ന്യൂയോർക്ക്: മൈക്രോസോഫ്റ്റ് ഔട്ട്ലുക്ക്, മൈക്രോസോഫ്റ്റ് 365 സേവനങ്ങൾ വ്യാപകമായി തടസ്സപ്പെട്ടു. ആയിരക്കണക്കിന് ഉപയോക്താക്കൾക്ക് ഇമെയിൽ സേവനങ്ങൾ, കോപൈലറ്റ് എഐ സോഫ്റ്റ്വെയർ, മറ്റ് പ്രധാന പ്രോഗ്രാമുകൾ എന്നിവ ലഭ്യമാകാതെ വന്നു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ഔട്ട്ലുക്കിൽ ഏകദേശം 1,30,000 തകരാറുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
വൈകുന്നേരം 6:25 ഓടെ ഔട്ട്ലുക്ക് തകരാറുകളുടെ എണ്ണം 32,513 ആയി കുറഞ്ഞതായി usatoday.com റിപ്പോർട്ട് ചെയ്തു. 365 സേവനങ്ങൾക്ക് 6:23 ഓടെ 11,294 തകരാറുകൾ രേഖപ്പെടുത്തി. തകരാറിലായ സെർവറുകൾ പുനരാരംഭിക്കാനും പ്രവർത്തനക്ഷമത ഉറപ്പാക്കാനും ശ്രമിച്ചതായി മൈക്രോസോഫ്റ്റ് അറിയിച്ചു.
ഔട്ടേജ് ട്രാക്കറായ ഡൗൺഡിറ്റക്ടറിന്റെ കണക്കുകൾ പ്രകാരം, ഏകദേശം 1,30,000 ഉപയോക്താക്കളാണ് ഔട്ട്ലുക്കിലെ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തത്. ഈ പ്രശ്നം ലോകമെമ്പാടുമുള്ള മൈക്രോസോഫ്റ്റ് 365 കണക്റ്റിവിറ്റിയെ ബാധിച്ചേക്കാമെന്ന് കമ്പനി പിന്നീട് സ്ഥിരീകരിച്ചു. ഔട്ട്ലുക്ക്, ടീംസ് തുടങ്ങിയ ആപ്ലിക്കേഷനുകൾ ഉൾപ്പെടുന്ന മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് അധിഷ്ഠിത സബ്സ്ക്രിപ്ഷൻ സേവനമാണ് മൈക്രോസോഫ്റ്റ് 365.
വിവിധ മേഖലകളിൽ അമിതമായ ലോഡ് അനുഭവപ്പെട്ടതാണ് കണക്റ്റിവിറ്റി പ്രശ്നങ്ങൾക്ക് കാരണമായതെന്ന് മൈക്രോസോഫ്റ്റ് എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
SUMMARY: Microsoft Outlook goes on strike; Services disrupted, causing hardship to thousands of users
















