ബെംഗളൂരു: ബെന്നാർഘട്ട ദേശീയോദ്യാനത്തിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ വിനോദ സഞ്ചാരിക്ക് പരുക്ക്. ചെന്നൈയിൽ നിന്നെത്തിയ വഹീദ ബാനു എന്ന സ്ത്രീക്കാണ് പരുക്കേറ്റത്. സഫാരി ബസിന്റെ ഇരുമ്പഴികളുള്ള ജനാലയിലേക്കാണ് പുലി ചാടിക്കയറിയത്. ജനാലയിലൂടെ കൈയിട്ട് പുലി വിനോദസഞ്ചാരിയെ ആക്രമിച്ചു. കൈയിൽ പുലിയുടെ നഖം ഇറങ്ങി പരുക്കുപറ്റി. വസ്ത്രത്തിന്റെ ഭാഗം പുലി കടിച്ചുവലിച്ചു മുറിച്ചെടുത്തു. യാത്രക്കാർ ബഹളമുണ്ടാക്കിയതോടെ പുലി പിൻവാങ്ങുകയായിരുന്നു.
വ്യാഴാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു സംഭവം. രണ്ട് പുലികളുടെ സാന്നിധ്യംകണ്ട് സഫാരി ബസ് കാഴ്ചക്കാർക്കായി നിർത്തിയതായിരുന്നു. റോഡരികിൽ കിടക്കുകയായിരുന്ന പുലിയാണ് ആക്രമിച്ചത്.