക്കുന്നതു പോലെ.

പിന്നീടങ്ങോട്ട് ഓരോ നിമിഷവും ആസ്വദിക്കുകയായീരുന്നു.
കാണാത്ത കാഴ്ചകളില്ല. അറിയാത്ത സുഖങ്ങളില്ല.
മലയാളികളെ പരിചയപ്പെടണം എന്നു പറയുമ്പോഴൊക്കെ അബു പറയും ആദ്യം മറ്റുള്ളവരുമായി ഇടപഴകി ഭാഷ പഠിക്ക്. ഇംഗ്‌ളീഷും തെറ്റില്ലാതെ പറയാന്‍ പഠിക്കണ്ടെ.
കൊറോണയെ പറ്റി ലോകത്ത് പലയിടത്തും നിന്നും വാര്‍ത്തകള്‍ വന്നതോടൊപ്പം നോക്കിയിരിക്കെ മഹാമാരി എല്ലാം കയ്യടക്കിക്കഴിഞ്ഞു.
ഒരു ദയയുമില്ലാതെ മരണ പത്രം എഴുതിത്തരുന്ന ക്രൂരനായ വിധികര്‍ത്താവായി മാറിയ ഒരു ചെറിയ അണുവിന്റെ മുമ്പില്‍ എല്ലാറ്റിന്റേയും അധിപനാണെന്നു അഹങ്കരിച്ച മനുഷ്യന്‍ പതറി.

അബുവിനെ കൊണ്ടു പോയതിനു ശേഷം ഓഫീസില്‍ ഒരു പാട് തവണ വിളിച്ചു.
അബ്ദുള്‍ റസാക്ക് എന്ന പേരില്‍ ഒരു പാട് പേരുണ്ട്. അറബിയില്‍ അയാള്‍ പറയുന്നതില്‍ നിന്നും ഐ.ഡി, സെക്ഷന്‍ ഒക്കെയാണു ചോദിക്കുന്നതെന്നു മനസ്സിലായി.
മായ കരഞ്ഞു പോയി.

വീട്ടില്‍ എത്തിയാല്‍ പിന്നെ ഓഫീസ് കാര്യങ്ങള്‍ ഒന്നും പറയാന്‍ അബു ഇഷ്ടപെട്ടിരുന്നില്ല. ഇട്ടു മൂടാനുള്ള പണമുള്ള തറവാട്ടിലെ ഒറ്റമകന്‍ ആണ്. ഇങ്ങിനെ അടിമപ്പണി ചെയ്യുന്നത് എന്നു പറയും. എല്ലാം ഒന്നു കെട്ടടങ്ങിയതിനു ശേഷം തിരിച്ചു പോകണം എന്നായിരുന്നു അബുവിന്റെ ആഗ്രഹം.

ഷാഹിന ആസ്‌ട്രേലിയയിലിരുന്നു നിരന്തരം വിളിച്ചു കൊണ്ടിരുന്നു. എല്ലായിടവും അടച്ചു. അബുവിന്റെ ഉപ്പയാണു ഇപ്പോള്‍ വന്ദേ ഭാരതില്‍ നിങ്ങളുടെ ടിക്കറ്റ് ശരിയാക്കിയിരിക്കുന്നത്. അവരുടെ പിണക്കമൊക്കെ മാറി. നിങ്ങള്‍ മടങ്ങണം.

മായ സാമാന്യ ബുദ്ധിപോലും നഷ്ടപ്പെട്ടവളെ പോലെയായി.
ഷാഹിനയോട് എന്താണു ഞാന്‍ പറയേണ്ടത്.
വിസയുടെ കാലാവധി ഏതാണ്ട് കഴിഞ്ഞു എന്ന് ടിക്കറ്റ് കണ്‍ഫേം ചെയ്ത ഓഫീസര്‍ പറഞ്ഞു. ഭര്‍ത്താവ് എവിടെയാണെന്നറിയില്ല എന്നുള്ളതിനു വ്യക്തമായ ഉത്തരമൊന്നും പറഞ്ഞില്ല.

ബോര്‍ഡിംഗ് പാസ്സുമായി വരിയിട്ടവരില്‍ നിന്നും ആരോ വിളിച്ചു.
മായ തലയുയര്‍ത്തി നോക്കിയപ്പോള്‍ ഒരു പറ്റം പ്രേതങ്ങളെ പോലെ പിപി ഇ കിറ്റ് ധരിച്ചവര്‍.
ഇന്നലെ വരെ ക്യാമ്പില്‍ ഉള്ളവരെ ഒരാളെ പോലും തിരിച്ചറിയാന്‍ കഴിഞ്ഞില്ല.

മായ സന്നി വന്നവളെ പോലെ വിറക്കാന്‍ തുടങ്ങി.
മറ്റൊരു പ്രേതമായി വരിയില്‍ നിന്നെങ്കിലും.. നില്ക്കാന്‍ പോലും ആവാതെ അവിടത്തെ ഒരു കസേരയില്‍ തളര്‍ന്നിരുന്നു.
വീട്ടിലെത്താനുള്ള തിരക്കില്‍ എല്ലാവരും അക്ഷമരായി മുന്നോട്ടു നടന്നപ്പോള്‍ മായ പതുക്കെ നടന്നു വാഷ് റൂമില്‍ കയറി കതകടച്ചു.
കഴുത്തില്‍ ചുറ്റിയിരുന്ന ദുപ്പട്ട യഴിച്ചു.. ചുറ്റും പരതി.
മേഘങ്ങള്‍ക്കിടയിലെ കൊട്ടാര വാതില്‍ തുറന്നിട്ടിട്ടുണ്ടാവും അമ്മ.

📝

ബ്രിജി.കെ. ടി

എഴുത്തിലും ചിത്രകലയിലും താല്‍പ്പര്യം. മൂന്നു കഥാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു. നാലു കഥാ സമാഹാരങ്ങളില്‍ കഥാ പങ്കാളിത്തം. കേരള ഗവ. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് രണ്ടു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളില്‍ നോവലും ചെറുകഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. തൃശൂർ ചാലക്കുടി സ്വദേശിനി, ബെംഗളൂരുവിൽ താമസം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.