LATEST NEWS

അള്‍ട്രാവയലറ്റ് രശ്മികള്‍ നേരിട്ട് ഏൽക്കരുത്; 10 മുതൽ 3 വരെ പുറത്തിറങ്ങുന്നവർക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തു ചൂട് കൂടുന്ന സാഹചര്യത്തിൽ അൾട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി. അതോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ അൾട്രാവയലറ്റ് സൂചിക പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ പതിച്ചത് പത്തനംതിട്ട ജില്ലയിലെ കോന്നിയിലാണ്. അൾട്രാവയലറ്റ് സൂചികയിൽ ഒമ്പത് രേഖപ്പെടുത്തിയ ഇവിടെ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

കൂടാതെ, കൊല്ലം ജില്ലയിലെ കൊട്ടാരക്കര (എട്ട്), ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ (എട്ട്), കോട്ടയം ജില്ലയിലെ ചങ്ങനാശേരി (എട്ട്), ഇടുക്കി ജില്ലയിലെ മൂന്നാർ (എട്ട്) എന്നിവിടങ്ങളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, എറണാകുളം ജില്ലയിലെ കളമശേരി (ഏഴ്), പാലക്കാട് ജില്ലയിലെ തൃത്താല (ഏഴ്), മലപ്പുറം ജില്ലയിലെ പൊന്നാനി (ഏഴ്), തൃശൂർ ജില്ലയിലെ ഒല്ലൂർ (ആറ്), വയനാട് ജില്ലയിലെ മാനന്തവാടി (ആറ്), കോഴിക്കോട് ജില്ലയിലെ ബേപ്പൂർ (ആറ്) എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അൾട്രാവയലറ്റ് സൂചിക 11ന് മുകളിലാണെങ്കിൽ റെഡ് അലർട്ടും എട്ടുമുതൽ 10 വരെ ഓറഞ്ച് അലർട്ടും ആറു മുതൽ ഏഴുവരെ യെല്ലോ അലർട്ടുമാണ് നല്കുന്നത്.

തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.

പകൽ 10 മണി മുതൽ മൂന്നു മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.

പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മത്സ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, കാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.

പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം. യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക.

മലമ്പ്രദേശങ്ങൾ, ഉഷ്ണമേഖലാ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ അൾട്രാവയലറ്റ് സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന യുവി സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും യുവി സൂചിക ഉയർന്നതായിരിക്കും.
SUMMARY: Avoid direct exposure to ultraviolet rays; Warning to those going out between 10 am and 3 pm

NEWS DESK

Recent Posts

ഇരട്ടക്കൊലപാതകമെന്ന് സംശയം; നെടുങ്കണ്ടത്ത് വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി

നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടം പച്ചടിയില്‍ കുഴിച്ചിട്ട നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി. പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുവളപ്പിലാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. പോലീസ്…

2 minutes ago

മലയാളത്തിൽ സംസ്കാരിക വിമർശനവും നർമ്മവും കുറയുന്നു -കെ.ആർ. കിഷോർ

ബെംഗളൂരു: വെറുപ്പും വിദ്വേഷവും അസ്വസ്ഥതകളും പടരുന്നത് കൊണ്ടാകാം, കുഞ്ചൻ നമ്പ്യാരിൽ നിന്നും ആരംഭിച്ച നർമ്മവും സംസ്കാരിക വിമർശനവും മലയാള സാഹിത്യത്തിൽ…

14 minutes ago

ജന്മദിനാഘോഷത്തിനിടെ കേക്ക് തേച്ചതിനെച്ചൊല്ലിയുള്ള തർക്കം വെടിവെപ്പിൽ കലാശിച്ചു; മൂന്ന് യുവാക്കൾ കൊല്ലപ്പെട്ടു

ബുലന്ദ്‌ഷഹർ: മുഖത്ത് കേക്ക് തേച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ഉത്തർപ്രദേശിൽ മൂന്ന് യുവാക്കളെ വെടിവെച്ചുകൊന്നു. ബുലന്ദ്ഷഹറിലെ ആർജെഎസ് ഫിറ്റ്നസ് ജിമ്മിൽ ശനിയാഴ്ച രാത്രി…

56 minutes ago

മുണ്ടത്തിക്കോട് അപകടം: ഒരാൾ കൂടി മരിച്ചു; ആകെ മരണം 17

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ടുപ്പുര അപകടത്തില്‍ ചികില്‍സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലുണ്ടായിരുന്ന തൃശൂര്‍ കുണ്ടന്നൂർ സ്വദേശി…

2 hours ago

ജപ്പാനിൽ മണിക്കൂറുകൾക്കിടയിൽ രണ്ട് ഭൂചലനങ്ങൾ; ജാഗ്രതാ നിർദ്ദേശം

ടോക്കിയോ: ജപ്പാനിലെ വടക്കൻ ദ്വീപായ ഹൊക്കൈഡോയിൽ തിങ്കളാഴ്ച പുലർച്ചെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്‌കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ…

4 hours ago

ബെംഗളൂരു- മംഗളൂരു വന്ദേഭാരത് ഉടൻ -റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ്

ബെംഗളൂരു: ബെംഗളൂരു മംഗളൂരു വന്ദേഭാരത് സര്‍വീസ് ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ബെംഗളൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കുന്നു…

4 hours ago