ബെംഗളൂരു: നിയന്ത്രണംവിട്ട ബിഎംടിസി ബസ് റോഡരികിലെ ഭക്ഷണശാലയിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മാണ്ഡ്യ സ്വദേശിയും സുങ്കടകട്ടയിൽ താമസക്കരിയുമായ സുമ (25)ആണ് മരിച്ചത്. അഞ്ചുപേർക്ക് സാരമായി പരുക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ബെംഗളൂരുവിലെ പീനിയ സെക്കൻഡ് സ്റ്റേജിൽ വെള്ളിയാഴ്ച രാവിലെ 8.45-ഓടെയായിരുന്നു അപകടം. ഭക്ഷണശാലയിലേക്ക് ആളുകൾ ഭക്ഷണം കഴിക്കാനായി എത്തിക്കൊണ്ടിരുന്ന സമയത്താണ് അപകടം നടന്നത്.
മജസ്റ്റിക്കിൽനിന്ന് പീനിയയിലേക്ക് പോകുകയായിരുന്ന കെഎ 51 എകെ 4170 നമ്പർ ബസാണ് അപകടത്തിൽപെട്ടത്. ബസ് റോഡിൽ നിർത്തിയശേഷം ഡ്രൈവർ അല്പസമയം വിശ്രമിക്കാനായി സീറ്റിൽനിന്നും എഴുന്നേറ്റതായിരുന്നു. ഈ സമയം ബസ് റോഡരികിലേക്ക് നീക്കിയിടാനായി കണ്ടക്ടർ ശ്രമിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു. ഇതിനിടെ ബസിന്റെ നിയന്ത്രണം വിടുകയായിരുന്നു. ബസ് ഓടിച്ചത് കണ്ടക്ടർ രമേഷ് ആയിരുന്നെന്ന് പീനിയ ട്രാഫിക് പോലീസ് പറഞ്ഞു. ഇയാളെപോലീസ് രമേശിനെ അറസ്റ്റ് ചെയ്തു, ബസിന്റെ സാങ്കേതിക തകരാറുകൾ പരിശോധിക്കുന്നതടക്കം അന്വേഷണം നടക്കുകയാണ്.