Follow the News Bengaluru channel on WhatsApp

സി.എച്ച്. കണാരന്‍ അന്തിയുറങ്ങിയ പെഞ്ചാത്തോളി തറവാട്

ജാതകത്താളിലെ ജീവിതമുദ്രകൾ
-വിഷ്ണുമംഗലം കുമാര്‍
അധ്യായം : രണ്ട് 
🔵

വിഷ്ണുമംഗലം ദേശത്തെ പ്രമുഖ തീയ്യ തറവാടാണ് പെഞ്ചാത്തോളി. ധാരാളം പറമ്പുകളും വയല്‍നിലവും ഉണ്ടായിരുന്ന ധനിക കുടുംബം. തറവാട്ടു കാരണവരായ പെഞ്ചാത്തോളി കുഞ്ഞിക്കണ്ണന്‍  നാട്ടുപ്രമാണിയായി വാഴുന്ന കാലത്താണ് എന്റെ ജനനം. ഇരുനില വീടും തെക്കിനയും അടുക്കളപ്പുരയും ഉരപ്പുരയും ഒക്കെ അടങ്ങുന്ന വിശാലമായ തറവാട്ടു കെട്ടിടം ഞങ്ങളൊക്കെ ജനിക്കുന്നതിനു മുന്‍പ് പണി കഴിപ്പിച്ചതാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി വളര്‍ത്താനുള്ള ദൗത്യത്തിനിടയില്‍ സി. എച്ച്. കണാരന്‍ യോഗങ്ങള്‍ സംഘടിപ്പിച്ചതും പലപ്പോഴും അന്തിയുറങ്ങിയതും പെഞ്ചാത്തോളി തറവാട്ടിലായിരുന്നെന്ന് മുതിര്‍ന്നവര്‍ പറഞ്ഞുകേട്ടിട്ടുണ്ട്.

പൊളിച്ചുകളഞ്ഞ പഴയ പെഞ്ചാത്തോളി തറവാടിൻ്റെ പ്രധാന ഭാഗം

അമ്മയുടെ അമ്മാവന്‍ ആയ കുഞ്ഞിക്കണ്ണന്‍ കാരണവരെ അമ്മാവന്‍ എന്നാണു ഞാനും വിളിച്ചു ശീലിച്ചത്. സ്‌നേഹസമ്പന്നയും നാടിന്റെ ഐശ്വര്യവും ആയിരുന്നു അമ്മാവന്റെ ഭാര്യ മാതു അമ്മ. ഞങ്ങളുടെ പ്രിയപ്പെട്ട അമ്മായി. അസാമാന്യ കൈപ്പുണ്യം ഉണ്ടായിരുന്ന അവര്‍ തികഞ്ഞ ദാനശീലയും ആയിരുന്നു. ആര് എപ്പോള്‍ ചെന്നാലും പെഞ്ചാത്തോളിയിലെ അടുക്കളയില്‍ നിന്ന് ഭക്ഷണം കിട്ടും. ആ അടുപ്പില്‍ ഒരിക്കലും തീ അണയില്ല. അവിടുത്തെ ചോറുകലം ഒരിക്കലും കാലി ആകാറില്ല. അത് അക്ഷയ പാത്രമായിരുന്നു.

സി.എച്ച്. കണാരൻ

പെഞ്ചാത്തോളിയില്‍ നിന്ന് ഒരു പറമ്പ് അകലെയാണ് എടവലത്ത് വീട്. അമ്മയുടെ തറവാട്. ബാല്യത്തില്‍ പെഞ്ചാത്തോളിയില്‍ പോകാത്ത ദിവസങ്ങള്‍ കുറവ്. ഞങ്ങള്‍ കുട്ടികളുടെ പ്രധാന വിഹാര കേന്ദ്രമായിരുന്നു ആ വീടും വിശാലമായ പറമ്പും. അമ്മാവന്റെ ഇളയമകന്‍ ശശാങ്കന്‍ അടുത്ത കൂട്ടുകാരന്‍(നാട്ടുകാര്യങ്ങളില്‍ എന്നും മുന്നില്‍ നടക്കുന്ന, അതിവിപുലമായ സുഹൃദ് ബന്ധങ്ങളുള്ള ശശാങ്കനിലൂടെയാണ് പെഞ്ചാത്തോളി ഇന്നറിയപ്പെടുന്നത്. ജയ് ശ്രീ മാതാ നിര്‍മ്മലാദേവിയുടെ ഉപാസകന്‍ കൂടിയാണ് ശശാങ്കന്‍. ഞങ്ങളുടെ ആത്മസൗഹൃദം അരനൂറ്റാണ്ട് വിജയകരമായി പൂര്‍ത്തിയാക്കി).

അഞ്ചില്‍ പഠിക്കുമ്പോള്‍ പെഞ്ചാത്തോളിയില്‍ വെച്ചാണ് എന്റെ ആദ്യ ‘മരണം’ സംഭവിക്കുന്നത്! (ചെറുപ്പത്തില്‍ ഞാന്‍ മൂന്നു തവണ മരിച്ചിട്ടുണ്ട്!). വിശാലമായ ഉരപ്പുരയില്‍ നെല്ല് കുത്ത് ഇല്ലാത്ത സമയത്ത് ശശാങ്കനും ഞാനും കയര്‍കെട്ടി ഊഞ്ഞാല്‍ ആടും. അവരവരുടെ ഊഴം വരുമ്പോള്‍ വാശിയോടെ വേഗത വര്‍ദ്ധിപ്പിക്കും !. ഒരുനാള്‍ ഞാന്‍ ഊഞ്ഞാലില്‍ നിന്ന് തെറിച്ച് കരിങ്കല്‍ ഉരലില്‍ ഊക്കോടെ തല അടിച്ചു വീണു. തല്‍ക്ഷണം ബോധംകെട്ടു .ചെക്കന്‍ രക്ഷപെടാന്‍ സാധ്യത കുറവാണ് എന്നത്രെ എന്നെയും കൊണ്ട് ആശുപത്രിയിലേക്ക് ഓടുന്നതിനിടയില്‍ അവിടെ ഉണ്ടായ സംസാരം !!. ഏതായാലും മരണം സംഭവിച്ചില്ല!. പ്രവാസ കാലത്ത് നാട്ടിലെത്തുമ്പോള്‍ പെഞ്ചാത്തോളി തന്നെയായിരുന്നു പ്രധാന അഭയകേന്ദ്രം. ഞാന്‍ നാടുവിട്ട് ഏറെകഴിയും മുമ്പേ അമ്മാവന്‍ മരിച്ചു. ഏതാനും വര്‍ഷം മുമ്പ് അമ്മായി എന്ന ഐശ്വര്യ  ദീപവും പൊലിഞ്ഞു. എന്റെ ജീവിതത്തിലെ നിര്‍ണ്ണായക ഘട്ടങ്ങളില്ലാം തുണയായി ശശാങ്കന്‍ ഉണ്ട്.

ശശാങ്കൻ പെഞ്ചാത്തോളി

പഴയ തറവാട് പൊളിച്ചു കളഞ്ഞ് പുതിയൊരു വീട് പണിയാന്‍ മക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ശശാങ്കന്റെ മേല്‍ വളരെകാലമായി സമ്മര്‍ദ്ദം ഉണ്ടായിരുന്നു. എന്നാല്‍ തറവാടിനോടുള്ള ആത്മബന്ധത്തിന്റെ പേരില്‍ അവന്‍ തന്ത്രപൂര്‍വ്വം ആ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കുകയായിരുന്നു. പക്ഷെ തറവാട് പൊളിക്കാതെ നിര്‍വാഹമില്ലെന്ന സ്ഥിതിവന്നു ചേര്‍ന്നു. നാലഞ്ചു വര്‍ഷം മുമ്പ് പെഞ്ചാത്തോളി തറവാട് ഓര്‍മ്മയായി. അവിടെ പുതിയൊരു വീട് ഉയര്‍ന്നു. തെക്കിന പൊളിക്കാതെ നിലനിര്‍ത്തിയിട്ടുണ്ട് എന്നത് മാത്രമാണ് ഒരു ആശ്വാസം. എന്നാലും ചരിത്ര പ്രധാനമായ, ഗൃഹാതുരത്വം ഉണര്‍ത്തുന്ന പഴയ പെഞ്ചാത്തോളി ഇനി ഓര്‍മ്മകളില്‍ മാത്രം.

(തുടരും)


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.