Follow the News Bengaluru channel on WhatsApp

പ്രവാസി കവിത: അപരവല്‍ക്കരണത്തിന്റെ അപനിര്‍മാണം

പുസ്തകാസ്വാദനം ▪️ സുരേഷ് കോടൂര്‍

പ്രവാസി ജീവിതത്തിന്റെ സമഗ്രമായ പ്രശ്‌നവല്‍ക്കരണം എന്ന് ഒറ്റവാചകത്തില്‍ പി. ഹരികുമാറിന്റെ ‘പ്രവാസിയുടെ മുണ്ട്’ എന്ന കാവ്യസപര്യയുടെ പിന്നിലെ ചോദനയെ ആറ്റിക്കുറുക്കാം. പ്രവാസി അനുഭവങ്ങളുടെ ആഴങ്ങളെ തൊട്ടറിയുന്ന ഈ സമഗ്രതയും ഉള്‍ക്കാഴ്ചയും സര്‍ഗപ്രതിഭതയും തന്നെയാണ് ഒരുപക്ഷെ സമകാലിക പ്രവാസി സാഹിത്യത്തിന്റെ അംബാസഡറാവാൻ ഹരികുമാറിനെ സര്‍വഥാ യോഗ്യനാക്കുന്നത്. പ്രവാസിസാഹിത്യത്തിന് മുഖ്യധാരാ മലയാള സാഹിത്യത്തില്‍ അതര്‍ഹിക്കുന്ന ഇരിപ്പിടം നേടിക്കൊടുക്കാനുള്ള അശ്രാന്ത ശ്രമത്തിലാണ് ഹരികുമാര്‍. ആ ശ്രമത്തിന്റെ ഭാഗവുമാണ് ‘പ്രവാസിയുടെ മുണ്ട്’. പ്രവാസിസാഹിത്യത്തിന്റെ സ്വത്വപരിഗണനയെ സംബന്ധിച്ച ഹരികുമാറിന്റെ പരാതികളിലും പരിഭവങ്ങളിലും അവകാശവാദങ്ങളിലും ഒക്കെ കാമ്പുണ്ടെന്ന് മുണ്ടില്‍ പിന്നിയ കാവ്യാക്ഷരങ്ങള്‍ തന്നെ സാക്ഷ്യം പറയും.

പ്രവാസം സൃഷ്ടിക്കുന്ന അപരിചിതത്വത്തിന്റെയും ഒറ്റപ്പെടലിന്റെയും പാര്‍ശ്വവല്‍ക്കരണത്തിന്റെയുമൊക്കെ തീഷ്ണാനുഭവങ്ങളാണല്ലൊ പ്രവാസിസാഹിത്യത്തിന്റെ അന്തര്‍ധാര. അറിയാത്തതിനെ ഇഴപിരിക്കാനുള്ള സര്‍ഗശ്രമമാണ് അഥവാ അപരവല്‍ക്കരണത്തിന്റെ അപനിര്‍മാണമാണ് പ്രവാസിസാഹിത്യത്തിന്റെ അസ്തിവാരം. ഈ അപനിര്‍മാണത്തിലൂടെ കൈവരിക്കുന്ന ജനിതകപരിണാമമാണ് പ്രവാസിക്ക് പറിച്ചുനടപ്പെട്ട പരിസരങ്ങളില്‍ അതിജീവനത്തിനുള്ള കരുത്ത് പകരുന്നത്. ഒട്ടുമേ സൗഹൃദപരമല്ലാത്ത, അരക്ഷിതവും അപരിചിതവുമായ, ചുറ്റുപാടുകളിലെ അതിജീവനത്തിനനുഗുണമായ ആര്‍ജിതഗുണങ്ങളുടെ സഞ്ചിതമാണ് പ്രവാസി. സാംസ്‌കാരികമായും സാമൂഹ്യമായുമുള്ള അവന്റെ അവബോധങ്ങളില്‍ ഈ ആര്‍ജിതഗുണങ്ങള്‍ സ്ഥായിയായ രേഖാചിത്രങ്ങള്‍ കോറിയിടുന്നുണ്ട്. അതുകൊണ്ടാണ് ഹരികുമാര്‍ പ്രവാസി മലയാളിയെ മ്യൂട്ടന്റ്‌ മലയാളി എന്ന് വിശേഷിപ്പിക്കുന്നത്. മാതൃമണ്ണില്‍ പുഷ്ടിച്ചവന് ഈ പരിണാമം അന്യമാണ്. അതുകൊണ്ട് തന്നെ മ്യൂട്ടന്റ്‌ സാഹിത്യം മാതൃസാഹിത്യത്തില്‍ നിന്നുമുള്ള വേറിട്ടനടത്തം കൂടിയാണ്. അത് മലയാള സാഹിത്യത്തിന് അനുഭവങ്ങളുടെ ദൂരക്കോട്ടകളും വര്‍ണങ്ങളുടെ മഴവില്‍ച്ചന്തവും നല്‍കുന്ന ഒരു ഈടുവെപ്പാണ്. മാതൃസാഹിത്യത്തിന് അപരിചിതമായ ഒരു ബാഹ്യലോകത്തെ തുറന്നിടുകയാണ് പ്രവാസി സൃഷ്ടികള്‍. ഹരികുമാറിന്റെ കവിതകള്‍ ഈ ഈടുവേപ്പിന് സപീപകാലത്തെ ഏറ്റവും നല്ല ദൃഷ്ടാന്തങ്ങളായി ഉയര്‍ന്നുനില്‍ക്കുന്നു. നീണ്ടകാലത്തെ ബോംബെ നഗരത്തിലെ പ്രവാസവും അമേരിക്കന്‍ ജീവിതവും ഹരികുമാറില്‍ മ്യൂട്ടേഷനുള്ള ബാഹ്യപ്രേരകങ്ങളായി വര്‍ത്തിച്ച ഘടകങ്ങളാണ്. അതുകൊണ്ടുതന്നെ അനുഭവങ്ങളുടേയും നേര്‍ക്കാഴ്ച്ചകളുടേയും ഒരു വലിയ ലോകം തന്നെ ഹരികുമാറിന് സര്‍ഗസൃഷ്ടിക്കായുള്ള അസംസ്കൃതങ്ങളായുണ്ട്. ഈ അനുഭവങ്ങളുടെ തിണ്ണബലമുള്ളമുള്ളതുകൊണ്ടാണ് ഹരികുമാറിന്റെ എഴുത്തുകള്‍ കേട്ടെഴുത്തുകളാവാതെ തികച്ചും ജൈവമായ തൊട്ടെഴുത്തുകളാവുന്നത്. തന്റെ കവിതക്ക് കൂറ് ഗ്രാമത്തോടാണ് എന്നും പരിഷ്‌കൃതിയില്‍ നിന്നുള്ള അകലമാണ് കവിതയിലേക്കുള്ള അടുപ്പം എന്നും ഹരികുമാര്‍ ആമുഖത്തില്‍ അടയാളപ്പെടുത്തുന്നുണ്ട്. ഹരികുമാറിന്റെ കവിതകളിലൂടെയുള്ള സഞ്ചാരം നമുക്ക് മുന്നില്‍ നിര്‍ത്തുന്നത് പരിഷ്‌കൃതിയുടെ പടയോട്ടത്തില്‍ സാംസ്‌കാരികമായ കയ്യിരിപ്പുകള്‍ ഞെരിഞ്ഞമരുന്നതില്‍ അസ്വസ്ഥമാവുന്ന കവിമനസ്സിനെയാണ്. പക്ഷെ അതിവൈകാരിതയുടെ നഷ്ടവിലാപങ്ങളായോ നെഞ്ചത്തടികളായോ അല്ലെങ്കില്‍ അടക്കിയ നെടുവീര്‍പ്പുകളായോ ഒന്നുമല്ല ഹരികുമാര്‍ കവിതകള്‍ ഈ ആകുലതകളെ വരച്ചിടുന്നത്. മറിച്ച്, ചിതറിയ കാഴ്ച്ചപ്പൊട്ടുകള്‍ അതേപടി നിരത്തിവെച്ച് ഒരു ചെറുചിരിയോടെ അകലെമാറി കാഴ്ചകളിലെ കറുത്തഹാസ്യത്തിലേക്ക് ചൂണ്ടുവിരലെറിയുകയാണ് ഹരികുമാറിലെ കവി. കവിതയുടെ ക്രാഫ്റ്റിലെ ഈ വ്യത്യസ്തതയാണ് ഹരികുമാര്‍ കവിതകളെ വേറിട്ടതാക്കുന്നത്. ഷിക്കാഗോയിലും ജാതി വളര്‍ത്തുന്ന പ്രവാസിയും, കാലിഫോര്‍ണിയയിലും കൈയ്യകലം പാലിക്കാന്‍ ജാഗ്രതപ്പെടുന്ന ബാങ്കര്‍ പൂജാരിയും ഒക്കെ അത്തരം ദൂരക്കാഴ്ചകളുടെ വിരുദ്ധോക്തികളായി വന്ന് വായനയുടെ ചുണ്ടറ്റത്ത് ചിരിയോ എന്ന് തീര്‍ച്ചപറയാനാവാത്ത അനക്കമുണ്ടാക്കുന്നു.

ജീവസന്ധാരണത്തിനായി സ്വയം പറിച്ചുനട്ട കവിയുടെ സ്വന്തം സത്വത്തിനപരിചിതമായ പുതിയ ചുറ്റിനെ നിര്‍ദ്ധാരണം ചെയ്യാനുള്ള ശ്രമങ്ങളാണ് ഹരികുമാറിന്റെ സാഹിത്യത്തിനാധാരമായി പ്രവര്‍ത്തിക്കുന്നത്. ഇത് ഒരു കാലഘട്ടത്തിലെ പ്രവാസി സാഹിത്യത്തിന്റെ മുഖമുദ്രയാണ്. ഹരികുമാറിന്റെ കവിതകള്‍ തൊട്ടുപിന്നില്‍ മറഞ്ഞ കാലഘട്ടത്തിന്റെ അനുഭവസാക്ഷ്യങ്ങളാണ്. ട്രങ്ക്‌പെട്ടിയിലും പിന്നെ പിന്നെ സ്യൂട്ട്‌കേസിനടിയിലും സൂക്ഷിച്ച അലക്കിമടക്കിയ മുണ്ട് ആ കാലഘട്ടത്തിന്റെ പ്രവാസി മനസ്സാണ്. അരക്ഷിതത്വമില്ലാതെ, രണ്ടാം പൗരനെന്ന പതുങ്ങലില്ലാതെ, എത്തിപ്പെട്ട ഇടങ്ങളില്‍ തന്റെ സ്വത്വം സ്വതന്ത്രമായി പ്രഖ്യാപിക്കലാണ് പ്രവാസിമലയാളിക്ക് മുണ്ടുടുത്തുള്ള പൊതുവഴിയിലെ നടക്കല്‍. കുടഞ്ഞിടാന്‍ മനസ്സ് വിസമ്മതിക്കുന്ന സാംസ്‌കാരികാസ്തിത്വമാണ് അവന് മടക്കിവെച്ചിരിക്കുന്ന മുണ്ട്. പോയിടത്ത് അത് നിവര്‍ത്തി ഉടുക്കാന്‍ പരിമിതികള്‍ ഉണ്ട്. ആ പരിമിതികളോട് സന്ധി ചെയ്തും പൊരുത്തപ്പെട്ടും സ്വയം പതുങ്ങിയതിന്റെ മുറിവടയാളമാണ് പെട്ടിയുടെ മൂലയില്‍ ചുരുണ്ടിരിക്കുന്ന മുണ്ട്. ആണ്ടൊരിക്കല്‍ ഓണത്തിനോ വിഷുവിനോ പെരുന്നാളിനോ ഒക്കെയുള്ള സ്വന്തം കൂട്ടത്തിലുള്ളവരുടെ കൂടിച്ചേരലിലേ മുണ്ട് വെളിച്ചം കാണാറുള്ളൂ. ഇത് ഒരു കാലഘട്ടത്തിന്റെ പ്രവാസിയവസ്ഥ. ഹരികുമാര്‍ കവിതകള്‍ അടയാളപ്പെടുത്തുന്നത് പതുങ്ങിയതിന്റെ, ചുരുങ്ങിയതിന്റെ, അടങ്ങിയതിന്റെ ചുരുക്കെഴുത്തുകളാണ്. ‘പ്രവാസിയുടെ മുണ്ടില്‍’ മുണ്ട് പല രൂപത്തിലും ഭാവത്തിലും നടപ്പിലും എടുപ്പിലും പ്രത്യക്ഷമായി ആ കാലഘട്ടത്തിലെ പ്രവാസിഅനുഭവത്തിന്റെ ബഹു ‘മാന’ങ്ങളേയും ഓരങ്ങളേയും മിഴിവോടെ വരച്ചിടുന്നു. ജഗന്നാഥന്‍ മുണ്ടായും, അമ്മയുടെ മുണ്ടായും, പിഞ്ഞിയ മുണ്ടായും, കോടി മുണ്ടായും വന്ന് അത് അകമേ പുതയുന്നു. മലയാള പ്രവാസത്തിന്റെ ഒരു കാലഘട്ടം മുണ്ടിലെ മടക്കുകളിലും ചുളിവുകളിലും കരകളിലുമൊക്കെ കാഴ്ചകളുടെ ഘോഷയാത്രകളായി അരങ്ങ് തീര്‍ക്കുന്നു.

എന്നാല്‍ കാലമാറ്റം പ്രവാസസാഹിത്യത്തോടുള്ള പരമ്പരാഗത സമീപനങ്ങളില്‍ പലതിനെയും അസാധുവാക്കിയിരിക്കുന്നുവോ എന്ന ചോദ്യം ഇത്തരുണത്തില്‍ വിചാരത്തിന് വിധേയമാക്കാവുന്നതാണ്. ഇന്ന് പ്രവാസിക്ക് ട്രങ്ക് പെട്ടിയില്ല. അതിനടിയില്‍ കരുതലോടെ സൂക്ഷിക്കുന്ന മുണ്ടുമില്ല. പുതിയ മലയാളിയുടെ എത്‌നിക് വസ്ത്രം തന്നെ മുണ്ടല്ല. സമകാലിക പ്രവാസിസാഹിത്യ പരിപ്രേക്ഷ്യമാകട്ടെ ഉപേക്ഷിച്ചുപോയതിനോടുള്ള വിങ്ങലല്ല, മറിച്ച് പുതിയ അവസരങ്ങളുടെ കണ്ടെടുക്കലാണ്. മാറിയ ജീവിത പരിസരങ്ങളിലേക്കുള്ള സൂക്ഷ്മനോട്ടങ്ങളാണ് ഇന്നിന്റെ പ്രവാസിരചന. കണ്ടെടുത്ത പുത്തന്‍ ജീവിതങ്ങളെ അടയാളപ്പെടുത്തുകയാണ് പ്രവാസ കൃതികള്‍. ഹരികുമാറിന്റെ കവിതകളില്‍ ഈ മാറുന്ന കാലത്തിന്റെ സ്പന്ദനങ്ങളും, ശീലുകളുമുണ്ട്. പ്രവാസി ജീവിതത്തിന്റെ തലമുറമാറ്റത്തെ ഹരികുമാര്‍ കവിതകള്‍ സ്വാംശീകരിക്കുന്നുണ്ട്, സംവേദിക്കുന്നുമുണ്ട്.
അതിരുകള്‍ അപ്രസക്തമാവുന്നൊരു ലോകത്ത് ആരാണ് പ്രവാസി എന്ന ചോദ്യം ഇന്നിന്റെതാണ്. ദൂരങ്ങള്‍ കീഴടങ്ങിയ കാലത്ത് അകലങ്ങളല്ല ഇന്ന് പ്രവാസിയെ അടയാളപ്പെടുത്തുന്നത്.

”ഈ വിസ കീറിക്കളഞ്ഞ്
ആയപ്പാച്ചില്‍ വെടിഞ്ഞ
ഞാനിതാ തിരിച്ചു വരുന്നു”

എന്ന് ആവേശപ്പെടാന്‍ മാത്രം തിരിച്ചുപോക്കിനുള്ള മണ്ണ് എവിടെയാണ് അവശേഷിക്കുന്നത് എന്നതാണ് ഇന്നിന്റെ വെല്ലുവിളി. അങ്ങനെ അകത്തെ ആഴങ്ങളില്‍ കൊളുത്തിവലിക്കാന്‍ തക്ക ബലമുള്ള വേരുകള്‍ താന്‍ വിട്ടുപോയ മണ്ണില്‍ തന്റെതായി പടര്‍ന്നിറങ്ങിയിട്ടില്ല എന്നതാണ് പുതിയ കാലത്തെ പ്രവാസിയുടെ നീക്കിയിരിപ്പ്. പ്രത്യേകമായി ഇടവും ഭാഷയും വിലാസവും സ്വന്തവും സ്വത്വവും ഇല്ലാത്തവര്‍ക്ക് അന്യമാവലുകളില്ല. അഥവാ ഏതു ഭാഷയും ഏതിടങ്ങളും അവന് സ്വന്തം തന്നെ. അവന്റെ അന്യതാത്വം അകലങ്ങള്‍ സമ്മാനിക്കുന്നതല്ല, അത് അടുപ്പത്തിലെ അകല്‍ച്ചകളില്‍ നിന്നുയിര്‍കൊള്ളുന്നതാണ്. പുതിയ മലയാളി, ഭാഷയേയോ മണ്ണിനേയോ നെഞ്ചേറ്റുന്നവനല്ല. താഴേക്കിറങ്ങുന്ന വേരുകളല്ല പ്രതലത്തിലൊഴുകുന്ന പ്രതിഭാസമാണ് ഇന്നത്തെ മലയാളി. സംസ്‌കാരമെന്നത് കൂടുതല്‍ ‘ഏക’മാകുന്നൊരു കാലത്ത് ഏതിടങ്ങളും സ്വന്തം ഇടങ്ങളാക്കാന്‍ വഴക്കമുള്ളൊരു തലമുറക്ക് പ്രവാസമെന്നത് അപരിചിതത്വത്തിന്റെതല്ലതന്നെ. പുതുതലമുറ മലയാളിക്ക് ഏറ്റവും ‘ബുദ്ധിമുട്ടുള്ള’ ഭാഷ മലയാളമായിരിക്കുന്നു. ഭാഷയിലെ വാക്കുകള്‍ അവര്‍ക്ക് അസാധുവായിരിക്കുന്നു. കാരണം വാക്ക് നിലനിന്ന കാലം പിന്നിലായിരിക്കുന്നു, വാക്കിനെ പ്രസക്തമാക്കിയ സാമൂഹ്യാവസ്ഥ അപ്രത്യക്ഷവും അപരിചിതവുമായിരിക്കുന്നു. അന്യമാവുന്ന ഭാഷ മണ്ണിലുള്ള വേരോട്ടമറുക്കുന്നു. അങ്ങനെ പ്രവാസം അവരെ സംബന്ധിച്ച് ഒന്നിനോടുമുള്ള വിടപറയാലാവാതെ വരുന്നു. ഇനിവരും കാലം പ്രവാസമെന്ന വാക്കും നോവും അപരിചിതമാവും, അപ്രസക്തമാവും.

”മൊട്ടില്‍നിന്ന് പൂവിലേക്ക് പണ്ടൊക്കെ
പത്തിരുപത് വര്‍ഷമായിരുന്നു
ഇപ്പോള്‍ പുതു രശ്മികളില്‍ നീന്തിക്കുളിച്ച്
ഉടനടി വിരിഞ്ഞു തീരുന്നു”

എന്ന് പുത്തന്‍ ജീവിതത്തിന്റെ വേഗതയെ അടയാളപ്പെടുത്തുന്ന കവി ഈ മാറ്റത്തെ അറിയുന്നു. ആദ്യത്തേതിന് പരിമളവും പിന്നത്തേതിന് നാറ്റവുമെന്നതാണ് അനുഭവമെന്ന് കവി സാക്ഷ്യം പറയുകയും ചെയ്യുന്നു. തിരിച്ചുവരവിന്റെ രണ്ടാംപിറവിയില്‍ ആവോളം പരിമളമറിയുന്ന ഹരികുമാറിലെ കവിക്ക് നീണ്ട പ്രവാസജീവിതയാത്രയുടെ നേരനുഭവങ്ങള്‍ വരുംകാല ചരിത്രത്താളുകളിലേക്കായി കോറിയിട്ടുവെന്നതില്‍ തീര്‍ച്ചയായും അഭിമാനിക്കാം. ‘പ്രവാസിയുടെ മുണ്ട്’ മലയാളപ്രവാസത്തിലെ ഒരു വ്യാഴവട്ടത്തിന്റെ വാങ്ങ്മയ ചിത്രമായി വേറിട്ട് നില്‍ക്കുമെന്നും ഉറപ്പിക്കാം.

🔴


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.