▪️ ഡോ. റഫീഖ് ഇബ്രാഹിം
ബെംഗളൂരു: പ്രമേയപരമായ സ്വാധീനം എന്നതുപോലെ സാഹിത്യോല്പാദന രീതിയിൽ സൃഷ്ടിച്ച വിചാര മാതൃക വ്യതിയാനമാണ് വിക്തോർ യുഗോയുടെ”പാവങ്ങൾ” എന്നും മലയാളിയുടെ സാഹിത്യാവബോധത്തെ മാറ്റി സ്ഥാപിച്ച കൃതിയാണ് പാവങ്ങൾ എന്നും എഴുത്തുകാരനും അധ്യാപകനുമായ ഡോ. റഫീഖ് ഇബ്രാഹിം പറഞ്ഞു.
കേരള സമാജം ദൂരവാണി നഗർ പ്രതിമാസ സാഹിത്യ പരിപാടിയിൽ “പാവങ്ങളുടെ നൂറുവർഷവും മലയാളസാഹിത്യത്തിലെ സ്വാധീനവും” എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശക്കുന്നവരുടെ, ദാരിദ്ര്യം അനുഭവിക്കുന്നവരുടെ, ശരീരം വിൽക്കേണ്ടിവരുന്ന സ്ത്രീകളുടെ, ദുരിതങ്ങളിൽ പെട്ടുഴലുന്ന കുഞ്ഞുങ്ങളുടെ അനുഭവങ്ങളെ മലയാള സാഹിത്യത്തിലേക്ക് പാവങ്ങൾ കൊണ്ടുവന്നു. തൊട്ടു പിന്നാലെ വന്ന ജീവൽസാഹിത്യ പ്രസ്ഥാനത്തിന്റെ വീക്ഷണങ്ങൾക്ക് അരങ്ങൊരുങ്ങുകയായിരുന്നു പാവങ്ങളിലൂടെ. ഫ്രഞ്ച് റൊമാന്റിസത്തിന്റെ ഏറ്റവും വലിയ പ്രതിനിധിയാണ് വിക്ടർ യുഗോ എങ്കിലും ഒരു റൊമാന്റിക് നോവൽ എന്നതിനേക്കാൾ റിയലിസ്റ്റിക് നോവൽ ആയിട്ടാണ് മലയാളി പാവങ്ങളെ ഉൾക്കൊണ്ടത്. അതുവരെ മലയാളസാഹിത്യം എത്തിനോക്കിയിട്ടില്ലാത്ത ഒരു പാന്ഥാവിലേക്ക് അതു നമ്മളെ തിരിച്ചുവിട്ടു.
നോവൽ എന്ന നിലയിൽ പൂർണ്ണത പ്രാപിച്ച രചനയായിരുന്നു പാവങ്ങൾ. കുറഞ്ഞത് 6 ഇതിവൃത്തങ്ങളുടെ യെങ്കിലും സങ്കീർണ്ണ ലയനം 365 അദ്ധ്യായങ്ങളുള്ള ആ നോവലിൽ ഉണ്ട്. ഋജുവും, ലളിതവും വിവരണാത്മകവുമായ രീതിയാണ് ഈ നോവലിന് ക്ലാസിക്കൽ മാനം പകരുന്നത്. കൂടാതെ എഴുത്തുകാരൻ ഒട്ടും വൈകാരികത ഇല്ലാതെ എന്നാൽ വായനക്കാരനെ വൈകാരികതയുടെ ആഴം അനുഭവിപ്പിക്കുകയും ചെയ്യുന്നുണ്ട് നോവൽ. സാഹിത്യത്തിന് നോബൽ സമ്മാനം ലഭിച്ച യോസെ പറയുന്നത് അഞ്ചു ഭൂഖണ്ഡങ്ങളെ കൂട്ടിയിണക്കുന്ന പൊതു ബോധം നോവലിന് ഉണ്ടെന്നും ധാർമ്മികതയെ ഉണർത്തുന്ന ഉൾപ്രേരണയായി (Catalyst) വർത്തിക്കാൻ നോവലിന് കഴിയുന്നുണ്ടെന്നുമാണ്. അത് കൊണ്ട് തന്നെയാണ് പിൽക്കാലത്ത് The Novel of 19th Century എന്ന് ഈ നോവൽ വിശേഷിപ്പിക്കപ്പെട്ടതും.
മലയാളം അതുവരെ കണ്ടിട്ടില്ലാത്ത നിലയിൽ പൂർണ്ണത കൈവരിച്ച ബൃഹദാഖ്യാനത്തിലെ നായിക നായകന്മാർ കുറ്റവാളികളും, ലൈംഗിക തൊഴിലാളികളും, തെരുവ് തെണ്ടികളുമാകുന്ന കാഴ്ച മലയാള സാഹിത്യത്തെ അത്തരം ജീവിതാവസ്ഥകളിലേക്ക് മുഖം തിരിക്കാൻ പ്രേരിപ്പിച്ചു. വിശപ്പും ദാരിദ്ര്യവും വ്യവസ്ഥയുടെ ചൂഷണത്താൽ നിസ്സഹയാരാവേണ്ടി വരുന്ന നിരാലമ്പരും അടങ്ങുന്ന പാട്ട ബാക്കിയുടെ അരങ്ങിൽ കർഷകരും കർഷക തൊഴിലാളികളും തങ്ങളെ തന്നെ നേരിട്ടു കണ്ടു. അമ്മേ വിശക്കുന്നു എന്ന പ്രാരംഭ വാചകത്തോടെ ആരംഭിക്കുന്ന പാട്ട ബാക്കിയാണ് വിശപ്പിന്റെ സാഹിത്യം എന്ന് വിളിക്കാൻ കഴിയുന്ന മലയാളത്തിലെ ആദ്യ സാഹിത്യ കൃതി. വിശപ്പും ദാരിദ്ര്യവും പീഡനവും തുറന്നെഴുതുന്ന സാഹിതീയ ഭാവുകത്വം മലയാള സാഹിത്യത്തിൽ അതോടെ രംഗപ്രവേശം ചെയ്തു. ബഷീർ, തകഴി, പൊൻകുന്നം വർക്കി, എസ് കെ പൊറ്റക്കാട് എന്നീ നവോത്ഥാന കാഥികരിൽനിന്ന് എം.ടി, എം മുകുന്ദൻ, ഒ വി വിജയൻ, എം സുകുമാരൻ, തുടങ്ങിയ ആധുനികർ വഴി എൻ എസ് മാധവനി ൽ വരെ പാവങ്ങളുടെ പ്രചോദന വഴി നമുക്ക് കണ്ടെത്താൻ കഴിയുമെന്നും റഫീഖ് പറഞ്ഞു.
സമാജം പ്രസിഡന്റ് മുരളീധരൻ നായർ അധ്യക്ഷത വഹിച്ചു. പ്രശസ്ത ചിത്രകാരിയും എഴുത്തുകാരിയുമായ അനുരാധ നാലപാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. മുഖ്യപ്രഭാഷണത്തിനുശേഷം കവിയും അധ്യാപകനുമായ ടി പി വിനോദ് സംവാദം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. തുടർന്ന് ടി എ കലിസ്റ്റസ്, മുഹമ്മദ് കുനിങ്ങാട്, രമ പ്രസന്ന പിഷാരടി, ഡോക്ടർ എം പി രാജൻ, ബിനോജ്, എസ് കെ നായർ എന്നിവർ സംസാരിച്ചു. ഡെന്നിസ് പോൾ ആമുഖപ്രഭാഷണം നടത്തി.
കൺവീനർ സി കുഞ്ഞപ്പൻ റഫീഖ് ഇബ്രാഹിം മാഷിനെയും കെ ചന്ദ്രശേഖരൻ നായർ അനുരാധ നാലപ്പാടിനെയും ഡെന്നിസ് പോൾ ടിപി വിനോദിനെയും പരിചയപ്പെടുത്തി. ജൂബിലി സ്കൂൾ സെക്രട്ടറി കെ ചന്ദ്രശേഖരക്കുറുപ്പ് റഫീഖ് ഇബ്രാഹിം മാഷിനെയും ട്രഷറർ എം കെ ചന്ദ്രൻ അനുരാധനാല പാട്ടിനെയും പൂച്ചെണ്ടു നൽകി സ്വീകരിച്ചു. പി എൻ ഗോപികൃഷ്ണൻ എഴുതിയ ഴാങ്ങ് വാൽ ഴാങ്ങും പാവങ്ങളിലെ രാഷ്ട്രീയ ശരിയും എന്ന കവിത രതി സുരേഷ് ആലപിച്ചു. വള്ളത്തോളിന്റെ മാപ്പ് എന്ന കവിതയും സൗദ റഹിമാൻ ആലപിക്കുകയുണ്ടായി. കെ ചന്ദ്രശേഖരൻ നായർ നന്ദി പറഞ്ഞു.
SUMMARY: Kerala Samajam Dooravani Nagar Monthly Literary Program
ലണ്ടന്‍: യുകെയില്‍ ഇന്ത്യൻ വിദ്യാർഥി കുത്തേറ്റു മരിച്ചു. ഹരിയാന സ്വദേശിയായ വിജയ് കുമാർ ഷിയോറൻ(30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അന്വേഷണം…
മലപ്പുറം: ഹോൺ അടിച്ചു ശല്യപ്പെടുത്തുന്നത് ചോദ്യം ചെയ്തതിന് മദ്യപാനികൾ കാർ കത്തിച്ചതായി പരാതി. നിലമ്പൂർ സ്വദേശി ഡോ. അസറുദീന്റെ കാറാണ്…
ശബരിമല: ശബരിമലയിലെ അയ്യപ്പ ക്ഷേത്രത്തില്‍ നടന്നുകൊണ്ടിരിക്കുന്ന വാർഷിക മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തിന്റെ ആദ്യ 15 ദിവസങ്ങളില്‍ വരുമാനത്തില്‍ ഗണ്യമായ വർധനവ്…
ബെംഗളൂരു: സൗത്ത് ബെംഗളൂരു മലയാളീ അസോസിയേഷന്‍ സംഘടിപ്പിച്ച കരോൾ ഗാനമത്സരം സന്താ ബീറ്റ്സ് 2025, അവർ ലേഡി ഓഫ് ചർച്…
തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയെ അപമാനിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വര്‍ റിമാൻഡിൽ.…
കോട്ടയം: പ്രശസ്ത എഴുത്തുകാരിയും അധ്യാപികയുമായ ബി സരസ്വതി (94) അന്തരിച്ചു. ഏറ്റുമാനൂരിലെ വസതിയിൽ ഇന്ന് ഉച്ചയ്ക്കുശേഷമായിരുന്നു അന്ത്യം. കിടങ്ങൂര്‍ എൻഎസ്എസ്…