Follow the News Bengaluru channel on WhatsApp

തപ്പു കൊട്ടണ് തകിലടിക്കണ്

കെ ആർ കിഷോർ എഴുതുന്ന പംക്തി
‘വിചാരം’

രണ്ട്

തപ്പു കൊട്ടണ് തകിലടിക്കണ്

എന്തായാലും ഈ കോവിഡ് 19 ന് ഒരു ദേശീയ അവാര്‍ഡ് കൊടുക്കണം. എനിക്ക് ലക്ഷങ്ങളാണ് ലാഭം’… ആന്റപ്പന്‍ സന്തോഷത്തിലാണ്. കോവിഡു മൂലം നഷ്ടങ്ങളും ദുരിതങ്ങളും ദുരന്തങ്ങളും, കൂടാതെ അനേകം ഇഷ്ടപ്പെട്ട വ്യക്തികളുടെ വേര്‍പാടുകളും ഉണ്ടായി. അങ്ങനെ ലോകം മുഴുവന്‍ ശോകമൂകമായി ചലിക്കുമ്പോള്‍ ഇവിടെയൊരാള്‍ കൈ കൊട്ടിച്ചിരിക്കുന്നു. ഞാനാലോചിക്കുകയായിരുന്നു, ഇയാള്‍ക്കെന്തുപറ്റി? തിരക്കൊഴിഞ്ഞ പൂഴിമണല്‍പ്പരപ്പില്‍, എന്റെ മുന്നില്‍ മാസ്‌കു ധരിച്ചിരിക്കുന്ന ആന്റപ്പേട്ടന്‍ വിശദീകരിച്ചു:’ ഹഹഹ… നാട്ടില്‍ കോവിഡു എഴുന്നെള്ളിയതോടെ ഞാന്‍ രക്ഷപ്പെട്ടു…’

കോവിഡു വരുന്നതിനു മുമ്പു ഇയാള്‍ എന്തപകടത്തിലായിരുന്നു അകപ്പെട്ടതെന്നൊന്നും അയാള്‍ പറഞ്ഞില്ല. അതാണയാളുടെയൊരു രീതി… നടനല്ലേ, നടപ്പും വാക്കും എല്ലാം നാടകീയം…!.

നമ്മള്‍ വീട്ടുകാരേപ്പോലെ സ്‌നേഹിക്കുന്ന ഗായകന്‍ എസ്പി, കവിയത്രിയും സാംസ്‌കാരിക നായികയുമായ സുഗതകുമാരി. ഇങ്ങനെ എത്രയെത്ര നല്ല മനുഷ്യരുടെ നഷ്ടം…! എത്രയെത്ര കുടുംബങ്ങള്‍ ജോലിയും കൂലിയുമില്ലാതെ വഴിയാധാരമായി. ലോകത്തിനു തന്നെ ഒരിക്കലും നികത്താനാവാത്ത നഷ്ടങ്ങള്‍, എന്നിട്ടും നിങ്ങള്‍ക്കു ആനന്ദം. ആന്റപ്പേട്ടന്‍, നിങ്ങളൊരു സംഭവം തന്ന്യാ..’

‘ഹഹഹഹ.. പ്രണാമം, ആദരാഞ്ജലികള്‍, നികത്താനാവാത്ത നഷ്ടം മുതലായ പതിവു വായ്ത്താരികളുടെ വെള്ളചാട്ടമല്ലേ വാട്‌സ് ആപ്പു വേദികള്‍?. ചില സമയങ്ങളില്‍, എന്റെ പ്രസക്തിയറിയിക്കുവാന്‍ ഒരു തൂവല്‍ പൊഴിക്കുന്നതു പോലെ എന്റെ കപട സങ്കടങ്ങള്‍ ഞാനും രേഖപ്പെടുത്തിയിരുന്നു. സാമൂഹിക ദുഃഖം ആചരിക്കുന്നതു അങ്ങനെയല്ലേ? വേണ്ടുന്നതും വേണ്ടാത്തതുമായ എന്തും പറയാനുള്ള പൗരനു കിട്ടുന്ന ഒരേയൊരു വേദിയിപ്പോള്‍ അതാണല്ലോ? ഇതുകളി വേറെയാണു. ഇതെന്റെ സ്വകാര്യ സന്തോഷം…”ആന്റപ്പേട്ടനു ഇങ്ങനെ സ്വകാര്യമായി സന്തോഷിക്കാന്‍ ഒരു കാരണ മുണ്ടാവുമല്ലോ?’എനിക്കും കേള്‍ക്കാന്‍ മോഹമായി.

ആന്റപ്പേട്ടന്റെ മകള്‍ റോസി എംബിഎ പാസ്സായി കഴിഞ്ഞ കൊല്ലം സെപ്റ്റംബറില്‍ ജോലി കിട്ടിയതോടെ അവളുടെ നടപ്പിലും പ്രകൃതത്തിലും ചില മാറ്റങ്ങള്‍ പ്രകടമാവുന്നുണ്ടായിരുന്നു. അതുവരെ അശ്രദ്ധമായി നടന്നിരുന്ന അവള്‍ മേക്കപ്പില്‍ ശ്രദ്ധിക്കാന്‍ തുടങ്ങി, മൊബൈല്‍ ഫോണിനോടു വല്ലാത്ത സ്‌നേഹം തുടങ്ങുന്നു. വാക്കിലും നോട്ടത്തിലു മെല്ലാം ഒരുതരം പന്തികേടു. പ്രണയത്തിന്റെ സുഗന്ധം പരക്കാന്‍ തുടങ്ങുകയായിരുന്നു. ആന്റപ്പേട്ടന്‍ അതൊന്നും ശ്രദ്ധിച്ചില്ല. എന്നാല്‍ ലൂസിച്ചേടത്തിയുടെ ചോദ്യ ശരങ്ങള്‍ക്കു മുന്നില്‍ റോസിയുടെ പ്രണയം കീഴടങ്ങി.

കൂടെ ജോലി ചെയ്യുന്ന പയ്യനായിട്ടാണു ചുറ്റിക്കളി. ലൂസിച്ചേടത്തി കലി തുള്ളി. കേവലം പ്രണയമല്ല, മതേതര പ്രണയം. ബിഷപ്പു ആലേങ്ങാടന്റെ സഹോദരിയല്ലേ ലൂസിച്ചേടത്തി, എങ്ങനെ അംഗീകരിക്കും?

റോസി വെട്ടിത്തുറന്നു പറഞ്ഞു:’ കല്യാണം കഴിച്ചുകൊടുത്തില്ലെങ്കില്‍ കയറെടുക്കും. .എനിക്കു ചിരിവന്നു. തികച്ചും പ്രാകൃതമായ തീരുമാനം. ഛെ, ഈ കുട്ടിക്കൊരു മോഡേണിറ്റിയുമില്ലല്ലോ. കഷ്ടം..! ഇക്കാലത്തു പ്രണയത്തിന്റെ പേരില്‍ ആരാണു മരിക്കുന്നതു? ദേവദാസിന്റെയും രമണന്റെയും കാലമെല്ലാം പോയില്ലേ? ഇനി മരണം അനിവാര്യ ഘടക മാണെങ്കില്‍ തന്നെ ആരാണു കയറെടുക്കുന്നത്? മരണത്തിലും വേണ്ടേ ഒരു ഭാവുകത്വം? കയര്‍ എന്ന പ്രാകൃതമായ രീതിയല്ലാതെ മരിക്കാന്‍ ആധുനിക മാര്‍ഗ്ഗങ്ങളൊന്നുമില്ലേ? ഛെ .. എനിക്കു റോസിയോടു തോന്നിയതു സഹതാപമാണ്.

‘ആന്റപ്പേട്ടന്‍, റോസിയെ അവളുടെ ഇഷ്ടത്തിനു വിട്ടു കൊടുത്തു കൂടെ? എന്തിനാ ആ കുട്ടിയെക്കൊണ്ടു കയറെടുപ്പിക്കണെ ? ‘ധര്‍മ്മസങ്കടത്തിലായ ആന്റപ്പേട്ടന്‍ ലൂസിയെ ഉപദേശിച്ചു:

‘എടിയേ…’ബേപ്പൂരിലെ സുല്‍ത്താന്‍ ഫാബിയെവിളിക്കുന്നതുപോലെ പ്രണയം പുരട്ടിയവാക്കുകള്‍ അയാളുടെ ചുണ്ടില്‍നിന്നും മധുരമായി ഒലിച്ചിറങ്ങി. ലൂസിയേ...പ്രണയമാണെങ്കില്‍പിന്നെ സ്ത്രീധനത്തിനു പ്രസക്തിയില്ലാതായില്ലേ? ഇതൊരു ലോട്ടറിയല്ലേ? നമ്മള്‍ രക്ഷപ്പെട്ടില്ലേ? ബിഷപ്പിന്റെ കുടുംബ മഹിമ പറഞ്ഞിരുന്നിട്ടെന്താ കാര്യം? ‘

അവളുടെ തലയിലും നിലാവുദിച്ചതപ്പോഴാണു. കുട്ടികളെ പഠിപ്പിക്കാനും സ്വന്തമായിത്തിരി മണ്ണുവാങ്ങിച്ചോരു കൊച്ചുകൂരയും കെട്ടിയുണ്ടാക്കാനും കഴിഞ്ഞതിപ്പോഴാണു. അപ്പോഴേക്കും ആഗോളവല്‍ക്കരണം ബാധിച്ച കര്‍ഷകരെപ്പോലെ ആന്റപ്പന്റെ സാമ്പത്തികാവസ്ഥയുടെ നട്ടെല്ലൊടിഞ്ഞു. വീടുപണിയാനെടുത്ത ലോണിലേക്കു നല്ലൊരുതുക പ്രതിമാസം ബാങ്കിലടക്കണം. ഇക്കാലത്തെങ്ങനെയാണു മനുഷ്യനൊരു കല്യാണം കഴിക്കുന്നത്?

സ്ത്രീധനം ഒഴിവായാലും പോരല്ലോ, കല്യാണച്ചെലവും, സദ്യയും, ഡ്രെസ്സും, ബസ്സും. പിന്നെയാണു പ്രശ്നത്തിനകത്തെ ഗൗരവം തലയില്‍ കയറിയത്. ഉറങ്ങാന്‍ കിടന്നാല്‍ ഉറക്കമില്ല. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോള്‍ മദ്യപാനീയം നിര്‍ത്തിയതായിരുന്നു. കല്യാണപ്രശ്‌നം തലയ്ക്കു പിടിച്ചപ്പോള്‍ ആന്റപ്പേട്ടന്‍ രണ്ടെണ്ണം വലുതു തന്ന വീശി ഉറങ്ങാന്‍ കിടന്നു. അതോടെ പ്രശ്‌നം സങ്കീര്‍ണ്ണമാവു കയായിരുന്നു.

ഉറക്കത്തില്‍ കര്‍ത്താവു വന്നു പുളിച്ച തെറിപറയും: ‘വീട്ടില്‍ പ്രശ്‌നം രൂക്ഷമാവുമ്പോലാണോടാ നീമദ്യപിക്കുന്നതു? നീയേതു കോപ്പിലെ നസ്രാണിയാടാ കന്നാലി…?’ കര്‍ത്താവിനു എങ്ങന്യാ ഈ ചന്തയിലെ ഭാഷ കിട്ടുന്നതെന്നു തിരിഞ്ഞും മറിഞ്ഞും കിടന്നു ആലോചിച്ചു നോക്കി.

അങ്ങനെയൊരു നാള്‍ റോസിയെ വിളിച്ചു ആന്റപ്പന്‍ സമാധാനിപ്പിച്ചു:’ നീ വിഷമിക്കാതെ, ഈ ആന്റപ്പന്‍ നടത്തും, നിന്റെ കല്യാണം..’ അതൊരു കടുത്ത തീരുമാനമായിരുന്നു. ലൂസി നെടുവീര്‍പ്പിട്ടു. അവള്‍ക്കു ആകാംക്ഷ. ‘പണത്തിന്റെ കാര്യം വല്ലതും ശരിയായോ? ‘ ‘എടിയേ, എല്ലാം ശരിയാവും.. അഞ്ചെട്ടു മാസമുണ്ടല്ലോ..വഴിയുണ്ടാവും. 2020 ആഗസ്റ്റില്‍ കല്യാണം’.

അങ്ങനെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞേ ഉള്ളൂ, പിന്നെ നാട്ടിലുള്ള കമ്പോളങ്ങളുടെ ഘോഷയാത്രയായിരുന്നു. ആദ്യം വന്നതു സ്‌ക്രീന്‍ പ്രിന്റേഴ്സാണു, കല്യാണക്കത്തിന്റെ കുറെ അത്യന്താധുനിക മോഡലുകളുമായി. പിന്നെ, ബിരിയാണി, ടീപാര്‍ട്ടിക്കാര്‍, 916 സ്വര്‍ണ്ണവും പ്ലാറ്റിനവും കാണിക്കുന്ന ജ്വല്ലറിക്കാര്‍, സ്റ്റില്‍ ഫോട്ടോയും വീഡിയോവും വിവിധ പാക്കേജുകള്‍ഉള്ള സ്‌റുഡിയോ ക്കാര്‍..തുണിക്കടക്കാര്‍… കഴുകന്‍ കണ്ണുകളുമായി നോക്കിയിരിക്കയാണു, ആന്റപ്പേട്ടന്റെ പോക്കറ്റിലെ ഇല്ലാത്ത പണം അടിച്ചു മാറ്റാന്‍… !

എല്ലാവരേയും സമാധാനിപ്പിച്ചുകൊണ്ടു ആന്റപ്പേട്ടന്‍ പറഞ്ഞു,: ‘സമയമാവട്ടെ, അറിയിക്കാം.’ അങ്ങനെ ട്രമ്പും ലോകവും ശാന്തമായൊഴുകുമ്പോഴാണു ചൈനയുടെ മതില്‍കടന്നു ലോകം ചുറ്റി, കോവിഡ് 19 – ന്റെ രംഗപ്രവേശം…!

പൊതുസ്ഥാപനങ്ങളുടെ വാതിലുകള്‍ അടയുന്നു, കടകമ്പോളങ്ങളും ഓഫീസുകളും ലോക് ഡൗണ്‍…! പ്രധാനമന്ത്രി സന്ധ്യക്കു വിളക്കു കത്തിച്ചു പ്രാര്‍ത്ഥിച്ചു, പാത്രം കൊട്ടാന്‍ പറഞ്ഞു. കുറെ ജനങ്ങള്‍ പട്ടാളം അനുസരിക്കുന്നതുപോലെ കൃത്യമായി എല്ലാം അനുസരിച്ചു. നമ്മള്‍ അനുസരിക്കാന്‍ പഠിക്കുകയായിരുന്നു.

അപ്പോള്‍ കോവിഡ് പടരുകയായിരുന്നു. ദേവാലയങ്ങള്‍ അടച്ചപ്പോള്‍ അത്ഭുതമായി. പൂജയും പ്രാര്‍ത്ഥനയും വഴിപാടുകളും കുമ്പസാരവും നിസ്‌കാരവും ഇല്ലാതായാല്‍ പിന്നെയെങ്ങനെ ലോകം നിലനില്‍ക്കും ?

ഏയ്. ലോകത്തിനൊന്നും സംഭവിച്ചില്ല. ആകാശം ഇടിഞ്ഞു പൊളിഞ്ഞു വീണില്ല. ആയിരം പാദസരങ്ങള്‍ കിലുങ്ങി ആലുവാപ്പുഴ പിന്നെയുമൊഴുകി. അറബിക്കടലൊരു മണവാളനായി തന്നെ നിലനിന്നു.

പുരോഹിതരുടെ കാര്യമാണു കഷ്ടത്തിലായതു. ദേവാലയങ്ങള്‍ ചുറ്റിപ്പറ്റി ജീവിക്കുന്നവര്‍ ജോലി തേടിയിറങ്ങി. ഉത്സവങ്ങള്‍ ഇല്ലാതായപ്പോള്‍, നാടകവും ഗാനമേളയും മിമിക്രിയും ഇല്ല, അഭിനയവുമില്ലാ, കാശുമില്ല. ഒന്നു രണ്ടു മാസം കഴിഞ്ഞപ്പോള്‍ ആന്റപ്പേട്ടന്‍ പെയിന്റുപണിക്കു പോയി, ദിവസം തോറും ആയിരം രൂപകിട്ടി, അതത്ര മോശമൊന്നുമല്ല.

മാസങ്ങള്‍ ഇതളുകളായി കൊഴിഞ്ഞു വീഴുകയായിരുന്നു മാര്‍ച്ചു, ഏപ്രില്‍, മെയ്, ജൂണ്‍ .. ജൂലൈ. ഭൂമി പണയം വെച്ചാല്‍ കൊള്ളപ്പലിശക്കു കുറച്ചുപണം കടം കിട്ടും.വീടു പണി പൂര്‍ത്തിയായി താമസിക്കാന്‍ തുടങ്ങിയിട്ടു രണ്ടുകൊല്ലമേ ആയുള്ളൂ. ലോണ്‍ നാഷണല്‍ ഹൈവെ പോലെ നീണ്ടു കിടക്കുകയാണ്. ബാങ്കില്‍ ലോണിലേക്കുള്ള അടവു മുടങ്ങി. എങ്ങനെ കടം തിരിച്ചടക്കും? കേറിക്കിടക്കാനൊരിടം ഉള്ളതും കൈവിട്ടുപോയാല്‍.?

‘പാമ്പുകള്‍ക്കു മാളമുണ്ടു പറവകള്‍ക്കാകാശമുണ്ടു മനുഷ്യ പുത്രനു തലചായ്ക്കാന്‍ മണ്ണിലിടമില്ല. എന്ന അശ്വമേധത്തിലെ നാടക ഗാനം ആന്റപ്പനോര്‍ത്തു. അടുത്ത മാസമാണ് കല്യാണം..! പയ്യന്റെ വീട്ടുകാരുമായി കൂടിയാലോചനകള്‍ ആവാം. സൂമിലും വാട്‌സാപ്പിലുമായി സാമൂഹിക അകലം പാലിച്ചു കൊണ്ടു കുറെ ചര്‍ച്ചകള്‍ നടന്നു. റോസിയും ലൂസിയും പങ്കെടുത്തു. അനന്തരം, സംയുക്തമായ ഒരു തീരുമാനത്തിലെത്തി. !

അമ്പതു പേരില്‍ ഒതുങ്ങുന്ന കല്യാണം നടത്താന്‍ സര്‍ക്കാര്‍ അനുവാദമുണ്ട്. കൊട്ടും കുരവയുമില്ലാതെ ആര്‍ഭാടങ്ങളില്ലാതെ,പള്ളിയിലും അമ്പലത്തിലും പോകാനാവില്ല. പുരോഹിതരുടെ ആശീര്‍വാദമില്ലാതെ രജിസ്ട്രാറുടെ ഓഫീസില്‍ കല്യാണം, രജിസ്റ്റര്‍ ചെയ്യാനുള്ള ദിവസം അറിയിച്ചു.

ഇന്‍വിറ്റേഷന്‍ കാര്‍ഡുമുതല്‍, സ്റ്റില്‍ ഫോട്ടോസ്, വീഡിയോ, നാട്ടില്‍ നിന്നും വരുന്ന അതിഥികളുടെ ഹോട്ടല്‍ ബുക്കിങ്, ഭക്ഷണം, യാത്ര, ഹാളിന്റെ ഡെക്കറേഷന്‍, മേളക്കാര്‍, ബ്യുട്ടീഷ്യന്‍ തുടങ്ങി ഡ്രെസ്സ്  ഒന്നുമുണ്ടായില്ല. ചിലവുകള്‍ നിസ്സാര ചിലവില്‍ നിന്നു, മദ്യപാനീയം വരെ ഒഴിവാക്കപ്പെട്ടു!

ഇരുപതുപേര്‍ വീതം രണ്ടുവീട്ടുകാരും ചെന്നു, റോസിയും മണവാളനും രജിസ്റ്ററില്‍, ഒപ്പുവെച്ചു. സാക്ഷികള്‍ ഒപ്പിട്ടു. കല്യാണമാലയും ബൊക്കെയും കരുതിയിരുന്നു. രജിസ്ട്രാറും സഹപ്രവര്‍ത്തകരും ആശംസകള്‍ നേര്‍ന്നു. അവിടെയുണ്ടായിരുന്നവരുടെ മൊബൈല്‍ ഫോണില്‍ വീഡിയോവും സ്റ്റില്‍ ഫോട്ടോകളും എടുത്തു.

അടുത്തുള്ള ഒരു ചെറിയഹാളില്‍ നാല്പതു പേര്‍ക്കു ഊണു ഏല്‍പ്പിച്ചിരുന്നു. ഭക്ഷണം കഴിച്ചു രണ്ടു വീട്ടുകാരും പിരിഞ്ഞു. ഇതില്‍പരം ആനന്ദമിനി വരാനുണ്ടോ?

‘മോള്‍ടെ കല്യാണം, കോവിഡ് പശ്ചാത്തലത്തില്‍ നടത്തി, ഞാന്‍ ചുളുവിനു കുറച്ചുലക്ഷങ്ങള്‍ ലാഭിച്ചു. ആന്റപ്പേട്ടന്‍ ഇപ്പോള്‍ ആനന്ദത്തിന്റെ അനന്തതയിലാണ് .

കെ.ടി. മുഹമ്മദിന്റെ നാടകത്തില്‍, കല്യാണത്തോടു ബന്ധപ്പെട്ടു സമൂഹത്തില്‍ നിലനില്‍ക്കുന്ന സാമ്പത്തിക ഭാരമോര്‍ത്തു ആസ്വസ്തനാവുന്ന ഒരു കഥാപാത്രമുണ്ട്. ദാമു. എനിക്കു ദാമുവിനെയാണു ഓര്‍മ്മവന്നതു .

കോവിഡിനെ തോല്‍പ്പിക്കാനുള്ള മരുന്നു കണ്ടുപിടിക്കാന്‍ ശാസ്ത്രത്തിനു കഴിഞ്ഞു, ട്രംപിനെ പുറത്താക്കിയതു പോലെ, കോവിഡിനെയും പുറത്താക്കാന്‍ കഴിഞ്ഞേക്കും, എന്നാല്‍ കോവിഡ് സംഭാവന ചെയ്ത ഈ ജീവിതശൈലിയുണ്ടല്ലോ, അതു നിലനിര്‍ത്താന്‍ കഴിയുമോ?

ആന്റപ്പേട്ടന്റെ മനസ്സില്‍ പുതിയൊരു നാടകം അരങ്ങേറുകയായിരുന്നു..

അയാള്‍ എന്റെ മുന്നില്‍ നിന്നു ചുവടുവെച്ചു, പാടി.‘ തപ്പുകൊട്ടണു തകിലടിക്കണു …താഴത്തമ്മയും പാട്ടുപാടണു …’

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.