ബെംഗളൂരു: കർണാടക നിയമസഭാ മന്ദിരമായ ‘വിധാന സൗധ’ ബോംബ് വെച്ച് തകർക്കുന്ന രീതിയിലുള്ള കൃത്രിമബുദ്ധി (AI) ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവിനെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. ബീഹാർ അരാരിയ ജില്ല സ്വദേശിയായ ഹസ്രത്ത് അലി (25) എന്നയാളാണ് പിടിയിലായത്. ഇയാൾ കുറച്ചുനാളുകളായി ബെംഗളൂരുവിൽ പൈപ്പ് ഫിറ്ററായി ജോലി ചെയ്തുവരികയായിരുന്നു.
വിധാൻ സൗധയ്ക്കു മുന്നിൽ നിൽക്കുന്ന ഒരാൾ കെട്ടിടത്തിന് നേരെ വിരൽ ചൂണ്ടുന്നതും, തുടർന്ന് വലിയൊരു സ്ഫോടനത്തോടെ കെട്ടിടം തകരുന്നതുമാണ് വീഡിയോയിൽ ചിത്രീകരിച്ചിരുന്നത്. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച ഈ വ്യാജ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിക്കുകയും പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തിരുന്നു.
വിഷയം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിധാൻ സൗധ പോലിസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും ഇൻസ്റ്റാഗ്രാം ഐപി വിലാസവും ഡിജിറ്റൽ തെളിവുകളും പരിശോധിച്ച് പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
പ്രശസ്തിക്കോ പൊതുജനങ്ങളിൽ ഭീതി സൃഷ്ടിക്കാനോ വേണ്ടിയാണോ ഈ വീഡിയോ പങ്കുവെച്ചതെന്നും, കേസിന് പിന്നിൽ മറ്റ് ഉദ്ദേശ്യങ്ങളുണ്ടോ എന്നും പോലിസ് അന്വേഷിച്ചുവരികയാണ്.
SUMMARY: Man arrested for circulating an AI-generated video depicting the destruction of ‘Vidhana Soudha’ using a bomb.















