ASSOCIATION NEWS

‘എൻ എസ് മാധവൻ, ചരിത്ര ദാരുണതകളുടെ ചോരയിൽ വാക്കിനെ ആയുധമാക്കിയ എഴുത്തുകാരൻ’-എൻ രാജൻ

ബെംഗളൂരു: ചരിത്ര ദാരുണതകളുടെ ചോരയിൽ വാക്കിനെ ആയുധമാക്കി, പേനയെ ഉളിപോലെയാക്കി, മറ്റൊരു നീതി ലാവണ്യധാര സൃഷ്ടിച്ച്, ശരിക്ക് വേണ്ടി തിരുത്തുകൾ നടത്തിയ എഴുത്തുകാരനാണ് എൻ എസ് മാധവനെന്ന് പ്രശസ്ത ചെറുകഥാകൃത്ത് എൻ രാജൻ. ബെംഗളൂരു ദൂരവാണിനഗർ കേരളസമാജം നടത്തിയ എൻ എസ് മാധവൻ കഥകളിലെ മാനവികത എന്ന സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മലയാള കഥയുടെ നീലാകാശത്ത് അപൂർവ്വമായി വിരിയുന്ന മഴവില്ലുകളാണ് എൻ എസ് മാധവൻ്റെ കഥകൾ. ക്ഷുബ്ദമായ രാഷ്ട്രീയ കാലാവസ്ഥയിലാണ് എൻ എസ് മാധവനിലെ സർഗാത്മകത മിഴിവുറ്റ താവുക. മലയാള കഥയുടെ സാധാരണതയിലുറഞ്ഞു പോയ ഭാവുകത്വത്തെയും മലയാളി മധ്യവർഗത്തിൻ്റെ ഉറക്കച്ചടവിനെയുമാണ് കഥകൾ കൊണ്ട് മാധവൻ ഞെട്ടിച്ചത്. ചേർത്തും വിഘടിച്ചും ഒറ്റ തിരിഞ്ഞും വായിച്ചെടുക്കാവുന്നതൊക്കെ വായിക്കുമ്പോഴും നമുക്ക് അകത്തു കിടന്നു ത്രസിക്കുന്ന ഒരു മാനവികതയെ പിടികിട്ടും. മാനവികത മൂല്യങ്ങൾ സ്ഥായിയല്ല. ഫ്യൂഡൽ കാലത്തിൽ നിന്നും വ്യത്യസ്തമാണ് മുതലാളിത്ത കാലത്തെ മാനവികത മൂല്യ ബോധം. അത് കാരൂരിന്റെ മരപ്പാവകൾ കണ്ട കാരുണ്യമല്ല, എം.ടി.യുടെ കർക്കിടകത്തിൽ കണ്ട ഒരു സ്നേഹസാന്ദ്രം ആയിട്ടുള്ള വിളിയല്ല, മാധവിക്കുട്ടിയുടെ നെയ്പായസം അല്ല, ബഷീറിന്റെയോ തകഴിയുടെയോ എസ്.കെ. പൊറ്റക്കാടിന്റെയോ അങ്ങനെ മലയാള കഥയുടെ ആരാധ്യസ്ഥാനീയരും അധികായരുമായിട്ടുള്ളവർ ഉയർത്തിയ മാനവികതയുമല്ല. എൻ എസ് മാധവൻ കാട്ടിത്തരുന്നത് മറ്റൊരു വേറിട്ട മാനവികതയാണ്. ചരിത്രത്തിന്റെ, രാഷ്ട്രീയത്തിന്റെ, ദുഷ്ടതക്കും ഹിംസക്കും എതിരായ മാനവികതയാണ്. പാവപ്പെട്ട മനുഷ്യരിൽ, അധികാരമില്ലാത്തിടത്ത്, ഏൽപ്പിക്കുന്ന ആഘാതങ്ങളും ചോരയൊലിക്കുന്ന മുറിവുകളും ആ കഥകളിൽ ഉണ്ട്. സത്യത്തെ അഭിമുഖീകരിക്കാൻ പറ്റാതെവരുന്ന സമൂഹത്തിന്റെ സങ്കീർണതയിലേക്കാണ് എൻ എസ് മാധവൻ അദ്ദേഹത്തിന്റെ കഥകളെ പറഞ്ഞയക്കുന്നത്. നേരത്തെ ഇവിടെ വായിച്ച പാല് പിരിയുന്ന കാലത്തിന്റെ സത്യാവസ്ഥയിലേക്ക്. നമുക്കത് കാണാനോ, കേൾക്കാനോ, ഉൾക്കൊള്ളാനോ ഇഷ്ടമില്ലായിരിക്കും. ജാതീയതയുടെയും വംശീയതയുടെയും ഹിംസാത്മകമായ വൈറസ് പരക്കുന്ന സമകാലിക രാഷ്ട്രീയ ഉള്ളടക്കമുള്ള കഥയാണ് പാല് പിരിയുന്ന കാലം. പക്ഷേ അത്തരം സത്യങ്ങളുടെ പരാജയഭീതിയിലേക്കാണ് ഈ കഥകൾ വരുന്നത്. കോവിലൻ, മേതിൽ രാധാകൃഷ്ണൻ, വി പി ശിവകുമാർ തുടങ്ങിയ എഴുത്തുകാരുടെ രചനകളിൽ കാണുന്ന മാനവികതയും വ്യത്യസ്തമാണ്. വിശപ്പും ദാരിദ്ര്യവും കൈകാര്യം ചെയ്യുമ്പോൾ സ്‌നിഗ്ദമായ ഭാഷ ഉണ്ടായെന്ന് വരില്ല. വാക്കുകളിൽ കാഴ്ചയെ ബന്ധിപ്പിക്കുന്നതോടൊപ്പം വായനക്കാരെ കഥയിൽ പങ്കാളിയാക്കുന്നു . നിസ്സഹായരുടെ നിശ്ശബ്ദ നിലവിളിയായും ചറം പോലെ തുള്ളികളായി വീഴുന്ന കണ്ണീരായും ഉറയ്ക്കുന്നു.

ക്രൂരമായ അനീതിക്ക്‌ ഇരയാവുന്നവർക്ക് ദുഖവും അനുകമ്പയും കലർന്ന വാക്കുകളുടെ മാനവികതയല്ല നീതി ഉറപ്പാക്കുന്ന പ്രതിരോധത്തിൽ കൈകോർക്കുകയാണ് വേണ്ടതെന്ന് അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ ഓർമ്മിപ്പിക്കുന്നു. അപേക്ഷകന്റെ പേര് അസീസ് എന്നാകയാൽ റേഷൻ കാർഡ് നൽകാതിരിക്കാൻ പാങ്ങ് എന്ന സ്ഥലം ഇന്ത്യയിലില്ലെന്ന് ശഠിക്കുന്ന പ്രമീള ഗോഖലെ പറയുന്നത്, തന്റെ പേരിൽ തന്നെ ഇന്ത്യക്കാരി ആണെന്നതിനും തന്റെ ജാതി ചിത്പവൻ ബ്രാഹ്മൺ ആണെന്നതിനും തെളിവുണ്ടെന്നാണ്. ന്യൂനപക്ഷങ്ങൾ ഒഴിവാക്കപ്പെടുന്ന ഭീഷണമായ കാലവും, ഇരുട്ട് വ്യാപിക്കുന്നതിന്റെ അടയാളങ്ങളും അദ്ദേഹത്തിന്റെ കഥകളിലുണ്ട്. എഴുത്തുകാരൻ എന്ന ജാട ഒട്ടുമില്ലാത്ത തീർത്തും സമഭാവനയോടെ മനുഷ്യരെ കാണുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്.
എം ടി വീണ്ടും പത്രാധിപരായപ്പോൾ ആഴ്ചപ്പതിപ്പിൽ ഒരു അറിയിപ്പ് വന്നു. മലയാള കഥയെ ലോക കഥയിലേക്കെത്തിക്കുന്ന ഒരു കഥ അടുത്ത ലക്കത്തിൽ വരുന്നു എന്നായിരുന്നു അത്. എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്നു. എൻ എസ് മാധവന്റെ “എന്റെ മകൾ ഒരു സ്ത്രീ” എന്നതായിരുന്നു ആ കഥ.

മലയാള കഥാ ലോകത്തെ ആധുനികതയിൽ നിന്ന് അത്യാധുനികതയിലേക്ക് ഉയർത്തിയ കഥയാണ് ഹിഗ്വിറ്റ. നീതിക്ക് വേണ്ടി ചാട്ടവാർ എടുത്ത ക്രിസ്തുവിനെ കൂടി കഥ ഓർമിപ്പിക്കുന്നു. ഗോളി ആണെങ്കിലും മൈതാനം നിറഞ്ഞു കളിക്കുന്ന ഹിഗ്വിറ്റയെ വിശേഷിപ്പിക്കുന്നത് മഴവില്ല് പോലെയുള്ള ഭാഷ കൊണ്ടാണ്. പോസ്റ്റിൽ മഴവില്ല് പോലെ വളഞ്ഞു വന്ന കോർണർ കിക്ക് എന്നതും, ടി വി യിൽ കൊളംബിയയുടെ ഗോളിയായ ഹിഗ്വിറ്റ പ്രത്യക്ഷപ്പെട്ടത് താണ്ഡവത്തിന് മുമ്പ് സശ്രദ്ധം ജടയഴിച്ചിട്ട ശിവനെപ്പോലെ നീണ്ട ചുരുളൻ മുടിയും കറുത്ത കരിങ്കൽ മുഖവും നേരിയ മീശയുമായി ഹിഗ്വിറ്റ ഗോളികൾക്കൊരു അപവാദമായിരുന്നു എന്നു തുടങ്ങിയ പ്രയോഗങ്ങൾ കഥക്ക് അസാമാന്യ മിഴിവേകുന്നുവെന്നും സത്യത്തെ അഭിമുഖീകരിക്കാൻ കൂട്ടാക്കാത്ത സമൂഹത്തിൻ്റെ പരാജയ നിമിഷങ്ങളെ വീണ്ടും വീണ്ടും തുറന്നു കാട്ടുന്നതാണ് മാധവൻ്റെ കഥകളിലെ മാനവികതയെന്നും രാജൻ പറഞ്ഞു.

സാഹിത്യ വിഭാഗം ചെയർമാൻ കെ ചന്ദ്രശേഖരൻ നായർ സംവാദം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. തുടർന്ന് ആന്റോ തോമസ്, രഞ്ജിത്ത് എന്നിവർ സംവാദത്തിൽ പങ്കെടുത്തു. സമാജം പ്രസിഡൻ്റ് മുരളീധരൻ നായർ അധ്യക്ഷത വഹിച്ചു. സമാജം ജനറൽ സെക്രട്ടറി ഡെന്നിസ്പോൾ ആമുഖപ്രഭാഷണം നടത്തി. പ്രശസ്ത പിന്നണി ഗായിക ആശാ ബോസ്ലെയുടെ സ്മരണക്ക് ആദരവ് പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി അവർ പാടിയ മലയാള ഗാനം ഷമീമ ആലപിച്ചു.

“പാല് പിരിയുന്ന കാലം” എന്ന എൻ എസ് മാധവന്റെ കഥ വായനയുടെ ഉദ്ഘാടനം എഴുത്തുകാരിയും ചെറുകഥാകൃത്തുമായ ലാലി രംഗനാഥ് നിർവഹിച്ചു. തുടർന്ന് വി കെ സുരേന്ദ്രൻ, സൗദ അബ്ദുൽ റഹ്മാൻ, സരസ്വതി രവീന്ദ്രൻ, ഷീബ രാജൻ, അനിത മധു, അബ്ദുൽ അഹദ്, അബ്ദുൽ വഹീദ്, ആർദ്ര രാജൻ, പ്രമിത എന്നിവർ കഥ വായനയിൽ പങ്കുചേർന്നു. സാഹിത്യ വിഭാഗം കൺവീനർ സി കുഞ്ഞപ്പൻ മുഖ്യഅതിഥി എൻ രാജനെ പരിചയപ്പെടുത്തി. സമാജം ട്രഷറർ എം കെ ചന്ദ്രൻ എൻ രാജനെ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. റാണി ശശി, സംഗീത രാമചന്ദ്രൻ, വി കെ ഗോപി, സൗദ റഹിമാൻ എന്നിവർ കവിതകൾ ആലപിച്ചു. ജൂബിലി സ്കൂൾ സെക്രട്ടറി കെ ചന്ദ്രശേഖര കുറുപ്പ് നന്ദി പറഞ്ഞു.
SUMMARY: Seminar on Humanity in N.S. Madhavan’s stories organized by the Kerala Samajam, Dooravani Nagar

NEWS DESK

Recent Posts

സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചു; പ്രിൻസിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്‌പെൻഷൻ

തിരുവനന്തപുരം: സർക്കാർ നയങ്ങളെ വിമർശിച്ചതിനെ തുടർന്ന് പ്രിൻസിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്പെൻഷൻ. അനുമതിയില്ലാതെ മാധ്യമങ്ങളില്‍ പ്രതികരിച്ചതും കാരണം ചൂണ്ടിക്കാട്ടിയാണ്…

48 minutes ago

പത്തനംതിട്ട കലഞ്ഞൂരിലെ കൊലപാതകം: പ്രതിക്ക് ജീവപര്യന്തം കഠിന തടവ്

പത്തനംതിട്ട: കലഞ്ഞൂര്‍ അനന്തു കൊലപാതകക്കേസില്‍ പ്രതി ശ്രീകുമാറിന് ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ. പ്രതി ശ്രീകുമാര്‍ ദയ അര്‍ഹിക്കുന്നില്ലെന്നും…

1 hour ago

കാസറഗോഡ് രണ്ട് പേര്‍ക്ക് സൂര്യാതപമേറ്റു

കാസറഗോഡ്: കാസറഗോഡ് ഇന്ന് രണ്ട് പേർക്ക് സൂര്യാതപമേറ്റു. കാഞ്ഞങ്ങാട് നഗരസഭ വാർഡ് കൗണ്‍സിലർക്കും തൃക്കരിപ്പൂരിലെ എട്ട് വയസുകാരനുമാണ് സൂര്യാതപമേറ്റത്. കാഞ്ഞങ്ങാട്…

2 hours ago

ഇടുക്കിയില്‍ തൊഴിലാളിക്ക് പാമ്പുകടിയേറ്റു

തൊടുപുഴ: ഇടുക്കിയില്‍ വീട്ടുമുറ്റും കെട്ടി ഒരുക്കുന്നതിനിടെ തൊഴിലാളിക്ക് പാമ്പുകടിയേറ്റു. മണിയാറൻകുടി പെരിങ്കാലാ സ്വദേശി മോൻസിക്കാണ് (48) കടിയേറ്റത്. മൂർഖൻ പാമ്പാണ്…

2 hours ago

നിതിൻ രാജിന്റെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ വിദ്യാർഥി നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രഞ്ചിന് കൈമാറി. സംസ്ഥാന പോലീസ്…

3 hours ago

പൊന്നാനി ഹാര്‍ബര്‍ പരിസരത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം: പൊന്നാനി ഹാർബർ പരിസരത്ത് മൃതദേഹം കണ്ടെത്തി. പൊന്നാനി സ്വദേശി ഫാത്തിമ ആണ് മരിച്ചത്. രായിൻമരക്കാർ വീട്ടില്‍ മുഹമ്മദിന്റെ ഭാര്യയാണ്…

4 hours ago