Follow the News Bengaluru channel on WhatsApp

മാധ്യമ പ്രവർത്തകർ മൈക്ക് ഓപ്പറേറ്ററായി മാറുമ്പോൾ

ജോമോൻ സ്റ്റീഫൻ

സമകാലിക മാധ്യമ പ്രവര്‍ത്തനരീതിയും മാധ്യമ പ്രവര്‍ത്തകരും അതിരൂക്ഷ വിമര്‍ശനത്തിന് വിധേയമാകുന്ന കാഴ്ചയാണ് കേരളത്തില്‍ ഇപ്പോള്‍ കാണുന്നത്. മാധ്യമ പ്രവര്‍ത്തനത്തിന്റെ അന്ത:സത്ത തന്നെ പരസ്യമായി ചോദ്യം ചെയ്യപ്പെടുകയാണ്. വസ്തുതകളുടെ ശരി തെറ്റുകള്‍ അന്വേഷിച്ചും കണ്ടെത്തിയും യാഥാര്‍ഥ്യങ്ങളുടെ പുതിയ വാതായനങ്ങള്‍ തുറക്കേണ്ട മാധ്യമപ്രവര്‍ത്തന രീതി എന്നോ കൈമോശം വന്നിരിക്കുന്നു.

ചോദ്യങ്ങള്‍ ചോദിച്ചും, വസ്തുതകളെ യാഥാര്‍ഥ്യ ബോധ്യത്തോടെ വിലയിരുത്തിയും, വാര്‍ത്തകളുടെ കാണാപ്പുറങ്ങളിലേക്കു കണ്ണും മനസ്സും തുറന്നു വെച്ചും വാര്‍ത്തകളുടെ പുത്തന്‍ ഭാഷ്യങ്ങളും സാധ്യതകളും വെട്ടിപിടിക്കുന്ന അന്വേഷണാത്മക പത്രപ്രവര്‍ത്തന രീതികള്‍ എങ്ങോ പോയി മറഞ്ഞിരിക്കുന്നു.. !

മുതലാളിത്ത വ്യവസ്ഥിതിയുടെ ഈ കാലഘട്ടത്തില്‍, ചന്തയില്‍ വില്‍ക്കാനുള്ള വില്‍പ്പനചരക്കായി വാര്‍ത്തകള്‍ മാറി എന്നത് യാഥാര്‍ഥ്യം തന്നെയാണ്. ഒരേ സമയം ഇരയ്ക്കൊപ്പവും വേട്ടക്കാരനൊപ്പവും നിന്നുകൊണ്ട് പറയുന്ന നിഷ്പക്ഷതയും ജനാധിപത്യവും വലിയ കാപട്യവും അപകടവുമാണ് സൃഷ്ടിക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍, കേവലം മാധ്യമ ജീവനക്കാരനാവാനല്ല മാധ്യമ പ്രവര്‍ത്തകര്‍ ആവാന്‍ ശ്രമിക്കുക എന്നത് ഈ കാലഘട്ടത്തില്‍ വലിയ വെല്ലുവിളി തന്നെയാണ്.

 

ചോദ്യം ചെയ്യപ്പെടുന്ന
മാധ്യമ പ്രവര്‍ത്തനം

പക്ഷപാതിത്വത്തോടെ വാര്‍ത്തകള്‍ തയാറാക്കുന്ന മാധ്യമ പ്രവര്‍ത്തന രീതി കേരളത്തില്‍ ശക്തമായിരിക്കുന്നതായും നല്ല കാര്യങ്ങള്‍ മറച്ചുവയ്ക്കാനും അനാവശ്യ വിവാദങ്ങള്‍ പ്രോത്സാഹിപ്പിക്കാനും തയാറാകുന്ന രീതി വ്യാപകമാണെന്നും വിമര്‍ശനങ്ങള്‍ ഉയരുകയാണ്.

ആരോഗ്യകരമായ സംവാദങ്ങള്‍ക്കു പകരം, ‘സെന്‍സേഷണിലിസം ‘ എന്ന വിലകുറഞ്ഞ വിവാദങ്ങളിലാണ് പല മാധ്യമങ്ങള്‍ക്കും ഇപ്പോള്‍ താത്പര്യമെന്നുകാണാം. തനിക്കു മുന്നിലേക്ക് എത്തുന്ന വാര്‍ത്തകളോട് കേവലപരമായ സമീപനം സ്വീകരിക്കുക എന്നതിലപ്പുറം, സമൂഹത്തിലേക്കു സദാ കണ്ണും കാതും തുറന്നുവച്ച് ജനകീയ വിഷയങ്ങള്‍ ഏറ്റെടുക്കുന്ന നിലയിലേക്കു മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാറുവാന്‍ കഴിയണം. അല്ലെങ്കില്‍ അവര്‍, മാധ്യമ പ്രവര്‍ത്തകരുടെ സ്ഥാനത്തിന് പകരം വെറും മൈക്ക് ഓപ്പറേറ്റര്‍ ആയി മാറും.

സമൂഹത്തില്‍ വിദ്വേഷം പരത്തുന്ന കേസുകളിലെ പ്രതികള്‍ പറയുന്നത് അപ്പാടെ ചാനല്‍ മൈക്ക് കാണിച്ചു നാട്ടുകാരെ ലൈവ് ആയി കാണിക്കാന്‍ ഒരു മാധ്യമ പ്രവര്‍ത്തകന്റെ ആവശ്യമില്ല, അതിനു കേവലം ഒരു മൈക്ക് ഓപ്പറേറ്റര്‍ ധാരാളം മതി. പറഞ്ഞു വരുന്നത്, വാര്‍ത്തകളെ യുക്തി ഭദ്രമായി വിലയിരുത്തുവാനും, വസ്തുതകള്‍ക്ക് അല്ലെങ്കില്‍ യാഥാര്‍ഥ്യങ്ങള്‍ക്ക് നിരക്കാത്തവയാണെങ്കില്‍, ചോദ്യങ്ങള്‍ ഉയര്‍ത്തുവാനും മാധ്യമ പ്രവര്‍ത്തകര്‍ക്ക് കഴിയണം.

മാധ്യമങ്ങളുടെ രാഷ്ട്രീയം മൂലധന രാഷ്ട്രീയമായി എന്നോ മാറി കഴിഞ്ഞിരിക്കുന്നു. ഉടമയുടെ മൂലധനതാത്പര്യത്തിന് ഊന്നല്‍ നല്‍കുമ്പോള്‍, വസ്തുത അന്വേഷിച്ചുപോകുന്ന നല്ല മാധ്യമ പ്രവര്‍ത്തന രീതി കൈമോശം വരികയും നിക്ഷ്പക്ഷ മാധ്യമപ്രവര്‍ത്തകര്‍ നിരാശരാകുകയും, തൊഴില്‍ മേഖലയില്‍ നിന്നും പുറത്താക്കപ്പെടുകയും ചെയ്യുന്നു.

പത്രങ്ങള്‍ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കാനുള്ള ഇടമാണെന്നും അതിനിടയില്‍ ഫില്ലറായി ഉപയോഗിക്കാനുള്ളതാണു വാര്‍ത്തകളെന്നും പറയുന്ന എഡിറ്റര്‍മാരാണ് പല മുഖ്യധാര മാധ്യമങ്ങളില്‍ ഇന്നുള്ളത്.

സ്വദേശാഭിമാനിയെപ്പോലെയും കേസരിയെപ്പോലെയുമുള്ള എഡിറ്റര്‍മാര്‍ക്ക് വംശനാശം സംഭവിക്കുകയും പത്ര ഉടമകള്‍തന്നെ പത്രാധിപന്മാരായി മാറുകയും ചെയ്യുന്ന രീതി ഉത്കൃഷ്ട മാധ്യമപ്രവര്‍ത്തനത്തിന് വിലങ്ങുതടിയാകുന്നു എന്നതില്‍ തര്‍ക്കമില്ല.

പത്രങ്ങളുടെ പേരില്‍ അറിയപ്പെടുന്ന ധാരാളം സാംസ്‌കാരിക നായകരും സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുമുള്ള നാടാണ് കേരളം. കേസരി ബാലകൃഷ്ണപ്പിള്ള, സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള, പത്രാധിപര്‍ കെ. സുകുമാരന്‍, കൗമുദി ബാലകൃഷ്ണന്‍, സഹോദരന്‍ അയ്യപ്പന്‍, മുഹമ്മ്ദ് അബ്ദുറഹിമാന്‍ സാഹിബ്, പി. ഗോവിന്ദ പിള്ള അങ്ങനെ ധാരാളം പേരുണ്ട്.

ജനങ്ങളോടും സമൂഹത്തോടും
ഉത്തരവാദിത്വം

ജനാധിപത്യ സമൂഹത്തില്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കുമിടയില്‍ പാലമായി വര്‍ത്തിക്കുമ്പോഴും ജനങ്ങളുടെ നാവായിരിക്കാന്‍ മാധ്യമങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്. അത് എത്രകണ്ടു പ്രാവര്‍ത്തികമാകുന്നുവെന്നതു പരിശോധിക്കപ്പെടേണ്ടതുണ്ട്.

നല്ലൊരു പത്രപ്രവര്‍ത്തകന്‍, മറ്റേതൊരു പ്രൊഫഷന്‍ പോലെ തന്നെ, സാമൂഹിക രംഗത്താണ് പ്രവര്‍ത്തിക്കുന്നത്. ഉത്പതിഷ്ണുവും, സ്വതന്ത്ര മനസ്സുള്ളതുമായ ഒരു പത്രപ്രവര്‍ത്തകന്‍ ഒരു ജനാധിപത്യ സമൂഹത്തെ മുന്നോട്ടു നയിക്കുവാന്‍, വളര്‍ത്തിയെടുക്കുവാന്‍ ഒരു നാലാം തൂണായി തന്നെ പ്രവര്‍ത്തിക്കുന്നു.

ലോകത്തില്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം ഏറ്റവുമധികം ഭീഷണി നേരിടുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. മാധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടു തയാറാക്കിയ 180 രാജ്യങ്ങളുടെ പട്ടികയില്‍ 140-ാം സ്ഥാനത്താണ് ഇന്ത്യ നില്‍ക്കുന്നത്. 2019നും 2020നും ഇടയില്‍ 154 മാധ്യമ പ്രവര്‍ത്തകര്‍ തൊഴിലുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടെന്നാണ് ലഭ്യമായ കണക്കുകള്‍ പറയുന്നത്. ഇതില്‍ 40 ശതമാനവും നടന്നത് 2020ലാണ്. ഇതൊന്നും ഇന്ത്യയിലെ മാധ്യമങ്ങളെ കാര്യമായി അസ്വസ്ഥപ്പെടുത്തുന്നില്ല എന്നാണ് യാഥാര്‍ഥ്യം.

മുഖ്യധാര മാധ്യമ രംഗത്തു പൊതുവേയുണ്ടായിട്ടുള്ള വിശ്വാസക്കുറവ്, നവ മാധ്യമങ്ങള്‍ക്ക് സമൂഹത്തില്‍ കൂടുതല്‍ സ്വീകാര്യത നല്‍കിയിട്ടുണ്ട്. ഒരുപക്ഷെ പുതു തലമുറ ഇപ്പോള്‍ വാര്‍ത്തകള്‍ക്ക് വേണ്ടി കൂടുതല്‍ ആശ്രയിക്കുന്നതും ഫേസ് ബുക്ക് , ട്വിറ്റര്‍, പോലുള്ള നവ മാധ്യമങ്ങളെയാണ്. പല വാര്‍ത്തകളും ആദ്യം പ്രത്യക്ഷപ്പെടുന്നത് സമൂഹ മാധ്യമ പ്ലാറ്റ്ഫോമിലാണ്. സോഷ്യല്‍ മീഡിയയെ അവഗണിച്ച്, ഒരു മാധ്യമ സ്ഥാപനത്തിനും മുന്നോട്ടു പോകാനാകാത്ത സ്ഥിതി സംജാതമായിക്കഴിഞ്ഞു.

മാധ്യമ രംഗത്തെ ചില കുത്തക സ്ഥാപനങ്ങള്‍ അവരുടെ മൂലധന താത്പര്യം സംരക്ഷിക്കുന്നതിനു നല്‍കുന്ന വാര്‍ത്തകള്‍ പോലും സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളില്‍ ഇഴകീറി പരിശോധിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ ഉത്തരവാദിത്തപൂര്‍ണമായ മാധ്യമ പ്രവര്‍ത്തനം നടത്തേണ്ടത് ഇന്ന് പരമ പ്രധാനമാണെന്നു മാധ്യമ പ്രവര്‍ത്തകര്‍ തിരിച്ചറിയണം.സമൂഹ മാധ്യമങ്ങളുടെ സാമൂഹിക വിരുദ്ധ മുഖത്തെ കാണാതെയല്ല ഇക്കാര്യങ്ങള്‍ പരാമര്‍ശിക്കുന്നത്. പക്ഷെ നവ മാധ്യമങ്ങള്‍ വലിയ ജന സ്വീകാര്യത ഇതിനകം ആര്‍ജ്ജിച്ചു കഴിഞ്ഞു എന്നത് അവഗണിക്കാന്‍ പറ്റാത്ത വസ്തുത തന്നെയാണ്.

തിരുത്തലുകള്‍ ആവശ്യം

മലയാള ന്യൂസ് ചാനല്‍ അവതാരങ്ങളെ മാധ്യമ പ്രവര്‍ത്തകര്‍ എന്ന് വിളിക്കുന്നത് മാധ്യമ പ്രവര്‍ത്തനം/ ജേര്‍ണലിസം എന്ന മഹത്തായ തൊഴിലിനെ അപമാനിക്കലാണ് എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമാണ്. ഈ വിമര്‍ശനം എന്തുകൊണ്ട് എന്ന് ന്യൂസ് ചാനല്‍ മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കണം.ഒരു കാലത്ത് നല്ല വിലയും നിലയും അന്തസും ഉണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തനം, ഇന്ന് ആക്ഷേപങ്ങള്‍ ഏറ്റുവാങ്ങുന്ന തൊഴിലായിമാറിയെങ്കില്‍, തീര്‍ച്ചയായും ആത്മ പരിശോധന നടത്തണം.

അതെ സമയം, വര്‍ഗീയതയുടെ പരീക്ഷണ ശാലകളില്‍ രൂപകല്‍പ്പന ചെയ്യപ്പെടുന്ന വെടികോപ്പുകള്‍, ഭരണസംവിധാനത്തിന്റെ പിന്തുണയോടെ എതിര്‍ശബ്ദം പുറപ്പെടുവിക്കുന്നവരുടെ ശരീരങ്ങളിലേക്ക് തുളച്ചുകയറ്റുന്ന കാഴ്ചയാണ് രാജ്യത്ത് കാണുന്നത്. മത ന്യുനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്നു, സമൂഹത്തിലെ പിന്നാമ്പുറങ്ങളില്‍ ജീവിക്കുന്നവര്‍ അപരവല്‍ക്കരിക്കപ്പെടുന്നു.

ജനാധിപത്യവും മതനിരപേക്ഷതയും കടുത്ത വെല്ലുവിളികള്‍ നേരിടുന്നു. ചിന്തകര്‍, ബുദ്ധിജീവികള്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍, എഴുത്തുകാര്‍, മാധ്യമപ്രവര്‍ത്തകര്‍, കലാസാഹിത്യ രംഗങ്ങളിലെ പ്രമുഖര്‍ എന്നിവര്‍ക്കെതിരെല്ലാം നിരന്തര ഭീഷണി നേരിടുകയാണ്.

ഇത്തരത്തില്‍ അസഹിഷ്ണുത നിറഞ്ഞ മറ്റൊരു കാലം ഇതിനുമുമ്പ് രാജ്യത്ത് ഉണ്ടായിട്ടില്ല. സംഹാരാത്മകമായ അസഹിഷ്ണുതയുടെ പതാക വാഹകരായും ആയുധമായും മാധ്യമങ്ങള്‍ മാറുന്ന അവസ്ഥയ്‌ക്കെതിരെ ശക്തമായ പ്രതികരണം ഉയര്‍ന്നാല്‍ മാത്രമേ മാധ്യമ പ്രവര്‍ത്തകരുടെ ജീവനും അന്തസ്സും സംരക്ഷിക്കപ്പെടുകയുള്ളൂ.

വിശ്വാസ്യത നഷ്ടപ്പെടുന്നു

കേരളത്തിലെ ഏറ്റവും വലിയ സംഘടിത കൊട്ടേഷന്‍ ലോബിയിങ് ടീം മാധ്യമപ്രവര്‍ത്തകരാണ് ഇപ്പോള്‍ ഉയരുന്ന കടുത്ത വിമര്‍ശനം. അതില്‍ നിന്നും വ്യത്യസ്തരായവര്‍ ധാരാളമുണ്ട്. വിയോജിച്ചവര്‍ ഏറെയുണ്ട്.

വയനാട്ടിലെ മുട്ടില്‍ മരം മുറിക്കേസില്‍ ന്യായത്തിന്റെ ഭാഗത്തുനിന്ന ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഭസ്മീകരിക്കാന്‍ നോക്കിയത്, കേരളത്തിലെ പ്രസിദ്ധമായ ഒരു ടി.വി ചാനല്‍ റിപ്പോര്‍ട്ടര്‍ ആയിരുന്നു. കൊച്ചിയിലെ മോണ്‍സണ്‍ മാവുങ്കലെന്ന ഫ്രോഡിന്റെ ഉറ്റ സുഹൃത്തായി നാം കണ്ടത്, ഇതേ ചാനലിലെ ‘കുരുക്ക് മുറുക്കല്‍’ വിദഗ്ധനായ റിപോര്‍ട്ടറെയാണ്.

ഇപ്പോള്‍ കത്തിനില്‍ക്കുന്ന സ്വപ്ന-സ്വര്‍ണ കള്ളക്കടത്തു കേസിലെ വിവാദ കക്ഷിയായ ഷാജ് കിരണും മാധ്യമപ്രവര്‍ത്തകന്‍ ആയിരുന്നു. ഏഷ്യാനെറ്റ്, ജയ്ഹിന്ദ് എന്നിവിടങ്ങളിലൊക്കെ പണിയെടുത്ത അയാള്‍ അവിടുന്ന് പഠിച്ചതൊക്കെ കൂടുതല്‍ വിശാലമായ കാന്‍വാസില്‍ പരീക്ഷിക്കുന്ന കച്ചവട കലയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേരളം കണ്ടത്.

ഒരുസമയത്ത് ദൃശ്യ-അച്ചടി മാധ്യമങ്ങളില്‍ സജീവമായിരുന്ന, എന്നാല്‍ ഇപ്പോള്‍ കാണാത്ത പല മുഖങ്ങളും അന്വേഷിച്ചുചെന്നാല്‍ നിങ്ങള്‍ക്ക് ഒരുപാട് ഷാജ് കിരണ്‍മാരേ കാണാന്‍ സാധിക്കും .
ഇയാളെപ്പോലുള്ളവര്‍, മാധ്യമ രംഗത്തെ ബാധിച്ച ക്രിമിനല്‍ വല്‍ക്കരണത്തിന്റെ ഒരറ്റം മാത്രമാണ്. എല്ലാ മാധ്യമപ്രവര്‍ത്തകരും ഇതുപോലെയാണ് എന്നും കരുതരുത്. പക്ഷെ അതിഭീകരമാംവിധം ഇത്തരം പണിയെടുക്കുന്ന വലിയൊരു കൂട്ടര്‍ ഈ മേഖലയില്‍ എന്നതും വസ്തുതയാണ്.

കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ മാധ്യമങ്ങളെ സ്വാധീനിക്കുന്നു എന്ന കടുത്ത വിമര്‍ശനം നിലനില്‍ക്കെ, പുതിയതായി രണ്ട് ആക്ഷേപങ്ങള്‍ക്ക് കൂടി മാധ്യമ പ്രവര്‍ത്തനം ഇരയാകുന്നുണ്ട്. പൊളിറ്റിക്കല്‍ ഹിന്ദുയിസവും ജാതിമേല്‍ക്കോയ്മയും ഉദാഹരണങ്ങള്‍. ഈ ചെളികുഴിയില്‍ നിന്ന് മാധ്യമങ്ങളെ മോചിപ്പിക്കാനുള്ള പോരാട്ടം, രാഷ്ട്രീയ സാമൂഹിക പോരാട്ടം തന്നെയാണ്. ജനാധിപത്യത്തിനും, മത നിരപേക്ഷതക്കും ഭരണഘടനക്കുമായി ഒരുമിച്ച് നില്‍ക്കുന് മാധ്യമങ്ങളുടെ, മാധ്യമ പ്രവര്‍ത്തകരുടെ ഐക്യപെടലാണ് കാലം ആവശ്യപ്പെടുന്നത്.

പത്രപ്രവര്‍ത്തന രംഗത്ത് മഹത്വപൂര്‍ണമായ പാരമ്പര്യവും അര്‍പ്പണ ബോധ്യമുള്ള നിരവധി നല്ല വ്യക്തിത്വങ്ങളെ സംഭാവന ചെയ്ത മണ്ണാണ് കേരളം. പോത്തന്‍ ജോസഫ്, സി. പി. രാമചന്ദ്രന്‍, ടി.ജെ. എസ്. ജോര്‍ജ്, ടി.എന്‍. ഗോപകുമാര്‍, ടി.വി.ആര്‍. ഷേണായി, കെ.എം. റോയ് തുടങ്ങി നിരവധി പേരെ നമുക്കറിയാം.

കേരളീയരുടെ ജീവിതത്തിന്റെ ഭാഗമാണ് മാധ്യമങ്ങള്‍. കേരളീയ സംസ്‌കാരത്തിന്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്‌കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം. കേരളീയ ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്വാധീനംചെലുത്തുന്നവയാണ് നമ്മുടെ മാധ്യമരംഗം.

മലയാളി പത്രപ്രവര്‍ത്തന പാരമ്പര്യവും അതിന്റെ അന്തസ്സും നിലനിറുത്തുവാന്‍ പുതു തലമുറ പത്രപ്രവര്‍ത്തകര്‍ക്കു കഴിയണം. ഇന്ത്യന്‍ സമൂഹത്തിലെ നാലാം തൂണായ മാധ്യമങ്ങള്‍ അതിന്റെ പ്രാധാന്യവും പരിശുദ്ധിയും സംരക്ഷിച്ചു പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥരുമാണ്.🟡

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.