ധാക്ക: യാത്രയ്ക്കിടെ ആകാശമധ്യേ എയര്‍ ആംബുലന്‍സിന്റെ വാതില്‍ തുറന്നതിനെത്തുടര്‍ന്ന് രോഗി മരിച്ചു. എയര്‍ ആംബുലന്‍സ് അടിയന്തരമായി ബംഗ്ലാദേശിലെ ധാക്ക ഹസ്രത്ത് ഷാഹ്ജലാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കി. പറക്കുന്നതിനിടെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിമാനത്തിന്റെ വാതില്‍ ഭാഗികമായി തുറക്കുകയായിരുന്നു. ഉടന്‍ തന്നെ പൈലറ്റ് അടിയന്തര ലാന്‍ഡിങ്ങിനു അനുമതി തേടുകയായിരുന്നു.
തുടര്‍ന്ന് ധാക്കയിലെ ഹസ്രത്ത് ഷാ ജലാല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ പ്രാദേശിക സമയം ഉച്ചയ്ക്ക് 1.40 ഓടെ വിമാനം അടിയന്തര ലാന്‍ഡിങ് നടത്തി. ഞായറാഴ്ചയായിരുന്നു സംഭവം. അഗര്‍ത്തലയില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് പോകുകയായിരുന്ന വിടിഎച്ച് വൈ എ എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത ബീച്ച്ക്രാഫ്റ്റ് കിംഗ് എയര്‍ സി90എ എന്ന എയര്‍ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്.
അതേസമയം, വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തെങ്കിലും വിമാനത്തിലുണ്ടായിരുന്ന ഇന്ത്യക്കാരിയിയായ രോഗി മരിച്ചതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. അഞ്ജന ഭൗമിക് എന്ന 56 കാരിയാണ് മരിച്ചത്. എന്നാല്‍ ഇവരുടെ രോഗത്തെ കുറിച്ചും മരണകാരണത്തെ കുറിച്ചുമുള്ള വിവരങ്ങള്‍ ലഭ്യമല്ല. വിമാനം ലാന്‍ഡ് ചെയ്തതിനു പിന്നാലെ അഞ്ജനയെ ബംഗ്ലദേശിലെ കുര്‍മിറ്റോള മള്‍ട്ടി കെയര്‍ സ്പെഷലൈസ്ഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴേക്കും മരിച്ചിരുന്നു
വിമാനത്തില്‍ രോഗിയെകൂടാതെ രണ്ട് പൈലറ്റുമാര്‍, ഒരു ഡോക്ടര്‍, ഒരു പാരാമെഡിക്കല്‍ ജീവനക്കാരന്, രോഗിക്കൊപ്പമുണ്ടായിരുന്ന രണ്ട് പേര് എന്നിവരാണ് ഉണ്ടായിരുന്നത്. ഇവരെല്ലാവരും സുരക്ഷിതരാണെന്നാണ് വിവരം.
SUMMARY: Air ambulance door opens mid-flight: Emergency landing in Bangladesh; Indian woman dies tragically
















