Follow the News Bengaluru channel on WhatsApp

വിവാദങ്ങളെ ഭയന്ന് സത്യങ്ങള്‍ പറയാതിരിക്കില്ല; ‘പട’യുടെ സംവിധായകൻ കമല്‍ കെ. എം സംസാരിക്കുന്നു

ടോക് ടൈം 

🟡

കമല്‍ കെ. എം | ഡോ. കീർത്തി പ്രഭ

 

ഭരണകൂടവും സമൂഹവും ആദിവാസി ജനതയോടു കാണിക്കുന്ന നീതിനിഷേധത്തിന്റെ ഏറ്റവും സുതാര്യമായ ദൃശ്യങ്ങളാണ് കമല്‍ കെ എം സംവിധാനം ചെയ്ത ‘പട ‘ എന്ന മലയാളസിനിമ. എല്ലാവരും ബോധപൂര്‍വം മറക്കാന്‍ ശ്രമിക്കുന്ന ആദിവാസി ഭൂനിയമങ്ങളെ പറ്റിയും അവരുടെ അവകാശങ്ങളെ പറ്റിയുമുള്ള ചോദ്യങ്ങള്‍ വര്‍ഷങ്ങള്‍ക്കിപ്പുറം എവിടെ എത്തി നില്‍ക്കുന്നു എന്ന ഓര്‍മപ്പെടുത്തലാവുകയാണ് ഈ സിനിമ. 1996 ഒക്ടോബര്‍ 4 ന് പകല്‍ പത്തരമണിയോടെ പാലക്കാട് ജില്ലാ കളക്ടറെ ആയുധധാരികള്‍ ബന്ധിയാക്കിയ സംഭവവും അതിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും ആണ് ‘പട’. ഉദ്വേഗഭരിതമായ ഈ സംഭവങ്ങളെ ഏറ്റവും സൂക്ഷ്മതയോടെ അവതരിപ്പിക്കാന്‍ കമല്‍ കെ. എം എന്ന സംവിധായകന് കഴിഞ്ഞിട്ടുണ്ട്. വളരെയധികം സാമൂഹിക പ്രാധാന്യമുള്ള ഈ വിഷയത്തെ അഭ്രപാളിയില്‍ എത്തിക്കാനുണ്ടായ കാരണങ്ങളെക്കുറിച്ചും ‘പട ‘ഉണ്ടായി വന്ന വഴികളെക്കുറിച്ചും തന്റെ സിനിമ വീക്ഷണങ്ങളെ കുറിച്ചും ന്യൂസ് ബെംഗളൂരു ഡോട്ട് കോമിനോട് സംസാരിക്കുകയാണ് സംവിധായകന്‍ കമല്‍ കെ. എം

 

അയ്യങ്കാളി പടയുടെ ബന്ധിയാക്കല്‍ സമരം എന്ന വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന യഥാര്‍ത്ഥ സംഭവത്തിന് ചലച്ചിത്ര രൂപം കൊടുക്കാന്‍ ഉണ്ടായ ഒരു ഉള്‍പ്രേരണ എന്താണ്?, എന്താണ് ഈ സിനിമയിലേക്ക് എത്താന്‍ കമല്‍ കെ. എം എന്ന സംവിധായകനെ ഏറ്റവും അധികം സ്വാധീനിച്ച ആ ഉള്‍വിളി?

🟢 പട എന്ന സിനിമ ഉണ്ടായത് ഒരു ഓര്‍മ്മയില്‍ നിന്നാണ്. അതുകൊണ്ടുതന്നെ അത് ഒരു ഓര്‍മ്മപ്പെടുത്തല്‍ ആയിരുന്നു. ഞാനൊരു വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് കേട്ട ഒരു സംഭവം, അതിനു ശേഷം ആ സംഭവത്തിന്റെ ഒരു പ്രത്യേകത. ആ പ്രത്യേകത എന്താണെന്ന് ഉള്ളത് പിന്നീട് പറയാം, ആ പ്രത്യേകത വച്ച് അതിന് ഒരു സിനിമാരൂപം നല്‍കാനുള്ള സാധ്യത ഉണ്ട് എന്ന് തോന്നി. ആ സംഭവത്തിന് പിന്നില്‍ ഉണ്ടായിരുന്ന യഥാര്‍ത്ഥ കാരണം, 25 വര്‍ഷത്തിനു ശേഷം എന്താണ് അതിന്റെ അവസ്ഥ അതിന് എന്തെങ്കിലും മാറ്റം ഉണ്ടായിട്ടുണ്ടോ എന്നുള്ള ഒരു ചിന്തയില്‍ എന്നാണ് പട എന്ന സിനിമ ജനിക്കുന്നത്.

കമല്‍ കെ. എം

ഞാന്‍ കാക്കനാട് കേരള പ്രസ് അക്കാദമിയില്‍ ജേണലിസം പിജി ചെയ്തുകൊണ്ടിരുന്ന സമയത്താണ് 1996 ഒക്ടോബര്‍ നാലിന് പാലക്കാട് കലക്ടറെ ബന്ദിയാക്കിയ അയ്യങ്കാളിപ്പടയുടെ സമരം നടക്കുന്നത്. അന്നത് ക്ലാസിലെ ഒരു സെന്‍സേഷണല്‍ ന്യൂസ് ആയിരുന്നു. പലതരത്തിലുള്ള ചര്‍ച്ചകള്‍ ഉണ്ടായി. അതിനുശേഷം ആ ആഴ്ചയില്‍ അതിനെക്കുറിച്ച് വന്ന വാര്‍ത്തകളെല്ലാം വായിക്കുകയും ആ സംഭവത്തെ പറ്റി കൂടുതല്‍ കൂടുതല്‍ അറിയുകയും ചെയ്തു. പിന്നീട് ആ സമരത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ അതിന്റെ ഒരു സവിശേഷതയാണ് മനസില്‍ തറച്ചത്. അതായത് എങ്ങനെയാണ് ഒരു പ്രതിഷേധം പെര്‍ഫോമെറ്റീവ് ആയിട്ടുള്ള ആക്ട് ആയി മാറുന്നത് എന്നതായിരുന്നു ആ ഒരു സംഭവത്തിന്റെ അപൂര്‍വ്വമായ സവിശേഷതയായി തോന്നിയത്. പെര്‍ഫോമന്‍സ് എന്നുള്ള ഒരു ഒരൊറ്റ എലമെന്റ് കൊണ്ട് തന്നെ അതിനൊരു തിയെട്രികാലിറ്റി ഉണ്ടെന്നും ആ തിയെട്രികാലിറ്റിയെ സിനിമയുടെ ഒരു സൗന്ദര്യ ശാസ്ത്രത്തിലേക്ക് സുന്ദരമായി രേഖപ്പെടുത്താനും പറ്റും എന്നുള്ളത് തോന്നിയപ്പോഴാണ് ഞാന്‍ പടയെക്കുറിച്ചിട്ടും അതിന്റെ തിരക്കഥയെക്കുറിച്ചിട്ടും ഗൗരവമായി ചിന്തിക്കുന്നത്.

‘പട’ പോലുള്ള ഒരു സിനിമ സമൂഹത്തിലും ഭരണകൂടത്തിലും ഉണ്ടാക്കുന്ന പ്രഭാവം എത്രത്തോളമാണെന്നാണ് താങ്കള്‍ വിശ്വസിക്കുന്നത്?

🟢 ഏതെങ്കിലും ഒരു സിനിമ മാത്രം എന്തെങ്കിലും നിര്‍ണായകം ആയിട്ടുള്ള മാറ്റം ഉണ്ടാക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. മറിച്ച് 1996 ല്‍ പാസാക്കിയ ആദിവാസി ഭൂനിയമ ഭേദഗതിക്കെതിരെ ഉണ്ടായ സമരത്തിന് ഒരു സിനിമാ രൂപം നല്‍കുമ്പോള്‍ അതിനകത്ത് ഉന്നയിച്ചിരിക്കുന്ന ആദിവാസികളുടെ ജീവിതത്തെക്കുറിച്ചും അവകാശത്തെക്കുറിച്ചുമുള്ള ആ ചോദ്യങ്ങള്‍ ഇന്ന് എവിടെ എത്തി എന്നുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍ മാത്രമേ ചിലപ്പോള്‍ പട എന്ന ഈ സിനിമയ്ക്ക് ചെയ്യാന്‍ കഴിയുകയുള്ളൂ. പക്ഷേ ആ ഓര്‍മ്മപ്പെടുത്തലും വളരെ പ്രധാനമാണ് എന്നാണ് ഞാന്‍ വിചാരിക്കുന്നത്. കാരണം 1996 ലെ ഈ പ്രതിഷേധ പ്രകടനം നടന്നതിനു ശേഷവും പല രീതിയിലുള്ള സമര മുന്നേറ്റങ്ങള്‍ ആദിവാസി, ദളിത്, ബഹുജന്‍ വിഭാഗങ്ങളില്‍ നിന്ന് ഉണ്ടാവുകയും അതിന് വലിയ വില കൊടുക്കേണ്ടി വരികയും ചെയ്തിട്ടുള്ളത് നമ്മള്‍ കണ്ടതാണ്. ഉദാഹരണത്തിന് എ കെ ആന്റണി മുഖ്യമന്ത്രി ആയിരിക്കുന്ന സമയത്ത് 2003 ഫെബ്രുവരി 19-നു കേരള സര്‍ക്കാരിന്റെ നിര്‍ദ്ദേശം അനുസരിച്ച് കേരള പോലീസ് മുത്തങ്ങയില്‍ സമരം ചെയ്ത ആദിവാസികള്‍ക്ക് മേല്‍ നിറയൊഴിക്കുകയുണ്ടായി. അന്ന് ആദിവാസികള്‍ക്ക് നേരെ ഒരു ഭരണകൂടം തോക്കുചൂണ്ടുന്നതും വെടിവെക്കുന്നതും കണ്ട ഒരു ജനതയാണ് നമ്മള്‍. അതിനുശേഷം ഈ അടുത്തകാലത്ത് മധു എന്ന ആദിവാസി യുവാവിനെ കെട്ടിയിട്ടു തല്ലിക്കൊന്ന ഒരു സമൂഹം കൂടിയാണ് നമ്മുടേത്. ഈ സമയങ്ങളിലെല്ലാം നമ്മുടെ പൊതു സമൂഹത്തിന്റെ സെന്‍സിറ്റിവിറ്റി എന്താണെന്നുള്ളത് മനസ്സിലാക്കാനും നമുക്ക് സാധിക്കാറുണ്ട്. എങ്ങനെയാണ് കേരളത്തിലെ ഒരു ശതമാനം മാത്രം വരുന്ന ആദിവാസി ജനതയുടെ അവകാശങ്ങള്‍ക്ക് അല്ലെങ്കില്‍ അവരുടെ അതിജീവനത്തിന് ഒരു തരത്തിലുള്ള പരിഗണനയും കൊടുക്കാതെ സമൂഹം അവര്‍ക്ക് നേരെ തിരിഞ്ഞു നില്‍ക്കുന്നത് എന്ന് ഓര്‍മ്മപ്പെടുത്താന്‍ മാത്രമാണ് ഈ സിനിമയ്ക്ക് കഴിയുക. ഓര്‍മ്മപ്പെടുത്തലുകളിലൂടെ ഭരണകൂടവും പൊതുസമൂഹവും ഈ കാതലായ പ്രശ്‌നങ്ങള്‍ തിരിച്ചറിയുന്നുണ്ട് എങ്കില്‍ അതായിരിക്കും ഈ സിനിമയുടെ വിജയം എന്ന് ഞാന്‍ വിശ്വസിക്കുന്നു.

സിനിമസംവിധായകന്‍ എന്ന രീതിയില്‍ അരങ്ങേറ്റം കുറിച്ചത് 2012 ല്‍ പുറത്തിറങ്ങിയ ഐ.ഡി എന്ന ഹിന്ദി സിനിമയിലൂടെയാണ്. ഹിന്ദിയുമായി അല്ലെങ്കില്‍ ബോളിവുഡുമായി ഉള്ള ബന്ധത്തെക്കുറിച്ച് പറയാമോ.

🟢 പുണെയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയി(FTII) ല്‍ ആണ് ഞാന്‍ പഠിച്ചത്. പഠനത്തിനുശേഷം ഞാന്‍ സന്തോഷ് ശിവന്റെ കൂടെ അസോസിയേറ്റ് ഡയറക്ടര്‍ ആയിട്ടും സ്‌ക്രിപ്റ്റ് റൈറ്റര്‍ ആയിട്ടും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആയിട്ടും നിരവധി ഹോളിവുഡ് ബോളിവുഡ് പ്രൊജക്ടുകളും മറ്റു പ്രൊജക്ടുകളും ചെയ്യുകയുണ്ടായി. 2007ല്‍ സന്തോഷ് ശിവന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഇന്ത്യന്‍ ബ്രിട്ടീഷ് കാലഘട്ടത്തിലെ കഥ പറഞ്ഞ ബിഫോര്‍ ദ റയിന്‍സ്, മലയാളത്തില്‍ അനന്തഭദ്രം, പ്രഭുദേവ നായകനായുള്ള കന്നട സിനിമ പ്രാരംഭ, പിന്നീട് കാശ്മീരില്‍ വെച്ച് ഷൂട്ട് ചെയ്ത തഹാന്‍ അങ്ങനെ പല തരത്തിലുള്ള പ്രോജക്ടുകളില്‍ വര്‍ക്ക് ചെയ്യുകയുണ്ടായി.പ്രധാനമായും ബോംബെ ആസ്ഥാനമാക്കിയാണ് ആ കാലഘട്ടത്തില്‍ ഞാന്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നത്.

അതിനു ശേഷം 2010ല്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ഞാനൊരു ഡിപ്ലോമ ഫിലിം സംവിധാനം ചെയ്തിരുന്നു. അലിഫ് എന്നാണ് 66 മിനിട്ട് ധൈര്‍ഘ്യം ഉള്ള ആ സിനിമയുടെ പേര്. അത് 2010 മുംബൈ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അതിനുശേഷം 2012 ല്‍ ഞാന്‍ രാജീവ് രവി, റസൂല്‍പൂക്കുട്ടി, മധു നീലകണ്ഠന്‍, സുനില്‍ ബാബു, ബി അജിത്ത് കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കളക്റ്റീവ് ഫെയ്‌സ് വൺ (Collective Phase One) എന്ന പ്രൊഡക്ഷന്‍ കമ്പനി ഉണ്ടാകുകയും ആദ്യത്തെ സിനിമ നിര്‍മ്മിക്കുകയും ചെയ്തു. അതാണ് ഐ.ഡി.

ആ സിനിമ 2012 സൗത്ത് കൊറിയയിലെ ബുസാന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ പ്രദര്‍ശിപ്പിക്കുകയും നാല്പതിലധികം മറ്റു ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിക്കുകയും പത്തിലധികം ഫിലിം ഫെസ്റ്റിവലുകളില്‍ വിവിധ പുരസ്‌കാരങ്ങള്‍ ലഭിക്കുകയും ചെയ്തിട്ടുണ്ട്. ആ ഒരു സിനിമ വരെ ആണ് ബോംബെയും ആയിട്ടുള്ള എന്റെ ബന്ധം. അതിനുശേഷം ഞാന്‍ നാട്ടിലേക്ക് തിരിച്ചു പോരുകയായിരുന്നു. ആ കാലഘട്ടത്തില്‍ പല സിനിമകളില്‍ പല ചുമതലകളിലും പല സ്‌കെയിലുകളിലും വര്‍ക്ക് ചെയ്യാന്‍ സാധിച്ചത് ഒരു ഭാഗ്യം ആയിട്ട് ഞാന്‍ കാണുന്നു. കാരണം ഒരു ഫിലിം മേക്കര്‍ എന്നുള്ള രീതിയില്‍ നമ്മളെ കൂടുതല്‍ കൂടുതല്‍ വലിയ പ്രോജക്ടുകളിലേക്ക് സജ്ജരാക്കുന്ന അനുഭവങ്ങളും അറിവുകളും എന്റെ ബോംബെ സിനിമ ജീവിതം എനിക്ക് തന്നിട്ടുണ്ട്.

എതിര്‍പ്പുകളെ, ഭീഷണികളെ, വിവാദങ്ങളെ ഭയന്ന് ശെരിയെന്ന് തോന്നുന്ന കാര്യങ്ങള്‍, ചില സത്യങ്ങള്‍ സിനിമയിലൂടെയും അല്ലാതെയും വിളിച്ചു പറയാതിരുന്നിട്ടുണ്ടോ?

🟢 ഒരു യഥാര്‍ത്ഥ കലാകാരന്‍ വിവാദങ്ങളെ ഭയന്ന് സത്യങ്ങള്‍ പറയാതിരിക്കില്ല എന്നാണ് ഞാന്‍ കരുതുന്നത്. കാരണം ഒരു കലാസൃഷ്ടി എന്നത് ഓരോ കലാകാരന്റെയും ആശയ ആവിഷ്‌കാരം ആണ്.അതുകൊണ്ട് തന്നെ ആശയപ്രകാശനം പൂര്‍ണമാവുന്നത് അതുണ്ടാകാന്‍ പ്രേരണ ആയിട്ടുള്ള കാര്യങ്ങള്‍ സത്യസന്ധമായി അവതരിപ്പിക്കുമ്പോളാണ്.അവിടെ ഭയത്തിനോ എതിര്‍പ്പുകള്‍ക്കോ സ്ഥാനമില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. ബഹുസ്വരത മുഖമുദ്രയായിട്ടുള്ള ഒരു നാട്ടില്‍ ഏതൊരു ആവിഷ്‌കാരത്തിനു നേരെയും വിമര്‍ശനങ്ങളും എതിര്‍പ്പുകളും ഉണ്ടാകാം. ആ വിമര്‍ശനങ്ങളും എതിര്‍പ്പുകളും എല്ലാം തന്നെ അതിനെ കൂടുതല്‍ കൂടുതല്‍ വളര്‍ത്തുവാന്‍ മാത്രമേ സഹായിക്കുകയുള്ളൂ എന്ന് വിശ്വസിക്കുന്ന ഒരു കലാകാരനാണ് ഞാന്‍.

കലാസൃഷ്ടികളില്‍, കലാകാരന്മാരില്‍ സാമൂഹിക പ്രതിബദ്ധത എന്ന ചിന്തയ്ക്ക് എത്രത്തോളം പ്രാധാന്യം ഉണ്ടെന്നാണ് താങ്കള്‍ വിശ്വസിക്കുന്നത്?അതിന് അതിര്‍വരമ്പുകള്‍ വെക്കേണ്ട ആവശ്യം ഉണ്ടോ?അല്ലെങ്കില്‍ സാമൂഹിക പ്രതിബദ്ധത ഒരു കലാകാരനില്‍ സൃഷ്ടിക്കുന്ന വെല്ലുവിളികള്‍ എന്തൊക്കെയാണ്?ആ വെല്ലുവിളികളെ തരണം ചെയ്യാന്‍ താങ്കളുടേതായ വഴികള്‍ എന്തൊക്കെയാണ്?

🟢 സാമൂഹിക പ്രതിബദ്ധത എന്ന് പറയുന്നത് നമ്മള്‍ നെറ്റിയിലൊട്ടിച്ചു നടക്കേണ്ട ഒരു കാര്യമാണെന്ന് എനിക്ക് തോന്നുന്നില്ല. ഏതൊരു ആവിഷ്‌കാരത്തിനു പുറകിലും ഒരു ഉള്‍പ്രേരണയും ആത്മന്വേഷണവും ഉണ്ട്.അതിനകത്തു നിന്നു കൊണ്ട് ഒരു കലാകാരന്‍ തന്റെ ജീവിതാവസ്ഥകളെ മനസിലാക്കിക്കൊണ്ടുള്ള പ്രതിബദ്ധതയോടു കൂടിയിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഏതൊരു കലാസൃഷ്ടിക്ക് പുറകിലും ഉണ്ടാവുക. അത് ആ കലാകാരന്റെ അറിവും സെന്‍സിറ്റിവിറ്റിയും ആയി ബന്ധപ്പെട്ടിരിക്കുന്നു. കണ്ണുതുറന്ന് സമൂഹത്തെ നോക്കുന്ന അല്ലെങ്കില്‍ സമൂഹത്തെ അതുപോലെ പ്രതിഫലിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം അയാളുടെ സാമൂഹികപ്രതിബദ്ധത പ്രദര്‍ശിപ്പിക്കേണ്ട ആവശ്യം വരുന്നില്ല.ആഴത്തിലുള്ള പഠനങ്ങള്‍ ഇല്ലാത്ത, കാമ്പില്ലാത്ത, എളുപ്പത്തിലുള്ള കലാസൃഷ്ടികള്‍ക്കാണ് അവരുടെ സാമൂഹിക പ്രതിബദ്ധത എഴുതി ഒട്ടിക്കേണ്ടി വരുന്നത്.

അയ്യാങ്കളിപ്പടയുടെ ചരിത്രം സിനിമയാക്കാന്‍ തുടങ്ങുന്നു എന്ന് പ്രഖ്യാപിച്ച സമയം മുതല്‍ ഇന്ന് പടയിറങ്ങി ഇവിടെ നില്‍ക്കുമ്പോള്‍ വരെ താങ്കള്‍ നേരിട്ട വെല്ലുവിളികളും ഭീഷണികളും എന്തൊക്കെയാണ്?

🟢 അയ്യങ്കാളി പടയുടെ കഥ സിനിമയാക്കാനൊരുങ്ങുമ്പോള്‍ എനിക്ക് യാതൊരു തരത്തിലുള്ള ഭീഷണികളോ വെല്ലുവിളികളോ നേരിടേണ്ടിവന്നിട്ടില്ല. വെല്ലുവിളിയോ ഭീഷണിയോ ഉണ്ടാകേണ്ട ഒരു കാര്യമല്ല അത്. കാരണം ആദിവാസികളെ കുറിച്ച് സംസാരിക്കാന്‍ ഇവിടെ ആര്‍ക്കും താല്പര്യമില്ല, ഈ വിഷയത്തില്‍ പലര്‍ക്കും ശ്രദ്ധ പോലുമില്ല എന്നതുകൊണ്ടുതന്നെ അതിനെ ചൊല്ലി എന്ത് ഭീഷണി ഉണ്ടാകാനാണ്.

ഒരു യഥാര്‍ത്ഥ കഥ സിനിമയാക്കുമ്പോള്‍ ചിലപ്പോള്‍ ചില ഒളിച്ചു വെക്കലുകളും അതുപോലെ തന്നെ മാനിപ്പുലേഷനുകളും ഉണ്ടാകാന്‍ സാധ്യതയുണ്ട്. പടയില്‍ അതിന്റെയൊക്കെ തോത് എത്രത്തോളമാണ്?

🟢 ഈ കഥ പറയാന്‍ എനിക്ക് അത്തരത്തിലുള്ള ഒരു പ്രതിസന്ധികളും ഉണ്ടായിട്ടില്ല. സത്യത്തില്‍ സംഭവിച്ച കാര്യങ്ങളെ ഒരുതരത്തിലും ഒളിച്ചു വയ്ക്കുകയോ മാനിപ്പുലേറ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. ആ സംഭവത്തിന്റെ സെന്‍സിറ്റിവിറ്റിയും അതില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളുകളുടെ സെന്‍സിറ്റിവിറ്റിയും ചോരാതെയാണ് ഞാന്‍ ഇതിന്റെ തിരക്കഥ തയ്യാറാക്കിയത്. ആ സംഭവവുമായി ബന്ധപ്പെട്ടുള്ള എല്ലാവരും തന്നെ ഏറ്റവും സെന്‍സിറ്റീവ് ആയി ഈ സിനിമയുടെ കൂടെ നിന്നു എന്നതുകൊണ്ടുതന്നെ ഒളിച്ചുവെക്കലുകള്‍ക്കും കൃത്രിമപ്പണികള്‍ക്കും ഒന്നും തന്നെ പ്രാധാന്യമില്ല.

പടയില്‍ അഭിനേതാക്കളെ കണ്ടെത്തുന്നതില്‍ താങ്കള്‍ക്ക് എന്തെങ്കിലും മാനദണ്ഡങ്ങളുണ്ടായിരുന്നോ? ഇത്തരം വിവാദവിഷയം അല്ലെങ്കില്‍ ഭരണകൂടത്തെ വെല്ലുവിളിക്കുന്ന വിഷയം ആയത് കൊണ്ട് തന്നെ ചിലരൊക്കെ ഈ സിനിമയുടെ ഭാഗമാകാന്‍ വിസമ്മതിച്ചിട്ടുണ്ടോ? അണിയറയിലും അല്ലാതെയും.

🟢 കഥാപാത്രങ്ങളുടെ സ്വഭാവ സാമൂഹിക സവിശേഷതകളുമായി ബന്ധപ്പെടുത്തി കൊണ്ടാവണം അഭിനേതാക്കളെ തീരുമാനിക്കേണ്ടത്. ഈ അഭിപ്രായം എന്റെ കാസ്റ്റിംഗ് ഡയറക്ടേഴ്‌സ് ആയ പ്രണവ് രാജ്, സുധ പത്മജാ ഫ്രാന്‍സിസ് എന്നിവരോടും നിര്‍മാതാവ് സാരഥിയോടും പങ്കുവച്ചു. ഇവരൊക്കെ അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയ മുഖ്യ വ്യക്തികളാണ്. ഈയൊരു ആശയത്തില്‍ നിന്നുകൊണ്ട് നമുക്ക് അവൈലബിള്‍ ആയിട്ടുള്ള ഏറ്റവും മികച്ച ഒരു കാസ്റ്റിംഗ് കോമ്പിനേഷന്‍ ഉണ്ടാക്കാനാണ് ഞങ്ങള്‍ ശ്രമിച്ചത്. പട എന്ന കണ്‍സെപ്റ്റ് ഉണ്ടായതു മുതല്‍ സിനിമ പൂര്‍ത്തീകരിച്ച് അതിന്റെ അവസാനത്തെ എക്‌സിക്യൂഷന്‍ വരെ ഈ സിനിമയുടെ കൂടെയുണ്ടായിരുന്ന ഓരോരുത്തരെയും പ്രോജെക്ടിന്റെ ഭാഗമാകാന്‍ വേണ്ടി വിളിക്കുമ്പോള്‍ ആര്‍ക്കും തന്നെ വിസമ്മതം ഉണ്ടായിട്ടില്ല. ഈ സിനിമയില്‍ എല്ലാവരും ഐക്യപ്പെട്ട വസ്തുത എന്താണെന്നത് എനിക്ക് തോന്നുന്നത് ഈ സിനിമ സംസാരിക്കുന്ന വിഷയമാണ്. അതുകൊണ്ടുതന്നെ ആരുടെ ഭാഗത്തുനിന്നും വിസമ്മതങ്ങളോ യാതൊരുവിധ പ്രതിസന്ധികളോ ഉണ്ടായിട്ടില്ല.

അയ്യങ്കാളിപ്പടയുടെ യഥാര്‍ത്ഥ പോരാളികളെ കണ്ടെത്തിയ വഴികളും, പട വരാന്‍ പോകുന്നു എന്നറിഞ്ഞപ്പോഴും പട കണ്ടുകഴിഞ്ഞപ്പോഴും ഉള്ള അവരുടെ പ്രതികരണങ്ങളും, പടയുടെ വിജയത്തിന് പിന്നില്‍ അവരുടെ പങ്കും ഇതൊക്കെ എങ്ങനെയാണ് താങ്കള്‍ നോക്കിക്കാണുന്നത്?

🟢 ആദ്യം കല്ലറ ബാബുവിനെയും അജയന്‍ മണ്ണൂരിനെയും കാഞ്ഞങ്ങാട് രമേശനെയും വിളയോടി ശിവന്‍കുട്ടിയെയും എം. എന്‍ രാവുണ്ണിയെയും കാണുമ്പോള്‍ അവര്‍ക്ക് എന്റെ കൗതുകവും എന്റെ ചോദ്യങ്ങളും ഇഷ്ടമായി എന്നുള്ളത് ഉറപ്പാണ്. പക്ഷേ അത് ഇങ്ങനെ വലിയൊരു ക്യാന്‍വാസില്‍ എടുക്കാന്‍ പോകുന്ന സിനിമയാണ് എന്നുള്ളതിനെ പറ്റി യാതൊരുവിധ പ്രതീക്ഷകളോ ധാരണകളോ ഞാന്‍ കൊടുത്തിരുന്നില്ല. കാരണം ഓരോ സ്റ്റേജും ‘വര്‍ക്ക് ഇന്‍ പ്രോഗ്രസ്’ ആണ്. ‘വര്‍ക്ക് ഇന്‍ പ്രോഗ്രസ്സ്’ എന്ന സ്റ്റേജില്‍ നമ്മള്‍ എവിടെയാണ് എത്തിച്ചേരുക എന്നതിനെപ്പറ്റി നമുക്ക് ഒരിക്കലും ഒന്നും പറയാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ അമിതമായിട്ടുള്ള പ്രതീക്ഷകള്‍ ഞങ്ങളാരും അങ്ങോട്ടുമിങ്ങോട്ടും ഷെയര്‍ ചെയ്തിരുന്നില്ല.

സിനിമ പൂര്‍ത്തിയായി അതിന്റെ ട്രെയിലര്‍ പുറത്തിറങ്ങി ജനങ്ങള്‍ സംസാരിച്ചു തുടങ്ങിയതിനുശേഷമാണ് ഇവരും അത്തരത്തില്‍ റിയാക്ട് ചെയ്ത് തുടങ്ങിയത്, ഇത് ജനങ്ങളിലേക്ക് എത്തുമെന്ന് ഉള്ള ഒരു പ്രതീക്ഷ ഞങ്ങളെല്ലാവരും വച്ചുപുലര്‍ത്തിയത്. അതിനു ശേഷം ഇടപ്പള്ളി വിനീതാ തീയേറ്ററിലാണ് ആദ്യ ദിവസം ആദ്യ ഷോ ഞങ്ങളെല്ലാവരും കൂടി ഒരുമിച്ചു കാണുന്നത്. കുഞ്ചാക്കോബോബന്‍, വിനായകന്‍, ഉണ്ണിമായ, ദാസന്‍ കോങ്ങാട്
തുടങ്ങി നിരവധി അഭിനേതാക്കള്‍ പങ്കെടുത്ത സ്‌ക്രീനില്‍ ആണ് ഇവര്‍ ഈ സിനിമ കാണുന്നത്. ഈ സിനിമ കണ്ടതിനുശേഷം ആദ്യത്തെ പ്രതികരണം അവരില്‍ നിന്നും ഉണ്ടായത് ഇത് ഇമോഷണല്‍ ആയിട്ടുള്ള ഒരു മൊമെന്റ് ആണ് എന്നതാണ്. അവര് പറഞ്ഞത് ഇനി ഇതൊരു സിനിമയായി കാണണമെങ്കില്‍ ഒരു പ്രാവശ്യം കൂടി കാണേണ്ടി വരും എന്നാണ്. കണ്ണു നിറഞ്ഞൊഴുകി എന്നാണ് വിളയോടി ശിവന്‍കുട്ടി പറഞ്ഞത്.ചരിത്രത്തിലേക്ക് ഓഫര്‍ ചെയ്യുന്ന ഒരു കുഴിബോംബ് ആയിട്ടാണ് അജയന്‍ മണ്ണൂര്‍ ഇതിനോട് പ്രതികരിച്ചത്. ഇത് ഏറ്റവും സത്യസന്ധമായിട്ടുള്ള ഒരു ആഖ്യാനമാണ് എന്നാണ് കല്ലറ ബാബു പറഞ്ഞത്. ഇത് അവരെ തന്നെ ത്രില്ലടിപ്പിക്കുകയും ഓര്‍മ്മകളിലേക്ക് തിരിച്ചു കൊണ്ടു പോവുകയും ചെയ്തു എന്നാണ് കാഞ്ഞങ്ങാട് രമേശന്‍ പറഞ്ഞത്.

എം എന്‍ രാവുണ്ണിയോട് സിനിമയെ കുറിച്ചുള്ള അഭിപ്രായം ആരാഞ്ഞപ്പോള്‍ അദ്ദേഹവും പറഞ്ഞത് സിനിമയുടെ രാഷ്ട്രീയത്തെക്കുറിച്ചല്ല. സിനിമയുടെ സൗന്ദര്യശാസ്ത്രത്തെക്കുറിച്ചും അതിനെ ഒരു ത്രില്ലര്‍ എന്നുള്ള രീതിയില്‍ എങ്ങനെയാണ് അദ്ദേഹം ഏറ്റവും ബ്യൂട്ടിഫുള്‍ ആയിട്ട് ഈ സിനിമ കണ്ടത് എന്നുള്ളതുമാണ്. ഞാന്‍ ഇതിനെയൊക്കെ അപ്രിഷിയേറ്റ് ചെയ്യുന്നുണ്ട്, സന്തോഷത്തോടുകൂടി സ്വീകരിക്കുന്നുണ്ട്. കാരണം ഒരു സംഭവത്തിന്റെ മനസ്സറിഞ്ഞു കൊണ്ട് കുറച്ച് ആളുകള്‍ ഒരുമിച്ചു ചേര്‍ന്നപ്പോള്‍ ഉണ്ടായ മനോഹരമായിട്ടുള്ള, കലക്ടീവ് ആയിട്ടുള്ള ആഗ്രഹത്തിന്റെയും കണ്‍വിക്ഷന്റെയും ചോദ്യങ്ങളുടെയും ഒക്കെ ഒരു ആകെത്തുക ആയിട്ടാണ് ഞാന്‍ ഈ സിനിമയെ കാണുന്നത്. അത് അവര്‍ ഷെയര്‍ ചെയ്തു എന്നുള്ളത് എന്നെ സംബന്ധിച്ചിടത്തോളം വളരെ മനോഹരമായിട്ടുള്ള ഒരു എക്‌സ്പീരിയന്‍സ് ആയിരുന്നു.

പടയുടെ യഥാര്‍ത്ഥ പോരാളികളുടെ അന്നത്തെയും ഇന്നത്തെയും സാമൂഹിക അവസ്ഥകളെപ്പറ്റിയുള്ള നിലപാടുകളെക്കുറിച്ച് താങ്കള്‍ ചോദിച്ചറിഞ്ഞിട്ട് ഉണ്ടാവണമല്ലോ. അതൊന്ന് വിശദീകരിക്കാമോ.

🟢 അയ്യങ്കാളിപ്പടയുടെ പ്രവര്‍ത്തകര്‍ ആയിട്ടുള്ള കല്ലറ ബാബു,അജയന്‍ മണ്ണൂര്‍, കാഞ്ഞങ്ങാട് രമേശന്‍, വിളയോടി ശിവന്‍കുട്ടി എന്നിവയൊക്കെ ജീവിതത്തില്‍ ഇപ്പോള്‍ പല മേഖലകളില്‍ വ്യാപൃതരാണ്. രാഷ്ട്രീയ ബോധം ഇന്നും അവരില്‍ വളരെയധികം സജീവമായി നിലനില്‍ക്കുന്നുണ്ട്. പല പ്രവര്‍ത്തികളിലും പണികളിലുമാണ് അവരെങ്കിലും അവര്‍ എന്നും ആവേശത്തോടെ കൂടിയാണ് പഴയ സമരങ്ങളെ കുറിച്ച് ചിന്തിക്കുന്നത്. അയ്യങ്കാളി പടയുടെ ബന്ധുക്കള്‍ സമരം എന്ന് പറയുന്നത് അവര്‍ ജീവിതത്തില്‍ ചെയ്ത സമരങ്ങളില്‍ ഒന്ന് മാത്രമാണ്. നിലവില്‍ അവര്‍ക്ക് സംഘടന രാഷ്ട്രീയമോ കൃത്യമായിട്ടുള്ള പ്രവര്‍ത്തനങ്ങളോ ഇല്ലെങ്കില്‍ പോലും ഇവരുടെ പ്രത്യയശാസ്ത്രപരമായ പ്രവര്‍ത്തനങ്ങളോട് ഉള്ള കമ്മിറ്റ്മെന്റ് കണ്ടപ്പോള്‍ ശരിക്കും എനിക്ക് അതിശയം തോന്നിയിട്ടുണ്ട്.

താങ്കളുടെ സൃഷ്ടികള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന അന്യായങ്ങളെ പിന്തുണച്ചു കൊണ്ടുള്ളതാവില്ല എന്നും സമൂഹത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന അരക്ഷിതാവസ്തകളെ വീണ്ടും അരക്കെട്ടുറപ്പിക്കുന്നതാവില്ല എന്നും പ്രതീക്ഷിക്കാമോ?

🟢 തന്റെ പ്രവൃത്തിയില്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന ഏതൊരു കലാകാരനും ആഗ്രഹിക്കുന്നത് ഒരോ സൃഷ്ടികളും സമൂഹത്തില്‍ എന്തെങ്കിലും തരത്തിലുള്ള ഉദ്‌ബോധനങ്ങള്‍ ഉണ്ടാക്കണമെന്നാണ്. അപ്പോ അവരുടെ ഓരോ സൃഷ്ടികളും ആ ഒരു ദിശയില്‍ ഉള്ളത് ആയിരിക്കുമല്ലോ.

മെയില്‍ ഷോവണിസങ്ങളുടെയും സ്ത്രീ വിരുദ്ധ സംഭാഷണങ്ങളുടെയും അതിപ്രസരത്തില്‍ നിന്നും മലയാള സിനിമ കുറച്ചൊക്കെ മാറി വരുന്നുണ്ട്. അത്തരം പ്രവണതകളെക്കുറിച്ചുള്ള താങ്കളുടെ കാഴ്ചപ്പാട് എന്താണ്?

🟢 തീര്‍ച്ചയായിട്ടും മലയാള സിനിമ മാറുകയാണ്. മലയാള സിനിമയുടെ കഥാപരിസരങ്ങള്‍ മാറുകയാണ്. സിനിമയില്‍ കണ്ടുകൊണ്ടിരുന്ന കഥാപാത്രങ്ങള്‍ക്കു വേഷം പകര്‍ന്നു കൊണ്ടിരുന്ന കലാകാരന്മാരുടെ നിര മാറുകയാണ്. പുതിയ നിരയിലുള്ള കലാകാരന്മാര്‍ ഉണ്ടാകുന്നു, പുതിയ പ്രാതിനിധ്യങ്ങള്‍ ഉണ്ടാകുന്നു. സ്ത്രീകളുടെ പ്രാതിനിധ്യമാവട്ടെ,കഥയിലും തിരക്കഥയിലും ഉള്ള സ്ത്രീകളുടെ റെപ്രെസന്റ്റേഷന്‍ ആവട്ടെ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ റെപ്രസേന്റ്റേഷന്‍ ആവട്ടെ ഇതെല്ലാം മാറി വരുന്ന ഒരു കാഴ്ചയാണ് നമ്മള്‍ കാണുന്നത്. മുമ്പുണ്ടായിരുന്ന ഏറ്റവും ഭയങ്കരമായിട്ടുള്ള മെയില്‍ ഷോവനിസ്റ്റ് ഇടങ്ങളില്‍ നിന്നും മലയാളസിനിമ മാറി കുറച്ചുകൂടി നീതിപരമായ അല്ലെങ്കില്‍ ആര്‍ഗ്യുമെന്ററ്റീവ് ആയിട്ടുള്ള ഒരു ഇടത്തിലേക്ക് നീങ്ങുന്നത് നമുക്ക് കാണാം. അത് പ്രേക്ഷക അഭിരുചിക്കൊപ്പം തന്നെ അല്ലെങ്കില്‍ നേരെ തിരിച്ചും പ്രേക്ഷക അഭിരുചിയില്‍ നിന്ന് ഇന്‍സ്പിരേഷന്‍ ഉള്‍ക്കൊണ്ടുകൊണ്ട് പുതിയ പരീക്ഷണങ്ങള്‍,സിനിമകള്‍ ഉണ്ടാക്കപ്പെടുന്നുണ്ട്. ഇതൊക്കെ കൊണ്ട് മലയാളത്തില്‍ ഗുണപരമായിട്ടുള്ള ഒരു മാറ്റമാണ് ഉണ്ടാകുന്നത്. പഴയ സിനിമകളിലെ ഇത്തരത്തിലുള്ള സവര്‍ണ്ണ ജാതി മേല്‍ക്കോയ്മകള്‍ക്കെതിരെ പുരുഷമേധാവിത്വപരമായ നിലപാടുകള്‍ക്കെതിരെ,സംഭാഷണങ്ങള്‍ക്കെതിരെ ഇന്ന് ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.

ഡോ. കീര്‍ത്തി പ്രഭ

ഒ.ടി.ടി റിലീസുകള്‍ സിനിമയെ ഒരുപടി കൂടി ജനകീയവല്‍ക്കരിച്ച് അതിന്റെ ആരോഗ്യം കൂടുതല്‍ മെച്ചപ്പെടുത്തും എന്ന വാദത്തില്‍ താങ്കള്‍ എത്രമാത്രം വിശ്വസിക്കുന്നു?

🟢 ഒ.ടി.ടി റിലീസുകള്‍ സിനിമയെ ജനകീയ വല്‍ക്കരിക്കുന്നു എന്ന് പറയുന്നതിലുപരി പുതിയ ഒരു ഓഡിയന്‍സിനെ ഉണ്ടാക്കിയെടുക്കുകയാണ് ചെയ്യുന്നത്. അവിടെയും സംഭവിക്കുന്നത് ജനകീയ വല്‍ക്കരണം തന്നെയാണ്. ഒ.ടി.ടി റിലീസ് കൊണ്ട് സത്യത്തില്‍ എന്താണ് സംഭവിച്ചത്,ഒരു പാന്‍ ഇന്ത്യന്‍ ഓഡിയന്‍സ് ഉണ്ടായി മലയാളസിനിമയ്ക്ക്. ഏതു സിനിമ ഒ.ടി.ടി യില്‍ ഇറങ്ങിയാലും അതിന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒരു വിഭാഗം കാഴ്ചക്കാര്‍ ഉണ്ട്. അതുകൊണ്ടുതന്നെ ഒരു പാന്‍ ഇന്ത്യന്‍ ഓഡിയന്‍സിനെ അല്ലെങ്കില്‍ ഇന്റര്‍നാഷണല്‍ ഓഡിയന്‍സിനെ ആണ് ഒ.ടി.ടി റിലീസ് കൊണ്ട് മലയാളസിനിമയ്ക്ക് ഉണ്ടായിരിക്കുന്നത്. സിനിമ വ്യവസായത്തെ സംബന്ധിച്ച്, സിനിമ എന്നുള്ള ഒരു കലാരൂപത്തെ സംബന്ധിച്ച് അത് തീര്‍ച്ചയായും കൂടുതല്‍ ഗുണകരമാണ്. നമുക്കും അതുതന്നെയാണ് മനസ്സിലാവുന്നത്. പട എന്ന സിനിമ നിര്‍മ്മിച്ചതിനുശേഷം അതിന് ഒരു ഒ.ടി.ടി മാര്‍ക്കറ്റ് ഉണ്ടായിരുന്നു, ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റ് ഉണ്ടായിരുന്നു. എല്ലായിടങ്ങളിലും ഈ സിനിമകള്‍ എത്തിക്കാന്‍ സാധിക്കുകയും ആ എത്തിക്കുന്നതിലൂടെ ഉണ്ടാകുന്ന അധികവരുമാനം ആ സിനിമയുടെ നിര്‍മ്മാതാക്കളെയോ അല്ലെങ്കില്‍ അതില്‍ വര്‍ക്ക് ചെയ്തിട്ടുള്ള ആളുകളെയൊ സഹായിച്ചിട്ടുണ്ട്. എല്ലാ തരത്തിലുള്ള സിനിമകളെയും അത് സഹായിക്കും എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.