Follow the News Bengaluru channel on WhatsApp

സമരവും സുരതവും

ലേഖനം ◼️ സുരേഷ് കോടൂര്‍

ഈ സാഹിത്യവിചാരത്തിന്‍റെ തലവാചകം ‘സമരവും സുരതവും’ എന്നാണ്. പ്രത്യക്ഷത്തിൽ സമരവും സുരതവും തമ്മിൽ ബന്ധമൊന്നുമില്ല എന്ന് മാത്രമല്ല ഒരര്‍ത്ഥത്തിൽ അവ തികച്ചും വിപരീതങ്ങളാണ് എന്നും പറയാം. ഒന്ന് പൊതു ഇടത്തിലുള്ള കൂട്ടായ്മയുടെ ഏറ്റവും ആവേശകരമായ പ്രകാശനമാണെങ്കിൽ, രണ്ടാമത്തേത് തികച്ചും സ്വകാര്യതയിൽ സാക്ഷാത്ക്കരിക്കപ്പെടുന്ന ആത്മനിഷ്ഠതയുടെ ഏറ്റവും സാന്ദ്രമായ അനുഭവസന്ദര്‍ഭമാണ്. ഒന്ന് സമൂഹ്യപരതയുടെ സമ്പൂര്‍ണതയാണെങ്കിൽ രണ്ടാമത്തേത് വൈയ്യക്തികതയുടെ സാകല്യമാണ്. പരസ്പരം വിപരീത ധ്രുവങ്ങളിലുള്ള ഈ ദ്വന്ദങ്ങളുടെ ആഴത്തിലുള്ള സംവേദന സാധ്യതയെ മുന്‍നിര്‍ത്തി വ്യക്തിയും സമൂഹവും തമ്മിലുള്ള ബന്ധത്തിലെ സങ്കീര്‍ണമായ വൈരുദ്ധ്യാത്മകതയെ ഇഴപിരിച്ച് അനാവരണം ചെയ്യുകയാണ് മുണ്ടൂർ കൃഷ്ണന്‍കുട്ടി തന്‍റെ ‘ഞാന്‍, നമ്മള്‍’ എന്ന കഥയിൽ. തികഞ്ഞ സുരക്ഷിതത്വത്തിന്റെ പട്ടുപുതപ്പിനുള്ളിൽ അതിരുകളില്ലാതെ രതിയുടെ ആത്മനിര്‍വൃതിയിൽ അലിയാനുള്ള വ്യക്തിയുടെ അവകാശത്തിനായിപോലും സമരം ചെയ്യേണ്ടി വന്നേക്കുമെന്ന് ആശങ്ക കത്തിനില്‍ക്കുന്ന ഈ നാളുകളിൽ, ‘ഞാന്‍, നമ്മള്‍’ എന്ന കഥ തീഷ്ണമായി സംവദിക്കുന്നത് ഈ കാലത്തോട് കൂടിയാണ്. ഒരു പക്ഷെ വ്യക്തിയും സമൂഹവും നിലനില്‍ക്കുന്ന കാലത്തോളം ഇവ തമ്മിലുള്ള പാരസ്പര്യത്തിലെ സങ്കീര്‍ണതകൾ സാമൂഹ്യശാസ്ത്ര അന്വേഷണങ്ങളിലെ ഒരു പ്രധാന പരിഗണനാ വിഷയമായി നിലകൊള്ളുക തന്നെ ചെയ്യും. ‘ഞാന്‍ നമ്മൾ’ എന്ന മുണ്ടൂർ കഥയെ വര്‍ത്തമാനത്തിലും പ്രസക്തമാക്കുന്നതും പ്രമേയത്തിലെ ഈ കാലാതിവർത്തിത്തം തന്നെ.
ഐതിഹാസികമായ ഒരു പണിമുടക്ക് സമരം നടക്കുന്ന പശ്ചാത്തലത്തിലാണ് ഇവിടെ പഠന വിധേയമാവുന്ന കഥ ഉണ്ടാവുന്നത്. സമരത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള വിഭാഗത്തിൽ ഉള്‍പ്പെട്ട വ്യക്തി എന്ന നിലയിലും, നേതൃപരമായ പങ്കു വഹിക്കാന്‍ ബാധ്യതപ്പെട്ട സംഘടനാ ചുമതലയുള്ള ആൾ എന്ന നിലയിലും, ഇടതുപക്ഷ സഹചാരിയായ എഴുത്തുകാര൯ എന്ന നിലയിലും ഒക്കെ മുണ്ടൂര്‍മാഷിന്‍റെ വിചാരങ്ങളിൽ ഒരു വിധേനയും മുളപൊട്ടാ൯ പാടില്ലാത്തതായിരുന്ന ഒരു സാഹിത്യസൃഷ്ടി എന്ന നിലയില്‍ത്തന്നെ ഈ കഥ ഏറെ ചര്‍ച്ചകള്‍ക്കും, വിവാദങ്ങൾക്കും അക്കാലത്ത് വഴിതുറക്കുകയുമുണ്ടായി. എന്നാൽ കേവലം പണിമുടക്കിന്റെ ന്യായാന്യായങ്ങൾക്കുപരിയായി വ്യക്തിയും സമൂഹവും തമ്മിലുള്ള ഒരേ സമയം ഐക്യത്തിന്റെയും വിപരീതത്തിന്റെതുമായ വൈരുദ്ധ്യാത്മകമായ പാരസ്പര്യത്തിന്റെ ഒരു വിമര്‍ശനാത്മക പരിപ്രേക്ഷ്യം വായനക്കായി തുറന്നിടുന്നു എന്നത് ഈ കഥയെ സംവേദനത്തിന്‍റെ കൂടുതൽ ഉയര്‍ന്ന തലങ്ങളിൽ പ്രതിഷ്ഠിക്കുന്നുണ്ട്. പ്രത്യേകിച്ചും കാലങ്ങളേറെ കടന്നുപോയതിനു ശേഷമുള്ള ഇന്നിന്റെ വായനയിൽ. കഥ പ്രകാശം കണ്ട കാലത്ത് രാഷ്ട്രീയ വിവാദങ്ങള്‍ക്കിടയിൽ അത്തരത്തിലൊരു ആഴമേറിയ വായന ഈ കഥയ്ക്ക് ലഭ്യമാവാതെ പോയിട്ടുണ്ട് എന്നതുകൊണ്ട്‌ തന്നെ ‘ഞാന്‍, നമ്മള്‍’ കൂടുതൽ പക്വവും വിശാലവുമായ ഒരു പുനര്‍വായന അര്‍ഹിക്കുന്നുണ്ട്.

സമരത്തിന്‍റെ രസതന്ത്രമല്ല കഥയിലെ കേന്ദ്രപ്രമേയം. സമരത്തോടുള്ള ചെടിപ്പോ വിമര്‍ശനമോ അധികാരഘടനയിലെ അസന്തുലനങ്ങളോ അവയുടെ വിമര്‍ശനാത്മക വിലയിരുത്തലോ അല്ല ഇവിടെ കഥാകാര൯ ഏറ്റെടുത്തിരിക്കുന്ന ദൌത്യം. ഒറ്റയും കൂട്ടവും തമ്മിലുള്ള, വ്യക്തിയും സമൂഹവും തമ്മിലുള്ള, ബന്ധത്തിന്റെ സങ്കീര്‍ണ സ്വഭാവത്തെക്കുറിച്ചാണ് ഈ കഥ അന്വേഷിക്കുന്നത്. സമരം എന്നത് ‘നമ്മള്‍’ അഥവാ ‘കൂട്ടം’ അല്ലെങ്കില്‍ ‘സമൂഹം’ എന്ന അമൂര്‍ത്ത സ്വത്വത്തെയും, സുരതം, പ്രത്യേകിച്ചും അതേ സമൂഹത്തിൽ സ്വീകാര്യമായ നിയമങ്ങളുടെ പരിധിക്ക് പുറത്ത് പ്രതിഷ്ഠിക്കപ്പെടുന്ന ‘അവിഹിതരതി’, എന്നത് ‘ഞാ൯’ അഥവാ ‘വ്യക്തി’ എന്ന മൂര്‍ത്തമായ സൂക്ഷ്മത്തേയും പ്രതിനിധാനം ചെയ്യാ൯ പര്യാപ്തമായ ഏറ്റവും ശക്തമായ രൂപകങ്ങൾ എന്ന നിലയിലാണ് കഥയിൽ അവതരിപ്പിക്കപ്പെടുന്നത്. സമരമെന്ന തീച്ചൂളയുടെ നടുവിൽ സാക്ഷാത്കരിക്കുന്ന അവിഹിതരതിയുടെ സ്വകാര്യ ശീതളിമ യഥാര്‍ത്ഥത്തിൽ വ്യക്തി-സമൂഹ ബന്ധത്തിലെ വൈരുധ്യാത്മകതയെ അതിന്റെ എല്ലാ സങ്കീര്‍ണതകളോടെയും അനുവാചകനിലേക്ക് ആവാഹിക്കുന്ന ഏറ്റവും ശക്തമായ കഥാ സന്ദര്‍ഭമാണ്. കഥയിലെ ഈ ദ്വന്ദ രൂപകങ്ങളുടെ തിരഞ്ഞെടുപ്പ് അത്ഭുതകരമാണ്. സമരത്തില്‍ നിന്ന് രതിയിലേക്കുള്ള രക്ഷപ്പെടലും, രതിക്ക് ശേഷമുള്ള സമരമുഖത്തേക്കുള്ള തിരിച്ചുവരവും, രാത്രിയുടെ ഒറ്റയിൽ അവനവനെ വീണ്ടെടുക്കലും ഒക്കെ വ്യക്തി-സമൂഹ ബന്ധമെന്ന പ്രഹേളികയുടെ ബഹുമുഖമായ സങ്കീര്‍ണ സമസ്യകളെ ശക്തമായി പ്രക്ഷേപിക്കാ൯ കഥയെ ഏറെ കഴിവുറ്റതാക്കുന്നു. ‘ഞാന്‍, നമ്മള്‍’ എന്ന തലവാചകം മുതൽ കഥയുടെ അന്വേഷണം ഞാ൯ എന്ന വ്യക്തി എങ്ങിനെയാണ് കൂട്ടായ്മയിലും വ്യതിരിക്തനാവാ൯ ശ്രമിക്കുന്നതെന്നും, അതേസമയം നമ്മളെന്ന കൂട്ടായ്മയുടെ അഭാവത്തിൽ ഞാന്‍ എന്ന ഒറ്റ എങ്ങിനെയാണ് നിരര്‍ത്ഥകമാവുന്നതെന്നുമാണ്. സാമൂഹ്യ ശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം എന്നും പ്രഹേളികയായിരുന്നിട്ടുള്ള വിഷയവുമാണ്‌ ഈ ബന്ധത്തിന്റെ സ്വഭാവ നിര്‍ണയം.

ഫെഡറിക്ക് നീഷെ

 

‘ദൈവം മരിച്ചുപോയെന്ന’ ജര്‍മ൯ തത്വചിന്തക൯ നീഷേയുടെ തിരിച്ചറിവിനെ നെഞ്ചിലേറ്റുന്നവനാണ് കഥയിലെ നായക൯. അതേ ദൈവത്തിനായി ഈറനുടുത്ത് നാലമ്പലത്തിനുള്ളില്‍ ദിവസവും മാല കെട്ടുന്നവനുമാണ് അയാള്‍. അത് കഴകത്തിൽ കിട്ടുന്ന നെല്ലിനു വേണ്ടി മാത്രം ചെയ്യുന്നതുമല്ല. ദൈവം ശരിക്കും മരിച്ചോ എന്ന് അയാള്‍ക്ക്‌ അത്ര ഉറപ്പു പോര എന്നതും അയാളെ അലട്ടുന്നു. അതോടൊപ്പം തന്നെ അയല്‍പക്കത്തെ ഓലക്കുടിലിൽ നിന്നുയരുന്ന ശകാരവാക്കുകളിലെ കുഞ്ഞുവയറുകളുടെ പട്ടിണിയുടെ ഗദ്ഗദങ്ങളും അയാളെ ഒരുപോലെ അസ്വസ്ഥമാക്കുന്നുണ്ട്. അവന്‍ എന്ന ഏകവചനം അവർ എന്ന കൂട്ടായ്മയായി, അവന്റെ സ്വകാര്യദുഃഖം അവരുടെ മുഴുവ൯ പ്രതിഷേധശബ്ദമായി, പത്തായങ്ങളും പട്ടണത്തിലെ ഖജാനകളും കുത്തിത്തുറന്ന് ആ ദാരിദ്രത്തിൽനിന്നവ൯ മോചനവഴി തേടണ൦ എന്നും അയാള്‍ക്ക്‌ ബോധ്യമുണ്ട്. ഈ രണ്ടു വിപരീതങ്ങള്‍ക്കിടയിൽ താനെന്ന വ്യക്തി എവിടെയാണ് എന്ന് തിരയുകയാണ് വീട്ടിനുള്ളിലെ ആവണപ്പലകയിൽ പലഹാരപ്പാത്രത്തിന് മുന്നിലിരുന്ന് കഥാകാര൯.
സ്വന്തം ഗ്രാമത്തിന്റെ നടവഴികളില്‍നിന്നും പട്ടണത്തിലേക്കുള്ള റോഡിലേക്ക് കയറുന്നത് പക്ഷെ ഒരു പുതിയ അയാളാണ്. അവിടെ അയാള്‍ പുത്ത൯ വേഷവും ഭാഷയും ഭാവഹാദികളും എടുത്തണിയുന്നു. ഇനി അയാൾ സമൂഹം തനിക്കായി നിര്‍വചിച്ചു നല്‍കിയിട്ടുള്ള റോളിലേക്ക് വേഷപ്പകര്‍ച്ച നടത്തുകയാണ്. പണിമുടക്ക്‌ സമരത്തിന്റെ മുന്നണി നേതാവായാണ് അയാളുടെ ഈ വേഷമാറ്റം. ഈ ഭാവമാറ്റത്തില്‍ തനിക്ക് തന്നെ നഷ്ടപ്പെടുന്നുവല്ലോ എന്ന ആത്മസംഘര്‍ഷമാണ് അയാളിൽ നിറയുന്നത്. ഈ സംഘര്‍ഷത്തിന്റെ കഥയാണ്‌ ‘ഞാന്‍, നമ്മള്‍’. താനെന്ന വ്യക്തിയുടെ അകമേയുള്ള ‘അഹ’വും, താ൯ കൂടി ഭാഗമായുള്ള കൂട്ടത്തിന്റെ ‘പുറം’ നിര്‍ണയിക്കുന്ന ‘സമൂഹ’വും പരസ്പരം സമരസപ്പെടുത്തുന്നതെങ്ങനെ എന്നതാണ് ഇവിടെ കഥാകാരന്റെ വ്യഥ.
പട്ടണത്തിലേക്കുള്ള ബസ്സിൽ അടുത്തിരിക്കുന്ന കറുത്തവന്റെ വിയര്‍പ്പും ചളിയും തന്റെ അലക്കിത്തേച്ച ഉടുപ്പിലേക്ക് ആവാഹിക്കാ൯ മനപ്പൂര്‍വം മുഖത്ത് പുഞ്ചിരി വരുത്തി ഇരുന്നു കൊടുത്തുകൊണ്ടാണ് അയാൾ ആദ്ധ്യാപക സമരത്തിന്റെ പട്ടണത്തിലുള്ള സത്യാഗ്രഹ പന്തലിലേക്ക് യാത്ര തുടങ്ങുന്നത്. തെരുവിലയാൾ വിളിച്ചുകൊടുക്കുന്ന മുദ്രാവാക്യങ്ങൾ ഏറ്റുവിളിച്ചു നടക്കുന്ന കറുത്തവനാണവ൯. അവന്‍റെ സഹജനെന്ന ഭാവമാണ് അപ്പോള്‍ അയാൾ അണിയുന്നത്. പട്ടണത്തിലെ സമരപ്പന്തലിനു മുന്നിൽ ബസ്സിറങ്ങുന്ന നിമിഷം പിന്നെ അയാൾ അവിടെക്കൂടിയിട്ടുള്ള സമരസഖാക്കളായ സഹപ്രവര്‍ത്തകരുടെ മദ്ധ്യത്തിൽ ആവേശമായി പകര്‍ന്നാടുകയായി. സമരത്തില്‍ നിന്നും അകന്ന്‍ ഒഴിഞ്ഞു൦ ഒളിഞ്ഞും നില്‍ക്കുന്ന സഹപ്രവര്‍ത്തകരെ വിദ്ധ്യാലയത്തിലേക്ക് പ്രവേശിക്കാ൯ അനുവദിക്കാതെ പിക്കറ്റ് ചെയ്യുന്ന, തീപ്പൊരി തുപ്പുന്ന സമരനേതാവായി അയാൾ മുഴുവനായും രൂപാന്തരപ്പെടുന്നു. ഈ ആവേശത്തള്ളിച്ചക്കിടയിലും പക്ഷെ “നിങ്ങൾക്ക് പണിമുടക്കാനുള്ള അവകാശം പോലെ എനിക്ക് പണിയെടുക്കാനുള്ള അവകാശവുമില്ലേ’ എന്ന് സമരത്തിന്‍റെ കുതിപ്പിൽ നിലതെറ്റി നിലത്തുവീണ ആരോ എറിഞ്ഞ പ്രതിപക്ഷ ചോദ്യത്തിനുമുന്നിൽ അയാൾ ഒന്ന് ഒരു നിമിഷം പതറിപ്പോയി. ചോദ്യമെറിഞ്ഞ സഹപ്രവര്‍ത്തകനെ തെറി പറഞ്ഞ് സ്കൂളിൽ കയറ്റാതെ തിരിച്ച് പറഞ്ഞയക്കുന്നതിൽ വിജയിച്ചുവെങ്കിലും ആ ചോദ്യത്തിൽ ഒരു ശരിയുണ്ടോ എന്ന സന്ദേഹമാണ് അയാളെ പിന്നെ അസ്വസ്ഥനാക്കിത്തുടങ്ങുന്നത്. ഒരു വേള ആ നടന്നകന്നുപോയ സഹപ്രവര്‍ത്തകന്റെ കൂടെ തന്‍റെ മനസ്സും പതുക്കെ പതുങ്ങി നടന്നു പോവുകയാണോ എന്നുപോലും അയാളിൽ ഭയം നിറയുന്നു. “ഈ പാത അവസാനത്തെ പാതയില്‍ ചെന്ന് ചെരുമെങ്കിൽ എങ്ങനെയെങ്കിലും ന്യായം കണ്ടെത്താമായിരുന്നു” എന്ന് ഇപ്പോൾ വരുമെന്ന് തോന്നിച്ച വലിയ വിപ്ലവ൦ വഴിമാറിപ്പോയതിന്റെ നിരാശ അയാളിൽ ആത്മഗതം ചെയ്യുന്നു. അങ്ങനെ ഒരു അവസാനപാത ഉണ്ടാവുമോ എന്നുപോലും അയാള്‍ക്ക്‌ സംശയമുണ്ടിപ്പോൾ. “അവസാനത്തെ ആഞ്ഞടിക്ക് ഇവരെല്ലാം ഇനിയും എത്ര നടക്കണം എന്ന മോഹഭംഗം കീഴ്പ്പെടുത്തുന്നു” എന്നയാള്‍ മനസ്സ് തുറക്കുന്നുണ്ട് കഥയില്‍ മറ്റൊരിടത്ത്.

“നിങ്ങൾക്ക് പണിമുടക്കാനുള്ള അവകാശം പോലെ എനിക്ക് പണിയെടുക്കാനുള്ള അവകാശവുമില്ലേ” എന്ന ചോദ്യം നമുക്ക് അപരിചിതമല്ല. എല്ലാ സമരങ്ങളില്‍ നിന്നു൦ മുഖംതിരിഞ്ഞ് നില്‍ക്കുന്ന ഒരു വിഭാഗം ഉയര്‍ത്തുന്ന പതിവ് ചോദ്യം തന്നെ അത്. വെളുത്തവരില്‍ നിന്നും സ്വാതന്ത്ര്യം ആവശ്യപ്പെടാനും അതിനായി സമരം ചെയ്യാനുമുള്ള നിങ്ങളുടെ സ്വാതന്ത്ര്യം പോലെത്തന്നെ വെളുപ്പിനടിയിൽ കാലത്തിനപ്പുറവും സായൂജ്യമടയണമെന്ന് ആഗ്രഹിക്കാനുള്ള അവകാശം ഞങ്ങള്‍ക്കുമില്ലേ എന്ന ചോദ്യ൦ ന്യായമാണെന്ന് കല്‍പ്പിച്ചെടുത്തിരുന്നവ൪ കെട്ടിയ ചങ്ങല ആഭരണമായി അഭിമാനപൂര്‍വം കൊണ്ടുനടന്നിരുന്നു എന്നോര്‍ക്കുക. അയിത്തം ആചരിക്കാനുള്ള സ്വാതന്ത്ര്യവും, അടിമയായിരിക്കാനുള്ള അവകാശവും ഒക്കെ അനീതിയോടേറ്റുമുട്ടിയ ചരിത്രത്തിലെ പല സമരസന്ദ൪ഭങ്ങളിലും ഇരകളുടെ തന്നെ ചോദ്യങ്ങളായി ഉയര്‍ന്നിട്ടുമുണ്ട്. സ്വതന്ത്രമായി തിരഞ്ഞെടുക്കാനുള്ള അവകാശം നിലനില്‍ക്കുമ്പോഴേ ഏത് തിരഞ്ഞെടുപ്പിനും സാംഗത്യമുള്ളൂ. ബന്ധിതനായിരിക്കുന്ന ഒരാൾ താ൯ ഓടുന്നില്ല എന്ന് സ്വയം നിശ്ചയിച്ചു എന്ന് പറയുന്നതിലെ അസാംഗത്യം പോലെ. യഥാ൪ത്ഥ സ്വാതന്ത്ര്യത്തിന്റെ പ്രയോഗം എന്നത് ലഭ്യമായ എല്ലാ വഴികളും തിരഞ്ഞെടുക്കാ൯ പൂര്‍ണ അവകാശമുള്ള അവസ്ഥയിൽ പൂര്‍ണ ബോധ്യത്തോടെ ഒരാൾ നടത്തുന്ന തിരഞ്ഞെടുപ്പാണ്. അവകാശ സമരത്തിൽ പങ്കാളി ആവണോ എന്ന തിരഞ്ഞെടുപ്പ്, ജീവിത സാഹചര്യങ്ങളുടെ കെട്ടുപാടുകളാൽ ബന്ധിക്കപ്പെടാത്ത പൂര്‍ണമായും സ്വതന്ത്രമായ ഒരവസ്ഥയിലേ വ്യക്തിക്ക് അവധാനതയോടെ നടത്താനാകൂ. പണിയെടുക്കാത്ത ദിവസത്തിന്റെ ശമ്പളം നഷ്ടപ്പെടുമെന്നോ, തൊഴില്‍ തന്നെ നഷ്ടപ്പെടുമെന്നോ ഒക്കെയുള്ള ഭയമാണ് തന്‍റെ ‘പണി എടുക്കാനുള്ള അവകാശത്തെക്കുറിച്ച്’ ഒരാളെക്കൊണ്ട് പറയിപ്പിക്കുന്നതെങ്കിൽ അത് സ്വതന്ത്രമായ, സ്വന്തം മനസ്സാക്ഷിയുടെ പൂര്‍ണ ബോധ്യത്തിന്റെ അടിസ്ഥാനത്തിലുള്ള, തീരുമാനമാവണമെന്നില്ലല്ലൊ. പണിയെടുക്കാനുള്ള അവകാശത്തെക്കുറിച്ചുള്ള സമരമുഖങ്ങളിലെ ‘സ്വാതന്ത്ര്യവാദം’ പലപ്പോഴും തന്‍റെ ജോലി മുതലാളിയുടെ ദയാവായ്പ്പാണെന്ന ഉള്‍ഭയമുയ൪ത്തുന്ന തിരിച്ചറിവിൽനിന്നും ഉയരുന്നതാണ്. അതുകൊണ്ട് അടിമത്തത്തിനെതിരെ പൊരുതുന്നവർ അടിമയായി ജീവിക്കാനുള്ള അടിമയുടെ ‘അവകാശത്തെ’ ധ്വംസിക്കേണ്ടി വരും. തനിക്ക് എപ്പോൾ വേണമെങ്കിലും ജോലിയില്‍നിന്ന് രാജി വെക്കാനുള്ള സ്വാതന്ത്ര്യമുണ്ടല്ലോ എന്ന് ഒരാൾ പറയുമ്പോഴും ആ സ്വാതന്ത്ര്യം യഥാ൪ത്ഥത്തിൽ പ്രയോഗത്തിലാക്കാനുള്ള സാഹചര്യ൦ അയാള്‍ക്കുണ്ടാവില്ല എന്നതായിരിക്കും സത്യം. വീട്ടില്‍ പുകയാതിരിക്കുന്ന അടുപ്പുകളെക്കുറിച്ചുള്ള ഭീതി ഈ ‘സാങ്കല്‍പ്പിക’ സ്വാതന്ത്ര്യത്തിന്‍റെ പ്രയോഗത്തിന് ഒരുവനെ അശക്തനാക്കുമ്പോൾ അയാള്‍ ഇല്ലാത്ത ഒരു സ്വാതന്ത്ര്യത്തിന്റെ പേരിലാണ് ഊറ്റം കൊള്ളുന്നത് എന്നതാണല്ലൊ പരമാര്‍ത്ഥം. കഥാകാര൯ പക്ഷെ ഈ ചോദ്യമെറിയുകയും അതിൽ പതിരിനിടയിലും ചില കതിരുകള്‍ കാണുന്നുണ്ടോ എന്ന് സന്ദേഹമുന്നയിക്കുകയും ചെയ്ത് നിര്‍ത്തുകയാണ്. ഉത്തരത്തിലെത്തേണ്ടത് ആഖ്യാതാവാണല്ലൊ.
സമരമുഖത്ത്‌ അയാൾ ആവേശമായി കത്തി നില്‍ക്കുന്നു. തെരുവ് യോഗങ്ങളിലും സ്കൂള്‍ മൈതാനത്തുമൊക്കെ വേദികളിൽനിന്നും വേദികളിലേക്ക് അയാളുടെ വാചാലതയും വികാരവും ഉച്ചഭാഷിണികളിൽ പടര്‍ന്നു കയറുന്നു. സമരകാരണങ്ങള്‍ അയാൾ ഒന്നൊന്നായി നിരത്തുമ്പോൾ കേട്ടവര്‍ക്ക് മുഴുവ൯ അത് ബോധ്യമാവുന്നു. പക്ഷെ ഒടുവില്‍ എല്ലാം പറഞ്ഞവസാനിപ്പിച്ച് തിരിച്ച് കസേരയിലിരിക്കുമ്പോഴും അയാള്‍ക്ക് മാത്രം ഒന്നും മനസ്സിലാവാതെ ഉള്ളിൽ ദഹനക്കേടായി കിടക്കുന്നു. കൂട്ടത്തിനിടയിലും അയാള്‍ ഒറ്റക്കാവുന്നു.

സമരത്തിനിടയിലെ തിരക്കിനിടയിൽ കിട്ടിയ അവൾ കൊടുത്തയച്ച കുറിപ്പ് അയാളില്‍ സിരകളിലേക്ക് ലഹരിയായി നീറിപ്പടര്‍ന്നു. വീണു കിട്ടിയ സന്ദര്‍ഭമൊരുക്കി അവൾ കാത്തിരിക്കുന്നുവത്രെ. ആ നിമിഷം സമരത്തിന്‍റെ ലഹരി ചോര്‍ന്ന് രതിയുടെ ചാരായ ലഹരി അയാളുടെ മനസ്സിൽ നുരഞ്ഞു. പിന്നെ സമരത്തിലെ സന്ദേഹത്തിൽ നിന്ന് അയാൾ ഊര്‍ന്നിറങ്ങി ഒളിച്ചു പോവുന്നത് അവിഹിതത്തിന്‍റെ സുഖത്തിലേക്കാണ്. ഭര്‍ത്താവ് യാത്ര പോയ ഒഴിവിൽ വേലക്കാരിക്ക്‌ അവധി കൊടുത്ത് കാത്തിരിക്കുന്ന അവളുടെ കൂട്ടിലേക്ക് അയാളെന്ന പക്ഷി പറന്നു ചെല്ലുകയാണ്. വാര്‍ന്നു പോയ സമരത്തിന്റെ ചൂടിനു പകരം മനസ്സിലിപ്പോൾ നിറയെ നീറിപ്പടരുന്ന രതിസുഖത്തിന്റെ ലഹരിയാണ് അയാള്‍ക്ക്‌. വല്ലപ്പോഴും വീണു കിട്ടുന്ന സന്ദര്‍ഭത്തിന്റെ ‘സുഖ൦’ തേടിയാണ് അയാളുടെ പലായനം. സമരത്തിന്റെ വിപരീത ദ്വന്ദമായി ഇവിടെ സുരതം പ്രത്യക്ഷമാവുന്നു. ആൾക്കൂട്ടത്തിൽ നിന്ന് അയാള്‍ എന്ന വ്യക്തിയിലേക്ക് കഥയുടെ ക്യാമാറക്കണ്ണ് ചലിക്കുന്നു. അയാളവിടെ അവളുടെ കൂട്ടില്‍ സര്‍പ്പം പോലെ, ആളുന്ന തീപോലെ, തന്നെ കാത്തിരിക്കുന്ന അവളിലേക്ക്‌ പടര്‍ന്നു കയറുകയാണ് പിന്നെ ഏറെ നേരം. സമരമെന്ന കൂട്ടായ്മയുടെ ഔന്നത്യത്തിൽ നിന്ന് ആത്മപരതയുടെ സാന്ദ്രതയിലേക്കു൦ തിരിച്ചും അനുവാചക മനസ്സ് പെ൯ഡുലമാകുന്നു. ഇവയുടെ പാരസ്പര്യം വായനക്കാരനിൽ പ്രഹേളികയായി പിടിതരാതെ അകന്നു നില്‍ക്കുന്നു. സുരതത്തിന്റെ സുഖം കഴിഞ്ഞ് വൈകുന്നേരത്തെ സമര വിശദീകരണ പൊതുയോഗത്തിലേക്കാണ് അയാളുടെ മടക്കം. പിന്നെ പ്രസംഗവേദിയിൽ അയാള്‍ വീണ്ടും സമരാവേശത്തിൽ കത്തിപ്പടരുകയായി. അണികളുടെ ആവേശമായി ആള്‍ക്കൂട്ടത്തിന്റെ ലഹരിയായി അയാള്‍ മണിക്കൂറിലധികം നേരം അവരായി മാറുകയാണ്.
സമരദിവസത്തെ തിരക്കൊഴിഞ്ഞ് പട്ടണത്തിൽ നിന്നും മടങ്ങി സ്വന്തം തട്ടകത്തില്‍ തണുത്ത ഇരുട്ടിന്റെ സുഖത്തിലേക്ക് ബസ്സിറങ്ങുമ്പോൾ അയാൾ വീണ്ടും തന്നിലേക്ക് ജനിക്കുന്നു. അവ൪ വീണ്ടും അയാളാകുന്നു. കൂട്ടത്തിന്‍റെ ചലനനിയമങ്ങളില്‍ നിന്ന് ഒറ്റയുടെ ആന്തരിക സംഘര്‍ഷത്തിലേക്കാണ് വീണ്ടും കഥ വഴിയിറങ്ങുന്നത്. ഈരചൂട്ടിന്‍റെ വെളിച്ചത്തിൽ പറങ്കിമാവി൯ കാട്ടിലെ ഒറ്റയടിപ്പാതയിലൂടെ ഇരുട്ടിനെ വകഞ്ഞു കുന്ന് കയറുമ്പോൾ അയാൾ വീണ്ടും ഭൂതത്തിലേക്കാണ് നടക്കുന്നത്. ‘ഞാന്‍ ഒറ്റക്ക്. ഇതുവരെ ഞാനുണ്ടായിരുന്നില്ല. ഇപ്പോഴാണ് എന്റെ ജനനം’ എന്നാണ് അയാൾ തന്നിലേക്കുള്ള തിരിച്ചുപോക്കിനെ വിശേഷിപ്പിക്കുന്നത്. പാനീസ് വിളക്ക് കത്തിച്ച് ഇരുട്ടിനെ അകറ്റി കാത്തിരിക്കുന്ന അമ്മയിലേക്കുതന്നെ അയാൾ ഒറ്റക്ക് മടങ്ങുകയാണ് കഥക്ക് തീര്‍പ്പാവുമ്പോൾ.

കൂട്ടത്തിനിടയിൽ തനിക്ക് തന്നെ നഷ്ടപ്പെടുന്നു എന്നതാണ് കഥാകാരന്റെ ആശങ്ക. കൂട്ടത്തില്‍ ഒറ്റയ്ക്കുള്ള സ്ഥാനമെന്ത് എന്ന പ്രശ്നത്തിനാണ് കഥാകാര൯ ഉത്തരം തേടുന്നത്. വ്യക്തി-സമൂഹം എന്നീ ദ്വന്തങ്ങളുടെ പാരസ്പര്യമെന്ത് എന്നതാണ് കഥയുടെ ആലോചനാവിഷയം. സമൂഹം മനുഷ്യ നി൪മിതിയാണ്. മനുഷ്യനാകട്ടെ ഒരു സാമൂഹ്യ ഉൽപ്പന്നവുമാണ്. വ്യക്തികൾ സമൂഹത്തെ നി൪മിക്കുന്നതിനൊപ്പം സമൂഹം വ്യക്തിയെ നിര്‍ണയിക്കുകയും ചെയ്യുന്നു. വ്യക്തിയുടെ പെരുമാറ്റം, സ്വഭാവം, പ്രതികരണം, സാമൂഹ്യബോധം ഒന്നും അയാൾ മാത്രം നിര്‍ണയിക്കുന്ന ഒന്നല്ല. നാമോരോരുത്തരും നമ്മുടെ ചുറ്റുപാടുകളുടെ സൃഷ്ടിയാണല്ലോ. മനുഷ്യന്റെ ഇന്നേവരെയുള്ള സഞ്ചിതസംസ്കാരത്തിന്റെ വ്യക്തിപരമായ പ്രകാശനമാണ് ഓരോ വ്യക്തിയും. വ്യക്തിത്വം എന്നത് വ്യക്തിനിഷ്ടമായി പ്രകാശിപ്പിക്കപ്പെടുന്ന സാമൂഹ്യചരിത്ര൦ തന്നെയാണ്. ഞാന്‍ എന്ന വ്യക്തി മാത്രം ഉള്ള ഈ ലോകത്തെക്കുറിച്ച് ഒരു നിമിഷം ആലോചിക്കുക. നാം എങ്ങിനെയാണ് നമ്മുടെ ജീവിതത്തിന് ഒരു അര്‍ത്ഥം കണ്ടെത്തുക. ഞാന്‍ മാത്രമുള്ള ലോകത്തില്‍ എത്രയും പെട്ടെന്ന് ഇല്ലാതാകാനാണ് നാമോരുരുത്തരും ആഗ്രഹിക്കുക. മറ്റെല്ലാവരും ചുറ്റിലും ഉണ്ട് എന്ന ഉറപ്പുള്ളത് കൊണ്ടാണ് നമുക്ക് ഇടയ്ക്ക് ഒന്ന് ഒറ്റക്കിരിക്കണം എന്ന് തോന്നുന്നത്. എപ്പോഴും ഒറ്റക്കായിരുന്നെങ്കിൽ നാം നമ്മെ ഒരിക്കലും അറിയുമായിരുന്നില്ല. കൂട്ടത്തിലുള്ളവര്‍ ഇല്ലാതെ അഥവാ കൂട്ടവുമായി ബന്ധപ്പെടുത്തിക്കൊണ്ടല്ലാതെ നമ്മെ നമുക്ക് നിര്‍വചിക്കാനാവില്ല.
വ്യക്തികൾക്കിടയിലുള്ള പരസ്പര ബന്ധമാണല്ലോ സമൂഹത്തെ നിര്‍ണയിക്കുന്നതും, മുന്നോട്ട് നയിക്കുന്നതും. ഓരോ വ്യക്തിക്കും സ്വന്തം അടിസ്ഥാന ആവശ്യങ്ങൾ തൃപ്തിപ്പെടുത്തുന്നതിനായുള്ള ഉത്പാദനപ്രക്രിയ പ്രാവ൪ത്തികമാക്കുന്നതിന് ഒരുപാട് വ്യക്തികളുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ആവശ്യമുണ്ട് എന്ന യാഥാര്‍ത്ഥ്യത്തിൽ നിന്നാണ് സമൂഹം ഉരുത്തിരിയുന്നത്. അത്തരം കൂട്ടായ്മയിൽ വ്യക്തികൾക്കിടയിൽ സ്വയം രൂപപ്പെടുന്ന ബന്ധങ്ങളുടെ സ്വഭാവമാണ് ആ സമൂഹത്തിലെ അധികാരഘടനയും സാമ്പത്തികശ്രേണിയും ഒക്കെ നിശ്ചയിക്കുന്നതും. സമൂഹത്തിന്‍റെ അടിസ്ഥാന കണിക വ്യക്തികളാണെന്നിരിക്കലും, വ്യക്തികളുടെ കേവലമായ സങ്കലനമല്ല സമൂഹം. അവശ്യസാധനങ്ങളുടെ സാമൂഹികമായ ഉത്പാദനം സാധ്യമാക്കുംവിധം രൂപപ്പെടുന്ന വ്യക്തികൾ തമ്മിലുള്ള സങ്കീര്‍ണമായ ബന്ധങ്ങളു൦ അവയിലെ അസമാനമായ അധികാര പ്രയോഗങ്ങളും സമൂഹത്തിന് അതിന്‍റേതായ അസ്തിത്വവും മാനങ്ങളും വികാസനിയമങ്ങളും നല്‍കുന്നുണ്ട്. ക്രമേണ അത് വ്യക്തികള്‍ക്കും അപ്പുറം വളര്‍ന്ന് വിരാടരൂപം പൂണ്ട് വ്യക്തിയുടെ ജീവിതത്തെ അതിന്‍റെ സമസ്തമേഖലകളിലും കണിശമായി നിയന്ത്രിക്കുന്ന, അടക്കി ഭരിക്കുന്ന, അധികാര സ്ഥാപനമായി വികാസം പ്രാപിക്കുന്നു.

ഭാസ്മാസുരനെന്നപോലെ സ്വന്തം സൃഷ്ടിതന്നെ സൃഷ്ടാവിന്‍റെ നിയന്താവാകുന്ന വൈപരീത്യത്തെ ഓരോ വ്യക്തിയും നേരിടേണ്ടി വരുന്നു. അമൂ൪ത്തമായിരിക്കെത്തന്നെ സമൂഹം നിരവധിയായ സ്ഥാപനങ്ങളിലൂടെയും അധികാരപ്രയോഗങ്ങളിലൂടെയും അതിന്റെ സാന്നിധ്യം നിരന്തരം അറിയിച്ചുകൊണ്ടേ ഇരിക്കുന്നു. സമൂഹമില്ലാതെ വ്യക്തിക്ക് നിലനില്‍പ്പില്ല. വ്യക്തിയെ നിര്‍വചിക്കുന്നത് തന്നെ സമൂഹവുമായുള്ള അയാളുടെ ഈ ഇടപെടലിന്റെ സ്വഭാവമാണ്. എന്നാല്‍ വ്യക്തിയുടെ ആവിഷ്കാരത്തിന് പരിധികൾ നിശ്ചയിക്കുന്നതും അതേ സമൂഹം തന്നെയാണ്. താന്‍ തന്നെ (തന്നെപ്പോലുള്ളവരുമായി ചേര്‍ന്ന്) തനിക്ക് വേണ്ടി സൃഷ്‌ടിച്ച ഒന്ന് തന്നെ കടന്ന് തന്റെ തലയ്ക്കു മീതെ വളര്‍ന്ന് തന്നെ ഭരിക്കുന്നു എന്ന അമ്പരപ്പും അസ്വസ്തതയുമാണ് വ്യക്തി അഭിമുഖീകരിക്കുന്ന പ്രഹേളിക. താന്‍ സൃഷ്‌ടിച്ച സമൂഹം തന്റെ കാല്‍കീഴിൽ നിൽക്കേണ്ടതല്ലേ എന്നതാണ് വ്യക്തിയുടെ പ്രശ്നം. തനിക്ക് പരിധികള്‍ നിശ്ചയിക്കപ്പെടുന്ന വേളകളിൽ സമൂഹം എന്നത് താനല്ലാത്ത ബാക്കി എല്ലാവരുമാണ് ഒരാളെ സംബന്ധിച്ച്. അതുകൊണ്ട് അയാള്‍ക്ക് എല്ലാവരും ശത്രു പക്ഷത്താണ്. എന്നാല്‍ അവരില്ലാതെ അയാൾ എന്ന വ്യക്തിക്ക് നിലനില്‍പ്പില്ല താനും. ഇത്തരത്തില്‍ വിപരീതങ്ങളുടെ സമരോന്മുഖമായ ഐക്യമാണ് വ്യക്തിയും സമൂഹവും തമ്മിലുള്ള ബന്ധം. അത് വൈരുദ്ധ്യാത്മകമാണ്. ഒന്നില്ലാതെ മറ്റൊന്നില്ല, എന്നാല്‍ രണ്ടും നിരന്തരമായി പരസ്പരം മേല്‍ക്കൈ നേടാനുള്ള സംഘര്‍ഷത്തിലുമാണ്. കയ്പും മധുരവും പോലെ, ഇരുളും വെളിച്ചവും പോലെ, ചൂടും തണുപ്പും പോലെ, ദ്രവ്യവും പ്രതിദ്രവ്യവും പോലെ വ്യക്തിയും സമൂഹവും പരസ്പരം ‘സംഘ൪ഷാത്മക സ്നേഹത്തിൽ’ ഐക്യപ്പെട്ട്‌ അതിജീവനത്തിനായുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്തുകയാണ് ചെയ്യുന്നത്. ഈ സന്തുലിതത്തിലുണ്ടാവുന്ന അപഭ്രംശങ്ങളാണ് ‘ഞാന്‍, നമ്മള്‍’ എന്ന കഥയിൽ പ്രമേയമാവുന്നത്. ഞാന്‍ എന്ന വ്യക്തിയും നമ്മൾ എന്ന കൂട്ടായ്മയും തമ്മിലുള്ള ഐക്യവും സംഘര്‍ഷവും വിശകലനത്തിന് വിധേയമാവുകയാണ് കഥയിൽ. ഈ ദ്വന്ദങ്ങൾക്കിടയിലെ വൈരുധ്യാത്മകതയും, അതിലെ രാഷ്ട്രീയവും കഥാകാരന്റെ ആത്മസ൦ഘര്‍ഷങ്ങൾക്ക് ഹേതുവാകുന്നു.

“ഞാന്‍ ഗ്രാമത്തിലോ അതോ പതിനഞ്ചു നാഴിക അകലെയുള്ള പട്ടണത്തിലോ?” എന്നതറിയാതെ കുഴങ്ങുകയാണ് കഥാകാര൯. ഞാന്‍ എന്ന വ്യക്തിയുടെ പ്രശ്നപരിഹാരങ്ങൾ അവ൯ അവരായി സംഘമാവുന്നതിലൂടെ തന്നെയാണെന്ന് കഥാകൃത്ത്‌ തിരിച്ചറിയുന്നു. പക്ഷെ ആ പരിഹാരപ്രക്രിയയില്‍ അവ൯ എന്ന വ്യക്തി നിരാകരിക്കപ്പെടുന്നുണ്ടോ എന്നതാണ് കൃഷ്ണന്‍കുട്ടിമാഷടെ സന്ദേഹം. അവരുടെ കൂട്ടത്തിൽ ‘സ്വീകാര്യനാകാന്‍’ അവനെന്ന വ്യക്തിസ്വത്വത്തെ പരിത്യജിക്കേണ്ടി വരുന്നുവെന്നും ആ അഭിനയത്തിന്റെ ആത്മസംഘര്‍ഷം മനസ്സില്‍ ഭാരമാവുന്നുവെന്നും ആണ് മാഷടെ ആകുലത. അത്തരമൊരു ആശങ്കക്ക് അടിസ്ഥാനമുണ്ടോ എന്നത് തീര്‍ച്ചയായും വിശകലനത്തിന് വിധേയമാക്കേണ്ടുന്ന പ്രശ്നപരിസരമാണ്. കഥാകാരന്‍ കരുതുന്ന മാറ്റത്തിലേക്കുള്ള അവസാനത്തെ പാത ലക്ഷ്യമിടുന്നത് ഞാ൯ എന്ന വ്യക്തിയുടെ നിരാകരണമല്ല നേരെമറിച്ച് പൂര്‍ണമായ വ്യക്തിത്വ പ്രകാശനത്തിനുതകുന്ന ചേരിതിരിവുകളില്ലാത്ത സമത്വത്തിന്റെ ഒരു സാമൂഹ്യവ്യവസ്ഥയാണല്ലൊ. ആത്യന്തികമായി അധികാരപ്രയോഗങ്ങൾ അപരിചിതമായ, ഓരോ അംഗത്തിനും അതിരുകളില്ലാത്ത ആത്മാവിഷ്കാരത്തിനുള്ള അവസരമേകുന്ന, വ്യക്തികള്‍ സമ്മതപൂര്‍വം കീഴ്പ്പെടുന്ന, ഞാനും നമ്മളും തമ്മിലുള്ള വൈരുദ്ധ്യം നി൪ദ്ധാരണം ചെയ്യപ്പെടുന്ന ജൈവീകമായൊരു സാമൂഹ്യവ്യവസ്ഥ അനിവാര്യമാണെന്ന തിരിച്ചറിവിലേക്ക് കൂടിയാണ് ‘ഞാന്‍, നമ്മള്‍’ എന്ന കഥയുടെ സൂക്ഷ്മവായന നമ്മെ എത്തിക്കുന്നത്.

◼️
sureshkodoor@gmail.com

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.