കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തില് ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കണ്ണൂർ യൂണിറ്റ് ഡിവൈഎസ്പി കെ. സനില്കുമാറിനാണ് അന്വേഷണത്തിന്റെ ചുമതല. പ്ലസ് ടൂ വിദ്യാർത്ഥിയായ ശിവസൂര്യയെ കാണാതായിട്ട് ഇപ്പോള് 70 ദിവസങ്ങള് പിന്നിടുകയാണ്. ചൊക്ലി പോലീസും പ്രത്യേക അന്വേഷണ സംഘവും ചേർന്ന് വ്യാപകമായി പരിശോധന നടത്തിയിട്ടും കുട്ടിയെ കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് കുടുംബത്തിന്റെ ആവശ്യപ്രകാരം കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
കഴിഞ്ഞ ആഗസ്റ്റ് 8-നാണ് സംഭവം. മൊബൈല് ഫോണ് വീട്ടുകാർ വാങ്ങി വെച്ചതിലുള്ള മനോവിഷമത്തില് കാശിക്ക് പോകുകയാണെന്നും ഇനിയുള്ള കാലം ദൈവത്തില് അലിയുമെന്നും കത്തെഴുതിവെച്ചാണ് ശിവസൂര്യ നാടുവിട്ടത്. തുടർന്ന് പെരിങ്ങത്തൂർ, പാനൂർ, തലശ്ശേരി, കോഴിക്കോട്, വടകര തുടങ്ങിയ വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളും റെയില്വേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയിരുന്നു.
വാരണാസി, രാമേശ്വരം എന്നിവിടങ്ങളിലും പരിശോധന നടത്തിയെങ്കിലും കുട്ടിയെക്കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഇതിനെത്തുടർന്ന് കുടുംബവും ആക്ഷൻ കമ്മിറ്റിയും ചേർന്ന് ആഭ്യന്തര മന്ത്രിയെ കണ്ടു നടത്തിയ നിരന്തര ശ്രമങ്ങളുടെ ഫലമായാണ് ഇപ്പോള് കേസ് ക്രൈംബ്രാഞ്ചിന് വിട്ടിരിക്കുന്നത്.
SUMMARY: Disappearance of Shivasurya: Crime Branch begins investigation after 70 days















