ബെംഗളൂരു: ബെംഗളൂരുവിലെ ക്രൈസ്റ്റ് സി.ബി.എസ്.ഇ. സ്കൂളിൽ നടന്ന ഗോത്ര നൃത്ത മത്സരം ശ്രദ്ധേയമായി. ബെംഗളൂരുവിലെ കുടിയേറ്റ ഗോത്ര സമൂഹങ്ങൾ താമസിക്കുന്ന മേഖലയിലെ എട്ട് സംഘങ്ങളുടെ വിവിധ നൃത്തരൂപങ്ങളാണ് അരങ്ങേറിയത്. ഗോത്ര സാംസ്കാരിക പൈതൃകം സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക, കുടിയേറ്റ ഗോത്രങ്ങളെ അവരുടെ വേരുകളുമായി വീണ്ടും ബന്ധിപ്പിക്കുക, ഗോത്ര സമൂഹങ്ങൾക്കിടയിൽ ഐക്യം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യങ്ങളോടെ ധർമാരാം കോളേജും ക്രൈസ്റ്റ് സർവകലാശാലയും സംയുക്തമായാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്.
മത്സരത്തില്‍ ഫ്രേസർ ടൗൺ ഹോളി ഗോസ്റ്റ് ചർച്ച് ടീം ഒന്നാം സ്ഥാനം നേടി. മഡിവാള സെന്റ് ആന്റണീസ് ഫ്രയറി ചർച്ച് രണ്ടാം സ്ഥാനവും ഇന്ദിരാനഗർ റെസറക്ഷൻ ചർച്ച് മൂന്നാം സ്ഥാനവും നേടി
ബെംഗളൂരു ആർച്ച് ബിഷപ്പ് റവ. ഡോ. പീറ്റർ മച്ചാഡോ, ക്രൈസ്റ്റ് സർവകലാശാല വൈസ് ചാൻസലർ റവ. ഫാ. ജോസ്, ധർമാരാം കോളേജ് റെക്ടർ റവ. ഫാ. വർഗീസ് വിതയത്തിൽ എന്നിവർ ചടങ്ങില്‍ സംസാരിച്ചു.

SUMMARY: Tribal Dance Competition







