കൊച്ചി: എറണാകുളത്ത് ഔദ്യോഗിക കൃത്യനിർവഹണത്തിലേർപ്പെട്ടിരുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം. ഞാറക്കൽ പോലീസ് സ്റ്റേഷനിലെ എസ്.ഐ ജിതിൻ, കോൺസ്റ്റബിൾ രാഗേഷ് എന്നിവർക്കാണ് കുത്തേറ്റത്. പ്രമുഖ കൊലക്കേസ് പ്രതിയായ മുന്നയുടെ നേതൃത്വത്തിലുള്ള അക്രമികളുടെ സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന പ്രാഥമിക വിവരം. പരുക്കേറ്റ ഉദ്യോഗസ്ഥരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വൈപ്പിൻ എളങ്കുന്നപുഴയിലെ പെട്രോൾ പമ്പിൽ സ്വകാര്യ ബസ് ജീവനക്കാരെ ഒരു സംഘം ആളുകൾ മർദിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എസ്.ഐ. ജിതിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവ സ്ഥലത്ത് എത്തുന്നത്. കൊലക്കേസിൽ ഉൾപ്പെടെ പ്രതിയായ മുന്ന എന്നയാളിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ബസ് ഡ്രൈവറിനെ മർദിച്ചത്.
സംഭവ സ്ഥലത്തെത്തിയ പോലീസ് മർദനം തടയാൻ ശ്രമിച്ചതോടെയാണ് മുന്നയെന്നയാൾ എസ്.ഐ. ജിതിനെയും കോൺസ്റ്റബിൾ രാകേഷിനെയും കുത്തി പരിക്കേൽപ്പിച്ചത്. ഗുണ്ടകളുടെ ആക്രമണത്തിൽ ഈ പോലീസ് ഉദ്യോഗസ്ഥരുടെ തലയ്ക്ക് ഉൾപ്പെടെ പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസമാണ് ജിതിൻ ഞാറയ്ക്കൽ സ്റ്റേഷനിൽ ചാർജ് എടുത്തത്.
സംഭവത്തിൽ മൂന്നുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മുന്ന എന്ന് അറിയപ്പെടുന്ന പ്രജിത്ത്, അയാളുടെ സഹോദരനായ പ്രജീഷ്, വരാപ്പുഴ സ്വദേശിയായ റാഹിൽ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. പ്രതികളെ പിടികൂടാനെത്തിയ മറ്റ് പോലീസുകാരെയും ഇവർ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. പ്രതികളെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കിയിരിക്കുകയാണ്.
SUMMARY: Two police officers stabbed while investigating a brawl in Ernakulam; three people in custody.
















