തിരുവനന്തപുരം: സംസ്ഥാനത്തെ ബൂത്ത് ലെവല്‍ ഓഫീസർമാർക്കും ബിഎല്‍ഒ സൂപ്പർവൈസർമാർക്കും ഓണറേറിയം അനുവദിച്ചു. 47 കോടി രൂപ അനുവദിച്ച് തിരഞ്ഞെടുപ്പ് വകുപ്പ് ഉത്തരവിറക്കി. വോട്ടർപട്ടികയുടെ തീവ്രപരിഷ്കരണ നടപടിയുടെ ഭാഗമായി പ്രവർത്തിച്ച ബിഎല്‍ഒമാർക്കും സൂപ്പർവൈസർമാർക്കും ഓണറേറിയം ലഭിക്കാത്ത വിവരം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
സംസ്ഥാനത്ത് എസ്ഐആർ നടപടികളുടെ ഭാഗമായി പ്രവർത്തിച്ച 30,000ത്തിലധികം ബിഎല്‍ഒമാർക്കും സൂപ്പർവൈസർമാർക്കുമാണ് തുക ലഭിക്കുക. നാല് മാസത്തോളം ബിഎല്‍ഒമാർ എസ്ഐആർ ഡ്യൂട്ടി ചെയ്തിരുന്നു. എന്നാല്‍ ഡ്യൂട്ടി പൂർത്തിയാക്കി മാസങ്ങള്‍ കഴിഞ്ഞിട്ടും ഓണറേറിയവും യാത്രച്ചെലവും ലഭിക്കാത്തതിനെ തുടർന്നാണ് വിഷയം വാർത്തയായത്.
എസ്ഐആർ ഡ്യൂട്ടിക്കായി ബിഎല്‍ഒമാർക്ക് 6,000 രൂപ ഓണറേറിയം നല്‍കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരുന്നു. കേരളത്തിന് പിന്നാലെ എസ്ഐആർ നടപടികള്‍ പൂർത്തിയാക്കിയ പുതുച്ചേരി, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ തുക വിതരണം ചെയ്തിരുന്നു. ഇതോടെയാണ് കേരളത്തോടുള്ള അവഗണന ചർച്ചയായത്. ബിഎല്‍ഒമാരുടെ വാർഷിക അലവൻസായ 12,000 രൂപ ഉള്‍പ്പെടെയാണ് നിലവില്‍ 47 കോടി രൂപ അനുവദിച്ചിരിക്കുന്നത്.
SUMMARY: SIR Duty: Honorarium Sanctioned for BLOs
















