ന്യൂഡൽഹി: റെയിൽവേ സ്റ്റേഷൻ കൗണ്ടറുകളിൽനിന്ന് ടിക്കറ്റ് വാങ്ങുന്ന എല്ലാ യാത്രക്കാർക്കും ഒക്ടോബർ 27 മുതൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്ന് ഇന്ത്യൻ റെയിൽവേയോട് സുപ്രീം കോടതി നിർദേശിച്ചു. ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയാൽ റെയിൽവേ ബോർഡ് നേരിട്ട് ഉത്തരവാദിയായിരിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ഓൺലൈനായി ടിക്കറ്റുകൾ വാങ്ങുമ്പോൾ ലഭിക്കുന്ന അതേ ഇൻഷുറൻസ് പരിരക്ഷ കൗണ്ടറുകളിൽനിന്ന് വാങ്ങുന്നവയ്ക്കും ലഭിക്കണമെന്ന് കോടതി വ്യക്തമാക്കി.
ജസ്റ്റിസ് അഹ്സനുദ്ദീൻ അമാനുള്ള, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. 2023 ജൂണിൽ ഒഡിഷയിലുണ്ടായ ബാലസോർ ട്രെയിൻ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതി യാത്രക്കാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സുപ്രീം കോടതി നിർണായക ഇടപെടൽ നടത്തിയത്.
നാമമാത്രമായ അധിക തുക നൽകി ഓൺലൈനായി റെയിൽവേ ടിക്കറ്റ് എടുക്കുന്നവർക്ക് മാത്രമാണ് നിലവിൽ ഇൻഷുറൻസ് പരിരക്ഷയുള്ളത്. ഇതുമായി ബന്ധപ്പെട്ട് കേസ് നേരത്തെ പരിഗണിച്ചിരുന്ന ഘട്ടത്തിൽ ഓഫ്ലൈനായി ടിക്കറ്റ് വാങ്ങുന്നവർക്കും ഓൺലൈൻ ടിക്കറ്റെടുക്കുന്നവർക്ക് ലഭിക്കുന്ന ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ ബെഞ്ച് റെയിൽവേയോട് ആവശ്യപ്പെട്ടിരുന്നു. സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ളവരടക്കം ഓഫ്ലൈനായി ടിക്കറ്റെടുക്കുന്നവരാണെന്നും കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി. എന്നാൽ, ആവശ്യമായ സമയം അനുവദിച്ചിട്ടും റെയിൽവേ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് ഉത്തരവ് പുറപ്പെടുവിക്കുന്നതെന്നും സുപ്രീംകോടതി അറിയിച്ചു.
കൗണ്ടർ ടിക്കറ്റുകൾക്കും ഇൻഷുറൻസ് നൽകുന്ന കാര്യത്തിൽ അന്തിമ തീരുമാനമായെന്നും ഇതിന്റെ രീതികൾ തയ്യാറാക്കിവരികയാണെന്നും മേയ് 11 ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഒക്ടോബർ 6 ന് കേസ് വീണ്ടും പരിഗണിച്ചപ്പോൾ, സാധാരണക്കാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഇത്രയും ഗൗരവകരമായ വിഷയത്തിൽ റെയിൽവേ മന്ത്രാലയ ഉദ്യോഗസ്ഥരുടെ നിലപാടിൽ കോടതി കടുത്ത നിരാശയും അതൃപ്തിയും രേഖപ്പെടുത്തി. ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന റെയിൽവേയുടെ ഉറപ്പുകൾ കേവലം കടലാസിൽ മാത്രമായി ഒതുങ്ങിയെന്നും താഴെത്തട്ടിൽ കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും ബെഞ്ച് വിമർശിച്ചു. സുരക്ഷാ മുൻകരുതലുകൾക്കായി അനുവദിച്ച ബജറ്റ് വിഹിതം പോലും പൂർണ്ണമായി വിനിയോഗിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും കൗണ്ടറുകളിൽ നിന്ന് നേരിട്ട് ടിക്കറ്റ് എടുക്കുന്നവരുമായ യാത്രക്കാർക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താൻ അധികൃതർക്ക് ആവശ്യത്തിന് സമയം നൽകിയിരുന്നുവെന്നും ബെഞ്ച് നിരീക്ഷിച്ചു. ഈ വിഷയത്തിൽ യാതൊരു പുരോഗതിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ്, രണ്ടാഴ്ചയ്ക്കുള്ളിൽ, അതായത് ഒക്ടോബർ 27 മുതൽ ഓൺലൈൻ ടിക്കറ്റുകൾക്ക് സമാനമായി കൗണ്ടറുകളിൽ നിന്ന് വാങ്ങുന്ന എല്ലാ ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത്. ഉത്തരവ് നടപ്പിലാക്കിയില്ലെങ്കിൽ റെയിൽവേ ബോർഡിനെതിരെ നേരിട്ട് നടപടിയുണ്ടാകുമെന്നും കോടതി വ്യക്തമാക്കി. കേസ് നവംബർ 16 ന് വീണ്ടും പരിഗണിക്കും.
SUMMARY: The Supreme Court has made insurance coverage mandatory for train tickets purchased directly at counters, effective October 27.
















