ബെംഗളൂരു: മാംസം, കോഴിയിറച്ചി, മത്സ്യം എന്നിവയുടെ അവശിഷ്ടങ്ങൾ ശേഖരിക്കുന്നതിന് ഏർപ്പെടുത്തിയ പുതിയ ഫീസിനെതിരെ കർണാടക പൗൾട്രി ട്രേഡേഴ്‌സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ബെംഗളൂരുവിലെ ഇറച്ചിവ്യാപാരികൾ നടത്തുന്ന രണ്ട് ദിവസത്തെ സമരം തുടരുന്നു. സെപ്റ്റംബർ 3, 4 തീയതികളിൽ കടകൾ അടച്ചിടാനുള്ള തീരുമാനത്തിന്റെ ഭാഗമായി ഇന്ന് നഗരത്തിലെ നിരവധി കോഴിക്കടകൾ പ്രവർത്തിച്ചില്ല. ഫ്രീഡം പാർക്കിൽ വ്യാപാരികൾ പ്രതിഷേധിക്കുകയും ചെയ്തു.
മൃഗജന്യ മാലിന്യം ശാസ്ത്രീയമായി ശേഖരിച്ച് സംസ്കരിക്കുന്നതിനായി ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ലിമിറ്റഡ് നടപ്പാക്കുന്ന പുതിയ സംവിധാനത്തിന്റെ ഭാഗമായി മാലിന്യത്തിന് കിലോഗ്രാമിന് അഞ്ച് രൂപയും എല്ലുകൾക്ക് കിലോഗ്രാമിന് മൂന്ന് രൂപയും ശേഖരണ ഫീസ് ഈടാക്കാനാണ് തീരുമാനം. അംഗീകൃത ഏജൻസികൾ വഴിയാണ് മാലിന്യം ശേഖരിക്കുക.
ഫീസ് വ്യാപാരികൾക്ക് അധിക സാമ്പത്തിക ബാധ്യതയാകുമെന്നാണ് കർണാടക പൗൾട്രി ട്രേഡേഴ്സ് അസോസിയേഷന്റെ നിലപാട്. കോഴിയുടെ തല, കാലുകൾ, കുടൽ, തൊലി, എല്ലുകൾ തുടങ്ങിയ മാലിന്യങ്ങൾക്ക് വിപണിമൂല്യമുണ്ടെന്നും സ്വകാര്യ കമ്പനികൾ ഇവ ഉപയോഗിച്ച് വിവിധ ഉപോൽപ്പന്നങ്ങളും മൃഗത്തീറ്റയും നിർമിക്കുന്നുണ്ടെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. അതിനാൽ മാലിന്യശേഖരണത്തിന് പണം നൽകുന്നതിന് പകരം മാലിന്യത്തിന് കുറഞ്ഞപക്ഷം താങ്ങുവില നൽകണമെന്നാണ് അവരുടെ ആവശ്യം.
പുതിയ ഫീസ് പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് വ്യാപാരികൾ പ്രതിഷേധം ശക്തമാക്കിയത്. ഫീസ് തുടരുകയാണെങ്കിൽ അധിക ചെലവ് ഉപഭോക്താക്കളിലേക്ക് മാറ്റേണ്ടിവരുമെന്നും അതുവഴി കോഴിയിറച്ചിയുടെയും മറ്റ് മാംസ ഉൽപ്പന്നങ്ങളുടെയും വില ഉയരാൻ സാധ്യതയുണ്ടെന്നും വ്യാപാരികൾ മുന്നറിയിപ്പ് നൽകി.
അതേസമയം, നഗരത്തിലെ മൃഗജന്യ മാലിന്യം അനിയന്ത്രിതമായി പൊതുസ്ഥലങ്ങളിലും ഓടകളിലും തള്ളുന്നത് തടയുകയും ശാസ്ത്രീയമായി ശേഖരിച്ച് സംസ്കരിക്കുകയും ചെയ്യുന്നതിനാണ് പുതിയ സംവിധാനം കൊണ്ടുവരുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. നഗരത്തിലെ മാംസം, കോഴിയിറച്ചി, മത്സ്യ വിൽപ്പനശാലകൾ ഉൾപ്പെടെ 5,194 സ്ഥാപനങ്ങൾ അധികൃതർ കണ്ടെത്തിയിട്ടുണ്ടെന്നും പ്രതിദിനം ഏകദേശം 106.5 ടൺ മൃഗജന്യ മാലിന്യം ഉണ്ടാകുന്നുണ്ടെന്നും അധികൃതർ പറയുന്നു.
SUMMARY: Bengaluru chicken shops call bandh to protest animal waste collection fee
















