റിയാദ്: സൗദി അറേബ്യയിൽ നിരോധിത മരുന്ന് കൈവശം വച്ചതിന് പോലിസിന്റെ പിടിയിലായ വയനാട് അയ്യൻകൊല്ലി സ്വദേശിനി ഫിലോമിനയെ വിട്ടയച്ചു. സൗദിയിൽ നിരോധിച്ച മരുന്നുകൾ കൈവശം വെച്ചതുമായി ബന്ധപ്പെട്ടാണ് ഇവരെ നേരത്തെ കസ്റ്റഡിയിലെടുത്തത്. എന്നാൽ വിശദമായ അന്വേഷണത്തിനൊടുവിൽ ഇവർ നിരപരാധിയാണെന്ന് തെളിഞ്ഞതിനെത്തുടർന്നാണ് ഇപ്പോൾ മോചിതയായിരിക്കുന്നത്. സംഭവത്തിൽ ഇന്ത്യൻ എംബസിയുടെയും കോൺസുലേറ്റിന്റെയും ഇടപെടൽ നടത്തിയിരുന്നു.
വയനാട് സുൽത്താൻ ബത്തേരിക്കടുത്ത് നീലഗിരി ജില്ല അതിർത്തിയിലെ അയ്യങ്കൊല്ലി ആനന്ദ് നിവാസ് രവി-ശെൽവി ദമ്പതികളുടെ മകളായ ഫിലോമിന കഴിഞ്ഞ മൂന്ന് വർഷമായി റിയാദിലെ കിംഗ് ഫഹദ് ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു. വാർഷികാവധി കഴിഞ്ഞ് ഈ മാസം പത്തിനാണ് ഫിലോമിന ബെംഗളൂരുവിൽനിന്ന് വിമാനമാർഗം ജിദ്ദയിലെത്തിയത്. തുടർന്ന് കണക്ഷൻ വിമാനത്തിൽ റിയാദിലേക്ക് പോകാനായിരുന്നു പദ്ധതി.
ജിദ്ദ വിമാനത്താവളത്തിൽ ഇറങ്ങിയശേഷം രാത്രി എട്ടരയോടെ പിതാവ് രവിക്കും ഭർത്താവ് ജോണിനും ഫിലോമിന ശബ്ദ്ദസന്ദേശം അയച്ചിരുന്നു. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ തന്നെ തടഞ്ഞുവച്ചതായും ലഗേജ് കൊണ്ടുപോയതായും ഫോൺ ആവശ്യപ്പെട്ടതായും സന്ദേശത്തിൽ അറിയിച്ചിരുന്നു.
ഇതിന് പിന്നാലെ ഫിലോമിനയുമായി ബന്ധപ്പെടാൻ കഴിയാതായതോടെ കുടുംബം കടുത്ത ആശങ്കയിലായി. തുടർന്ന് കുടുംബാംഗങ്ങളും സാമൂഹിക പ്രവർത്തകരും നടത്തിയ അന്വേഷണത്തിലാണ് ഫിലോമിന സൗദി പോലിസിന്റെ കസ്റ്റഡിയിലാണെന്ന വിവരം സ്ഥിരീകരിച്ചത്.
എന്നാൽ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയുടെയും നാർകോടിക്സ് കൺട്രോൾ ഡയറക്ടറേറ്റിന്റെയും പരിശോധനയിൽ ലഹരി മരുന്നല്ലെന്ന് തെളിയുകയും നിരപരാധിയാണെന്ന് ബോധ്യപ്പെടുകയും ചെയ്തതോടെയാണ് അധികൃതർ ഫിലോമിനയെ മോചിപ്പിച്ചത്.
SUMMARY: A Malayali nurse, who was arrested in Saudi Arabia for possessing a banned medicine, has been released.
















