ബെംഗളൂരു: പ്രശസ്ത കന്നഡ നടൻ എം.എസ്. ഉമേഷ് (80) അന്തരിച്ചു. ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൈസൂർ ശ്രീകണ്ഠയ്യ ഉമേഷ് എന്നാണ് മുഴുവൻ പേര്. 1960-ൽ പുറത്തിറങ്ങിയ ‘മക്കള രാജ്യ’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തിയത്. നാഗര ഹോളേ, ഗുരു ശിഷ്യരു, അനുപന, അപൂർവസംഗമ, ഗോൾമാൽ രാധാകൃഷ്ണ, വെങ്കിട്ട ഇൻ സങ്കട്ട തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. നാനൂറിനടുത്ത് ചിത്രങ്ങളിൽ വേഷമിട്ടു. രാജ്കുമാർ, വിഷ്ണുവർധൻ തുടങ്ങിയ മുൻനിര നടന്മാർക്കൊപ്പം ഒട്ടേറെ സിനിമകളിൽ അഭിനയിച്ചു. മികച്ച സഹനടനുള്ള കർണാടക സംസ്ഥാന ചലച്ചിത്രപുരസ്കാരവും കർണാടക നാടക അക്കാദമി പുരസ്കാരവും നേടിയിട്ടുണ്ട്. ഉമേഷിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തുടങ്ങിയവർ അനുശോചിച്ചു.
SUMMARY: Kannada actor M.S. Umesh passes away