തിരുവനന്തപുരം: തന്റെ പേരില്‍ വ്യാജവാർത്തകളും അധിക്ഷേപകരമായ പോസ്റ്റുകളും പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയാവശ്യപ്പെട്ട് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗവും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രസിഡന്റുമായ പി.കെ. ശ്രീമതി സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി. യുവതീ-യുവാക്കള്‍ പാർട്ടി ഓഫീസില്‍വെച്ച് പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുന്നതില്‍ തെറ്റില്ലെന്ന് താൻ പറഞ്ഞതായാണ് സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തുന്നതെന്ന് പരാതിയില്‍ പറയുന്നു.
തന്റെ ചിത്രവും പാർട്ടി ചിഹ്നവും ഉപയോഗിച്ച് കൃത്രിമമായി പോസ്റ്ററുകള്‍ നിർമിച്ചാണ് ഇത്തരം പ്രചാരണം നടത്തുന്നതെന്നും പി.കെ. ശ്രീമതി ആരോപിച്ചു. പൊതുമണ്ഡലത്തില്‍ സജീവമായി പ്രവർത്തിക്കുന്ന തന്റെ സല്‍പ്പേര് നശിപ്പിക്കാനും സ്ത്രീപക്ഷ നിലപാടുകളെയും രാഷ്ട്രീയ നിലപാടുകളെയും ഇകഴ്ത്തിക്കാണിക്കാനുമാണ് വ്യാജപ്രചാരണങ്ങളിലൂടെ ശ്രമിക്കുന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
മോഹൻ തൃശൂർ’ എന്ന ഫേസ്ബുക്ക് പ്രൊഫൈലില്‍നിന്ന് ‘അതിനെ പാർട്ടി ഓഫീസ് എന്നാണോ പറയാ…’ എന്ന തലക്കെട്ടോടെയാണ് പോസ്റ്റ് പ്രചരിപ്പിച്ചതെന്നാണ് പരാതി. പോസ്റ്റിന് താഴെ മറ്റുള്ളവരെക്കൊണ്ട് കമന്റുകള്‍ ഇടിപ്പിച്ച് തന്നെ അപമാനിച്ചതായും പരാതിയില്‍ പറയുന്നു. ‘അഡ്വ. ഷീജ’ എന്ന പേരിലുള്ള പ്രൊഫൈലില്‍നിന്നും സമാനമായ പോസ്റ്റ് പ്രചരിപ്പിച്ചിട്ടുണ്ടെന്നും ആരോപണമുണ്ട്. തന്റെ പേരില്‍ വ്യാജവാർത്തകളും പോസ്റ്ററുകളും നിർമിച്ച് പ്രചരിപ്പിച്ചവരെ കണ്ടെത്തി ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നാണ് പി.കെ. ശ്രീമതി പോലീസ് മേധാവിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
SUMMARY: Fake posts in her name on social media; P.K. Sreemathi lodges complaint with the DGP
















