ഡല്‍ഹി: കോക്ക്‌റോച്ച് ജനതാ പാർട്ടിയുടെ (CJP) പ്രതിഷേധ പരിപാടികളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് നേഹ ബോറ ഡല്‍ഹി ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഒക്ടോബർ 16-ന് കസ്റ്റഡിയിലെടുത്ത ശേഷം ഡല്‍ഹി സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് തനിക്ക് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് ചോദ്യം ചെയ്തുകൊണ്ട് സമർപ്പിച്ച ഹർജിയിലാണ് വാദം നടന്നത്.
നേഹ ബോറ പൊതുസമാധാനം ലംഘിക്കുന്ന യാതൊരുവിധ കുറ്റകൃത്യങ്ങളിലും ഏർപ്പെട്ടിട്ടില്ലെന്ന് അവരുടെ അഭിഭാഷകൻ ഗോപാല്‍ ശങ്കരനാരായണൻ കോടതിയെ അറിയിച്ചു. മണ്ഡി ഹൗസിലേക്ക് മാർച്ച് നടത്തുന്നതിനിടെ ഒക്ടോബർ 16-നാണ് നേഹയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിറ്റേന്ന് മോചിതയായെങ്കിലും, ഒക്ടോബർ 18-ന് 10,000 രൂപയുടെ വ്യക്തിഗത ബോണ്ട് സമർപ്പിക്കാനും സമാധാനം പാലിക്കാനും നിർദ്ദേശിച്ച് ഭരണകൂടം നോട്ടീസ് അയക്കുകയായിരുന്നു.
നിരോധനാജ്ഞ നിലനില്‍ക്കുന്ന ജന്തർ മന്ദിർ, കണോട്ട് പ്ലേസ് എന്നീ പ്രദേശങ്ങളില്‍ ആളുകളെ സംഘടിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് നോട്ടീസിലെ ആരോപണം. എന്നാല്‍, നേഹയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലോ പ്രസംഗങ്ങളിലോ അക്രമത്തിന് ആഹ്വാനം ചെയ്യുന്ന രീതിയിലുള്ള യാതൊരു പരാമർശങ്ങളും ഉണ്ടായിരുന്നില്ലെന്നും ജനാധിപത്യപരമായ പ്രതിഷേധത്തിനുള്ള അവകാശത്തെ തടയാനാണ് പോലീസ് ശ്രമിക്കുന്നതെന്നും അഭിഭാഷകൻ വാദിച്ചു.
SUMMARY: Neha Bora challenges peace bond notice; provides explanation in Delhi High Court















