ബെംഗളൂരു: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ജമ്മു കശ്മീരിൽ കുടുങ്ങിയ 178 കന്നഡിഗരെ പ്രത്യേക വിമാനത്തിൽ തിരിച്ചെത്തിച്ചു. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സംസ്ഥാന തൊഴിൽ വകുപ്പ് മന്ത്രി സന്തോഷ് ലാഡ് കശ്മീരിൽ എത്തിയിരുന്നു. ജമ്മുവിൽ കുടുങ്ങിയ കന്നഡിഗർക്കൊപ്പം അദ്ദേഹവും ബെംഗളൂരുവിൽ തിരിച്ചെത്തി. കഴിഞ്ഞ രണ്ട് ദിവസമായി, ജമ്മു കശ്മീരിലെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന കർണാടകയിലെ വിനോദസഞ്ചാരികളെ സഹായിക്കുന്നതിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. നാട്ടിലേക്ക് ഇവരെ തിരികെ
എത്തിക്കാനുള്ള മാർഗനിർദേശം നൽകുകയും വിമാനത്താവളത്തിലേക്ക് പ്രത്യേക ഗതാഗതം ക്രമീകരിക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു. മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാത്തവർക്കായി ശ്രീനഗറിൽ നിന്ന് ബെംഗളൂരുവിലെ കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പ്രത്യേക വിമാനം ഏർപ്പെടുത്തിയിരുന്നു.
അതേസമയം, പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 26 പേരിൽ കർണാടക സ്വദേശികളായ മഞ്ജുനാഥ് റാവു, ഭരത് ഭൂഷൺ എന്നിവരുടെ മൃതദേഹങ്ങൾ വ്യാഴാഴ്ച പുലർച്ചെ 4 മണിയോടെ ബെംഗളൂരുവിൽ എത്തിച്ചു. ഡൽഹിയിൽ നിന്ന് പറന്നുയർന്ന വിമാനത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളും ഉണ്ടായിരുന്നു. സംസ്കാരചടങ്ങുകളിൽ സംസ്ഥാന – കേന്ദ്ര മന്ത്രിമാർ പങ്കെടുത്തു.
TAGS: KARNATAKA | TERROR ATTACK
SUMMARY: 178 Stranded kannadigas at Jammu return back