ന്യൂഡല്‍ഹി: യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ ‘പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗാര്‍ യോജന’; പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ പദ്ധതിയനുസരിച്ച് സ്വകാര്യമേഖലയില്‍ ആദ്യമായി ജോലിയില്‍ പ്രവേശിക്കുന്ന യുവാക്കള്‍ക്ക് സര്‍ക്കാരില്‍നിന്ന് 15,000 രൂപ ലഭിക്കും. കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്കുന്ന കമ്പനികളെ പ്രോത്സാഹിപ്പിക്കും. ഈ പദ്ധതിയിലൂടെ ഏകദേശം 3.5 കോടി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ദീപാവലി സമ്മാനമായി ജിഎസ്ടി പരിഷ്കരണം നടപ്പിലാക്കും. ജിഎസ്ടി നിരക്കുകൾ കുറയ്ക്കും. 79-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജിഎസ്ടി നിരക്കുകൾ പരിഷ്ക്കരണത്തിലൂടെ നിത്യോപയോഗ സാധനങ്ങളുടെയും വില കുറയും. വിലകുറയന്നതോടെ സാധാരണക്കാര്‍ക്ക് അത് വലിയ ആശ്വാസമാകുമെന്നും മോദി പറഞ്ഞു. പ്രസംഗം 103 മിനിറ്റ് നീണ്ടു നിന്നു. രാജ്ഘട്ടിലെത്തി ഗാന്ധിസമാധിയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് മോദി ചെങ്കോട്ടയിൽ എത്തിയത്.
ഓപ്പറേഷൻ സിന്ദുറിൽ പങ്കെടുത്ത ധീര ജവാന്മാർക്ക് സല്യൂട്ട് നൽകുന്നുവെന്നും മോദി അറിയിച്ചു. പഹൽഗാം ഭീകരാക്രമണത്തിന് ഓപറേഷൻ സിന്ദൂറിലൂടെ ഇന്ത്യ ചുട്ടമറുപടി നൽകി. ഇന്ത്യൻ സേനക്ക് സർക്കാർ പൂർണ സ്വാതന്ത്ര്യം നൽകി. തന്ത്രവും ലക്ഷ്യവും ആക്രമണത്തിന്റെ സമയവും സൈന്യമാണ് തീരുമാനിച്ചത്. സങ്കൽപ്പിക്കാനാവാത്ത കാര്യമാണ് സൈന്യം ചെയ്തത്.
സ്വന്തം കരുത്തിലും കഴിവിലും വിശ്വസിക്കുകയാണ് ആത്മനിര്‍ഭരതയ്ക്കുള്ള വഴിയെന്നും ഡോളറിനെയും പൗണ്ടിനെയും ആശ്രയിക്കേണ്ടതില്ലെന്നും മോദി പറഞ്ഞു.യു എസ് തീരുവയെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍.
രാജ്യത്തിന്റെ ആത്മനിര്‍ഭരത ഓപ്പറേഷന് സിന്ദൂരില്‍ കണ്ടു. ശത്രുവിനെ തകര്‍ത്തത് രാജ്യത്തിന്റെ സ്വന്തം ആയുധങ്ങള്‍ ഉപയോഗിച്ചാണ്. സെമികണ്ടക്റ്റര്‍ രംഗത്ത് വളരാനുള്ള ശ്രമത്തിലാണ്. ഈ വര്‍ഷം അവസാനത്തോടെ മേഡ് ഇന്‍ ഇന്ത്യ ചിപ്പുകള്‍ ഉണ്ടാകും. ഊര്‍ജരംഗത്തും സ്വയംപര്യാപ്തമാവുകയാണ് ഇന്ത്യ. ഹൈഡ്രജന്‍ എനര്‍ജിക്കായി ശതകോടികള്‍ ചെലവഴിക്കുന്നുന്നു. ആണവോര്‍ജ രംഗത്തും വലിയ പരിഷ്കാരങ്ങള്‍ കൊണ്ടുവരുന്നു. 2030 ആവുമ്പോഴേക്കും 50 ശതമാനം ക്ലീന്‍ എന്‍ര്‍ജി എന്നതാണ് ലക്ഷ്യംമെന്നും മോദി പറഞ്ഞു.
SUMMARY: ‘Pradhan Mantri Vikasit Bharat Rozgar Yojana’; Prime Minister announced a scheme of 1 lakh crores for the youth