മലപ്പുറം: പി വി അൻവർ എംഎൽഎയുടെ ആരോപണങ്ങൾ വാർത്തയായതിന് പിന്നാലെ മലപ്പുറം ജില്ലാ പോലീസില്‍ അഴിച്ചുപണി. എസ് പി, ഡി വൈ എസ് പി റാങ്കിലെ ഉദ്യോഗസ്ഥരെ മാറ്റും. മുഖ്യമന്ത്രിയാണ് മാറ്റങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. സ്ഥലംമാറ്റ ഉത്തരവ് ഉടന്‍ ഇറങ്ങും. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ എല്‍ഡിഎഫ് യോഗം ചേരുന്നതിന് മുമ്പാണ് മുഖ്യമന്ത്രിയുടെ തീരുമാനം.
സ്പെഷ്യൽ ബ്രാഞ്ചടക്കം സബ്ഡിവിഷനിലെ ഉദ്യോഗസ്ഥർക്കും സ്ഥാനചലനമുണ്ടായി. ഡിവൈ.എസ്.പി വി.വി ബെന്നിയെയും സ്ഥലംമാറ്റി. പൊന്നാനിയിലെ വീട്ടമ്മയുടെ പരാതിയിലാണ് നടപടി. മലപ്പുറം മുൻ എസ് പിയും പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുമായ എസ്.സുജിത് ദാസിനെ അൻവറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ സസ്പെൻഡ് ചെയ്തിരുന്നു.
പോലീസിലെ അഴിച്ചുപണിയിൽ തൃപ്തനാണെന്നാണ് പി.വി അൻവർ എംഎൽഎ ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു. എസ്.പി എസ്.ശശിധരനെതിരെ പറഞ്ഞതിൽ മാപ്പ് പറയില്ലെന്ന് മുൻപ് അൻവർ വ്യക്തമാക്കി. ശശിധരൻ നമ്പർ വൺ സാഡിസ്റ്റാണെന്നും ഈഗോയിസ്റ്റാണെന്നുമായിരുന്നു അദ്ദേഹം ആരോപിച്ചത്. നല്ല ഓഫീസറല്ലെന്നും പൂജ്യം മാർക്കേ നൽകൂ എന്നും എംഎൽഎ വ്യക്തമാക്കിയിരുന്നു. എസ്.പിയോട് മാപ്പ് പറയില്ലെന്നും കേരളത്തിന്റെ മാപ്പുണ്ട്, മലപ്പുറത്തിന്റെ മാപ്പുണ്ട് , ഇനിയും വേണോ മാപ്പ്’ എന്നുമായിരുന്നു സമൂഹമാധ്യമത്തിൽ അൻവർ നടത്തിയ പ്രതികരണം. മാപ്പ് പറയണമെന്ന ഐപിഎസ് അസോസിയേഷന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
<BR>
TAGS : MALAPPURAM | KERALA POLICE
SUMMARY : Disbandment in Malappuram District Police. SPS Sasidharan transferred, DY SPs also transferred