ബെംഗളൂരു: രാജ്യത്തെ ഏറ്റവും നീളംകൂടിയ രണ്ടാമത്തെ തൂക്കുപാലം (കേബിൾ സ്റ്റേയ്ഡ് പാലം) കർണാടകയില്‍ തുറന്നു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് ഉദ്ഘാടനം നിർവഹിച്ചത്.
473 കോടി രൂപ ചെലവഴിച്ച് ശിവമോഗ ജില്ലയിലെ ശരാവതി നദിക്കു കുറുകെ നിർമിച്ച സിഗന്ദൂർ പാലത്തിന് 2.25 കിലോമീറ്റർ നീളമുണ്ട്. ശിവമോഗയിലെ സാഗർ താലൂക്കിലെ കലാസവള്ളി, അംബാരഗോഡ്‌ലു എന്നീ സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് സിഗന്ദൂർ പാലം. ഈ മേഖലയിലെ പ്രധാന തീര്‍ഥാടന കേന്ദ്രമായ ചൗഡേശ്വരി ക്ഷേത്രത്തിലേക്ക് വരുന്നവർക്കും പാലം പ്രയോജനമാണ്. 2018-ലായിരുന്നു പാലത്തിന്റെ നിർമാണം ആരംഭിച്ചത്.
അതേസമയം മുഖ്യമന്ത്രി സിദ്ധരാമയ്യയെ മുൻകൂട്ടി അറിയിച്ചില്ലെന്നാരോപിച്ച് പാലത്തിന്റെ ഉദ്ഘാടനച്ചടങ്ങ് കർണാടക സർക്കാർ ബഹിഷ്കരിച്ചു. ക്ഷണം വൈകിയാണ് ലഭിച്ചതെന്നും അതിനാൽ ചടങ്ങ് മാറ്റിവെക്കണമെന്നും നിർദേശിച്ച് സിദ്ധരാമയ്യ കഴിഞ്ഞദിവസം ഗഡ്കരിക്ക് കത്തയച്ചിരുന്നുവെങ്കിലും ഉദ്ഘാടന പരിപാടി മാറ്റി വെയ്ക്കാന്‍ കേന്ദ്രം തയ്യാറായില്ല. ഓൺലൈൻ വഴി പങ്കെടുക്കാനായിരുന്നു സിദ്ധരാമയ്യയോട് നിർദേശിച്ചത്. ഇതിൽ പ്രതിഷേധിച്ചായിരുന്നു ബഹിഷ്കരണം.