ബെംഗളൂരു: നഗരത്തിലെ വർധിച്ചുവരുന്ന ഗതാഗതക്കുരുക്കിനും അനധികൃത വാഹന പാര്‍ക്കിംഗിനും പരിഹാരം കാണാൻ നിർദേശിച്ച പുതിയ പാർക്കിംഗ് നിയമങ്ങളുടെ കരട് സംബന്ധിച്ച് പൗരന്മാരിൽ നിന്ന് നിർദ്ദേശങ്ങൾ തേടി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ). നിർദേശങ്ങളും എതിർപ്പുകളും സെപ്റ്റംബർ 10 വരെ സമർപ്പിക്കാം.
പുതിയ നിർദേശപ്രകാരം വീടുകൾക്ക് മുന്നിലുള്ള പൊതുറോഡുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും വാർഷിക ഫീസ് ഏർപ്പെടുത്താനാണ് പദ്ധതി. ചെറിയ കാറുകൾക്ക് 15,000 രൂപയും സെഡാനുകൾക്ക് 20,000 രൂപയും എസ്യുവികൾക്ക് 25,000 രൂപയും വാർഷിക പാർക്കിങ് അനുമതി ഫീസായി ഈടാക്കാൻ നിർദേശമുണ്ട്. വാണിജ്യ മേഖലകളിലെ റോഡരികിലെ പാർക്കിങ്ങിന് കാറുകൾക്ക് റോഡിന്റെ വിഭാഗമനുസരിച്ച് മണിക്കൂറിന് 40 മുതൽ 80 രൂപ വരെയും ഇരുചക്രവാഹനങ്ങൾക്ക് 20 മുതൽ 40 രൂപ വരെയും ഫീസ് ഈടാക്കാനും കരടിൽ വ്യവസ്ഥയുണ്ട്. ദീർഘനേരം റോഡരികിൽ വാഹനം പാർക്ക് ചെയ്യുന്നതിന് ക്രമാനുഗതമായി ഉയർന്ന നിരക്ക് ഈടാക്കാനും തിരക്കേറിയ പ്രധാന റോഡുകളിൽ പാർക്കിങ് നിയന്ത്രിക്കാനും നിർദേശമുണ്ട്.
ഇതിനുപുറമെ, നിർദിഷ്ട ബഹുനില പാർക്കിങ് കേന്ദ്രങ്ങൾക്ക് സമീപം റോഡരികിൽ പാർക്കിങ് നിരോധിക്കുന്നതും പരിഗണനയിലുണ്ട്. കെട്ടിടങ്ങൾക്ക് നിർബന്ധമായും ഒരുക്കേണ്ട പാർക്കിങ് സൗകര്യം നൽകാത്ത ഉടമകൾക്കെതിരെയും പാർക്കിങ് സ്ഥലങ്ങൾ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നവർക്കെതിരെയും നടപടി ശക്തമാക്കാനും കരടിൽ നിർദേശിക്കുന്നു.
അതേസമയം, ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ പാർക്കിങ് സൗകര്യങ്ങളാക്കി മാറ്റാൻ ഉടമകൾക്ക് നികുതി ഇളവുകൾ നൽകാനും സർക്കാർ നിർദേശിച്ചിട്ടുണ്ട്. ബഹുനിലയോ സ്വയം പ്രവർത്തിക്കുന്നതോ ആയ പാർക്കിങ് സൗകര്യത്തിനായി ഒഴിഞ്ഞ സ്ഥലങ്ങൾ ഉപയോഗിച്ചാൽ 100 ശതമാനം സ്വത്ത് നികുതി ഇളവും ഭൂനിരപ്പിലുള്ള പാർക്കിങ് സൗകര്യങ്ങൾക്ക് 50 ശതമാനം ഇളവും നൽകുന്ന നിർദേശമാണ് മുന്നിലുള്ളത്.
ബെംഗളൂരുവിൽ 1.28 കോടിയിലധികം രജിസ്റ്റർ ചെയ്ത വാഹനങ്ങളുണ്ട്. നഗരത്തിന് പുറത്തു രജിസ്റ്റർ ചെയ്തതും ബെംഗളൂരുവിൽ സ്ഥിരമായി ഉപയോഗിക്കുന്നതുമായ 15 മുതൽ 20 ലക്ഷം വരെ വാഹനങ്ങൾ കൂടി കണക്കിലെടുക്കുമ്പോൾ നഗരത്തിൽ ഏകദേശം 1.5 കോടി വാഹനങ്ങൾ ഉപയോഗത്തിലുണ്ടെന്നാണ് സർക്കാർ കണക്ക്. വാഹനങ്ങൾ ഏകദേശം 95 ശതമാനം സമയവും വീടുകളിലോ ഓഫീസുകളിലോ മറ്റ് സ്ഥലങ്ങളിലോ പാർക്ക് ചെയ്തിരിക്കുകയാണെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു.
റോഡുകളുടെ പരിമിതമായ വീതിയും വാഹനങ്ങളുടെ വർധനയും അനിയന്ത്രിത പാർക്കിങ്ങും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നതായി സർക്കാർ വിലയിരുത്തുന്നു. പൊതുറോഡുകൾ സ്വകാര്യ വാഹനങ്ങളുടെ സ്ഥിരം പാർക്കിങ് സ്ഥലങ്ങളായി ഉപയോഗിക്കുന്നത് നിയന്ത്രിച്ച് പൊതുഗതാഗതത്തിനും കാൽനടയാത്രക്കാർക്കും കൂടുതൽ സൗകര്യമൊരുക്കുകയാണ് പുതിയ ചട്ടങ്ങളുടെ പ്രധാന ലക്ഷ്യം.
എങ്ങനെ നിർദേശം സമർപ്പിക്കാം?
പൊതുജനങ്ങൾക്കും വിവിധ സ്ഥാപനങ്ങൾക്കും തങ്ങളുടെ നിർദേശങ്ങളും എതിർപ്പുകളും സെപ്റ്റംബർ 10നകം സമർപ്പിക്കാം. നിർദേശങ്ങൾ ഇ-മെയിൽ വഴി acsuddoffice@gmail.com എന്ന വിലാസത്തിലേക്ക് അയയ്ക്കാം.
തപാൽ വഴിയോ നേരിട്ടോ നിർദേശങ്ങൾ നൽകാം:
അഡീഷണൽ ചീഫ് സെക്രട്ടറി,
നഗരവികസന വകുപ്പ്,
വികാസ സൗധ,
ബെംഗളൂരു.
പൊതുജനങ്ങളിൽ നിന്നും ബന്ധപ്പെട്ട വിഭാഗങ്ങളിൽ നിന്നും ലഭിക്കുന്ന അഭിപ്രായങ്ങൾ പരിശോധിച്ച ശേഷമായിരിക്കും ചട്ടങ്ങൾ അന്തിമമാക്കുക. അതിനാൽ നിർദേശിച്ച ഫീസ്, പാര്‍ക്കിംഗ് നിയന്ത്രണങ്ങൾ, താമസമേഖലകളിലെ പാർക്കിങ് സംവിധാനം തുടങ്ങിയവ സംബന്ധിച്ച അഭിപ്രായങ്ങൾ നൽകാൻ നഗരവാസികൾക്ക് അവസരമുണ്ട്.
SUMMARY: New parking rules in Bengaluru; The Greater Bengaluru Authority seeks suggestions from the public
















