ബെംഗളൂരു: ഐ.ടി നഗരമായ ബെംഗളൂരുവിൽനിന്ന് രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലേക്കുള്ള ട്രെയിൻ യാത്രാസമയത്തിൽ വൻ കുറവ് വരുന്നു. ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പർ സർവീസ് നവംബർ ഒന്നിന് ആരംഭിക്കുന്നതോടെ നിലവിലെ യാത്രാസമയത്തിൽനിന്ന് 6 മണിക്കൂർ ലാഭിക്കാം. ഇരുനഗരങ്ങൾക്കുമിടയിൽ ട്രെയിൻ മാർഗം യാത്ര ചെയ്യാൻ ഇപ്പോൾ ഏകദേശം 22 മണിക്കൂർ വേണമെങ്കിൽ, പുതിയ വന്ദേഭാരത് സ്ലീപ്പറിൽ 16 മണിക്കൂർ കൊണ്ട് ലക്ഷ്യസ്ഥാനത്തെത്താം. വളവുകൾ കുറവുള്ളതും വേഗതയേറിയ യാത്രയ്ക്ക് അനുയോജ്യവുമായ കലബുറഗി വഴിയുള്ള റൂട്ടാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും ആഡംബര സൗകര്യങ്ങളുള്ള ബെംഗളൂരു-മുംബൈ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് നവംബർ ഒന്നിനാണ് സർവീസ് ആരംഭിക്കുന്നത്. 823 ബെർത്തുകളുള്ള എ.സി. 3-ടിയർ, എ.സി. 2-ടിയർ, എ.സി. ഫസ്റ്റ്ക്ലാസ് എന്നിങ്ങനെ 16 കോച്ചുകളാണ് ട്രെയിനിലുണ്ടാവുക. അപകടങ്ങൾ ഒഴിവാക്കാനുള്ള ഡിജിറ്റൽ സാങ്കേതികവിദ്യയായ ‘കവച്’ (Kavach) സുരക്ഷാ സംവിധാനം, കൂടുതൽ സി.സി.ടി.വി. ക്യാമറകൾ, ക്രാഷ് റെസിസ്റ്റന്റ് കോച്ചുകൾ, അഗ്നിശമന സംവിധാനങ്ങൾ, ഓട്ടോമാറ്റിക് വാതിലുകൾ, അടിയന്തര ആശയവിനിമയ ഉപകരണങ്ങൾ, അത്യാധുനിക ശുചിമുറികൾ എന്നിവ ട്രൈനിന്റെ പ്രാധാന സവിശേഷതകളാണ്. അനന്തപൂർ, ഗുന്തക്കൽ, റായ്ച്ചൂർ, കലബുറഗി, സോലാപൂർ, പൂണെ, കല്യാൺ എന്നിവയാണ് പ്രധാന സ്റ്റോപ്പുകൾ.
SUMMARY: Bengaluru–Mumbai journey now in 16 hours; South India’s first Vande Bharat Sleeper to launch on November 1st
















