Follow the News Bengaluru channel on WhatsApp

ഉള്ളിലൊഴുകട്ടെ ശുഭചിന്തകൾ

അജി മാത്യൂ കോളൂത്ര

പ്രോമിത്യൂസിന്റെ ഹൃദയം
അധ്യായം നാൽപ്പത്തിയെട്ട്

ആശകളാണ് (ചിന്തകളാണ്) ദുഃഖത്തിന്റെ കാരണമെന്ന് പ്രശസ്തമായൊരു ബുദ്ധവചനമുണ്ട്. ബുദ്ധമതം മുന്നോട്ട് വയ്ക്കുന്ന മഹത്തായ നാല് ആശയങ്ങളിലും ഇതേ ചിന്തയുണ്ട്. ഗഹനമായ അർത്ഥതലങ്ങളുള്ള ഒന്നായിട്ടാണ് ഈ വചനത്തെ മനസ്സിലാക്കേണ്ടത്. കാരണം മറ്റെന്തിലും ഉപരിയായി ചിന്തകൾ മനുഷ്യജീവിതത്തിൽ പുലർത്തുന്ന സ്വാധീനം വളരെ വലുതാണ്. ശാരീരിക മികവും സാമ്പത്തികശേഷിയും അധികാരവും മാത്രം കൊണ്ട് ജീവിതം മികച്ചതാക്കാൻ മനുഷ്യർക്ക് കഴിയില്ല. അതിന് അവന്റെ മനസ്സ്കൂടി അനുവദിക്കേണ്ടതുണ്ട്. മനസ്സിന് ജീവിതത്തോടുള്ള ബന്ധം ചിന്തകളാണ്. ആശകളെ ചിന്തകൾ എന്ന വാക്കിന് പൂർണ്ണപര്യായമായി ഉപയോഗിക്കാമോയെന്ന് ഉറപ്പില്ലെങ്കിലും അത്തരമൊരു ശ്രമം നടത്തുകയാണ്.

ഉള്ളതിനേയും കടന്നു ചിന്തിക്കുവാനുള്ള, കാണുന്നതിനെയും കടന്നു കാണുവാനുള്ള കഴിവാണ് മനുഷ്യവർഗ്ഗത്തിന്റെ പുരോഗതിയുടെ ആധാരം. നായാടിയും, പെറുക്കിയെടുത്തും (hunter & gatherers) ചെറിയ കൂട്ടങ്ങളായി കാട്ടിൽ കഴിഞ്ഞിരുന്ന മനുഷ്യനെ മെട്രോപ്പൊലീറ്റൻ സിറ്റിയുടെ ബഹുനില സൗധങ്ങളിലേക്ക് വഴിനടത്തിയതും മൺ കുടിലിൽ നിന്നും നക്ഷത്രങ്ങൾ തേടിയുള്ള സഞ്ചാരത്തിലേക്ക് കൊണ്ടുചെന്നെത്തിച്ചതും ചിന്തകളാണ്. ഗുഹാ ഭിത്തികളിൽ കോറിയിട്ട ചെറിയ ചിത്രങ്ങളിൽ നിന്നും ബഹുഭാഷാ സംവിധാനങ്ങളിലേക്കും കലയുടെ നിറസൗകുമാര്യം പകരുന്ന ആർട്ട്‌ ഗ്യാലറികളിലേക്കും വളർത്തിയതും അതുതന്നെയാണ്.

നാം എങ്ങനെ ചിന്തിക്കുന്നുവോ അങ്ങനെ ആയിത്തീരുന്നുവെന്ന് കേട്ടിട്ടില്ലേ. (The way you think, the way you become.) അത് സത്യമാണ്. ഒരു കവി/കലാകാരൻ തന്റെ പുതിയ സൃഷ്ടിയിലേക്ക് പോകുന്നതും, വൈജ്ഞാനികന്‍ തന്റെ കണ്ടുപിടിത്തങ്ങളിലേക്ക് പോകുന്നതും, ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നതും ചിന്തകളുടെ ഫലമാണ്. ഒരു എഞ്ചിനീയറും, കച്ചവടക്കാരനും,
കൃഷിക്കാരനും, വക്കീലും, ഡോക്ടറും എന്നുവേണ്ട നമ്മുടെ ചുറ്റുമുള്ള എന്തും സംഭവിക്കുന്നത് തുടർച്ചയായ ചിന്തകളുടെ ഫലമായിട്ടാണ്. കവിയാകാൻ ആഗ്രഹിക്കുന്ന ഒരാൾ താൻ എഴുതിയ, വായിച്ച, അല്ലെങ്കിൽ എഴുതാൻ ആഗ്രഹിക്കുന്ന കവിതകളെപ്പറ്റി തുടർച്ചയായി ചിന്തിക്കുന്നു. ഒരു സന്ദർഭം മനസ്സിൽ കണ്ട് അതിനെ തുടർച്ചയായി മനനം ചെയ്യുന്നു. അതിന്റെ ഫലമായി വരികളായും വാക്കുകളായും കവിത അയാളുടെ മനസ്സിൽ രൂപപ്പെടുന്നു.

പുതിയ കെട്ടിടം പണിയാൻ ആഗ്രഹിക്കുന്ന എഞ്ചിനീയർ തന്റെ മനസ്സിലാണ് അതിന്റെ കല്ലിടുന്നത്. അയാളുടെ അറിവിന്റെയും ചിന്തകളുടെയും ഗതിക്കനുസരിച്ച് ആ കെട്ടിടത്തിന്റെ രൂപരേഖ ഉരുത്തിരിഞ്ഞുവരുന്നു. ബിസിനസ്സ് ചെയ്യുന്നയാൾ തന്റെ കച്ചവടത്തിന്റെ തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതും വിപുലീകരണം ആസൂത്രണം ചെയ്യുന്നതും വിജയം ആഘോഷിക്കുന്നതും ആദ്യം ചിന്തകളിലൂടെയാണ്. മറ്റാരിലേക്കും പോകേണ്ട, ‘നിങ്ങളുടെ’ ജീവിതത്തിൽ ജോലിയോ, വിവാഹമോ ഭവനനിർമാണമോ അങ്ങനെ ഏറ്റവും പ്രധാനപ്പെട്ട മറ്റെന്തെങ്കിലുമോ സംഭവിച്ചപ്പോൾ, പരിഹാരം കണ്ടെത്താൻ ബുദ്ധിമുട്ടുള്ള പ്രശ്നത്തിൽ നിങ്ങൾ അകപ്പെട്ടിരുന്നപ്പോൾ എവിടെയാണ് അതിനുള്ള ആദ്യ പ്രത്യാശാകിരണമുദിച്ചത്? ചിന്തയിൽ തന്നെ. ഒരു സംശയവും വേണ്ട.

ചിന്തകളുടെ ഏറ്റവും വലിയ കുഴപ്പം അത് ഏതുവശത്തേക്കും സഞ്ചരിക്കും എന്നുള്ളതാണ്. പ്രത്യാശാനിർഭരമായ ചിന്തകളാണ് നിങ്ങൾക്കുള്ളതെങ്കിൽ തുടർചിന്തകളും അതുവഴി ജീവിതവും അതേ പാതയിൽ സഞ്ചരിക്കും. ഹൃദയത്തെ മുറിപ്പെടുത്തുന്ന , ജീവിതത്തിൽ സന്താപം
നിറയ്ക്കുന്ന ചിന്തകളാണ് നിങ്ങൾക്കുള്ളതെങ്കിൽ തുടർചിന്തകളുടെ ഭാരത്താൽ ജീവിതവും നിങ്ങൾക്ക് ദുഃഖങ്ങൾ സമ്മാനിച്ചു തുടങ്ങും. അതുതന്നെയാണ് മനുഷ്യർ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയും . സന്തോഷമായാലും ദുഃഖമായാലും വരുമ്പോൾ എല്ലാം കൂടി ഒരുമിച്ചാണ് വരുന്നതെന്ന് കേട്ടിട്ടില്ലേ. അങ്ങനെ ഒരേ പടർപ്പിൽ അവ വരാനുള്ള കാരണം നമ്മുടെതന്നെ ചിന്തകളാണ്. സന്തോഷവും ദുഖവും, കാമവും ക്രോധവും, വിരക്തിയും, വിഷാദവുമെല്ലാം നമ്മുടെതന്നെ തുടർച്ചയായ ചിന്തകളുടെ ഉത്പന്നങ്ങളാണ്. ഇവയിൽ നിന്നുള്ള മുക്തിയും ഉചിതമായ ചിന്തയിലൂടെ മാത്രമേ സാധ്യമാകു.

വിഷാദാത്മകമായ അനുഭവങ്ങളാണോ നിങ്ങളുടെ പ്രശ്നം, പരിഹാരം ലളിതമാണ്. മനസ്സിനെ ശുഭചിന്തകളാൽ നിറയ്ക്കാൻ ശ്രമിക്കൂ. ഓരോ പ്രതിസന്ധിയിലും പരാജയമല്ല, അവയിൽ നിന്നും മുക്തിനേടി സന്തോഷത്തോടെ ജീവിക്കുന്നതായി സങ്കൽപ്പിക്കൂ. വിട്ടുമാറാത്ത ലൈംഗികതൃഷ്ണയാണോ നിങ്ങളെ അലട്ടുന്നത്, നിസ്വാർത്ഥമായ, രതിനിർഭരമല്ലാത്ത ബന്ധങ്ങളെപ്പറ്റിയും അനുഭവങ്ങളെപ്പറ്റിയും ചിന്തിക്കൂ. നിയന്ത്രിക്കാനാവാത്ത ക്രോധമാണോ നിങ്ങൾക്കുള്ളത് ? വ്യത്യസ്തമായ സാഹചര്യങ്ങളിൽ ക്ഷമിക്കുന്നതിനെപ്പറ്റിയും, വികാരങ്ങളെ നിയന്ത്രിക്കുന്നതിനെപ്പറ്റിയും ചിന്തിച്ചുകൊണ്ടേയിരിക്കൂ. ക്രോധം തനിയെ നേർവഴിക്കു വരും.

നമുക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിലുമപ്പുറമാണ് മനുഷ്യമനസ്സിന്റെ ശക്തി. ചിന്തകളെ ശരിയായി നിയന്ത്രിക്കാൻ കഴിയുന്നവർക്ക് അവർ ആഗ്രഹിക്കുന്ന രീതിയിൽ ജീവിതം മുന്നോട്ട് പോകും വിധം മനസ്സ് അത്ഭുതങ്ങൾ സമ്മാനിക്കും. പിന്തിരിയാതെ പകുതിവഴിയിൽ പോരാട്ടം അവസാനിപ്പിക്കാതെ ശുഭാപ്തിവിശ്വാസത്തോടെ പോരാടാൻ നാം തയ്യാറാകണമെന്നു മാത്രം. ശുഭചിന്തയുള്ളവർക്ക് എല്ലാം ശുഭമായി ഭവിക്കും.

 

വാൽ….

ധ്യാനം ശീലമാക്കൂ

ചിന്തകളെ നിയന്ത്രിക്കാനുള്ള ഏറ്റവും നല്ല മാർഗം ധ്യാനമാണ്. അതിനായി പല രീതികളുണ്ട്. വളരെ ലളിതമായ ഒരു ധ്യാന ശൈലി ചുവടെ ചേർക്കുന്നു.

കുറഞ്ഞപ്രകാശം മാത്രമുള്ള ഒരിടത്ത് സുഖകരമായി ഇരിക്കുകയോ നിവർന്നു കിടക്കുകയോ ചെയ്യുക. കണ്ണുകളടച്ച് മനസ്സിനെ ശാന്തമാക്കുക. – മറ്റൊന്നിലേക്കും ശ്രദ്ധിക്കാതെ ഒന്ന് മുതൽ 100 വരെ പതുക്കെ എണ്ണുക. എണ്ണിതീരുമ്പോഴേക്കും ശരീരവും മനസ്സും ശാന്തമായിത്തുടങ്ങും.

കാലുകളുടെ തള്ളവിരലിൽ നിന്നും ഒരു പ്രകാശരശ്മി ശരീരത്തിലേക്ക് പ്രവേശിക്കുന്നതായി സങ്കൽപ്പിക്കുക. ഇത് സന്തോഷത്തിന്റെയും ക്രിയാത്മക ചിന്തകളുടെയും പ്രകാശമാണ്. ആ പ്രകാശം കാലിൽ നിന്നും മുകളിലേക്ക് പടർന്നു കയറുന്നു. അത് കയറുന്തോറും ശരീരത്തിന്റെ അതാത് ഭാഗങ്ങളിൽ നിന്നും തെറ്റായ ചിന്തകളുടെ ഇരുട്ട് അകന്ന് പോകുന്നതായും പകരം പോസിറ്റീവ് ചിന്തകളുടെ ഊർജ്ജം നിറയുന്നതായും സങ്കൽപ്പിക്കുക. മെല്ലെ മെല്ലെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും നെഗറ്റീവ് ഊർജ്ജം ഇല്ലാതാകുകയും പോസിറ്റീവ് ഊർജ്ജം നിറയുകയും ചെയ്യും.

തുടർന്ന്, ആ ദിവസം അതുവരെ നിങ്ങൾ ചെയ്ത പ്രവർത്തനങ്ങൾ ഓരോന്നായി ഓർത്തെടുക്കാൻ ശ്രമിക്കുക. അവയിൽ ഓരോന്നിന്റെയും തെറ്റും ശരിയും മറ്റൊരാളുടെ കണ്ണിൽ നിന്നെന്നവണ്ണം പരിശോധിച്ച് തെറ്റോ ശരിയോ എന്ന് വിലയിരുത്തുക. ഒരു വിധത്തിലുള്ള ഒഴികഴിവും കണക്കിലെടുക്കാതെ വേണം അങ്ങനെ ചെയ്യാൻ. തെറ്റായ കാര്യങ്ങൾ ഇനിയും ഉണ്ടാകില്ലെന്ന് സ്വയം ഉറപ്പ് കൊടുക്കുക. ശരിയായവയ്ക്ക് സ്വയം അഭിനന്ദിക്കുക. അങ്ങനെ ഈ നിമിഷം വരെയുള്ള കാര്യങ്ങൾ വിലയിരുത്തിയ ശേഷം തുടർന്ന് (അടുത്തദിവസം) ചെയ്യാനുള്ള കാര്യങ്ങൾ ആലോചിക്കുക. അവ പക്വമായി എങ്ങനെ ചെയ്യാമെന്ന് സ്വയം പഠിപ്പിക്കുക. പ്രധാന കാര്യങ്ങളെല്ലാം ഓർത്ത ശേഷം വീണ്ടും നിങ്ങളിൽ പ്രസരിക്കുന്ന വെളിച്ചത്തിലേക്ക് ചിന്ത കൊണ്ടുവരിക. നിങ്ങളിൽ നിറയുന്ന പോസിറ്റീവ് ഊർജ്ജം നിങ്ങളുടെ വീട്ടിലേക്കും, നാട്ടിലേക്കും, സംസ്ഥാനത്തേക്കും രാജ്യത്തേക്കും പടരുന്നതായും അങ്ങനെ ഈ ലോകം മുഴുവനും ശുഭചിന്തകൾ കൊണ്ട് നിറയുന്നതായും സങ്കൽപ്പിക്കുക. അതേ ശാന്തതയിൽ അൽപ്പനേരം കൂടി ചിലവഴിച്ച ശേഷം പതിയെ ധ്യാനം അവസാനിപ്പിക്കാം.

പ്രോമിത്യൂസിന്റെ ഹൃദയം :▶️▶️ മുൻ അധ്യായങ്ങൾ ഇവിടെ വായിക്കാം

🟡
#Motivation
#SelfHelp


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.