“അത്രക്ക്” എന്ന പേരിലെഴുതിയ കവിതയും ”പ്രണയമില്ലാതെയായ നാൾ” എന്ന കവിതയും തമ്മിലുള്ള സാജാത്യ വൈജാത്യങ്ങൾ നടന്നേറുന്നത് ഒരേ പാതയിലേക്ക് തന്നെയാണ്. ഒന്ന് സ്വീകരണമെങ്കിൽ മറ്റേത് നിരാകരണം ഒന്നിൻ്റെ തന്നെ വേറിട്ട മുഖങ്ങൾ. പ്രണയോന്മീലനവും പ്രണയ നിരാകരണവും ഒരേയനുപാതത്തിൽ അനുവാചക ഹൃദയത്തെ നിർമ്മലമാക്കുന്നു. അത്രയും തീവ്രമായ സാന്നിധ്യത്തെ നിസ്വാർത്ഥമായ മനസ്സോടെ വേണ്ടെന്ന് വെയ്ക്കാൻ ഉദാത്ത മനസ്സുകൾക്കേ സാധ്യമാവു. “നിന്നോളം നീറിയിട്ടില്ലൊരു വേദന, നിന്നോളം ഉന്മത്തമല്ല മറ്റൊരാനന്ദം ” എന്ന വരികളിലൂടെ ധ്വനിക്കുന്നതതാണ്. കേവലതയ്ക്കപ്പുറം ആകാശസീമകളേയും ഉല്ലംഘിച്ച് സഞ്ചരിക്കുന്ന പ്രണയച്ചിന്തകൾ. ആയുസ്ഥലികളെ പ്രകാശമാനമാക്കിയിരുന്ന പ്രണയം അതിരെഴാത്ത രാത്രിയിലെവിടേയൊ വിളറി വീഴുന്ന നിലാവിൻ്റെ സുസ്മിതമായി മാറുന്ന രാസപരിണാമങ്ങൾ. സൂര്യനും ചന്ദ്രനും നക്ഷത്രവും നിലാവും ഭൂമിയും സമുദ്രവും എല്ലാത്തിനുമപ്പുറമായിരുന്നു പ്രണയം. എന്നും കുടിക്കുന്ന ദാഹജലം പോലും!” നിന്നിലും വേഗത്തിൽ നീരാവിയാക്കുന്നില്ലൊരു
സൂര്യനും എൻ്റെ ശൃംഗങ്ങളെ ” അതുപോലെ നിന്നിലും മീതെ ഒരു പൗർണ്ണമിച്ചന്ദ്രനും ഉണർത്തുന്നില്ല തൻ്റെ സമുദ്രങ്ങളെ “യെന്ന് കവി വിളംബരം ചെയ്യുന്നു. അത്രയ്ക്കഗാധമായ പ്രണയത്തെ അതെ തീവ്രതയോടെത്തന്നെ തിരികെയേൽപ്പിക്കാനും കഴിയുന്ന മനസ്സ്!
മണ്ണിനെ ആലിംഗനം ചെയ്യുന്ന മഴയ്ക്കു പോലും ഈ പ്രണയത്തിൻ്റെയത്രയും ഭൂമിയെ ഉണർത്താനാവുന്നില്ല. ഒരു ഗ്രീഷ്മത്തിനും ഇത്രയും ഉള്ളം കരിക്കാൻ കഴിഞ്ഞിട്ടില്ല. ഒരുന്മാദി കണക്കെ പാടിപ്പറക്കുകയാണ് കവി. കവിയോടൊപ്പം വായനക്കാരനും ചിറകടിച്ച് പറക്കുകയാണ് പ്രണയമെന്ന മാസ്മരിക ലോകത്തിലൂടെ. മനസ്സിൻ്റെ അതിസൂക്ഷ്മമായ സഞ്ചാരങ്ങൾ. നാമറിയാത്ത ഏതൊക്കെയോ കൈവഴികളിലൂടെ ഈ വരികൾ നടത്തിയ്ക്കുന്നു. ആത്മഹർഷങ്ങളുടെ, വിരഹങ്ങളുടെ , തിരസ്ക്കാരങ്ങളുടെ, തപിച്ചുരുകലുകളുടെ ,അവസാനം നീറി നീറി നിർവ്വേദമാകുന്ന അവസ്ഥാന്തരങ്ങളിലൂടെ.
ജനലരികിൽ മെല്ലെ വന്ന് കൈത്തലം പിൻവലിച്ചു തിരികെ പോകുന്ന ഇളം വെയിലിനോടാണ് പ്രണയത്തിൻ്റെ തിരിച്ചു പോക്കിനെ കവി ഉപമിക്കുന്നത്. മഴയുടെ ജലസാന്ദ്രത നിറഞ്ഞ സൗഹൃദമോ, ഇലകളിൽ നിന്നെടുത്ത ഹരിതകമോ ഒക്കെയായിരുന്ന പ്രണയം. മിഴികളിലെ മിന്നലായ് വന്ന് കവിയുടെ മഴകളെ കുതി കൊള്ളിച്ച കാർമുകമായിരുന്നു മറ്റൊരവസരത്തിൽ. ഉപമകളും ഉൽപ്രേക്ഷകളും കൊണ്ട് കോർത്തിട്ടിരിക്കുന്ന സ്വീകാര്യ നിരാസങ്ങളുടെ പ്രണയഹാരം. ആ തൂലികത്തുമ്പത്ത് നൃത്തം വെച്ചുണരുന്ന അക്ഷരച്ചിപ്പികൾ. തിരയഗാധങ്ങളിൽ നിന്നും കിട്ടിയ ആ ചിപ്പികളെ കരയെ ഏൽപ്പിച്ച് മടങ്ങുന്ന അവധൂത തുല്യനായ കവി. പ്രണയനിർഭരമായ ഹൃദയത്തേക്കാൾ നിറഞ്ഞ് കവിയുകയാണിവിടെ പ്രണയ ശൂന്യമായ ഹൃദയം. സഹതാപത്തിൻ്റെ ,കാരുണ്യത്തിൻ്റെ, വിട്ടുകൊടുക്കലിൻ്റെ പരിപൂർണ്ണതയിലേക്ക് …..! ആകർഷണവികർഷണത്തിൻ്റെ ഊർജ്ജ രേണുക്കൾ പ്രണയത്തിൻ്റെ ജീവദ്രവമായി പരിണമിച്ച് കോശതന്തുക്കളിൽ വിലയം പ്രാപിക്കുന്നു. പ്രണയാക്ഷരങ്ങളുടെ സാക്ഷാൽക്കാരമായി. ഒഴിയുമ്പോഴും അതിലേറെ നിറയുന്ന കവിതകൾ!
◾
<BR>
TAGS : INDIRA BALAN | LITERATURE | VARIKAL IZHACHERKKUMBOL
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…