ബർലിൻ: ജർമനിയിൽ ബോഷം നഗരത്തിലെ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് മലയാളികൾ മരിച്ചു. രണ്ട് യുവതികളും ഒരു യുവാവുമാണ് മരിച്ചത്. ഇരട്ടയാർ ശാന്തിഗ്രാം, കൊച്ചെടാട്ട് നോവ സാബു (23), കൊല്ലം ചാമക്കാട് സ്വദേശിനി അഞ്ജലി ഷീല ജോയ്, കാലടി സ്വദേശി സ്വിൻ ജോണി എന്നിവരാണ് മരിച്ചത്. അഞ്ചുപേർ പുക ശ്വസിച്ച് അവശനിലയിൽ ആശുപത്രിയിലാണ്. ചൊവ്വാഴ്ച പുലർച്ചെ 4.15ഓടെ ബോഹും ഹോഫ്സ്റെറഡെ മേഖലയിലെ പോസ്ററ്സ്ട്രാസെയിലുള്ള ബഹുനില കെട്ടിടത്തിലായിരുന്നു അഗ്നിബാധ.
കെട്ടിടത്തിനു തീവച്ചതാണെന്ന സംശയത്തിൽ ഒരു റൊമാനിയൻ പൗരനെ പോലീസ് കസ്റ്റഡിയിലെടുത്തതായി വിവരമുണ്ട്. കോണിപ്പടിയിലൂടെ തീ പെട്ടെന്ന് മുകളിലത്തെ നിലകളിലേക്ക് പടർന്നുപിടിച്ചതാണ് രക്ഷാപ്രവർത്തനത്തിന് തടസ്സമായത്. ഇതുമൂലം ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് അപ്പാർട്ട്മെന്റുകളിലേക്ക് പ്രവേശിക്കാനും മുകളിലത്തെ നിലകളിലുള്ള താമസക്കാരുടെ അടുക്കലേക്ക് എത്താനും സാധിച്ചില്ല.
മൂന്നൂ മാസം മുൻപാണ് നോവ പഠനത്തിനായി ജർമനിയിലേക്ക് പോയത്. രണ്ടാഴ്ച മുൻപാണ് ഇവർ കെട്ടിടത്തിലെ രണ്ടാംനിലയിൽ താമസത്തിനെത്തിയത്. അഞ്ജലി ഈ വർഷം ജൂലൈയിൽ ആണ് ജർമനിയിലേക്ക് ജോലിക്കായി പോയത്. അവിടെ സ്വകാര്യ കമ്പനിയുടെ വെയർഹൗസ് സർവീസിൽ ആയിരുന്നു ജോലി.
SUMMARY: Three Malayalis died and five others were injured in a building fire in Germany.















