കൊച്ചി: നെടുമ്പാശേരിയില് മിനി കൂപ്പര് ഇടിച്ച് മൂന്ന് പേര് മരിച്ച സംഭവത്തില് ആദ്യ പ്രതികരണവുമായി പ്രതി സുഹൈല് സജീവിന്റെ അമ്മയും സംരംഭകയുമായ നൂഹ സജീവ്. വിലപ്പെട്ട മൂന്ന് ജീവനുകളാണ് നഷ്ടമായതെന്നും മക്കളെ നഷ്ടപ്പെടുന്നതിന്റെ വേദന ചിന്തിക്കാനാവില്ലെന്നും ഇൻസ്റ്റയിൽ പങ്കുവെച്ച വിഡിയോയില് അവർ പറഞ്ഞു. ഞങ്ങള് ഉള്ളിടത്തോളം കാലം ആ കുടുംബങ്ങളോടുള്ള പിന്തുണ അറിയിക്കുകയാണ്. ആരുടെയും വേദന കുറച്ചു കാണിക്കാന് ഇല്ല എന്നും അവർ വ്യക്തമാക്കി.
‘നാലുപേരടങ്ങുന്ന കുടുംബമാണ്. തങ്ങളും സാധാരണ മനുഷ്യരാണ്. പല കാര്യങ്ങളും ചർച്ച ചെയ്യപ്പെടുമ്പോഴും അടിസ്ഥാനരഹിതമായ വാർത്തകളും പ്രചരിക്കുകയാണ്. താനും ഒരമ്മയാണെന്ന കാര്യം പരിഗണിക്കണം. തൻ്റെ കുഞ്ഞിനെ ഓർത്തുള്ള ആശങ്ക ഒരുവശത്തുണ്ട്, അതേപോലെ മൂന്നു കുഞ്ഞുങ്ങളുടെ ജീവിതം നഷ്ടപ്പെട്ടതോർത്ത് വിഷമമുണ്ട്. താൻ രണ്ടിനുമിടയിലൂടെയാണ് കടന്നുപോകുന്നത്. എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. ഇത്രയും ദിവസം എഴുന്നേറ്റ് ഇരിക്കാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു’. സ്നേഹത്തോടെ വളർത്തി വലുതാക്കിയ മക്കളെ നഷ്ടപ്പെടുന്ന വേദന ചിന്തിക്കാൻ കഴിയുന്നതിന് അപ്പുറമാണ്. കുഞ്ഞ് നഷ്ടപ്പെടുമ്പോൾ അച്ഛനമ്മമാർക്ക് ഉണ്ടാകുന്ന വേദന തനിക്ക് മനസ്സിലാകും. തൻ്റെ വാക്കുകൾ അവരുടെ ദുഖത്തിന് കുറവാവില്ലെന്ന് അറിയാമെന്ന് നൂഹ സജീവ് പറയുന്നു.
കേസിൽ സത്യസന്ധമായ അന്വേഷണം നടക്കട്ടെയെന്നും ഒട്ടേറെ അസത്യങ്ങൾ പ്രചരിക്കുകയാണെന്നും നൂഹ സജീവ് പറഞ്ഞു. സോഷ്യൽ മീഡിയയിൽ ഇക്കാര്യം ഒരുപാട് ചർച്ച ചെയ്യപ്പെടുന്നുണ്ടെന്ന് അറിയാം. എല്ലാവർക്കും തങ്ങളോട് ദേഷ്യവും വിദ്വേഷവും തോന്നുമെന്ന് അറിയാം. ഈ ദുഷ്കരമായ അവസ്ഥയില് കുറച്ച് സ്വകാര്യത എനിക്കും എന്റെ കുടുംബത്തിനും നല്കണമെന്ന് അഭ്യര്ഥിക്കുകയാണ്. അടിസ്ഥാനരഹിതമായ വാർത്തകളും ഊഹാപോഹങ്ങളും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത് നിർത്തണമെന്നും അവർ അഭ്യർത്ഥിച്ചു. തങ്ങൾക്കും ജീവിക്കാൻ അവകാശമുണ്ടെന്നും കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും നൂഹ സജീവ് വീഡിയോയിലൂടെ ആവശ്യപ്പെട്ടു.
SUMMARY: ‘Three precious lives have been lost; I will help those families’: Nooha Sajeev responds















