ബെംഗളൂരു: ബെംഗളൂരുവിൽ ചിട്ടികമ്പനി നടത്തി കോടിക്കണക്കിന് രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തി മലയാളി ദമ്പതിമാർ മുങ്ങിയെന്ന് പരാതി. ബെംഗളൂരു രാമമൂർത്തിനഗറിൽ എ ആൻഡ് എ ചിറ്റ് ഫണ്ട് ആൻഡ് ഫൈനാൻസ് നടത്തിവന്ന ആലപ്പുഴ രാമങ്കരി സ്വദേശി എ.വി. ടോമി, ഭാര്യ ഷൈനി ടോമി എന്നിവര്‍ക്കെതിരെയാണ് പരാതി. ഇവരുടെപേരിൽ രാമമൂർത്തി നഗർ പോലീസ് കേസെടുത്തു. ബുധനാഴ്ചമുതൽ ഇരുവരെയും കാണാതായെന്നാണ് പരാതി. ഫോൺ സ്വിച്ച് ഓഫാണ്. വീടും വാഹനവും വിറ്റശേഷം മുങ്ങിയതാണെന്നുപറയുന്നു. ഫോണില്‍ കിട്ടാത്തെ വന്നതോടെയാണ് ഇടപാടുകാര്‍ പോലീസിനെ സമീപിച്ചത്.
പി.ടി സാവിയോ എന്ന വ്യക്തിയാണ് പരാതി നൽകിയത്. 70 ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് പരാതി. തുടർന്ന് തട്ടിപ്പിനിരയായ 265 പേരാണ് പോലീസിനെ സമീപിച്ചത്. 40 കോടിയിലധികം രൂപ നിക്ഷേപകർക്ക് നഷ്ടമായെന്നാണ് നിഗമനം. പണം നഷ്ടമായവരിൽ ഭൂരിഭാഗവും മലയാളികളാണ്. 25 വർഷമായി പ്രവർത്തിച്ചുവരുന്ന ചിട്ടിക്കമ്പനിയാണിത്. മലയാളി സംഘടനകള്‍, ആരാധനാലയങ്ങൾ, റസിഡൻസ് അസോസിയേഷനുകൾ എന്നിവ വഴിയാണ് ഇവര്‍ ചിട്ടിയിലേക്ക് ആളുകളെ ചേർത്തിരുന്നത്. കേസെടുത്ത പോലീസ് പ്രതികൾ വിദേശത്തേക്ക് കടന്നിരിക്കാനുള്ള സാധ്യതയടക്കം പരിശോധിക്കുകയാണ്.
SUMMARY: Investment fraud worth crores of rupees; Case filed against Malayali couple