ചെറുകഥ
കല ജി. കെ
“ഒന്നും വെറുതെ ആവില്ല” ഒരിക്കൽ ഒരു ഫേസ്ബുക്ക് സുഹൃത്ത് തന്റെ പോസ്റ്റിലിട്ട കമൻറ് ആണ് ഇപ്പോൾ ഓർമ്മ വരുന്നത്. അതേ, ഒന്നും വെറുതെ ആയില്ല…
കസ്തൂരി കൊല്ക്കത്തയിലെ വീട്ടിലിരുന്ന വാട്സാപ്പില് കിട്ടിയ കോഴിക്കോട് സാഹിത്യോത്സവത്തിൻ്റെ ബ്രോഷറിലൂടെ കണ്ണുകള് തിരഞ്ഞുപിടിച്ച് ‘നീലക്കുറിഞ്ഞി’യുടെ പ്രകാശനം പലയാവര്ത്തി വായിച്ചു. ഉത്സവത്തിന്റെ ആദ്യദിനം തന്നെ!
കാലങ്ങള് കാത്തുവച്ച സ്വപ്നം!
അത് ശ്രദ്ധേയമായ ഒരു സാഹിത്യോല്സവ വേദിയില് സഫലമാകാന് പോകുന്നതിന്റെ അത്യാഹ്ലാദത്തില് അവള് പലതും മറന്നു. മകന് ഒഴിഞ്ഞ ടിഫ്ഫിന് ബോക്സ് കൊടുത്തയച്ചതുമുതല് കറിയിലേക്ക് പഞ്ചസാര ഇട്ടത് വരെ..
പ്രവാസജീവിതത്തില് നഷ്ടമായ വിലയേറിയ ഒന്നിന്റെ തിരിച്ചുപിടിക്കലാണ് ഈ പ്രകാശനം.
അവള് ബ്രോഷറിലെ മറ്റു പരിപാടികളിലേക്ക് കണ്ണോടിച്ചു. രണ്ടാം ദിവസം രാവിലെ ‘കഥയും കാലവും’. ചര്ച്ചയില് പങ്കെടുക്കുന്ന കഥാകൃത്തുക്കളുടെ പേരുകള്ക്കിടയില് അവള് തറച്ചുനിന്നു.
വിനയൻ.
ആ പേരില് നിന്നും മറ്റ് എവിടേയ്ക്കും കണ്ണുകള് നീങ്ങുന്നില്ല. നെഞ്ചിടിപ്പ് ഇരട്ടിച്ചത് അവൾ തൊട്ടറിഞ്ഞു.
അവിശ്വസനീയതയോടെ അവള് ശരീരത്തിലേക്ക് നോക്കി. കാലങ്ങള്ക്കിപ്പുറവും രോമങ്ങൾ പോലും ആ പേരിനെ തിരിച്ചറിയുന്നു. രോമവും പേരും തമ്മിലുള്ള സ്റ്റാറ്റിക് എനർജി!
ഊറി വന്ന് പതഞ്ഞ് പതഞ്ഞ് പരക്കുന്ന ഒരു സ്നേഹം ഉള്ളിലാകെ നിറഞ്ഞു. കരകവിഞ്ഞ് അത് ഫ്ലാഷ്ബാക്കിലേക്ക് ഒഴുകി.
പത്തൊമ്പത് വര്ഷങ്ങള്ക്കപ്പുറത്ത് മലമ്പുഴ റിസോര്ട്ടില് നടന്ന ദ്വിദിന കഥാക്യാമ്പില് വച്ച് വിനയനെ കണ്ടുമുട്ടല്.
കഥാവായന, ചര്ച്ച, സൗഹൃദം, ഭക്ഷണം .
രണ്ടാംദിനത്തില് തിരക്കുപിടിച്ച് അച്ഛനോടൊപ്പമുള്ള അവളുടെ തിരിച്ചുപോക്കില് ബൈക്കിൽ വഴിയിലെത്തി ക്യാമ്പ് ഡയറക്റ്ററുടെ പക്കല് നിന്നും ഒപ്പിട്ട് വാങ്ങിയ സര്ട്ടിഫിക്കറ്റുമായി എത്തിയ ആ സ്നേഹം……, അന്ന് കൈമാറിയ വിലാസത്തില് ഗൌരവമേറിയ കഥാ നിരീക്ഷണം അടങ്ങുന്ന കത്തുകള്… ഉപദേശങ്ങൾ…വായിക്കാൻ പറഞ്ഞ പുസ്തകങ്ങളുടെ ലിസ്റ്റ്….
പ്രണയത്തിന്റെയോ സ്നേഹത്തിന്റെയോ അടയാളപ്പെടുത്തലുകള് ഒട്ടും ഇല്ലാതെ വന്ന അനേകം വിനയൻ കത്തുകൾ…….
ഒരിക്കൽ അപ്രതീക്ഷിതമായി പാര്സലില് വന്ന ചുവന്ന സില്ക്ക് തുണിയില് പൊതിഞ്ഞ നീണ്ട സ്വര്ണ്ണ ചെയിനുള്ള പോക്കറ്റ് വാച്ച്.. അതിന്റെ മകുടത്തിലെ സ്വിച്ചില് അമര്ത്തുമ്പോള് തുറക്കുന്ന പാളിയ്ക്കകത്തെ വാച്ചിനകത്തു നീല ഡയല്! അകത്തു ചുരുട്ടികൂട്ടിയ ഒരു തുണ്ട് കത്ത്. “എന്റെ ഹൃദയസൂചികള് നിലയ്ക്കുന്നത് വരേയ്ക്കും സൂക്ഷിക്കുക.”
വാട്സാപ്പിലെ ബ്രോഷറിനെ മടക്കി, അവൾ കുറച്ച് നേരം വെറുതെയിരുന്നു.
വിവാഹനാളില് കൂടെക്കൂട്ടിയ സഫാരി സ്യൂട്ട്കേസ് അലമാരിയില് നിന്നും പുറത്തെടുത്ത് തുറന്നു.
കത്തുകളും അദ്ദേഹത്തിന്റെ കഥ പ്രസിദ്ധീകരിച്ച പഴയ മാഗസിനുകളുമടക്കം പലവകകളുടെ കൂട്ടത്തില് സില്ക്ക് തുണിയിലെ പോക്കറ്റ് വാച്ച് എടുത്ത് അവള് തുറന്നു.
ഒരു ദശാബ്ധത്തിനപ്പുറമുള്ള കഥയിലേക്ക് തിരിച്ചുവച്ച ഘടികാര സൂചികള്… മറുകാലവും സമയവും സൂചിപ്പിക്കുന്ന സൂചിമുനകള് നെഞ്ചിനെ വല്ലാതെ കുത്തിനോവിച്ചു.
‘എന്റെ സ്വാര്ത്ഥതയായിരുന്നില്ല..വീട്ടുകാരുടെ നിര്ബന്ധത്തില് നിലയറ്റുപോയി…’ എന്ന് അതിനോട് വേദനയോടെ പറഞ്ഞ് പഴങ്കഥയുടെ ആ അടയാളത്തെ കസ്തൂരി നെഞ്ചോടു ചേര്ത്തു.
കോഴിക്കോട് കടപ്പുറത്ത് വച്ച് കുറച്ച് സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ കഥാസമാഹാരം പ്രകാശനം നടന്നതിൻ്റെ അടുത്തദിവസത്തില് ‘കഥയും കാലവും’ സെഷനില് മൂന്നാമത്തെ വരിയില് പിടപ്പിന്റെ പീഠത്തില് അവളിരിക്കുമ്പോള് വേദിയില് കാലങ്ങള്ക്കപ്പുറത്തേയ്ക്ക് കഥ നീളുകയായിരുന്നു.
നീണ്ട താടിയില്, ബ്രൌണ് ഷര്ട്ടും കരമുണ്ടിലും അവള് പത്തൊമ്പത് വര്ഷങ്ങള്ക്കപ്പുറത്തെ കഥാകൃത്തിനെ ആവേശമിടിപ്പോടെ തേടി…
കാലം ശരീരത്തിൽ വരുത്തിയ ചില മാറ്റങ്ങൾ. അനേകം കഥ പറയുന്ന കണ്ണുകൾക്ക് മാത്രം മാറ്റമില്ല. ചർച്ചയിൽ ശ്രദ്ധിക്കാൻ അവൾക്ക് കഴിഞ്ഞില്ല..
സെഷന് കഴിഞ്ഞ് തിരക്കുകളിലൂടെ പോകാനൊരുങ്ങുന്ന എഴുത്തുകാരനിലേക്ക് സമ്മിശ്രവികാരങ്ങളുടെ തള്ളലില് കസ്തൂരി ഓടിച്ചെന്നു.
ഒപ്പുവാങ്ങലും കുശലാന്വേഷണവുമായി കൂടിയ ഒരുപറ്റം ആളുകള്ക്കിടയില് കൊല്ലന്റെ പണിപ്പുരയിലെ കനലില് വിളങ്ങിച്ചേരാന് കിടക്കുന്ന ചങ്ങലക്കണ്ണിയായി അവള് എരിഞ്ഞു.
നിയന്ത്രിക്കാനാവാത്ത ഹൃദയതാളവും പരവേശവും തളര്ത്തിയ ശരീരത്തില്നിന്നും ഒന്നും പറയാനാവാതെ, തള്ളുന്ന തിരക്കില് അവള് അദേഹത്തിന്റെ ഏറ്റവും പുതിയ നോവല് ഒപ്പിട്ട് വാങ്ങി.
ഒരുവേള മിന്നായനോട്ടത്തില് തിരിച്ചറിവിന്റെ പ്രകാശം ആ കണ്ണുകളില് തിളങ്ങുന്നുണ്ടോ? അവള് ആകാംക്ഷയുടെ കൊളുത്തിട്ട് ആ കണ്ണുകളിലേക്ക് നോക്കി. തിരക്കുപിടിച്ച ആ കണ്ണുകളില് ചാരനിറമുള്ള ഗോളങ്ങള് ഓടിക്കളിക്കുകയായിരുന്നു.
അവളുടെ കഥാസമാഹാരത്തിന്റെ ഓഥഴ്സ് കോപ്പിയുടെ ആദ്യപേജില് കാലങ്ങളായി സൂക്ഷിച്ച സമ്മാനം വച്ച് അദ്ദേഹത്തിന് നീട്ടി.
ആശംസകള് നല്കി വിനയൻ എന്ന എഴുത്തുകാരന് തിരക്കിനിടയില് മറഞ്ഞു.
ബാഗിനുള്ളില് നിന്നും പുറത്തെടുത്ത ഫ്ലൈറ്റ് ടിക്കറ്റിന്റെ സമയത്തിലേക്ക് അവളുടെ കണ്ണുനീര് ഒറ്റിപടര്ന്നു. എയര്പോര്ട്ടിലേക്കുള്ള യാത്രയില് ശൂന്യമായ ശരീരം അവള് കാറിന്റെ സീറ്റിലേക്ക് ചാരി വച്ചു.
കടൽ തീരത്തെ റിസോര്ട്ട് ബാറിലിരുന്ന മറ്റ് എഴുത്തുകാര്ക്കൊപ്പം നുരയുന്ന ബിയര് നുണയുമ്പോള്, അവളുടെ കഥാസമാഹാരം കൈയ്യിലെടുത്ത് കുമിഞ്ഞുകൂടുന്ന പുത്തന് എഴുത്തുകാരേക്കുറിച്ച് അയാള് ചിരിയോടെ പറയുകയായിരുന്നു.
തുറന്ന പുസ്തകത്തിന്റെ ആദ്യപേജില് ഭദ്രമായി ഒട്ടിച്ചുവച്ച സമ്മാനപ്പൊതിയിലേക്ക് അയാള് നോക്കി. ആകാംക്ഷ പൊതിയഴിച്ച ചുവന്ന സില്ക്ക് തുണിയില് നിന്നും പോക്കറ്റ് വാച്ച് കൈയ്യിലേക്ക് ഊര്ന്ന് വീണു. ഘടികാരത്തെ കൈയ്യിലൊതുക്കി പുറംചട്ടയിലെ ഫോട്ടോയിലേക്ക് അയാള് അവിശ്വസനീയതയോടെ നോക്കി.
കസ്തൂരി!
അവളുടെ ഗന്ധം കിട്ടാനെന്നവണ്ണം അയാൾ ആ പുസ്തകത്തെ മണത്തു.
ആ കുഞ്ഞു ഘടികാരത്തിലെ കടലാസ് തുണ്ടിനെ ചുരിട്ടിപിടിച്ച് ചർച്ച നടക്കുന്ന സദസ്സിലേക്ക് ഓടിയ അയാള് അതിവേഗം മിടിക്കുന്ന ഹൃദയത്തോടെ അവളെ തേടി….കസേരകളിൽ ഇരിക്കുന്ന പല മുഖങ്ങളിലും അയാൾ അവളെ തിരഞ്ഞു.
കസ്തൂരി ഭര്ത്താവിനോട് കൊല്ക്കത്ത എയര്പോര്ട്ടില് എത്താനുള്ള സമയം അറിയിച്ച് മൊബൈല് സ്വിച്ച് ഓഫ് ചെയ്ത് കണ്ണുകൾ ഇറുക്കിയടച്ച് കാർസീറ്റില് ചാരിക്കിടന്നു.
















