ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന തിരംഗ മാര്ച്ചിനിടെ പോലീസ് കസ്റ്റഡിയിലെടുത്ത ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ) അഖിലേന്ത്യാ പ്രസിഡന്റ് നേഹ ബോറ എവിടെ എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപിയും വിവിധ വിദ്യാർഥി സംഘടനകളും സംയുക്തമായി പ്രഖ്യാപിച്ച മാർച്ചിനായി മണ്ഡി ഹൗസ് ഭാഗത്തേക്ക് പോകുന്നതിനിടെയാണ് നേഹ ബോറയെ പോലീസ് കസ്റ്റഡിയിലെടുത്തത്. നേഹ ബോറയെ കസ്റ്റഡിയിലെടുത്ത വാഹനത്തിൽ യൂണിഫോം ധരിക്കാത്ത രണ്ട് പേരുണ്ടായിരുന്നുവെന്നും ഇത് ദുരൂഹത ഉയർത്തുന്നതാണെന്നും ഐസ ആരോപിച്ചു
നേഹയെ ഒറ്റയ്ക്ക് മംഗ്ലാപുരിയിലെ ആന്റി നാർക്കോട്ടിക് ടാസ്ക് ഫോഴ്സ് കസ്റ്റഡിയിൽ പാർപ്പിച്ചിരിക്കുകയാണെന്നാണ് സൂചനയെന്നും, വൈകിട്ട് 4 മണിയോടെ കസ്റ്റഡിയിലെടുത്ത നേഹയെക്കുറിച്ച് രാത്രി 10 മണിയായിട്ടും യാതൊരുവിധ വിവരങ്ങളും ഔദ്യോഗികമായി ലഭിക്കുന്നില്ലെന്നും സംഘടന ആരോപിക്കുന്നു. നേഹയെ കാണാനോ അവരുമായി ആശയവിനിമയം നടത്താനോ അഭിഭാഷകരെയും സംഘടനയുടെ മറ്റ് ഭാരവാഹികളെയും പോലീസ് അനുവദിക്കുന്നില്ല. അവരുടെ ഫോണും പോലീസ് പിടിച്ചെടുത്തതായി പ്രവർത്തകർ പറയുന്നു.
നേഹ ബോറ എവിടെയെന്ന ചോദ്യവുമായി സിപിഐ നേതാവ് ആനി രാജ ഉൾപ്പെടെയുള്ള പ്രമുഖർ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചു. വൈകിട്ട് കസ്റ്റഡിയിലെടുത്ത നേതാക്കളെക്കുറിച്ച് രാത്രിയായിട്ടും ഔദ്യോഗിക വിവരങ്ങൾ നൽകാത്തതിനെതിരെ ജോൺ ബ്രിട്ടാസ് എം.പി ഉൾപ്പെടെയുള്ള നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.
അതേ സമയം, ക്രമസമാധാനപാലനം ഉറപ്പുവരുത്താനാണ് കസ്റ്റഡിയിലെടുത്തതെന്നാണ് ഡൽഹി പോലീസിന്റെ ഔദ്യോഗിക വിശദീകരണം. അഭിജീത് ദിപ്കെയും നേഹ ബോറയും ജഫാർപൂർ കലാൻ പോലീസ് സ്റ്റേഷനിലുണ്ടെന്നാണ് സൂചന. സ്റ്റേഷൻ പരിസരത്ത് വൻ പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.
SUMMARY: Where is Neha Bora? Allegations that she has been moved to an undisclosed location; CJP states there is also no information regarding Abhijit Deepke.
















