ബെംഗളൂരു ചലച്ചിത്രമേളയ്‌ക്ക് തുടക്കം; ഇന്ന് മൂന്ന് മലയാള ചിത്രങ്ങള്‍ അടക്കം 52 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും

0
130

ബെംഗളൂരു: 17-ാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തിരശ്ശീലയുയര്‍ന്നു. വിധാൻസൗധയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ മേളയ്ക്ക് തിരിതെളിയിച്ചു. റിസ്വാൻ അർഷദ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. നിയമനിർമാണ കൗൺസിൽ അധ്യക്ഷൻ ബസവരാജ് ഹൊരട്ടി, മേളയുടെ അംബാസഡർ നടൻ പ്രകാശ് രാജ്, നടി രുക്മിണി വസന്ത്, കർണാടക ചലച്ചിത്ര അക്കാദമി ചെയർമാൻ സാധു കോകില, വി.ബി. കാവേരി തുടങ്ങിയവർ സംസാരിച്ചു. തുടര്‍ന്നു ഉദ്ഘാടന ചിത്രമായ ഡച്ച് സിനിമ അബ്ദുൽകരീം അൽ ഫാസിയുടെ പോർട്ട് ബാഗേജ് പ്രദര്‍ശിപ്പിച്ചു.

പ്രമുഖ വയലിനിസ്റ്റും സംഗീതജ്ഞയുമായ ഡോ. ജ്യോത്സ്‌ന ശ്രീകാന്തിന്റെ നേതൃത്വത്തിൽ നടന്ന സംഗീതാ പരിപാടിയോടെയായിരുന്നു മേളയ്ക്ക് തുടക്കം കുറിച്ചത്.  വിധാൻസൗധയുടെ മുഖ്യകവാടത്തില്‍ ഒരുക്കിയ പ്രത്യേക വേദിയിലായിരുന്നു പരിപാടികള്‍ നടന്നത്.

രണ്ടാം ദിനമായ ഇന്ന് വിവിധ സ്ക്രീനുകളിലായി മൂന്ന് മലയാള ചിത്രങ്ങള്‍ അടക്കം 52 ചിത്രങ്ങള്‍ പ്രദർശിപ്പിക്കും. ഉണ്ണി കെ.ആറിന്റെ ‘എ പ്രഗ്നന്റ് വിഡോ’(ഇന്ത്യൻ സിനിമാമത്സര വിഭാഗം), ബോബൻ ഗോവിന്ദന്റെ മലവാഴി (ഇന്ത്യൻ സിനിമാമത്സര വിഭാഗം) ജി. അരവിന്ദന്റെ ചിദംബരം (നടി സ്മിതാ പാട്ടീൽ റിട്രോസ്പെക്ടീവ്) എന്നിവയാണ് പ്രദർശനത്തിനെത്തുന്നത്.

രാജാജിനഗറിലെ ലുലു മാൾ ആണ് മുഖ്യ വേദി. കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ്, സുചിത്ര ഫിലിം സൊസൈറ്റിയിലും പ്രദർശനങ്ങൾ ഉണ്ട്. സ്ത്രീഎന്തരേഅഷ്ടേ സാകെ’(വിമൻ ആസ് ഷി ഈസ്) എന്നതാണ് ഈ വർഷത്തെ മേളയുടെ പ്രമേയം. 60-ഓളം സ്ത്രീപക്ഷ സിനിമകൾ പ്രദർശനത്തിലുണ്ട്. ഫെബ്രുവരി ആറു വരെ നടക്കുന്ന മേളയിൽ എഴുപതിലധികം രാജ്യങ്ങളിൽനിന്നുള്ള 225-ലധികം സിനിമകൾ പ്രദർശിപ്പിക്കുന്നുണ്ട്.

ഇന്നത്തെ സ്ക്രീനിംഗ് ഷെഡ്യൂൾ

SUMMARY: Bengaluru Film Festival begins; 52 films, including three Malayalam films, will be screened

LEAVE A REPLY

Please enter your comment!
Please enter your name here