ന്യൂഡൽഹി: രാജ്യത്ത് പ്രീമിയം പെട്രോളിന്റെയും ഡീസലിന്റെയും വില വർധിപ്പിച്ചു. എക്സ്.പി100 പെട്രോൾ (പ്രീമിയം വേരിയന്റ്), എക്സ്ട്രാ ഗ്രീൻ (പ്രീമിയം ഡീസൽ) എന്നിവയുടെ വിലയാണ് കൂട്ടിയത്. ഡൽഹിയിൽ എക്സ്.പി100 പെട്രോളിന്റെ വില ലിറ്ററിന് 149 രൂപയിൽനിന്ന് 160 രൂപയായി ഉയർന്നു. ഡീസൽ എക്സ്ട്രാ ഗ്രീൻ വില 91.49 രൂപയിൽ നിന്ന് 92.99 രൂപയാക്കി.
ആഗോള ഇന്ധനവില വർധനയുടെ പശ്ചാത്തലത്തിൽ വിമാന ഇന്ധനത്തിന്റെ (ഏവിയേഷൻ ടർബൈർ ഫ്യുവൽ) വിലയിലും വർധനയുണ്ടായി. ജെറ്റ് ഇന്ധന വിലയിൽ രണ്ട് മടങ്ങിലധികം വർധനയാണുണ്ടായത്. ഇതോടെ കിലോ ലിറ്ററിന് 2.07 ലക്ഷം രൂപയായി ഉയർന്നു. ആദ്യമായാണ് വ്യോമയാന ടർബൈൻ ഇന്ധന വില കിലോ ലിറ്ററിന് രണ്ടുലക്ഷം കടക്കുന്നത്. ഡൽഹിയിൽ കിലോ ലിറ്ററിന് 96,638 രൂപയായിരുന്ന വില ഇപ്പോൾ 2,07,342 രൂപയാണ്.
മാർച്ച് ഒന്നിന് വിമാന ഇന്ധനത്തിന്റെ വില 5.7 ശതമാനം വർധിപ്പിച്ചിരുന്നു. ഇന്ധനവില ഇരട്ടിയിലധികം വർധിച്ചതോടെ വിമാന ടിക്കറ്റ് നിരക്കിലും വർധനയുണ്ടായേക്കാം. ചരിത്രത്തിലാദ്യമായാണ് വിമാന ഇന്ധനത്തിൻ്റെ വില രണ്ട് ലക്ഷം കടക്കുന്നത്. 2022 ലെ 1.1 ലക്ഷമായിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയർന്ന വില. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ വിതരണത്തിൽ വീണ്ടും തടസ്സമുണ്ടാകുമെന്ന ആശങ്ക വില കുത്തനെ ഉയരാൻ കാരണമായിപ്രീമിയം ഇന്ധനങ്ങൾക്ക് വില ഉയർന്നുവെങ്കിലും, സാധാരണ പെട്രോൾ, ഡീസൽ വില മാറ്റിയിട്ടില്ല. എങ്കിലും വരും ദിവസങ്ങളിൽ പെട്രോൾ, ഡീസൽ വിലയിലും മാറ്റമുണ്ടായേക്കാമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
SUMMARY: Price hiked by Rs 11 in one go; Premium petrol and diesel prices hiked, flight ticket prices likely to increase
















