തിരുവനന്തപുരം: ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് വിവിധ റൂട്ടുകളിൽ മൂന്ന് സ്പെഷൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ. മംഗളൂരു-ചെന്നൈ എഗ്മോർ, ചെന്നൈ സെൻട്രൽ-കൊല്ലം, തിരുവനന്തപുരം- താംബരം റൂട്ടുകളിലാണ് പ്രതിവാര സ്പെഷൽ ട്രെയിനുകൾ സർവിസ് നടത്തുക. 32 സർവിസുകളാണ് ആകെയുണ്ടാവുക. ഓഗസ്റ്റ് 12 മുതൽ സെപ്റ്റംബർ 3 വരെ സർവീസ് നടത്തും. റിസർവേഷൻ വ്യാഴാഴ്ച രാവിലെ എട്ടുമുതൽ ആരംഭിക്കും.
സെൻട്രൽ–കൊല്ലം എക്സ്പ്രസ് (06119): ബുധനാഴ്ചകളിൽ ഉച്ച കഴിഞ്ഞ് 3.10ന് പുറപ്പെട്ടു പിറ്റേന്ന് രാവിലെ 7.20ന് കൊല്ലത്തെത്തും. കൊല്ലം–സെൻട്രൽ എക്സ്പ്രസ് (06120) വ്യാഴാഴ്ചകളിൽ രാവിലെ 10.40ന് പുറപ്പെട്ട് പിറ്റേന്നു പുലർച്ചെ 3.30ന് ചെന്നൈയിലെത്തും. 16 തേഡ് എസി ഇക്കോണമി കോച്ചുകളാണുള്ളത്. സ്ലീപ്പർ കോച്ചുകളില്ല. പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.
താംബരം–തിരുവനന്തപുരം എക്സ്പ്രസ് (06109): വ്യാഴാഴ്ചകളിൽ ഉച്ചയ്ക്ക് 2ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.15ന് തിരുവനന്തപുരത്തെത്തും. മടക്ക സർവീസ് (06110) ബുധനാഴ്ചകളിൽ വൈകിട്ട് 3.45ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10ന് താംബരത്തെത്തും. 2 സെക്കൻഡ് എസി, 4 തേഡ് എസി, 4 തേഡ് ഇക്കോണമി എസി, 6 സ്ലീപ്പർ എന്നീ കോച്ചുകളുണ്ട്. കൊല്ലം, കൊട്ടാരക്കര, തെങ്കാശി, മധുര, തിരുച്ചിറപ്പള്ളി വഴിയാണു സർവീസ്.
മംഗളൂരു-ചെന്നൈ എഗ്മോർ(06126): ജൂലൈ 13 മുതൽ ആഗസ്റ്റ് 31 വരെയുള്ള തിങ്കളാഴ്ചകളിൽ വൈകീട്ട് നാലിന് മംഗളൂരുവിൽനിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.55ന് ചെന്നൈയിലെത്തും. ചെന്നൈ എഗ്മോർ-മംഗളൂരു(• 06125) ജൂലൈ 14 മുതൽ സെപ്റ്റംബർ ഒന്ന് വരെയുള്ള ചൊവ്വാഴ്ചകളിൽ ഉച്ച രണ്ടിന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 8.40ന് മംഗളൂരുവിലെത്തും. കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്റ്റോപ്പുകൾ.
SUMMARY: Onam rush; Railways announces weekly special trains including Mangalore-Chennai Egmore
















