ബെംഗളൂരു: ബെംഗളൂരുവിലെ പ്രധാന റെയില്‍വേ സ്റ്റേഷനായ കെഎസ്ആർ ബെംഗളൂരുവില്‍ യാർഡ് പുനർനിർമ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ കേരളത്തിലേക്കുൾപ്പെടെയുള്ള ട്രെയിനുകൾക്ക് ഒരാഴ്ചത്തേക്കു നിയന്ത്രണം ഏർപ്പെടുത്തിയതായി ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു. ട്രെയിനുകള്‍ റദ്ദാക്കലും വഴിതിരിച്ചുവിടലുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാസഞ്ചർ, എക്സ്പ്രസ് ഉൾപ്പെടെ 58 ട്രെയിനുകൾ പൂർണമായി റദ്ദാക്കി. 116 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. 26 ട്രെയിനുകൾ വഴിതിരിച്ചുവിടും. ഭാഗികമായി റദ്ദാക്കിയ പല ട്രെയിനുകളും ബെംഗളൂരുവിലെ ഇതര സ്റ്റേഷനുകളിൽ യാത്ര ആരംഭിക്കുകയോ അവസാനിപ്പിക്കുകയോ ചെയ്യും. വന്ദേ ഭാരത് ഉള്‍പ്പെടെയുള്ള സര്‍വീസുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്.
കേരളത്തിലേക്കുള്ള സര്‍വീസുകളില്‍ മാറ്റം
സര്‍വീസ് റദ്ദാക്കി: പാലക്കാട് വഴിയുള്ള യശ്വന്തപുര –മംഗളൂരു സെൻട്രൽ പ്രതിവാര എക്സ്പ്രസിന്റെ (16565) നാളത്തെ സർവീസ് റദ്ദാക്കിയിട്ടുണ്ട്. മംഗളൂരു സെൻട്രൽ–യശ്വന്തപുര എക്സ്പ്രസിന്റെ (16566) തിങ്കളാഴ്ചയിലെ സർവീസും റദ്ദാക്കിയിട്ടുണ്ട്.
മറ്റു നിയന്ത്രണങ്ങള്‍:
കെഎസ്ആർ ബെംഗളൂരു–എറണാകുളം ജംക്‌ഷൻ വന്ദേഭാരത് എക്സ്പ്രസ് (26651) 4 വരെ രാവിലെ 5.10നു കന്റോൺമെന്റിൽ നിന്നു പുറപ്പെടും. എറണാകുളം ജംക്‌ഷൻ–കെഎസ്ആർ ബെംഗളൂരു വന്ദേഭാരത് (26652) 3 വരെ കെആർ പുരത്ത് സർവീസ് അവസാനിപ്പിക്കും. ഈ ദിവസങ്ങളില്‍ ബയ്യപ്പനഹള്ളിക്കും കെഎസ്ആർ ബെംഗളൂരുവിനും ഇടയിൽ സർവീസ് നടത്തില്ല.
കോഴിക്കോട്–കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ് (16512) ഓഗസ്റ്റ് 3 വരെ ബെംഗളൂരു എസ്എംവിടി ടെർമിനലിൽ രാവിലെ 7.45നു സർവീസ് അവസാനിപ്പിക്കും. യശ്വന്തപുര, കെഎസ്ആർ ബെംഗളൂരു എന്നിവിടങ്ങളിലെ സ്റ്റോപ് റദ്ദാക്കിയിട്ടുണ്ട്.
കെഎസ്ആർ ബെംഗളൂരു–കോഴിക്കോട് എക്സ്പ്രസ് (16511) ഓഗസ്റ്റ് 4 വരെ രാത്രി 8നു ബെംഗളൂരു എസ്എംവിടി ടെർമിനലിൽ നിന്നായിരിക്കും യാത്ര തുടങ്ങുക. ഈ ദിവസങ്ങളില്‍ കെഎസ്ആർ ബെംഗളൂരു, യശ്വന്തപുര എന്നിവിടങ്ങളിലെ സ്റ്റോപ് റദ്ദാക്കിയിട്ടുണ്ട്..
എറണാകുളം ജംക്‌ഷൻ–കെഎസ്ആർ ബെംഗളൂരു ഇന്റർസിറ്റി എക്സ്പ്രസ് (16378) 3 വരെ കന്റോൺമെന്റിൽ സർവീസ് അവസാനിപ്പിക്കും.കെഎസ്ആർ ബെംഗളൂരു–എറണാകുളം ജംക്‌ഷൻ ഇന്റർസിറ്റി എക്സ്പ്രസ് (16377) 4 വരെ രാവിലെ 6.22നു കന്റോൺമെന്റിൽ നിന്നാണ് യാത്ര ആരംഭിക്കുക.
കെഎസ്ആർ ബെംഗളൂരു–കന്യാകുമാരി എക്സ്പ്രസ് (16526) 3 വരെ രാത്രി 8.10നു ബെംഗളൂരു എസ്എംവിടിയിൽ നിന്നു പുറപ്പെടും. ബയ്യപ്പനഹള്ളിക്കും കെഎസ്ആർ ബെംഗളൂരുവിനും ഇടയിൽ സർവീസ് നടത്തില്ല. കന്യാകുമാരി–കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ് (16525) ഓഗസ്റ്റ് ഒന്നു മുതൽ 3 വരെ ബെംഗളൂരു എസ്എംവിടിയിൽ സർവീസ് അവസാനിപ്പിക്കും. ബയ്യപ്പനഹള്ളിക്കും കെഎസ്ആർ ബെംഗളൂരുവിനും ഇടയിൽ സർവീസ് നടത്തില്ല.
SUMMARY: Attention passengers; Renovation works at KSR station; Restrictions on trains including those to Kerala
















