കണ്ണൂർ: പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാർഥി വി. കുഞ്ഞികൃഷ്ണനെ പിന്തുണച്ച ടി. പുരുഷോത്തമന്റെ വീടാക്രമിച്ച് വണ്ടി കത്തിച്ച സംഭവത്തിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. സുധീഷ്, അജയ് കൃഷ്ണ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകീട്ടോടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. പയ്യന്നൂർ ഡിവൈഎഫ്ഐയുടെ വെസ്റ്റ് മേഖല പ്രസിഡന്റാണ് സുധീഷ്. അർധരാത്രി 12.30ഓടെ എത്തിയ സംഘം വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന് തീയിടുകയായിരുന്നു. വീടിന്റെ ജനൽ ചില്ലുകളും സംഘം എറിഞ്ഞു തകർത്തു.
സിപിഎം പ്രവർത്തകനായിരുന്ന പുരുഷോത്തമനെ നേരത്തെ പാർയിൽ നിന്ന് പുറത്താക്കിയിരുന്നു. . തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണനൊപ്പം ചേർന്ന് പ്രവർത്തിച്ചതിലുള്ള രാഷ്ട്രീയ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പുരുഷോത്തമൻ ആരോപിച്ചു. സംഭവത്തിൽ കൂടുതൽ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
















